
ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പുഞ്ചിരിക്കാനും സംസാരിക്കാനും സമയമില്ലാത്തതായിരുന്നു അവരുടെ പ്രശ്നം.
ദിവസം ചെല്ലുംതോറും ജീവിതം വിരസമായി അയാള്‍ക്ക് അനുഭവപ്പെട്ടു.
ഒന്നിലും സന്തോഷിക്കാന്‍ കഴിയുന്നില്ലെന്നതായിരുന്നു പ്രശ്നം.
ജീവിതം എങ്ങനെ എങ്കിലും അവസാനിച്ചാല്‍ മതിയെന്ന് അയാള്‍ക്ക് തോന്നിതുടങ്ങി. ഡിപ്രഷന് കീഴടക്കുമോ എന്നു തോന്നിയപ്പോഴായിരുന്നു പ്രശസ്ത ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ഡോ. നോര്‍മന്‍ വിന്‍സെന്റ് പീലിനെ സമീപിച്ചത്. നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുക്കാനുള്ള പ്രതിവിധി ഡോ.പീല്‍ നിര്‍ദ്ദേശിച്ചു. പിറ്റേ ദിവസം രാവിലെ ഉണരുമ്പോള്‍ ഇതെന്റെ അവസാന ദിവസമാണ് എന്ന ചിന്തയോടെ എഴുന്നേല്‍ക്കണം. ഇങ്ങനെയൊരു മനോഹര പ്രഭാതം ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്ന ചിന്തയോടെ വേണം പുറത്തേക്ക് നോക്കാന്‍. രാവിലത്തെ ഭക്ഷണം കഴിക്കുന്നത് ഇത് എന്റെ അവസാനത്തെ ഭക്ഷണമാണെന്ന വിചാരത്തോടെ വേണം.
ഓഫീസിലേക്ക് പോകുമ്പോള്‍ തൊട്ടടുത്തുള്ള വീടുകളും അയല്‍ക്കാരെയുമൊക്കെ സന്തോഷത്തോടെ നോക്കണം. മനോഹരമായ ഈ പ്രകൃതി ഇനി യൊരിക്കലും കാണാന്‍ കഴിയില്ലല്ലോ എന്ന ചിന്ത ഉള്ളില്‍ ഉണ്ടാകണം. ട്രെയിനില്‍ ഇരിക്കുമ്പോള്‍ സിറ്റിയിലേക്കുള്ള അവസാനത്തെ യാത്രയാണല്ലോ എന്നു കരുതി ആസ്വദിച്ച് യാത്ര ചെയ്യണം.
ഡോ. പീലീന്റെ ഓഫിസില്‍നിന്ന് ഇറങ്ങുമ്പോഴും അയാളുടെ മുഖത്ത് തെളിച്ചം ഉണ്ടായിരുന്നില്ല.
മടക്കയാത്രയില്‍ ട്രെയിനില്‍വച്ച് പതിവുപോലെ പത്രം തുറന്നു. പെട്ടെന്ന് ഡോ. പീലീന്റെ ഉപദേശം മനസിലേക്ക് വന്നു. പത്രം മടക്കിവച്ചിട്ട് അയാള്‍ പുറത്തെ കാഴ്ചകളിലേക്ക് നോക്കി. ഓടിമറയുന്ന ഓരോന്നും വളരെ മനോഹരമായി അയാള്‍ക്കു അനുഭവപ്പെട്ടു.
റെയില്‍വേ സ്റ്റേഷനില്‍നിന്നും വീട്ടിലേക്ക് പോകുമ്പോള്‍ കാര്‍ നിര്‍ത്തിയിട്ട് ആകാശത്തിലേക്ക് നോക്കി. നക്ഷത്രങ്ങള്‍ക്കും നിലാവില് കുളിച്ചുനില്ക്കുന്ന ആകാശത്തിനും വല്ലാത്ത ഭംഗി ഉണ്ടെന്ന് അയാള്‍ക്ക് തോന്നി. വീടിന് അടുത്ത് എത്തിയപ്പോള്‍ അയല്‍ വീടുകളിലേക്ക് വെറുതെ നോക്കി.
വൈദ്യുതി ബള്‍ബിന്റെ പ്രകാശത്തില്‍ കുളിച്ചുനില്ക്കുന്ന വീടുകള്‍ ഏറെ മനോഹരമായി അയാള്‍ക്ക് അനുഭവപ്പെട്ടു. ചില വീടുകളില്‍ നിന്നും കൊച്ചുകുട്ടികളുടെ കൊഞ്ചലുകളും സംസാരങ്ങളുമൊക്കെ ചെവിയില്‍ പതിഞ്ഞു. അതു കേട്ടപ്പോള്‍ അറിയാതെയൊരു പുഞ്ചിരി അയാളുടെ മുഖത്തു വിരിഞ്ഞു.
കൈയിലുള്ള താക്കോലുപയോഗിച്ച് വീട് തുറക്കുന്നതിനുപകരം അയാള്‍ ബെല്ലടിച്ചു. വാതില്‍ തുറന്ന ഭാര്യയെ നോക്കി അയാള്‍ മനോഹരമായി ചിരിച്ചു. ഭര്‍ത്താവിന്റെ മുഖത്തെ പതിവു ഗൗരവത്തിനു പകരം ചിരി കണ്ടപ്പോള്‍ അവരുടെ മുഖത്തും പുഞ്ചിരി വിടര്‍ന്നു.
35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി കണ്ടപ്പോള്‍ നോക്കിയതുപോലെ ഭാര്യയുടെ മുഖത്തേക്ക് അയാള്‍ കൗതുകത്തോടെ നോക്കിനിന്നു.
ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പുഞ്ചിരിക്കാനും സംസാരിക്കാനും സമയമില്ലാത്തതായിരുന്നു അവരുടെ പ്രശ്നം.
പെട്ടെന്നയാള്‍ ഭാര്യയുടെ കരങ്ങള്‍ കൂട്ടിപ്പിടിച്ചുകൊണ്ട് ദൈവത്തിന് നന്ദി പറഞ്ഞു. ഇനിയും ഒരുപാടുകാലം ഞങ്ങളെ ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കണമേ എന്ന് പ്രാര്‍ത്ഥിച്ചു.

Joseph Michael