
കേരളത്തിന്റെ വ്യവസായ പുരോഗതിയെ തടഞ്ഞുനിർത്തുന്നതും കാർഷിക മേഖലയുടെ വളർച്ച മുരടിപ്പിക്കുന്നതും മത്സ്യബന്ധന മേഖലയിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതും ആരുടെ നയമാണ്?
കേരളത്തിനൊന്നു മാറി ചിന്തിച്ചുകൂടേ…?
കേരളത്തിന്റെ വ്യവസായ പുരോഗതിയെ തടഞ്ഞുനിർത്തുന്നതും കാർഷിക മേഖലയുടെ വളർച്ച മുരടിപ്പിക്കുന്നതും മത്സ്യബന്ധന മേഖലയിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതും ആരുടെ നയമാണ്? കമ്യൂണിസ്റ്റു പാർട്ടിയുടെയും അവർ നേതൃത്വം നൽകിയ സർക്കാരുകളുടെയും ചിത്രമായിരിക്കും ഏതൊരു മലയാളിയുടേയും മനസ്സിൽ ആദ്യം വരിക! പാർട്ടിയുടെ ഈ ‘പ്രതിഛായ’ മാറ്റാൻ പാർട്ടിക്കുള്ളിൽനിന്നു നേതൃത്വം നൽകിവരുന്ന വ്യക്തിയെന്ന നിലയിലാണ് ശ്രീ. പിണറായി വിജയൻ എന്റെ ശ്രദ്ധയെ ആകർഷിച്ചിട്ടുള്ളത്!

പരമ്പരാഗത പാർട്ടി നയങ്ങൾ അവഗണിച്ചുകൊണ്ട്, ആഗോള സാമ്പത്തിക സാഹചര്യങ്ങളോട് ക്രിയാത്മകമായ സഹകരണത്തിനു പാർട്ടിയെയും സർക്കാരിനെയും കഴിവുറ്റതാക്കുന്നതിൽ അദ്ദേഹം ശ്രദ്ധവച്ചിരിക്കുന്നതായി കണ്ടുകൂടേ? എന്നാൽ ഇതു തികച്ചും അദ്ദേഹത്തിന്റേതു മാത്രമായ ഒരു നിലപാടായും, അദ്ദേഹം പാർട്ടിയെ വഴിതെറ്റിക്കുന്നതായുമാണ് പല മാധ്യമങ്ങളും പാർട്ടിയിലെ ഒരു വിഭാഗവും വിലയിരുത്തുന്നതായി കാണുന്നത്.
ഭരണത്തിൽനിന്ന് തെറ്റായ മാർഗത്തിൽ ലാഭമുണ്ടാക്കുന്നതാണോ, ഒരു രാഷ്ട്രീയ നേതാവോ അയാളുടെ കുടുംബാംഗങ്ങളോ അവർ നടത്തുന്ന ബിസിനസ്സിൽനിന്ന് ലാഭമുണ്ടാക്കുന്നതാണോ മാതൃകാപരമായ കാര്യം? അവർ ഭരണത്തിൽ അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ വിമർശിക്കാം, നിയമ നടപടി സ്വീകരിക്കാം, രാഷ്ട്രീയമായി നേരിടാം. എന്നാൽ, ഒരു ഭരണാധികാരിയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ സ്വന്തം ബിസിനസ്സിലൂടെ ലാഭമുണ്ടാക്കുന്നതിൽ എന്താണ് തെറ്റ്?
ഒരു കമ്യൂണിസ്റ്റുകാരൻ എക്കാലവും വികസന വിരോധിയും, വ്യവസായ വിരുദ്ധനും, മൂലധനത്തോട് മുഖംതിരിച്ചു നിൽക്കുന്നവനുമായിരിക്കണം എന്ന് ഇന്നത്തെ ലോകത്ത് ആരെങ്കിലും പറയുമോ?
ഞാനൊരു പിണറായി ഭക്തനൊന്നുമല്ല! എന്നാൽ, നാടുനന്നാകണം എന്നു ചിന്തിക്കുന്ന ഒരു വ്യക്തിയാണ്. നാടുനന്നാകണം എന്നു പറഞ്ഞാൽ, എല്ലാ മനുഷ്യരും നന്നാകണം! കോൺഗ്രസുകാരും ബി ജെ പിക്കാരും മാത്രമല്ല, കമ്യൂണിസ്റ്റുകാരും നന്നാകണം! അവരും പണമുണ്ടാക്കണം, വിവിധ മേഖലകളിൽ മുതൽമുടക്കി മികച്ച വരുമാനവും ലാഭവുമുണ്ടാക്കണം! കൃത്യമായ നികുതി സർക്കാരിനു നൽകുകയും വേണം! വ്യക്തികളും സംരംഭങ്ങളുമുണ്ടാക്കുന്ന ലാഭവും മിച്ചവുമാണ് നാട്ടിൽ പുരോഗതിയും വളർച്ചയുമുണ്ടാക്കുന്നത്!
പിൻ കുറിപ്പ്: കമ്യൂണിസ്റ്റുകാർ നേരായ മാർഗത്തിൽ ലാഭമുണ്ടാക്കിയാൽ , ഈ നാടു നന്നാവും!!!

ഫാ. വർഗീസ് വള്ളിക്കാട്ട്