ഡോ.വി വേണു ചീഫ് സെക്രട്ടറിയായും ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഡിജിപിയായും ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 48-ാമതു ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവും പോലീസ് മേധാവിയായി ഷെയ്ക് ദർബേഷ് സാഹിബും ചുമതലയേറ്റു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി. ജോയിക്കും പോലീസ് മേധാവിയായിരുന്ന അനിൽ കാന്തിനും യാത്ര യയപ്പു നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിയും ഡിജിപിയും ഒരേ ദിവസം വിരമിക്കുന്ന അപൂർവതയ്ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വി.പി.ജോയ് ആരിലും അപ്രിയം ഉണ്ടാക്കിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 900ൽ അധികം സർക്കാർ സേവനങ്ങൾ ഇപ്പോൾ ഓൺലൈനിലൂടെ ലഭിക്കും. ഇതിൽ ചീഫ് സെക്രട്ടറി പ്രത്യേക താൽപര്യമെടുത്തു. ഭരണം മാതൃകാപരമായി ഉയർത്താൻ ശക്തമായ ഇടപെടൽ നടത്തി. എല്ലാ കാര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. കവിതാ രംഗത്ത് കൂടുതൽ ശ്രദ്ധിക്കാനും കവി മധുസൂദനൻ നായർക്ക് വെല്ലുവിളിയാകാനും അദ്ദേഹത്തിനു കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
വേഗത്തിൽ കാര്യങ്ങൾ നിർവഹിക്കുന്ന ആളായതു കൊണ്ടാണ് അനിൽ കാന്തിനെ പോലീസ് മേധാവിയാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു വിവാദത്തിലും ഉൾപ്പെടാതെ വിരമിക്കാൻ കഴിയുന്നത് മികവിന്റെ തെളിവാണ്. കേരളത്തിലെ പോലീസ് സേന അനിൽ കാന്തിന്റെ നേതൃത്വത്തിൽ നേട്ടങ്ങൾ സ്വന്തമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.