
നീതിയുടെ പ്രതീകമായി ഉപയോഗിച്ച് വരുന്ന തുലാസ് ഏന്തിയ കണ്ണ് മൂടിയ ദേവത ആരാണ്?
ഗ്രീക്ക് ദേവതയായ തെമിസ് ദേവിയുടെ സങ്കല്പത്തിൽ നിന്ന് ഉദയം ചെയ്ത റോമൻ ദേവതയാണ് ജസ്റ്റീഷ്യ ദേവി എന്ന് പറയപ്പെടുന്നു. അതിനും പിന്നിൽ കഥകൾ കാണാം, തെമിസ് ദേവതയുടെ പുത്രിയായി ‘ഡൈക്’ എന്ന ദേവതയുണ്ട്, ഈ പദത്തിനർത്ഥം ജസ്റ്റിസ് എന്നാണ്!. ഈ ഡൈക് എന്ന സങ്കലപ്പത്തെ അഗസ്റ്റസ് അടർത്തി മാറ്റി ജസ്റ്റീഷ്യ ദേവിയായി റോമിൽ ആരാധിച്ചതായി കാണാം. ഇക്കാലത്തോ അതിനും മുന്നിലോ ഇതേ പോലെ ഈജിപ്ഷ്യൻ ദേവതയായി കാണുന്ന ‘മാത്’ (Ma’at)നീതിയുടെ പ്രതീകമായി ആരാധിക്കപ്പെട്ടു; ഇതേ പോലെ ഭാരതത്തിലും ‘മാതാ’ അഥവാ കാളി മാതാ സങ്കൽപം ഉണ്ടായിരുന്നു. ഗ്രീക്ക് തെമിസ് ദേവത നിയമം, ക്രമം, നീതി എന്നിവയുടെയും ‘മാത്’ എന്ന ഈജിപ്ഷ്യൻ ദേവത നിയമക്രമം പരിപാലിക്കുന്നതിനും വാളും സത്യത്തിന്റെ ‘തൂവൽ’ പേറിയതുമായിരുന്നു. ഭാരതത്തിലെ ധർമ്മനീതിയായ ജീവിത ക്രമം ‘ഋത’ അഥവാ ‘ഋതം’ പരിപാലിക്കുന്ന ദേവിയായി കാളീമാതാവിനെ ആരാധിച്ചിരുന്നുവല്ലോ. ഇവയെല്ലാം പൗരാണികമായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ് വസ്തുത. ഈജിപ്തിൽ മാത് എന്നറിയപ്പെടുക സ്വാഭാവികമായും മാതാ ആയിരിക്കുമല്ലോ. ഇത് ഗ്രീക്കിൽ തെമിസ് ആയും, റോമിൽ നീതിയുടെ ദേവത അഥവാ ജസ്റ്റീഷ്യ ദേവിയായും അവതരിപ്പിക്കപ്പെട്ടിട്ടുണ്ടാവാം.

എന്തായാലും നീതി ദേവതയുടെ ഇന്നത്തെ തനി സ്വരൂപം റോമൻ ജനതയുടെ ആരാധ്യയായ ജസ്റ്റീഷ്യ ദേവിയാണ്!.
നീതിന്യായ വ്യവസ്ഥകളിലെ ധാർമ്മിക ശക്തിയുടെ സാങ്കൽപ്പിക വ്യക്തിത്വമാണ് ലേഡി ജസ്റ്റിസ് ( ലാറ്റിൻ : Iustitia ). ഗ്രീക്ക് ദേവതയായ തെമിസിന് തുല്യമായ യുസ്റ്റിഷ്യ അല്ലെങ്കിൽ ജസ്റ്റിഷ്യ എന്നറിയപ്പെടുന്ന പുരാതന റോമൻ ഐതിഹ്യങ്ങളിലെ നീതിയുടെ സ്വരൂപ വ്യക്തിത്വത്തിൽ നിന്നാണ് ‘ലേഡി ജസ്റ്റിസ്’ അഥവാ നീതി ദേവത ഉത്ഭവിക്കുന്നത്. അഗസ്റ്റസ് ചക്രവർത്തിയാണ് ‘ജസ്റ്റിഷ്യ’യെ അവതരിപ്പിച്ചത് , അതിനാൽ റോമൻ ദേവാലയത്തിലെ വളരെ പഴയ ദേവതയായിരുന്നില്ല.
അഗസ്റ്റസ് ചക്രവർത്തി ആരാധിച്ച് ആഘോഷിച്ച പടച്ചട്ടയിലെ സദ്ഗുണങ്ങളിൽ ഒന്നാണ് നീതി, തുടർന്ന് ടിബീരിയസ് ചക്രവർത്തി റോമിൽ ജസ്റ്റിഷ്യയുടെ ഒരു ക്ഷേത്രം സ്ഥാപിച്ചു. ഓരോ ചക്രവർത്തിയും തന്റെ ഭരണത്തെ ബന്ധപ്പെടുത്താൻ ആഗ്രഹിക്കുന്ന നീതിയുടെ സദ്ഗുണത്തിന്റെ പ്രതീകമായി ജസ്റ്റിഷ്യ മാറി. വെസ്പാസിയൻ ചക്രവർത്തി ജസ്റ്റിഷ്യ ‘അഗസ്റ്റ’ എന്ന സിംഹാസനത്തിൽ ഇരിക്കുന്ന ദേവിയുടെ ചിത്രമുള്ള നാണയങ്ങൾ പുറത്തിറക്കി , അദ്ദേഹത്തിന് ശേഷം പല ചക്രവർത്തിമാരും തങ്ങളെ നീതിയുടെ സംരക്ഷകരായി പ്രഖ്യാപിക്കാൻ ദേവിയുടെ ചിത്രം ഉപയോഗിച്ചു. ഇങ്ങനെയാണ് നീതിയുടെ ദേവതയായി ലോകമൊട്ടാകെ ഒരു സ്ത്രീ സങ്കല്പത്തെ അംഗീകരിച്ചത്.
അഗസ്റ്റസ് നിർമ്മിച്ച ക്ഷേത്രത്തിലെ നീതി ദേവത അന്ധയായിരുന്നില്ല. ആദ്യമായി നീതി ദേവതയെ കണ്ണ് മൂടി രൂപീകരിച്ചത് സ്വിറ്റ്സർലാൻഡിലെ നവോത്ഥാന കാല ശില്പിയായ ഹാൻസ് ജിങ്സ് ആണെന്ന് കരുതപ്പെടുന്നു. 1543 മുതൽ1986 വരെസ്വിറ്റ്സർലാൻഡിലെ ബേൺ എന്ന സ്ഥലത്ത് നില നിന്നിരുന്ന ആ നീതിയുടെ ആദ്യകാല പ്രതീകം തീവ്ര യാഥാസ്ഥിതിക വാദികളാൽ തച്ച് തകർക്കപ്പെട്ടു, 1543 കാലത്ത് റോമൻ കത്തോലിക്കാ സഭയ്ക്കെതിരെ ഉയർന്നു വന്ന പ്രൊട്ടസ്റ്റന്റിസം, റിനൈസ്സൻസ് നീക്കങ്ങളുടെ പ്രതികരണം എന്ന നിലയ്ക്കാവാം ശില്പി ആ ദേവതയുടെ കണ്ണ് മൂടി കൊത്തിവച്ചത്. നശിപ്പിക്കപ്പെട്ട ആ പ്രതീകത്തെ ഇന്ന് പുനഃസ്ഥാപിച്ച് വച്ചിട്ടുണ്ട്, (ചിത്രത്തിൽ)എങ്കിലും ചരിത്രാവശിഷ്ടം നഷ്ടമായിക്കഴിഞ്ഞു.
റോമിലെ സ്വന്തം ക്ഷേത്രവും ആരാധനാലയവും ഉള്ള ഒരു ദേവതയാണ് നീതി ദേവത എന്ന് ഇന്ന് പലരും അറിയുന്നുമില്ല, അംഗീകരിക്കുന്നുമില്ല. പകരം നീതി എന്നതിന്റെ പ്രതീകമായി ദേവതാ രൂപം മാറിക്കഴിഞ്ഞു.

_നിയമ
ബോധി_
