രാഷ്ട്രീയക്കാരുടെ മനക്കട്ടിക്ക് എന്ത് സംഭവിക്കുന്നു ?

Share News

രാഷ്ട്രീയം പോലെയുള്ള പൊതു പ്രവർത്തന മേഖലയിൽ ഉള്ളവർ

ആത്മ ധൈര്യം ഉള്ളവരാണെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. കേരളത്തിലെ വർദ്ധിക്കുന്ന ആത്മഹത്യാ നിരക്കുകളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ രാഷ്ട്രീയക്കാർ ആത്മഹത്യ ചെയ്യാറില്ലല്ലോയെന്ന്‌ പറയുമായിരുന്നു. ആളുകൾക്കിടയിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ട് ഇറങ്ങുന്നത് കൊണ്ട് ലഭിക്കുന്ന മനക്കട്ടി പ്രതിസന്ധി വേളകളിൽ അവരെ തുണയ്ക്കുന്നുണ്ടാകുമെന്ന്‌ കരുതപ്പെട്ടിരുന്നു. ഉള്ളിൽ വിഷമം തിങ്ങുമ്പോൾ ആരെങ്കിലുമൊക്കെ പൊതു പ്രവർത്തകന്റെ ഒപ്പം ഉണ്ടാകുന്ന സാഹചര്യവും രാഷ്ട്രീയ പ്രവർത്തനം മൂലം ഒരുങ്ങുമായിരുന്നു .

Congress, CPM, BJP flags. File photo

എന്നാൽ ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകരുടെ ഇടയിലെ ആത്മഹത്യാ പ്രവണതയെ കുറിച്ചുള്ള വാർത്തകൾ ആവർത്തിച്ചു കേൾക്കുന്നു.

രാഷ്ട്രീയ പ്രവർത്തന പരിസരം ഒരുക്കിയിരുന്ന മാനസിക ചെറുത്ത് നിൽപ്പിന്റെ സംരക്ഷണം പോകാനുള്ള കാരണങ്ങൾ എന്തൊക്കെയാകാം. ഒരു ആദർശത്തിനായുള്ള കൂട്ടായ്മയെന്ന നിലയിൽ നിന്നും,

ഭരണം നേടുകയെന്ന പ്രായോഗിക രാഷ്ട്രീയത്തിലേക്കുള്ള മാറ്റം പ്രവർത്തകരിലും സ്വാർത്ഥതയുടെ വിത്തിട്ടുണ്ടാകാം. ഭൗതിക ലക്ഷ്യങ്ങളിലേക്ക് പാർട്ടികൾ ചുരുങ്ങുമ്പോൾ അനുയായികളും

സ്വന്തം ഉയർച്ചയെ കുറിച്ച് ചിന്തിക്കുക സ്വാഭാവികം. ആദർശത്തിനായുള്ള രാഷ്ട്രീയ പ്രവർത്തനത്തിൽ തെരെഞ്ഞെടുപ്പ് മത്സരത്തിനുള്ള സീറ്റോ, ധന നേട്ടമോ ആരെയും അലട്ടുന്നില്ല. നഷ്ടങ്ങളും തിരസ്കാരവുമൊക്കെ ആദർശത്തിനായുള്ള സഹനമോ ത്യാഗമോ ആയി മാറും.

രാഷ്ട്രീയത്തിന്റെ കെമിസ്ട്രി മാറുമ്പോൾ അത് വ്യക്തിപരമായ നഷ്ടമാകും. നൈരാശ്യവും ഇച്ഛാഭംഗങ്ങളുമുണ്ടാക്കും. ഈ വക ആനുകൂല്യങ്ങൾ നൽകാത്തത് കൊണ്ട് സ്വയം ഉയിരെടുക്കണമെന്നു തോന്നും.

ലഹരിയായി പൊതു പ്രവർത്തനത്തെ കൊണ്ട് നടക്കുകയും അതിനായുള്ള പാരിതോഷികം പാർട്ടി തരുമെന്നും വിശ്വസിക്കുന്നവർ കുടുംബത്തെ മറക്കും. അങ്ങനെ പ്രവർത്തിക്കാനാണല്ലോ രാഷ്ട്രീയം അണികളോട് ചെല്ലുന്നത് ?പ്രതീക്ഷിച്ചത് കിട്ടാതെ വരുമ്പോൾ അവരെ കാത്ത് കുടുംബമുണ്ടെന്ന് ഓർക്കില്ല. ഉയിരെടുക്കുമ്പോൾ പിന്തിരിപ്പിക്കേണ്ട ആ ഘടകത്തെ കുറിച്ചുള്ള ബോധം പ്രായോഗിക രാഷ്ട്രീയ പാച്ചിലിൽ നഷ്ടമായിട്ടുണ്ടാകും. ഈ മാറ്റങ്ങൾ മനുഷ്യ സഹജമാണ്.

രാഷ്ട്രീയത്തിൽ വന്ന മാറ്റങ്ങളുടെ ഫലവുമാണ് .

മറ്റേത് മേഖലയിലുമെന്ന പോലെ പാർട്ടി പ്രവർത്തകരുടെ മാനസിക സംഘർഷങ്ങൾ ലഘുകരിക്കാനുള്ള പദ്ധതികൾ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തുടങ്ങണം. സ്ഥാന മാനങ്ങളും, സീറ്റുമൊക്കെ നിരാകരിക്കുമ്പോൾ വൈകാരിക വിക്ഷോഭങ്ങളിൽ ഉലയുന്നവരെ പിന്തുണയ്ക്കാൻ സംവിധാനം വേണം. ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിലും ആശ്വസിപ്പിക്കാൻ ആളുണ്ടെന്ന തോന്നൽ ആത്മഹത്യാ ചിന്തകളെ ഇല്ലാതാക്കിയേക്കും.പണ്ടൊക്കെ പാർട്ടികൾ ഒരുക്കിയിരുന്ന ഈ

സൗകര്യം പ്രായോഗിക രാഷ്ട്രീയം ഇല്ലാതാക്കിയോ ? രാഷ്ട്രീയ ആൾക്കൂട്ടങ്ങളിലും സിന്ദാബാദ് ആരവങ്ങൾക്കിടയിലും ഒറ്റപ്പെടുന്ന, മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർ ഉണ്ടാകാം. അത് കാണാനുള്ള കണ്ണ് ഇല്ലാതായോ ?ആലോചിക്കണം.

കിട്ടാനുള്ള പുതിയ ലോകമെന്ന ആദർശപരമായ ചിന്തയിൽ നിന്നും എനിക്ക് എന്ത് കിട്ടുമെന്ന പ്രായോഗിക ബുദ്ധി രാഷ്ട്രീയത്തിൽ വ്യാപകമായി. വാഗ്ദാനങ്ങളിലൂടെയും മോഹിപ്പിക്കലുകളിലൂടെയും ഉത്തേജിപ്പിക്കുന്ന വിധത്തിലുള്ള നയം മാറ്റം ശക്തമാണ് . അതിന്‌ ഭംഗം വരുമ്പോൾ ചിലർക്ക് ജീവിതത്തിന്റെ അർത്ഥം പോകാമെന്ന യാഥാർഥ്യം രാഷ്ട്രീയവും ഉൾക്കൊള്ളേണ്ടതിന്റെ മുന്നറിയിപ്പുകളാണ് ഇത്. ഇപ്പോൾ

ഇതാണ് സ്ഥിതിയെങ്കിൽ തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം വരുമ്പോൾ തോൽക്കുന്നവർക്കായി ഒരു സാന്ത്വന ഹെല്പ് ലൈൻ വേണ്ടി വരുമോ?

(ഡോ. സി. ജെ .ജോൺ)

കേരള കൗമുദിയിൽ വന്ന വിശകലനം..

Share News