
ഇരുപത് വർഷം മുമ്പാണ്കൊച്ചി നഗരസഭക്ക് വേണ്ടി ജീവൻമൈത്രിയെന്ന സന്നദ്ധ സംഘടന ഒരു മാനസികാരോഗ്യ പ്രൊജക്റ്റ് ചെയ്തത്.|ഡോ.സി ജെ ജോൺ

ഇരുപത് വർഷം മുമ്പാണ്കൊച്ചി നഗരസഭക്ക് വേണ്ടി മൈത്രിയെന്ന സന്നദ്ധ സംഘടന ഒരു മാനസികാരോഗ്യ പ്രൊജക്റ്റ് ചെയ്തത് .
ജീവൻ മൈത്രിയെന്നായിരുന്നു അതിന്റെ പേര്. ഡോ. വിജയലക്ഷ്മി മേനോനായിരുന്നു അന്ന് മൈത്രിയുടെ ഡയറക്ടർ .ടൗൺ ഹാളിൽ നടന്ന ഉദ്‌ഘാടനത്തിൽ കക്ഷി ഭേദമില്ലാതെ നല്ലൊരു ശതമാനം വാർഡ് പ്രതിനിധികളും പങ്ക് ചേർന്നു .കൊച്ചി നഗരസഭയെ പതിനഞ്ചു സോണുകളായി തിരിച്ചു .ഓരോ സോണിലും നാലോ അഞ്ചോ വാർഡുകൾ .അതാത് സോണുകളിലെജനപ്രതിനിധികൾ,അയൽക്കൂട്ട കുടുംബശ്രീ പ്രവർത്തകർ ,സ്‌കൂളുകളിലെ തെരെഞ്ഞെടുക്കപ്പെട്ട അധ്യാപകർ ,പൗര മുഖ്യർ -ഇവരായിരുന്നു ടാർഗറ്റ് ഗ്രൂപ്പ്. ഏതാണ്ട് നൂറോളം പേരുണ്ടാകും ഓരോ ഇടത്തിലും .

വിഷാദത്തിലൂടെയും ആത്മഹത്യാ പ്രവണതയിലൂടെയും പോകുന്നവരെ എങ്ങനെ തിരിച്ചറിയാം ,മാനസികാരോഗ്യ പ്രഥമ ശുശ്രുഷയിലെ പ്രധാന ഇനമായ കേൾക്കൽ എങ്ങനെ ചെയ്യാമെന്നതിനെ കുറിച്ചുള്ള ഇന്ററാക്ടിവ് ക്‌ളാസും ,റോൾ പ്ലേയുമായി മൂന്ന് മണിക്കൂർ .വിദഗ്ദ്ധ സഹായം തേടേണ്ട സന്ദർഭങ്ങൾ വിശദമാക്കുകയും ചെയ്തു .അന്ന് ഇതൊരു പുതുമയായിരുന്നു .പിന്നീട് ഡോ. ബീന ജില്ലാ കളക്ടറായപ്പോൾ സ്നേഹ പൂർവം കുട്ടികളോടൊപ്പമെന്ന പരിപാടി ജില്ലയിലെ എല്ലാ സ്‌കൂളുകളെയും ലക്ഷ്യമാക്കി ചെയ്യുവാനുള്ള ധൈര്യം മൈത്രിക്ക് നൽകിയത് ഈപ്രൊജക്റ്റായിരുന്നു.

.അന്ന് മാതൃകയാക്കാൻ വേറൊരു പ്രോജക്ടും ഇല്ലായിരുന്നു. പ്രൊഫഷണലുകളുടെ പിന്തുണയോടെ മൈത്രിയിലെ സന്നദ്ധ പ്രവർത്തകരാണ് ഇതൊക്കെ സംഘടിപ്പിച്ചത്.ഇമ്മാതിരി പ്രോജക്ടുകൾ ആസൂത്രണം ചെയ്യുന്നതിനെ കുറിച്ചുള്ള ചിന്തകൾ ഉണർത്താനായി അന്ന് യൂണിസെഫ് തൃശ്ശൂരിൽ സംഘടിപ്പിച്ച ശില്പശാലയിൽ ക്ലസ്സെടുത്തിട്ടുണ്ട്. കേരളത്തിലെ വിവിധ മുൻസിപ്പാലിറ്റികളിലെ അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരുമായിരുന്നു പങ്കെടുത്തത് .പലയിടത്തും
ചില സൈക്കോ സോഷ്യൽ പരിപാടികൾ നടത്തിയതായി പിന്നീട് അറിഞ്ഞു.സി.എസ് .ആർ ഇല്ലാത്ത കാലമായിരുന്നു ഇത്. ഇതിന്റെയൊക്കെ ഭാഗമായി എത്രയെത്ര ഇടങ്ങളിൽ പോയിയെന്നതിന് ഒരു കണക്കുമില്ല. ഉപജീവനത്തിനുള്ളചക്രമുണ്ടാക്കൽ മാറ്റി വച്ച് ഇതിന് പിറകെ ഓടിയതിനെ പരിഹസിച്ചവരുണ്ട്.


പക്ഷെ അത് നൽകിയ സന്തോഷത്തിന്റെ മൂല്യം കാശിൽ പറയാൻ പറ്റില്ല.കൊച്ചി നഗരസഭയുടെ ഹാപ്പിനെസ്സ് പരിപാടിയെ കുറിച്ച് കേട്ടപ്പോൾ ഈ പഴങ്കഥകൾ ഓർത്തു. നന്നായി വരട്ടെ ഇതും. മാനസികാരോഗ്യ അവബോധം വർധിപ്പിക്കാൻ പദ്ധതികൾ ധാരാളം വരട്ടെ .ഇതൊക്കെ ചെയ്തിട്ടും മാനസിക രോഗമുള്ളവർക്ക് ഇപ്പോഴും ചില ഇൻഷുറൻസ് കമ്പനികൾ അയിത്തം കല്പിക്കുകയാണ് .എന്ത് ചെയ്യും ?

(ഡോ.സി ജെ ജോൺ )