
രാഷ്ട്രീയ നേതൃത്വം ഇങ്ങനെ ആകുന്പോൾ പാവം ശിവശങ്കരന്മാർ എന്തു ചെയ്യും?
ദീപിക ഞായറാഴ്ച എഡിറ്റോറിയൽ പേജിലെ ദ്വിജൻ എഴുതുന്ന നിരീക്ഷണം സമകാലിക സംഭവങ്ങളുടെ മറുപുറം വ്യക്തമാക്കുന്നു .
വാര്യൻകുന്നൻ പോലെയുള്ള സിനിമകൾ മാത്രമല്ല, ട്രാൻസ് പോലെ ചില സമുദായങ്ങൾക്ക് അപമാനകരമെന്നു തോന്നുന്ന ചലച്ചിത്രങ്ങളും ഉണ്ടാകുന്നതിനു പിന്നിൽ ആരെന്ന സംശയം പ്രസക്തമാണ് .സക്കാത്ത് എന്ന സത്കർമത്തിന്റെ പുണ്യവും പ്രാധാന്യവും പറയുമ്പോഴും വർത്തകൾക്കപ്പുറമുള്ള വസ്തുതകളിലേയ്ക്കു ദ്വിജൻ കൈ ചൂണ്ടുന്നു .ഇടതുമുന്നണിയുടെ മുസ്ലിം സമീപനം പ്രീണനമോ അടവോ എന്നു പലപ്പോഴും തിട്ടപ്പെടുത്താനാവില്ല. – എന്ന് പറയുമ്പോഴും വാർത്തകൾക്കപ്പുറം എന്താണ് സംഭവിച്ചതെന്നു അദ്ദേഹം വ്യക്തമാക്കി .ഇരട്ടത്താപ്പുകൾ,ആന്റണിയും കരുണാകരനും.. പരാമർശിച്ചു ബെന്നിക്കൊരു തലോടും നൽകി ശിവശങ്കരനിൽ എത്തിനിൽക്കുന്നു .പ്രതികങ്ങളിലൂടെ വീക്ഷണം അവതരിപ്പിച്ചപ്പോൾ തല്ലും തലോടലുമായി .
അനന്തപുരി /ദ്വിജൻ
കള്ളക്കടത്തുകേസിലെ പ്രതികളെവരെ സഹായിച്ചു എന്ന് കരുതപ്പെടുന്ന, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒരു പ്രതീകമാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെകൂടി പ്രീതിക്കുവേണ്ടി കള്ളക്കടത്തുകാർക്കു പോലും തലസ്ഥാനത്തെ സെക്രട്ടേറിയറ്റിൽ നൽകപ്പെടുന്ന മാന്യതയുടെയും സംരക്ഷണത്തിന്റെയും പ്രതീകം. ഇത് ഇടതുമുന്നണിയുടെ കാലത്തെ മാത്രം പ്രത്യേകതയല്ല. ജനാധിപത്യ മുന്നണിയുടെ ഭരണകാലത്ത് ഇതിനെക്കാൾ രൂക്ഷമാണു കാര്യങ്ങൾ.
കേരളത്തിൽ ചില സമുദായങ്ങളെ പ്രീണിപ്പിക്കുന്നതിന് ഇടതു- വലതു മുന്നണികൾ മത്സരിക്കുന്നതിന്റെ കഥകൾ അറിയുന്നവരാണ് തലസ്ഥാനത്തെ ഉദ്യോഗസ്ഥർ. ഇക്കാര്യത്തിൽ രണ്ടു കൂട്ടരും മത്സരിക്കുന്നു. പലപ്പോഴും പ്രീണനം ഒരു പരിധിക്കപ്പുറം കടക്കാതെ ഇടതുമുന്നണി നോക്കാറുണ്ട്.
ഇങ്ങനെ നടക്കുന്ന കാര്യങ്ങളൊന്നും മാധ്യമങ്ങൾക്കും വിഷയമല്ല! മാധ്യമ മുതലാളിമാർക്കും മാധ്യമ പ്രവർത്തകർക്കും എല്ലാം കിട്ടുന്നുണ്ടാവും വില കൂടിയ ഈന്തപ്പഴവും വിമാനടിക്കറ്റും! കള്ളക്കടത്തു നടത്തി പണം ഉണ്ടാക്കുന്നവർക്കു പണത്തിനു ക്ഷാമം ഇല്ലല്ലോ.
അത്തരം അടുപ്പം പറയുന്ന ഫോട്ടോകളും വരുന്നുണ്ട്. മുഖ്യമന്ത്രിയുടെ അടുത്ത് ഒരു പരിപാടിക്കു നിന്ന വ്യക്തിയുമായി അദ്ദേഹത്തിന് അടുപ്പം ഉണ്ടെന്നു പറയുന്നവർ ആ ന്യായം സ്വന്തം ഫോട്ടോയുടെ കാര്യത്തിൽ സമ്മതിക്കുന്നില്ല!
മലയാള സിനിമയിൽ വരെ കള്ളക്കടത്തുകാർ പണം മുടക്കുന്നു എന്ന വിശ്വസനീയമായ വിവരങ്ങൾ പുറത്തുവരുന്നു. വാര്യൻകുന്നൻ പോലെയുള്ള സിനിമകൾ മാത്രമല്ല, ട്രാൻസ് പോലെ ചില സമുദായങ്ങൾക്ക് അപമാനകരമെന്നു തോന്നുന്ന ചലച്ചിത്രങ്ങളും ഉണ്ടാകുന്നതിനു പിന്നിൽ ആരെന്ന സംശയം പ്രബലമാകുന്നുണ്ട്.
ജലീലിന്റെ സക്കാത്ത്
സമുദായവികാരം ആളിക്കത്തിച്ച് സ്വന്തം പ്രവൃത്തികൾക്കു മറയുണ്ടാക്കാൻ നേതാക്കന്മാർ നടത്തുന്ന ശ്രമം ഇപ്പോഴും തുടരുകയാണ്. യുഎഇ കോണ്സലിൽനിന്നു കിറ്റുകൾ വാങ്ങി കുടുക്കിലായ മന്ത്രി. കെ.ടി. ജലീൽതന്നെ ഏറ്റവും പുതിയ ഉദാഹരണം. കേരളത്തിലെ ഒരു മന്ത്രിയോടു കുറെ കിറ്റുകൾ തരാമെന്നും അതിനായി സ്വപ്നയുമായി ബന്ധപ്പെടാനും കോണ്സൽ പറയുക. കേരളത്തിലെ മന്ത്രിക്കു കോണ്സൽ കൊടുക്കുന്ന വില കൊള്ളാം! അതുകേട്ട മന്ത്രി സ്വപ്നയെ പലവട്ടം വിളിക്കുന്നു. അദ്ദേഹത്തിന്റെ സ്റ്റാഫ് വിളിക്കുന്നു. ആകെ കുടുക്കിലായി. പൂശിയ അത്തറുകൊണ്ടൊന്നും ദുർഗന്ധം മാറാതായി.
അപ്പോഴാണു യുഡിഎഫ് കണ്വീനർ മന്ത്രി ജലീൽ വിദേശ ഫണ്ട് സ്വീകരിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നു പറഞ്ഞു പ്രധാനമന്ത്രിക്കു കത്തയച്ചത്. പ്രധാനമന്ത്രി അതിൽ എന്തു നടപടി എടുക്കുമെന്ന് ആർക്കും ഉറപ്പില്ല. എങ്കിലും ജലീൽ ജനാധിപത്യമുന്നണി കണ്വീനർക്കു ഫേസ്ബുക്കിലൂടെ ഒരു തുറന്ന കത്തെഴുതി. പണ്ട് വി.എസിനെ ബക്കറ്റിലെ തിരയോട് ഉപമിക്കാൻ പിണറായിക്കു കഥ പറഞ്ഞുകൊടുത്ത ജലീൽ നന്നായി എഴുതി.
സക്കാത്ത് എന്ന സത്കർമത്തിന്റെ പുണ്യവും പ്രാധാന്യവും പറഞ്ഞുകൊണ്ടുള്ള കത്ത് മുസ്ലിം വികാരം ഉണർത്തി തടിരക്ഷിക്കാനുള്ള ശ്രമമാണെന്ന് എല്ലാവർക്കും മനസിലായി. ബെന്നി പകച്ചുപോയി. പക്ഷേ ഉരുളയ്ക്ക് ഉപ്പേരി പോലെ പറയാനറിയുന്ന കെ. മുരളീധരൻ വിട്ടില്ല. സക്കാത്ത് വല്ലടത്തു നിന്നും കിട്ടുന്ന കിറ്റിന്റെ വിതരണമല്ലെന്നും അത് ത്യാഗത്തോടെ ഒരു വിശ്വാസി അർപ്പിക്കുന്ന കാഴ്ചയാണെന്നും മുരളി ഓർമിപ്പിച്ചു. അർഹരെ തേടിയാണ് സക്കാത്തു കൊടുക്കേണ്ടത്. വന്നാൽ കുറെ സക്കാത്ത് തരാം എന്നു പറയുന്നത് സക്കാത്തിനോടുള്ള നിന്ദയാണ്.
പ്രീണനമോ അടവോ?
ഇടതുമുന്നണിയുടെ മുസ്ലിം സമീപനം പ്രീണനമോ അടവോ എന്നു പലപ്പോഴും തിട്ടപ്പെടുത്താനാവില്ല. ചത്ത കുതിര എന്നൊക്കെ വിശേഷിപ്പിച്ച് കോണ്ഗ്രസ് അകറ്റി നിർത്തിയിരുന്ന മുസ്ലിം ലീഗിനെ അംഗീകരിച്ച് മുന്നണിയിലെ ഘടകകക്ഷിയാക്കിയത് 1967 ൽ അധികാരത്തിലെത്തിച്ചതും സാക്ഷാൽ ഇ.എം.എസ്. ആണ്. ആ മന്ത്രിസഭയുടെ സമ്മാനമായിരുന്നു മലപ്പുറം ജില്ല. ആ ഇ.എം.എസിനെ വീഴ്ത്തിയതും ലീഗും ചേർന്ന്! ഷാബാനു കേസ് വന്നപ്പോൾ ശരിയത്ത് നിയമത്തിനു വേണ്ടി നിലകൊണ്ട അഖിലേന്ത്യ ലീഗിനെ മുന്നണിയിൽ നിന്നു പുറത്താക്കാനും ഇ.എം.എസ് ധൈര്യം കാണിച്ചു. അതോടെ ലീഗുകൾ ഒന്നായി. സമുദായ താത്പര്യമാണ് തങ്ങൾക്കു ഒന്നാമത് എന്ന് തെളിയിച്ചു.
കുവൈറ്റ് യുദ്ധത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പു കാലത്ത് പക്ഷേ ലീഗിനെ കൂട്ടാതെ സദ്ദാം ഹുസൈനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പു ജയിക്കാനും ഇ.എം.എസിനായി. വീണ്ടും കരുണാകരന്റെ കാലത്ത് മുല്ലയ്ക്കും മുക്രിക്കും പെൻഷൻ കൊടുത്തതിനെ തെരഞ്ഞെടുപ്പു വിഷയമാക്കി ഇ.എം.എസ് പടനയിച്ചു ജയിച്ചു.
പിണറായി വിജയന്റെ മദനി പരീക്ഷണം പക്ഷേ വലിയ നഷ്ടക്കച്ചവടമായി. അന്നു മദനിയുടെ പാർട്ടിക്കുവേണ്ടി സിപിഐയിൽനിന്നു പിടിച്ചെടുത്ത പൊന്നാനി സീറ്റ് ആ തെരഞ്ഞെടുപ്പിലെതന്നെ ഇടതുമുന്നണിയുടെ തോൽവിക്കു കാരണമായി. ഇപ്പോഴും ഇടതുമുന്നണിയിൽ ഒന്നോ രണ്ടോ ലീഗുണ്ട്. അവർക്കു കാര്യങ്ങൾ നടന്നാൽ മതി. മന്ത്രിസ്ഥാനം ഒന്നും വേണ്ട.
ഇരട്ടത്താപ്പുകൾ
ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന വിവാദനാടകം ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അടയാളമായി വാഴ്ത്തിയ ഇടതുപക്ഷം പക്ഷേ അവരുടെ കോളജ് അധ്യാപക സംഘടനയിലെ ആവേശം കൊണ്ട് ജ്വലിച്ച പ്രഫ. ജോസഫ് പ്രവാചകനെക്കുറിച്ച ു തെറ്റിദ്ധാരണ ഉളവാക്കുന്നവിധം എഴുതിയ വരികൾക്ക് അദ്ദേഹത്തെ നിയമസഭയിൽ വച്ചു തന്നെ പോഴൻ എന്നുവിളിച്ച് തടിതപ്പിയതും ചരിത്രം.
വി.എസ്. അച്യുതാനന്ദൻ കേരളത്തിലെ മത്സരപരീക്ഷകളിൽ മലപ്പുറത്തുകാർ തട്ടിപ്പു കാണിച്ചാണ് ജയിക്കുന്നത് എന്ന് നടത്തിയ ഒഴുക്കൻ പ്രതികരണം വല്ലാത്ത തിരിച്ചടിയായി. മത്സരിച്ച് നേടാൻ ആ കുട്ടികൾ പ്രാപ്തരായിരിക്കുന്നു. ക്രൈസ്തവ സഭ നടത്തുന്ന പ്രഫഷണൽ കോളജുകളിൽ ക്രൈസ്തവ സമുദായത്തിലെ കുട്ടികൾക്കുള്ള സീറ്റുകളിൽ ഇരട്ടി ഫീസ് വാങ്ങി തങ്ങളുടെ കുട്ടികളെ കുറഞ്ഞ നിരക്കിൽ പഠിപ്പിക്കാൻ സർക്കാർ വഴി ചിലർ നടത്തിയ ഗൂഢനീക്കങ്ങൾ സഭയുടെ ജാഗ്രത കൊണ്ട് പൊളിഞ്ഞു. 50:50 തത്വത്തിനു പിന്നിലെ കെണി അതായിരുന്നു. 50 ശതമാനം സീറ്റിൽ ഇഷ്ടം പോലെ ഫീസ്. ബാക്കി 50 ശതമാനം സർക്കാർ നിരക്കിലും. ചില ക്രൈസ്തവ ബുദ്ധിജീവികൾവരെ ഇതിനുവേണ്ടി വാദിച്ചെങ്കിലും അനീതിപരമായ ഈ നിലപാട് സഭയ്ക്ക് അംഗീകരിക്കനായില്ല. ക്രോസ് സബ്സിഡി പാടില്ല എന്നു കോടതിയും പറഞ്ഞതോടെ സർക്കാർ മുട്ടുമടക്കി. അന്ന് ക്രൈസ്തവ മാനേജ്മെന്റുകൾക്കൊപ്പം നിൽക്കാതെ സർക്കാരിനെ താങ്ങിയ കാരക്കോണം മെഡിക്കൽ കോളജ് അധികൃതർ സർക്കാർ ഒത്താശയോടെ നടത്തിയ കച്ചവടത്തിൽ കുടുക്കിലായതു പിൽക്കാല ചരിത്രം.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നകാലത്ത് 2007ൽ മുസ്ലിം സമുദായത്തെ ഉയർത്താൻവേണ്ടിത്തന്നെ ഒരു കമ്മീഷനെ നിയോഗിച്ചു. പാലോളി കമ്മിറ്റി. അതിന്റെ പേരു ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾ പിടിച്ചുവാങ്ങാനുള്ള സമിതി എന്നായിരുന്നു.
കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ കൊല്ലുന്നതു പോലായിട്ടുണ്ട് ജനാധിപത്യമുന്നണിയുടെചില സമുദായ പ്രീണനങ്ങൾ. ഇതിനായി അവർ നടത്തുന്ന അമിത താത്പര്യംമൂലം ആ സമുദായ നേതാക്കളെല്ലാംതന്നെ ഇടതുചേരിയുടെ സഹായികളായി കാര്യം കാണുന്നു. എംഇഎസ് നേതാവ് ഫസൽ ഗഫൂർ ബേബി മന്ത്രിയുടെ കാലത്ത് സർവകലാശാലാ സിൻഡിക്കറ്റിൽ വരെ അംഗമായതുപോലെ ഉദാഹരണങ്ങൾ നിരവധിയുണ്ട്. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് വെള്ളാപ്പള്ളി നടേശൻ ഒരു ദിവസം ഒരു വേദിയിൽ വച്ച് നിരവധി കോളജുകൾ ഉദ്ഘാടനം ചെയ്തു നിരവധി പേരെ അന്പരപ്പിച്ചത് നിരീക്ഷകർ മറന്നിട്ടുണ്ടാവില്ല. എന്നാൽ, വെള്ളാപ്പള്ളി വിളിച്ചിട്ടുള്ളതുപോലെ ചീത്ത വേറാരെങ്കിലും ഉമ്മൻചാണ്ടി സർക്കാരിനെ വിളിച്ചിട്ടുണ്ടാവുമോ? പക്ഷേ, പിണറായിയുടെ മുന്പിൽ അദ്ദേഹം വായ് തുറക്കുമോ? ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ വകുപ്പു മാറാൻ പോലും വെള്ളാപ്പള്ളി സമ്മതിക്കില്ലായിരുന്നു!
ആന്റണിയും കരുണാകരനും
കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം ഇട്ടെറിഞ്ഞു പോകേണ്ടിവന്ന എ.കെ. ആന്റണിയെ ആ ദുരന്തത്തിലേക്ക് നയിച്ചതിൽ ലീഗിനുള്ള പങ്ക് ചില്ലറയല്ല. ആന്റണിയുടെ കാലത്ത് കാര്യങ്ങൾ ഒന്നും നടന്നിരുന്നില്ല എന്നു പരിതപിച്ച ചില അടുത്ത സുഹൃത്തുക്കളോട് താൻ അവിടെ ഉണ്ടായിരുന്നതുകൊണ്ട് ലീഗുകാരുടെ എന്തെല്ലാം നീക്കങ്ങൾ നടന്നില്ലെന്ന് അറിയാമോ എന്ന് അദ്ദേഹം വികാരഭരിതനായി ചോദിച്ചതായി അറിയാം. ഒരിക്കൽ മനസിലുള്ള നീരസം അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞത് പലരും തെറ്റിദ്ധരിക്കുന്ന ഭാഷയിലായിരുന്നു. വിദേശ പണം കിട്ടുന്ന ചില ന്യൂനപക്ഷ സമുദായങ്ങൾ സമൂഹത്തിൽ വല്ലാത്ത ധിക്കാരം കാണിക്കുന്നു എന്ന അർഥം വരുന്നതായിരുന്നു ആ പ്രസ്താവന.
അതോടെ ആന്റണിക്കെതിരെ ഒതുക്കിവച്ചിരുന്ന അമർഷമെല്ലാം പലവിധത്തിൽ പുറത്തുചാടി. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം വിട്ട് കേരളം വിട്ടു. ഇനി മടക്കം ഇല്ലെന്നു തീർത്തും പറഞ്ഞു.
ചാരക്കേസിൽ പുറത്താകുന്പോൾ കരുണാകരനും ഉണ്ടായിരുന്നു ഇതുപോലെ ഗൂഢാലോചനയെക്കുറിച്ചു സങ്കടം. ഇക്കാര്യത്തിൽ മനസിലുള്ളതു പറഞ്ഞുപോയതുകൊണ്ട് കെ. മുരളീധരൻ കോഴിക്കോട്ടു തോറ്റതു ചരിത്രം.
കേരളം തീവ്രവാദത്തിന്റെ പരിശീലനക്കളരിയായത് ജനാധിപത്യമുന്നണിയുടെ കാലത്താണെന്ന് ഇന്ന് ആർക്കാണറിയാത്തത്. ചിലരെ പ്രീണിപ്പിക്കൽ ഇരുമുന്നണികളുടെയും പ്രഖ്യാപിത നയമാണ്. ജനാധിപത്യമുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ലീഗാണ്. ഇടതു മുന്നണിയിൽ അത്രയും ശക്തമല്ല രാഷ്ട്രീയ സ്വാധീനം എന്നുമാത്രം. ലൗ ജിഹാദ് കേരളത്തിൽ ഇല്ലെന്നു വരുത്താൻ ലോക്സഭയിൽ ചോദ്യം ചോദിച്ച ജനാധിപത്യമുന്നണി കണ്വീനർ ബന്നി ബഹനാൻ കാണിച്ചതും കടുത്ത പ്രീണനം തന്നെ.
രാഷ്ട്രീയ നേതൃത്വം ഇങ്ങനെ ആകുന്പോൾ പാവം ശിവശങ്കരന്മാർ എന്തു ചെയ്യും?
