പൊതിച്ചോറും പുതിയ വസ്ത്രങ്ങളുമായി യാത്ര ചെയ്ത ചീഫ് ജസ്റ്റിസ്.|..അദ്ദേഹത്തിന്റെ വിധികൾ, ഇടപെടലുകൾ സമൂഹത്തിൽ നിറഞ്ഞുനിൽക്കും.|ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ

Share News

പൊതിച്ചോറും പുതിയ വസ്ത്രങ്ങളുമായി യാത്ര ചെയ്ത ചീഫ് ജസ്റ്റിസ്.


ഇന്നലെ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ സാറിനെ വീണ്ടും അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടു.

പിന്നെ അദ്ദേഹത്തിന്റെ വാഹനത്തിന്റെ പിന്നാലെ ടു വീലർ ഓടിച്ചു പുറകെ പോയി. പച്ചാളം ശ്മാശാനത്തിൽ ഒരിക്കൽ കൂടിഅദ്ദേഹത്തെ കണ്ടു. അദ്ദേഹത്തിന്റെ ചലനമറ്റ ശരീരം തീനാളങ്ങൾ ഏറ്റുവാങ്ങുമ്പോൾ വിതുമ്പുന്ന പല പ്രമുഖരെയുംഅവിടെകണ്ടു.


അന്തരിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ സാർ എല്ലാവർക്കും എല്ലാമായിരുന്നു.
കേരള ഹൈക്കോടതിയിലും സുപ്രിം കോടതിയിലും പ്രവർത്തിക്കുന്ന ഏതാനും ജഡ്ജിമാർ സുഹൃത്തുക്കളാണ്. എന്നാൽ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ സാറിന് എൻെറമനസ്സിനുള്ളിൽ വലിയൊരു സ്ഥാനമുണ്ട്. അതിന് നിരവധി കാരണങ്ങളുണ്ട്.


ഇന്നലെ ആ വീട്ടിൽ കണ്ട പല സുഹൃത്തുക്കൾ പറഞ്ഞതും, പലരും അദ്ദേഹത്തേക്കുറിച്ച് എഴുതിയതും ഓർക്കുന്നു.
മികച്ച അഭിഭാഷകനും, പിന്നെ ജഡ്ജിയുമായി അദ്ദേഹം പൊതുസമൂഹത്തിൽ അറിയപ്പെട്ടു. അദ്ദേഹത്തിന്റെ വിധികൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതേക്കുറിച്ച് എഴുതുവാൻ എനിക്ക് ശേഷിയില്ല.

എന്റെ മകൾ അഭിഭാഷകയായി എൻട്രോൾ ചെയ്തപ്പോൾ പരിചയപ്പെടുത്തണമെന്ന് ആഗ്രഹിച്ച ജഡ്ജിമാരിൽ പ്രധാനപ്പെട്ട വ്യക്തി അദ്ദേഹമായിരുന്നു.എന്നാൽ തിരക്കുകൾക്കിടയിൽ അത് സാധിച്ചില്ല എന്നോർക്കുമ്പോൾ വിഷമം വർദ്ധിക്കുന്നു.


അദ്ദേഹത്തെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും കേരള ഹൈക്കോടതിയിൽ വെച്ചായിരുന്നു. അഗതികൾക്ക് ആഹാരം നൽകുന്ന ലവ് ആൻഡ് കെയർ എന്ന പദ്ധതി മോന്റെ ജന്മദിനത്തിൽ ആരംഭിച്ചതാണ്.

കൊച്ചി നഗരത്തിൽ അലഞ്ഞുനടക്കുന്ന അഗതികൾക്ക് ആഹാരം നൽകുകയും, അവരെ സംരക്ഷണ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തുവരുന്നു.

ഹൈക്കോടതിയിൽ നിന്നും ഈ പദ്ധതിക്ക് ആഹാരം നൽകണമെന്ന് സെക്യുരിറ്റിയുടെ ചുമതലകൾ വഹിച്ച ശ്രീ ഷാജു കെ വർഗീസ് എന്ന പോലീസ് ഓഫീസർക്ക് തോന്നി. അതിന് അദ്ദേഹത്തെ സ്വാധിനിച്ച ഒരു സംഭവം ജസ്റ്റിസ് കുര്യൻ ജോസഫ് സാറിന്റെ മകന്റെ വിവാഹത്തിന് തെരുവിലെ അഗതികൾക്ക് വലിയ വിരുന്ന് നൽകിയതാകാം.കോടതിക്ക് മുമ്പിലുള്ള ഇൻഫെന്റ്റ് ചർച് ഹാളിൽ നടന്നചടങ്ങിൽ , തെരുവിലെ അഗതികൾക്ക് വിരുന്ന് നൽകി.അവർക്ക് ഭക്ഷണം, വസ്ത്രം എന്നിവനൽകിയതും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പ്രത്യേകം കത്തുകൾ നൽകിവിളിച്ചിരുന്നു. കത്തുകൾ അധികവും നൽകിയത് ലവ് ആൻഡ് കെയർ പ്രവർത്തകരായിരുന്നു . അഗതികളോപ്പമായിരുന്നുനവദമ്പതികൾ വിവാഹം കഴിഞ്ഭക്ഷണം കഴിച്ചത്.


കൊച്ചിയിലെ കോളേജുകളിൽ നിന്നും വിദ്യാർത്ഥികൾ പൊതിച്ചോറുകൾ നൽകുന്ന വാർത്ത വന്നപ്പോൾ കോടതിയിൽ നിന്നും ആഹാരം നൽകിയാലോയെന്നചിന്ത ആ പോലീസ് ഓഫീസർക്ക് ഉണ്ടായി. അതെതുടർന്ന് അദ്ദേഹം ഹൈക്കോടതിയിലെ രെജിസ്റ്റാർ ജനറലിന്റെയും, ചീഫ് ജസ്റ്റിസിന്റെയും ,ജഡ്ജിമാരുടെയും അനുവാദം വാങ്ങി. അപ്പോൾ അതിന് വലിയ നേതൃത്വം നൽകിയ പ്രധാന വ്യക്തി ജസ്റ്റിസ് തോട്ടത്തിൽ സാർ ആയിരുന്നു.


അദ്ദേഹം കോടതിയിലേയ്ക്ക് പോരുമ്പോൾ പൊതിച്ചോറും കൊണ്ടുവന്ന്
ഫ്രീ ഫുഡ് ബോക്സിൽ “നിക്ഷേപിക്കുമായിരുന്നു. അർഹിക്കുന്ന വ്യക്തികൾക്ക് ആരുമറിയാതെ പുതിയ വസ്ത്രങ്ങൾ നൽകുവാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു .പുതിയ വസ്ത്രങ്ങൾ വാങ്ങി അദ്ദേഹം വാഹനത്തിൽ കരുതിവെച്ചിരുന്നു .

ആഴ്ചയിൽ 5ദിവസം കോടതിയിൽ നിന്നും വിവിധ വിഭാഗം ഭക്ഷണം എത്തിക്കുമായിരുന്നു. വർഷത്തിൽ ഒരിക്കൽ എല്ലാ വിഭാഗവും ഒരുമിച്ച് ഭക്ഷണം നൽകുന്ന ഹൈക്കോ ടതി ഫുഡ്‌ ഡേയിൽ 6000-പേർക്ക് ബിരിയാണി നൽകുവാൻ കഴിഞ്ഞിരുന്നു. ഹൈക്കോടതിയിൽ നിന്നും ഭക്ഷണം നൽകുന്ന പദ്ധതി നന്നായി തുടരുവാനും ,വർഷത്തിലൊരിക്കൽ നടക്കുന്ന സംയുക്തആഹാര വിതരണം നന്നായി നടത്തുവാനും അദ്ദേഹം പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു .

വിരമിച്ച ശേഷവും അദ്ദേഹം ഭക്ഷണപൊതികൾ കാന്റീനിൽ നിന്നും ലഭിക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു . ഇതിനോടകംഹൈക്കോടതിയിൽ നിന്നും മാത്രം രണ്ടര ലക്ഷത്തിൽ അധികം ഭക്ഷണപൊതികൾ കൊടുക്കുവാൻ സാധിച്ചു.ഈ കാരുണ്യ പദ്ധതി ഇപ്പോഴും മഹനീയമായിതുടരുന്നു.


2013ജനുവരി 1ന് ലവ് ആൻഡ് കെയറിന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗിഫ്റ്റ് ബോക്സ്കൾ
സ്ഥാപിക്കുന്ന പദ്ധതി ഉത്ഘാടനം ചെയ്തതും ജസ്റ്റിസ് രാധാകൃഷ്ണൻ സാറായിരുന്നു.

ലവ് ആൻഡ് കെയറിന്റെ പ്രവർത്തകരിലൂടെ ആഴ്ചയിൽ ഒരിക്കൽ ഭക്ഷണം നൽകിയിരുന്ന ശ്രീ എൻ ആർ മേനോൻ സാറിന്റെ വീട്ടുമുറ്റത്താ യിരുന്നു സമ്മേളനം. മാസ്റ്റർ കോച്ചിങ് സെന്റർ നടത്തുന്ന മേനോൻ സാർ നഗരത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനാണ്. സത്യ സായിബാബയുടെ ഭക്തരാണ് രാധാകൃഷ്ണൻ സാറും എൻ ആർ മേനോൻ സാറും. മേനോൻ സാർ ഫോൺ വിളിച്ചപ്പോൾ ചടങ്ങിന് എത്തുമെന്ന് ജസ്റ്റിസ് ഉറപ്പുനൽകി.


കൃത്യസമയത്തുതന്നെ അദ്ദേഹം എത്തി,നല്ലൊരു പ്രഭാഷണം നടത്തി. അഗതികളുടെ അവസ്ഥ, അവരെ കണ്ടെത്തി സഹായിക്കേണ്ട ആവശ്യം എല്ലാം അദ്ദേഹം വിശദീകരിച്ചു.

ലവ് ആൻഡ് കെയർ കോ -ഓർഡിനേറ്റർ എൽസി സാബുവും മിനി ഡേവിസും ചേർന്ന് അദ്ദേഹം കൊണ്ടുവന്ന ഗിഫ്റ്റ് ബോക്സ്‌ സ്വീകരിച്ചു . . ആ ചടങ്ങിൽ പങ്കെടുത്ത എനിക്ക് അദ്ദേഹത്തെ അടുത്തറിയുവാൻ ലഭിച്ച ഒരവസരമായിരുന്നു അത്. പിന്നീടും മേനോൻ സാറിലൂടെ ജസ്റ്റിസ് തോട്ടത്തിൽ സാർ ലവ് ആൻഡ് കെയർ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്താറുണ്ടായിരുന്നു.
മലയാള മനോരമയിൽ ചടങ്ങിന് മുമ്പ് വാർത്ത നൽകിയിരുന്നു.


മാനസിക രോഗികളെ സ്നേഹത്തോടെ സംരക്ഷിക്കുന്ന കനിവ് എന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം വലിയ പിന്തുണ നൽകിയതും നന്ദിയോടെ ഓർക്കുന്നു.

കനിവിന്റെ പ്രൊജക്റ്റ്‌ ഓഫീസറും പി ആർ ഒ യുമായി ഞാൻ പ്രവർത്തിച്ചിരുന്നു.
ഒരിക്കൽ അദ്ദേഹത്തിന്റെ ചേമ്പറിൽ കനിവിന്റെ പ്രവർത്തകരുമൊത്തു നടന്ന കൂടിക്കാഴ്ചകൾ മനസ്സിൽ നിന്നും മായുന്നില്ല.

മാനസിക ആരോഗ്യം നഷ്ടപ്പെടുന്നവരുടെ വേദന അദ്ദേഹത്തിന്റെ ഹൃദയത്തെ ഏറെ സ്വാധീ നിച്ചിരുന്നു. നഗരത്തിൽ അലഞ്ഞു നടന്നിരുന്ന അഗതികളെ കണ്ടെത്തി, അവരുടെ നാട്ടിലും വീട്ടിലും എത്തിക്കുവാനുള്ള കനിവിന്റെ പരിശ്രമങ്ങളെ അദ്ദേഹം പിന്തുണച്ചു. അതേക്കുറിച്ച് പ്രസിഡണ്ടായിരുന്ന അഡ്വ. ലിറ്റോ എഴുതിയത് ഇപ്രകാരമായിരുന്നു .

ഈ സമയത്ത് എങ്കിലും ഇത്‌ പറയാതിരിക്കാനാവില്ല , പുറത്ത് അറിയരുത് എന്ന് സാർ ഇടയ്ക്കിടെ പറഞ്ഞിട്ടുണ്ടെങ്കിലും . കേരളത്തിൽ മാനസികരോഗികളെ സംരക്ഷിക്കുന്ന സർക്കാർ അർദ്ധ സർക്കാർ കേന്ദ്രങ്ങളിൽ പരിമിതമായ സൗകര്യങ്ങൾക്കപ്പുറം ആണ് അവിടെ രോഗികൾ തിങ്ങി നിറയുന്നത് , അവരിൽ അധികവും ആന്ധ്ര , തമിഴ്നാട് സ്വദേശികൾ ആണ് . അപ്പോൾ ഇവരിൽ നിന്ന് കുറച്ചൊക്കെ ബോധം നേടുന്നവരെ അവരവരുടെ നാടുകളിലേക്ക് എത്തിക്കാൻ സഹായിക്കാറുണ്ട് .

പക്ഷേ ഇതിൽ ഗൗരവമായ നിയമ തടസ്സങ്ങൾ ഉണ്ടായി കൊണ്ടിരുന്നു . അപ്പോളാണ് അന്ന് ഈ വിഷയം ഹൈക്കോടതിയിൽ പരിഗണിച്ചിരുന്ന തോട്ടത്തിൽ സാറിനെ ഒന്ന് കണ്ട് സംസാരിച്ചാലോ എന്ന് തോന്നിയത് . ഞാൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയോടെ അദ്ദേഹം കേട്ട് ഇതൊക്കെ ചേർത്ത് ഒരു പെറ്റീഷൻ ഫയൽ ചെയ്യാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു . പിന്നെ എല്ലാം അദ്ദേഹമാണ് ചെയ്തത് .

മുമ്പ് രോഗികൾക്കു ട്രെയിൻ ടിക്കറ്റ് ബുക് ചെയ്തപ്പോൾ വിവിധ കോച്ചുകളിൽ വേറെ വേറെ ഇടങ്ങളിൽ ആയി പോയതും അതിൽ മറ്റ് യാത്രക്കാർ അസ്വസ്ഥത കാണിച്ചതും ഇവരെ നിയന്ത്രിക്കാൻ കഷ്ടപെട്ടതും ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു . അത് പോലെ ഇവർക്ക് വഴിയിൽ അടിയന്തിര ചികിത്സയും മരുന്നും ഭക്ഷണവും ഒക്കെ വലിയ കടമ്പകൾ ആയിരുന്നു . അതിന് പരിഹാരമായി അദ്ദേഹം suo motto റയിൽവേയെയും തമിഴ്നാട് , ആന്ധ്ര ലീഗൽ സർവീസ് അതോറിറ്റികളെയും ഈ കേസിൽ കക്ഷിയാക്കി . ഈ രോഗികൾക്ക് വേണ്ടി മാത്രം ഒരു കോച്ച് , അതിൽ റയിൽവേ പോലീസ് , എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് ഒരു ഡോക്ടർ , നേഴ്സ് , ട്രെയിൻ കടന്ന് പോകുന്ന വഴിയിൽ പ്രധാന സ്റ്റേഷനുകളിൽ അവിടത്തെ ജില്ലാ ജഡ്ജിമാരുടെ ഉത്തരവാദിത്തത്തിൽ ലീഗൽ സർവീസ് അതോറിറ്റി ഭക്ഷണവും വെള്ളവും മോരും . ഇനി ഇവർ എത്തിച്ചേരുന്ന ഇടങ്ങളിൽ ഇവരെ നിയമപരമായി ഏറ്റെടുക്കാനും വീടുകളിൽ എത്തിക്കാനും ഉള്ള ഉദ്യോഗസ്ഥർ . ഈ കോടതി നടപടികൾ കണ്ട് എന്റെ തൊണ്ടയിറി, അത്രക്കാണ് തോട്ടത്തിൽ സാർ ഇതിൽ ചെയ്ത് തന്നത്.

ഒടുവിൽ ഇവരെ ട്രെയിൻ കയറ്റാൻ സാർ റെയിൽവേ സ്റ്റേഷനിൽ വന്നു , വിവാഹം കഴിഞ്ഞു പോകുന്ന മകളെ യാത്രയാക്കുന്ന അച്ഛനെ പോലെ അത്രക്ക് സാർ ഇവർക്കായി സ്വയം എളിമപ്പെട്ടു . അധികാരം സ്വർഗത്തിൽ നിന്ന് നൽകപ്പെടുന്നു എന്ന് ബൈബിളിൽ പറയുന്നുണ്ട് . അടിക്കാനറിയാവുന്നവന് ദൈവം വടി കൊടുക്കില്ല എന്നും കേട്ടിട്ടുണ്ട് .

Litto Palathingal

തോട്ടത്തിൽ സാറിന് അധികാരം ഉപയോഗിക്കാനറിയാം, ദൈവത്തിന്റെ മക്കൾക്ക് വേണ്ടി ആ ദണ്ഡ് അദ്ദേഹം ശരിയായി ഉപയോഗിച്ചു , അത് കൊടുത്ത ദൈവത്തിന്റെ ഹൃദയത്തിൽ അദ്ദേഹം വിലയം പ്രാപിക്കട്ടെ . പ്രണാമം .

അദ്ദേഹത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്ന ഇടപെടലുകൾ.


ജനങ്ങൾക്കുവേണ്ടി, നീതിക്കുവേണ്ടി ജീവിച്ച ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ സാറിന്റെ ജീവിതത്തേക്കുറിച്ച് പ്രധാന മാധ്യമങ്ങളെല്ലാം വളരെ നന്നായി നൽകിയിരിക്കുന്നു. നന്ദി.


4 സംസ്ഥാനങ്ങളിൽ ചീഫ് ജസ്റ്റിസ് പദവി വഹിച്ച മറ്റൊരു ന്യായാധിപൻ ഇല്ല. കോൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ തന്നെ ‘മിലോഡ് ‘എന്നും, “ലോഡ്ഷിപ് ‘-എന്നും വിളിക്കേണ്ട എന്നും നിർദേശം നൽകി. സർ വിളി മതിയെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂഡിഷ്യൽ ഓഫീസര്മാര്ക്ക് റജിസ്ട്രാർ കത്ത് അയച്ചു.


ന്യായാധിപ പദവിയിൽ നീണ്ട 17-വർഷത്തെ പരിഗണിച്ചാൽ അദ്ദേഹത്തിന്റെ സേവനം സുപ്രിം കോടതിയിലും ലഭിക്കുമെന്ന് വിശ്വസിച്ചവർ അനേകമാണ്. അത് നടന്നില്ല. സുപ്രിം കോടതിയിൽ പ്രാക്റ്റീസ് ആരംഭിക്കുവാൻ ആഗ്രഹിച്ചിരുന്നു.


അദ്ദേഹം ഇനി ഇല്ല. എന്നാൽ അദ്ദേഹത്തിന്റെ വിധികൾ, ഇടപെടലുകൾ സമൂഹത്തിൽ നിറഞ്ഞുനിൽക്കും. അദ്ദേഹത്തിന്റെ ജീവിത വഴികളിൽ നന്മകൾ അനുഭവിച്ച എല്ലാവരും അദ്ദേഹത്തെ ആദരവോടെ സ്നേഹത്തോടെ എക്കാലവും സ്മരിക്കും. പ്രണാമം.

sabu jose,president kcbc pro life samithi

സാബു ജോസ്

Share News