
ആശുപത്രിയില്‍ യുവാവിന്റെ അക്രമം: വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ചു
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് ചികിത്സയ്ക്ക് എത്തിച്ച യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. കോട്ടയം സ്വദേശിയായ ഹൗസ് സര്‍ജന്‍ വന്ദനാ ദാസ് (23) ആണ് മരിച്ചത്. പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥരും അടക്കം അഞ്ചുപേരെ കുത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഡ്രസിങ് റൂമില്‍ വച്ച് അവിടെ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് വനിതാ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഡോക്ടറെ വിദഗ്ധ ചികിത്സയ്ക്കായാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കേയാണ് വന്ദനാ ദാസ് മരിച്ചത്.
തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെയും യുവാവ് ആക്രമിക്കുകയായിരുന്നു. പ്രകോപനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പരിക്കേറ്റ മറ്റു നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ടാണ് സന്ദീപ് വീടിന് സമീപമുള്ളവരുമായി അടിപിടി കൂടിയത്. യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. കാലിന് പരിക്കേറ്റ സന്ദീപിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
വന്നപ്പോള്‍ മുതല്‍ പിച്ചും പേയും, ഡ്രസിങ് റൂമിലെത്തിയതോടെ അക്രമം; കത്രിക എടുത്ത് കണ്ണില്‍ കണ്ടവരെയെല്ലാം കുത്തി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുമ്പോള്‍ സന്ദീപ് പിച്ചും പേയും പറയുന്നുണ്ടായിരുന്നു എന്ന് ആശുപത്രി ജീവനക്കാര്‍. എന്നാല്‍ അടിപിടി കേസില്‍ കസ്റ്റഡിലെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന സമയത്ത് പ്രതി അക്രമാസക്തനായിരുന്നില്ല. മുറിവ് തുന്നിക്കെട്ടുന്നതിന് ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോയ സമയത്താണ് യുവാവ് അക്രമാസക്തനായതെന്നും ജീവനക്കാര്‍ പറയുന്നു.
ഡ്രസിങ്ങിനിടെ ഇറങ്ങിയോടിയ സന്ദീപ്, മുറിക്ക് പുറത്ത് നിന്നിരുന്ന പൊലീസുകാര്‍ അടക്കമുള്ളവരെയാണ് ആദ്യം ആക്രമിച്ചത്. ഡ്രസിങ് റൂമില്‍ നിന്ന് എടുത്തതെന്ന് കരുതുന്ന കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് തൊട്ടടുത്ത മുറിയില്‍ നിന്നിരുന്ന ഡോക്ടര്‍ വന്ദനാ ദാസിനെ ആക്രമിക്കുകയായിരുന്നു. രോഗികളെ നിരീക്ഷിക്കുന്നതിനുള്ള മുറിയിലായിരുന്നു വന്ദനാ ദാസ്. തലയ്ക്കും നെഞ്ചിലും കഴുത്തിലും കുത്തുന്നതാണ് കണ്ടതെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷികളായ ആശുപത്രി ജീവനക്കാര്‍ മാധ്യമങ്ങളോട് പറയുന്നു.
യുവാവിന്റെ അതിക്രമം കണ്ട് പരിഭ്രാന്തരായ ജീവനക്കാര്‍ അടക്കമുള്ളവര്‍ ഓടിമാറി. അതിനിടെ ശബ്ദം കേട്ട് ഓടിയെത്തിയ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും ആംബുലന്‍സ് ഡ്രൈവറും പൊലീസുകാരും ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്.
വനിതാ ഡോക്ടര്‍ വന്ദനാ ദാസിനെ പ്രതി ആറുതവണയാണ് കുത്തിയത്. കോട്ടയം കടുത്തുരുത്തിയിലെ വ്യാപാരിയായ മോഹന്‍ദാസിന്റെ ഏകമകളാണ് കുത്തേറ്റ് മരിച്ച വന്ദന. പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് സ്‌കൂള്‍ അധ്യാപകനാണ്. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ സന്ദീപ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ലഹരിക്ക് അടിമയായതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡ്രസിങ് റൂമില്‍ വച്ച് അവിടെ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഹൗസ് സര്‍ജന്‍ ആയി പ്രാക്ടീസ് ചെയ്യുന്ന വന്ദനാ ദാസിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തിലടക്കം ആഴത്തില്‍ മുറിവേറ്റ ഡോക്ടറെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമായതിനാല്‍ വെന്റിലേറ്റിലേക്ക് മാറ്റിയ വന്ദനാ ദാസ് മണിക്കൂറുകള്‍ക്ക് ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരിച്ചത്.
ഇന്നലെ വൈകീട്ടാണ് സന്ദീപ് വീടിന് സമീപമുള്ളവരുമായി അടിപിടി കൂടിയത്. യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. കാലിന് പരിക്കേറ്റ സന്ദീപിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവം; സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ടുമണി വരെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ കേരള ഘടകവും കെജിഎംഒഎയും അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ഐഎംഎ കേരള ഘടകത്തിന് കീഴിലുള്ള ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും.അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായും ഐഎംഎ അറിയിച്ചു. ഇതിന് പുറമേ സംഭവത്തില്‍ പ്രതിഷേധിച്ച് ഹൗസ് സര്‍ജന്മാരും സംസ്ഥാനവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വനിതാ ഡോക്ടറുടെ കൊലപാതകം ഞെട്ടിക്കുന്നത്, സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി; വികാരാധീനനായി ഗവര്‍ണര്‍

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയ്ക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്. അക്രമം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും കുത്തേറ്റിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഡോ. വന്ദനയ്ക്ക് മുഖ്യമന്ത്രിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ഒരു രക്ഷിതാക്കള്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്ന് ഗവര്‍ണര്‍ വികാരാധീനനായി പറഞ്ഞു.