
ലക്ഷദ്വീപ്: വ്യാഴാഴ്ച സര്‍വകക്ഷി യോഗം
കവരത്തി: അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്ക്കാരങ്ങള്‍ക്കെതിരേ ലക്ഷദ്വീപില്‍ വ്യാഴാഴ്ച സര്‍വകക്ഷി യോഗം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായാണ് യോഗം നടക്കുക.
ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുക്കും. തുടര്‍ പ്രതിഷേധ നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചു.
ദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നടത്തുന്ന തുഗ്ലക് ഭരണപരിഷ്കാരത്തില്‍ പ്രതിഷേധം പുകയുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി മുഹമ്മദ് റിയാസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് തുടങ്ങി നിരവധി നേതാക്കളാണ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരേ രംഗത്തെത്തിയിരുന്നു.
അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് സതീശന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. മുസ്ലിം ലീഗ് എംപിമാരും അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ മുസ്ലിം സമുദായ സംഘടനകള്‍ ഏകകണ്ഠമായി കഴിഞ്ഞ ദിവസം തന്നെ അഡ്മിനിസ്ട്രേറ്റര്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. സിപിഎം രാജ്യസഭാംഗമായ എളമരം കരീമാണ് വിഷയത്തില്‍ ഇടപ്പെട്ട് ആദ്യമായി രാഷ്ട്രപതിക്കു കത്തു നല്‍കിയത്.
കൂടുതല്‍ സിനിമാ താരങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരും രംഗത്തെത്തി. സമാനനിലപാടുള്ള പാര്‍ട്ടികളിലെ എംപിമാരെ യോജിപ്പിച്ച് സംയുക്ത നീക്കത്തിനുള്ള ശ്രമവും ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.