
മുല്ലപ്പെരിയാറിൽ ടണൽ എന്തുകൊണ്ട് പരിഹാരം അല്ല?
ടണൽ എന്തുകൊണ്ട് പരിഹാരം അല്ല

തുടക്കത്തിലെ തന്നെ ഒരു കാര്യം പറയട്ടെ ഈ ടണൽ എന്ന് പറയുന്ന ആശയം പ്രായോഗികം അല്ല എന്ന് ഞാൻ പറയുന്നില്ല.
കാരണം തമിഴ്നാട് ഇപ്പോൾതന്നെ ടണൽ ഉണ്ടാക്കി വെള്ളം ആവശ്യത്തിന് കൃഷി ഇടങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇത് നിയമവിരുദ്ധമായി ചെയ്യുന്ന ഒരു പ്രവർത്തിയാണ്. ഇതിന് നിയമപരമായ പരിവേഷം ഉണ്ടാക്കി എടുക്കുക എന്ന ഗൂഢ ലക്ഷ്യത്തോടുകൂടി തമിഴ്നാടിന് കേരളത്തിൽ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തികളെക്കൊണ്ട് ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്നു. ഈ ആശയം പ്രചരിപ്പിക്കുന്ന ആളുകളുടെ ഭൂതകാല ചരിത്രം പരിശോധിച്ചാൽ അവർ എത്രമാത്രം ക്രൂരമായിട്ടാണ് മുല്ലപ്പെരിയാർ വിഷയത്തിൽ ഇടപെട്ടിരുന്നു എന്നും, അവരുടെ നിലപാടുകൾ ഈ സമരത്തെയും ഈ മുല്ലപ്പെരിയാർ വിഷയത്തെയും എത്രമാത്രം വ്രണപ്പെടുത്തിയിട്ടുണ്ട് എന്നും ഏതൊരു മലയാളിക്ക് മനസ്സിലാകും. ഈ കാര്യങ്ങൾ പിന്നീട് ഒരു ലേഖനത്തിൽ വിശദമായി ചർച്ച ചെയ്യുന്നതാണ്. ഇപ്പോൾ ടണൽ എന്ന ആശയം എന്തുകൊണ്ട് മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരമല്ല എന്ന് മാത്രം ചർച്ച ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു.
- ഡൽഹി ഐ ഐ ടി യുടെ പഠനം അനുസരിച്ച് മുല്ലപ്പെരിയാർ ഡാമിലേക്ക് ഒഴുകി എത്തിയിട്ടുള്ള ജലത്തിൻറെ പരമാവധി അളവ് എന്ന് പറയുന്നത് 2,91,275 ക്യൂബിക് ജലമാണ്. ഇവർ പറയുന്ന ഈ ടണൽ എന്ന ആശയത്തെ തർക്കത്തിന് വേണ്ടി അംഗീകരിച്ചു എങ്കിൽ കൂടിയും ഇത്രമാത്രം അളവിൽ വരുന്ന മലവെള്ളപ്പാച്ചിലിന് ജലസംഭരണി ഇല്ലാതെ എങ്ങനെയാണ് ടണൽ വഴി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുവാൻ കഴിയുക. ഏകദേശം മൂന്നുലക്ഷം കനയടി വെള്ളം കൊണ്ടുപോകണമെങ്കിൽ എത്രാ മാത്രം വ്യാസമുള്ള ടണൽ ഉണ്ടാക്കേണ്ടി വരും. ഇങ്ങനെ ഒരു ടണൽ നിർമ്മിച്ചാൽ തന്നെ അത് പശ്ചിമഘട്ടത്തിൽ ഉണ്ടാക്കാൻ പോകുന്ന പാരിസ്ഥിക ആഘാതം എത്രമാത്രം എന്ന് ചിന്തിക്കാൻ പോലും കഴിയുകയില്ല.
- മുല്ലപ്പെരിയാർ ഡാമിൻറെ അന്തർഭാഗങ്ങളെ കുറിച്ച് കാര്യമായ അറിവ് ഇല്ലാത്തവരാണ് ടണൽ സിദ്ധാന്തത്തെ ഉയർത്തിപ്പിടിക്കുന്നത്. ഈ ഡാമിൽ ജലം സംഭരിച്ച് വച്ചിരിക്കുന്നത് ഒരു ഫുട്ബോൾ ഗ്രൗണ്ടിൽ വെള്ളം കിടക്കുന്നതുപോലെ അല്ല. ഇതിൻറെ ഉള്ളിൽ തന്നെ പല ഭാഗങ്ങളിലും വലിയ ഗർത്തങ്ങളും ചെറിയ കുന്നുകളും എല്ലാം ഉണ്ട്. ഏപ്രിൽ മെയ് മാസങ്ങളിൽ ജലം ഏറ്റവും താഴ്ന്ന അവസരങ്ങളിൽ ഈ ഡാമിൽ കൂടി ബോട്ടിംഗ് നടക്കുന്നവർക്ക് ഇവിടെ ധാരാളം മരക്കുട്ടികൾ ഉള്ളതായി മനസ്സിലാക്കാൻ കഴിയും. ഇതിനർത്ഥം അവർ സഞ്ചരിക്കുന്ന ബോട്ടിന്റെ അടിത്തട്ടിൽ നിന്നും വെറും പതിനഞ്ചോ ഇരുപതോ അടി താഴ്ചയിൽ മാത്രമേ ജലം ഉള്ളൂ എന്നതാണ്. മുല്ലപ്പെരിയാർ ഡാമിൽ 50 അടി താഴ്ചയിൽ തണൽ ഉണ്ടാക്കണം എന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത് ഈ ടണൽ കൊണ്ട് വെറും ഒരു കുഴിയിലെ വെള്ളം മാത്രമേ ഉപയോഗപ്പെടുത്താൻ കഴിയുകയുള്ളൂ എന്നാണ്. മുല്ലപ്പെരിയാർ ഡാമിൽ 30 ലധികം ചെറുതും വലുതുമായ വോളികൾ ഉള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇവ തമ്മിൽ ബന്ധിപ്പിക്കണമെങ്കിൽ ഡാമിലെ വെള്ളത്തിൻറെ അടിയിൽ എന്തുമാത്രം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടി വരും.
- തമിഴ്നാടിന് മുല്ലപ്പെരിയാറിലെ വെള്ളം 365 ദിവസവും ആവശ്യമില്ല എന്ന സത്യം എത്രപേർക്കാണ് അറിയാവുന്നത്. South West monsoon കാലയളവിൽ (June- September) എത്രമാത്രം ജലം ലഭിച്ചാലും അവർക്ക് ആവശ്യമാണ്. കാരണം ഈ സമയത്ത് തമിഴ്നാട്ടിൽ വേനൽക്കാലം ആണ്. എത്രമാത്രം ജലം ലഭിച്ചാലും അവർക്ക് അവ കൃഷി ആവശ്യത്തിനായി ഉപയോഗിക്കുവാൻ കഴിയും. അതിനാൽ കേരളത്തിലെ കാലവർഷത്തിന്റെ സമയം മുല്ലപ്പെരിയാർ നമുക്ക് ഒരു ഭീഷണിയല്ല. 2018 August 15 സംഭവിച്ചത്, 2014 ലേ സുപ്രീംകോടതി വിധിക്ക് ശേഷം 152 ജലനിരപ്പ് ഉയർത്തുവാൻ അവർ കാണിച്ച വിവേക കുറവാണ്. എന്നാൽ Northeast Monsoon (October- December) മുല്ലപ്പെരിയാർ ഡാമിന് സംബന്ധിച്ചടത്തോളം വലിയ ഭീഷണിയുടെ സമയമാണ്. കാരണം ഈ മഴ വരുന്നത് ബംഗാൾ ഉൾക്കടലിൽ നിന്നുമാണ്. തമിഴ്നാട് പ്രളയത്തിൽ ആകുന്ന ഈ കാലഘട്ടത്തിൽ വെള്ളം കൊണ്ടുപോകാനോ ശേഖരിക്കാനും അവർക്ക് സാധിക്കുകയില്ല. ഈ സമയം പരമാവധി ജലം മുല്ലപ്പെരിയാർ ജലസംഭരണിയിൽ ശേഖരിച്ച് നിർത്തി, ആദ്യ കൃഷിയുടെ അവസാന ഘട്ടത്തിലേക്ക് ആവശ്യമായ ജലം കൊണ്ടുപോവുകയാണ് പതിവ്. ടണൽ ഉണ്ടാക്കി മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കാം എന്ന് പറയുന്നവർ തമിഴ്നാട്ടിലെ ഭൂമിശാസ്ത്രത്തെ കുറിച്ചോ കാലാവസ്ഥയെ കുറിച്ചോ അറിവില്ലാതെയാണ് സംസാരിക്കുന്നത്.
- ഇന്ന് കേരളത്തിന് ഏറ്റവും അധികം വിനോദസഞ്ചാരികളെ ലഭിക്കുന്ന ഒരു സ്ഥലമാണ് തേക്കടി. വളരെ അധികം വിദേശ സഞ്ചാരികൾ തേക്കടിയിലേക്ക് ആകർഷിക്കപ്പെടുന്നതിന്റെ പ്രധാനപ്പെട്ട കാരണം ഈ തടാകവും ഇവിടുത്തെ വന്യജീവി സങ്കേതവും ആണ്. 50 അടിയിൽ ടണൽ നിർമ്മിച്ചാൽ വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിന് കാരണമായ തടാകത്തിന്റെ ഭംഗി കുറയുകയും ആവാസവ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യും. ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നു എന്നതിനേക്കാൾ നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് ആവാസ വ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റത്തിനും അത് മൂലം പ്രകൃതിയിലും വന്യജീവികൾക്കിടയിലും ഉണ്ടാകുന്ന പ്രതിഭാസങ്ങൾക്കും ആണ്. കടുവാ സങ്കേതത്തിലെ ആവാസവ്യവസ്ഥയിൽ ഇപ്രകാരം ഒരു വ്യത്യാസം സംഭവിച്ചാൽ ഉണ്ടാകാൻ പോകുന്ന ഭവിഷത്ത് നിസ്സാരമല്ല.
- ടണൽ എന്ന ആശയത്തിന് ചുക്കാൻ പിടിക്കുന്ന ആളുകൾ പറയുന്നത് ജലം സംഭരിക്കാനുള്ള ഉത്തരവാദിത്വം തമിഴ്നാട് ഏറ്റെടുക്കട്ടെ എന്നാണ്. പരന്ന വിശാലമായി കിടക്കുന്ന തമിഴ്നാട്ടിൽ മുല്ലപ്പെരിയാർ പോലെ ഒരു ജലസംഭരണി ഉണ്ടാക്കുക എന്ന് പറയുന്നത് പ്രായോഗികമല്ല. അങ്ങനെ ഒരു ജലസംഭരണി ഉണ്ടാക്കണമെങ്കിൽ മുല്ലപ്പെരിയാർ ഡാമിന് ഉപയോഗിക്കുന്ന സാമഗ്രികളെ 20 ഇരട്ടി കൂടുതൽ സാമഗ്രികൾ ഉപയോഗിക്കേണ്ടിവരും.
- അവസാനമായി ഈ ടണൽ എന്ന് പറയുന്ന ആശയം മുന്നോട്ട് വയ്ക്കുന്ന ആളുകളുടെ പൂർവ്വകാല ചരിത്രം കൂടി നാം പരിശോധിക്കേണ്ടതുണ്ട്. സിപി റോയ് എന്ന് പറയുന്ന വ്യക്തി മുല്ലപ്പെരിയാർ സമരസമിതിയെയും ചപ്പാത്തിലെ പാവപ്പെട്ട മനുഷ്യരെയും വഞ്ചിച്ച് കടന്നുപോയ ആളാണ്. സുപ്രീംകോടതി നിയോഗിച്ച ഉന്നത അധികാര സമിതിയിലെ കേരളത്തിൻറെ പ്രതിനിധി ആയിരുന്ന കേറ്റി തോമസ് ഈ ടണൽ എന്ന ആശയം തൻറെ റിപ്പോർട്ടിൽ ചേർത്തു വെച്ചു. അദ്ദേഹത്തെ നിർദ്ദേശിച്ച അന്നത്തെ ജല വിഭാഗ വകുപ്പ് മന്ത്രി എൻ കെ പ്രേമചന്ദ്രൻ പറഞ്ഞിരിക്കുന്നത് “നമ്മുടെ പ്രതിനിധി ആകേണ്ട ആൾ നമുക്ക് എതിരായി നിന്നു” എന്നാണ്. ഈ ആശയം മുൻപോട്ട് വയ്ക്കുന്ന മറ്റൊരു വിഭാഗം ഇവിടുത്തെ അന്ധമായ പരിസ്ഥിതിവാദികളാണ്. ഇവരെക്കുറിച്ച് കൂടുതലൊന്നും പറയേണ്ടത് ഇല്ലല്ലോ.
ഇങ്ങനെ കേരളത്തിൻറെ പൊതുസമൂഹത്തോട് ആത്മാർത്ഥത ഇല്ലാത്തവർ എന്ന് മറ്റുള്ളവരാൽ മുദ്രകുത്ത പെട്ടവരും മനുഷ്യത്വം ഇല്ലാത്തവരുമായ ആളുകളാണ് ഈ ടണൽ എന്ന ആശയത്തെ മുൻപോട്ട് നയിച്ചു കൊണ്ടിരിക്കുന്നത്.

തീർത്ഥം ബാലിശമായ ഈ ആശയം മുൻപിൽ വെച്ചുകൊണ്ട് കേരളത്തിൻറെ ജനത്തെ മുഴുവനും വഞ്ചിക്കുവാനും സമരത്തെ അട്ടിമറിക്കുവാനുമുള്ള ഗൂഢശ്രമം ആണ് ഈ ആശയത്തിന് പിന്നിൽ. ഇവർ മുമ്പും തമിഴ്നാടിനുവേണ്ടി കേരളത്തെ വഞ്ചിച്ചിട്ടുള്ളവരാണ്. അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.
പ്രബുദ്ധരായ കേരള ജനത ഇത്തരം കള്ള ശക്തികളെ തിരിച്ചറിയുകയും അവരുടെ പിന്നാലെ പോകാതെ ഇരിക്കുവാനുള്ള വിവേകം കാണിക്കുകയും വേണം. യൂട്യൂബ് ചാനലുകൾക്കും മാധ്യമങ്ങൾക്കും നേതൃത്വം നൽകുന്നവരും സോഷ്യൽ മീഡിയയിൽ സജീവമായി പ്രവർത്തിക്കുന്നവരും ഇത്തരം വികല ആശയങ്ങളെ പ്രചരിപ്പിക്കരുത് എന്ന് കേരള സമൂഹത്തിന് വേണ്ടി പ്രത്യേകമായിട്ട് അഭ്യർത്ഥിക്കുന്നു.

സമരസമിതി മുഖ്യരക്ഷാധികാരി
Fr. Dr. Robin Pendanathu