ഇപ്പോൾ ഇവിടെ ഈ കേരളത്തിലെ പുതുപ്പള്ളിയിൽ ഇവിടെ മറ്റൊരു മറിയം ഒരു കുരിശിൻ്റെ ചുവട്ടിൽ ഇരുന്ന് വ്യാകുലപ്പെടുന്നു. ഉമ്മൻ ചാണ്ടിയുടെ പത്നി മറിയാമ്മ.
അഭിനന്ദനങ്ങൾSanesh Saka ( ഫോട്ടോഗ്രാഫർ , ഇൻഡ്യൻ എസ്പ്രസ്, കൊച്ചി) ഡിയർ സനേഷ്. 2023 വർഷങ്ങൾക്ക് മുൻപ് ഉള്ള് നുറുങ്ങിയ ഒരു മറിയം ഒരു കുരിശിന് ചുവട്ടിൽ ഇരുന്ന് വ്യാകുലപ്പെട്ടിരുന്നു.
വിശുദ്ധനായ ഒരു മനുഷ്യ പുത്രൻ്റ കുരിശിന് ചുവട്ടിലിരുന്ന്. അത് പരിശുദ്ധ കന്യകാമറിയത്തിൻ്റെയും യേശുക്രിസ്തുവിൻ്റെയും ചരിത്രം.
ഇപ്പോൾ ഇവിടെ ഈ കേരളത്തിലെ പുതുപ്പള്ളിയിൽ ഇവിടെ മറ്റൊരു മറിയം ഒരു കുരിശിൻ്റെ ചുവട്ടിൽ ഇരുന്ന് വ്യാകുലപ്പെടുന്നു. ഉമ്മൻ ചാണ്ടിയുടെ പത്നി മറിയാമ്മ. രണ്ടിലും പൊതുവായുള്ള സാമ്യങ്ങൾ മറിയവും കുരിശും മരണവും വ്യാകുലതയും ജനക്കൂട്ടവും ആശയാദർശങ്ങളും രാഷ്ടീയവും ഒക്കെത്തന്നെയാണ്.
ദൈവരാജ്യം ഭൂമിയിൽ സ്ഥാപിക്കാനെത്തിയതാണ് ക്രിസ്തു. പക്ഷെ ജനം അയാളെ ആക്ഷേപിച്ചു, അവഹേളിച്ചു, മർദ്ദിച്ചു, കുരിശിൽ തറച്ചു. എല്ലാത്തിനും സാക്ഷിയായി മാതാവായ മറിയം അവശേഷിച്ചു.
ഉത്ഥാനവും സ്വർഗ്ഗാരോഹണവും ദർശിച്ചാണ് മറിയം അഭിമാനിച്ചത്. ഒരു കണക്കിന് നോക്കിയാൽ ഉമ്മൻ ചാണ്ടി ഒരു രക്ത സാക്ഷിയാണ്. ഈ മരണം ഒരു ക്രൂശീകരണമാണ്. അപവാദങ്ങളും അസഭ്യങ്ങളും അശ്ലീലങ്ങളും പറഞ്ഞും പാടിയും നടന്ന് കല്ലെറിഞ്ഞും അവർ ഉമ്മൻ ചാണ്ടിയുടെ അനീതികളുടെ ഗാഗുൽത്ത മലകളിലേക്ക് ചാട്ടവാറിനടിച്ച് കൊണ്ടുപോയി.
ആ മുറിവുകൾ മനസ്സിൽ ഏൽപ്പിച്ച പീഢാ സഹനത്തിനൊടുവിൽ ഉമ്മൻ ചാണ്ടി മരിച്ചു. അന്ന് നീതിമാനെ കുരിശിൽ തറച്ച സമയത്തും പേ പിടിച്ച നായ്ക്കൾ ഓരിയിടുകയും സാമൂഹിക വിരുദ്ധർ ഭത്സിക്കുകയും ദുഷ്ടർ കാർക്കിച്ചു തുപ്പുകയും ചെയ്തു.
പണ്ടും അവറ്റകൾ അങ്ങനെ തന്നെയാണ്. ഉമ്മൻ ചാണ്ടിയുടെ മൃതദേഹം കല്ലറയിലേക്ക് എടുത്തപ്പോഴും സമാനമായിരുന്നു സ്ഥിതി. പേ പിടിച്ചവിനാശകൻമാർ ഓരിയിട്ടു, ദേശത്തിനപമാനമായ ചിലർ ഭത്സിച്ചു, മനോവൈകൃതം ബാധിച്ചവർ മലർന്നു കിടന്ന് കർക്കിച്ചു തുപ്പി.
അന്നും മറിയം നിശബ്ദമായി കുരിശിൻ ചുവട്ടിൽ ഇരുന്നു വിലപിക്കുക മാത്രം ചെയ്തു.
ഇന്നും മറിയം ഈ കല്ലറയുടെ സമീപത്തെ ജീവിതകുരിശിൻ ച്ചുവട്ടിലിരുന്ന് വ്യാകുലപ്പെടുന്നു. അന്നും ഇന്നും ആൾക്കൂട്ടങ്ങൾ വിലപിക്കാനും സാമൂഹിക വിരുദ്ധരായ വൈകൃത ജന്മങ്ങൾ അവഹേളിക്കാനും ഉണ്ടായിരുന്നു.
ചുറ്റും വിലാപങ്ങളും ആക്രോശങ്ങളും ഉയരുമ്പോഴും രാജമന്ദിരങ്ങളിൽ ആഘോഷം നടത്തിയ അധമൻമാരും അന്ന് ഉണ്ടായിരുന്നു. ഇന്നോ?
അതിനുത്തരം 2023 ജൂലൈ 18 മുതൽ 21 വരെ യുള്ള ഓൺലൈൻ, ഓൺ എയർ, ഓൺലാൻ്റ്, ഓൺ റോഡ് മാധ്യമങ്ങൾ പരിശോധിച്ചാല്ലം സാമൂഹിക- സാമൂഹിക വിരുദ്ധ മാധ്യമങ്ങൾ ചികഞ്ഞാലും മനസ്സിലാകും.
മനുഷ്യനാകണം മനുഷ്യനാകണം എന്ന് കഴിഞ്ഞ 2023 വർഷങ്ങൾക്കിപ്പുറവും കവിതയെഴുതുന്ന വിഡ്ഡികൾ ആദ്യം മനസ്സിലാക്കേണ്ടത് സ്വയമൊരു മനുഷ്യനാകേണ്ടതിൻ്റെ ആവശ്യകത എത്രത്തോളമെന്നാണ്.
അവനവന് വേണ്ടിയല്ലാതെ അപരന്നു വേണ്ടി ചുടുരക്തമൂറ്റിക്കൊടുക്കുന്നവൻ രക്തസാക്ഷിയെന്ന് പാടുന്നവൻ ആദ്യം മനസ്സിലാക്കേണ്ടത് നിങ്ങൾ സഹജീവികളിൽ നിസ്സാരരായ ഒരുവന് വേണ്ടി ചെയ്തു കൊടുക്കുന്ന നന്മകളുടെ ചുടുരക്തം ഊറ്റിക്കൊടുക്കുന്നതാണ് രക്തസാക്ഷിത്വമെന്നാണ്.
അധികാരത്തിനെയും കരുത്തിനേയും അടിസ്ഥാനമാക്കി മനുഷ്യനന്മയെ വിവക്ഷിക്കുന്നത് കറുത്ത ഭൗതീക ചിന്തകളെയാണ്.
ഇരുട്ട് നമ്മോട് ചൊല്ലുന്ന പ്രത്യയശാസ്ത്രം അതാണ്. എന്നാൽ വെളിച്ചമോ?
അത് മനുഷ്യത്തമാണ് പറഞ്ഞു തരുന്നത്. അത് സ്നേഹമാണ് നിർവ്വചിക്കുന്നത്. അതിനാൽ തന്നെ പീഢാ സഹനങ്ങളും ക്രൂശീകരണവും മരണവും രക്തസാക്ഷിത്തമാണ്.
അവിടെ നന്മ ഉത്ഥാനം ചെയ്യും. ഓരോ ജന്മവും കരഞ്ഞുകൊണ്ട് തുടങ്ങുകയും കരയിപ്പിച്ചു കൊണ്ട് അവസാനിക്കുകയും ചെയ്യുന്ന കർമകാണ്ഡങ്ങളാണ്.
അതിനിടയിൽ എല്ലാവരും ചെയ്യുന്നത് ഒരേ തൊഴിൽ മാത്രമാണ് – മനസ്സിലാക്കുക എന്ന തൊഴിലും മനസ്സിലാക്കിക്കുക എന്ന തൊഴിലും.
പരമാവധി 25000 ദിവസങ്ങളോളം മാത്രമുള്ള ഒരു മനുഷ്യജീവിതത്തിൽ ഈ രണ്ട് തൊഴിലുകൾക്കായി എന്തെല്ലാം വേഷം കെട്ടുകളും വേഷവിഭൂഷണങ്ങളുമാണ് നാമോരുത്തരും ചെയ്യുന്നത് എന്ന് ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഈ സമൂഹത്തിനുള്ളൂ.
നന്മ നിറഞ്ഞ ജീവിതം ഒരു നാട്ടുവഴിപോലെയും ദുഷ്കർമ്മ ജീവിതം ഒരു നാലു വരി പാതപോലെയുമാണ്.
ഇരുവഴിയിൽ പെരുവഴി നല്ലൂ എന്ന് പരിഹസിക്കുന്ന കവിത വിരൽ ചൂണ്ടുന്നത് യഥാർത്ഥത്തിൽ ദുഷിച്ച വ്യവസ്ഥിതികളുടെ നെട്ടോട്ടങ്ങളിലേക്കാണ്.
അവിടെ കരച്ചിലും പല്ലു കടിയും മാത്രമാണ് ഉണ്ടാകുക.
നാം വേസ്റ്റ് മാനേജ്മെൻ്റിനെ പ്രധാനമായിക്കാണുകയും ജീവസന്ധാരണത്തെയും അതിജീവനത്തേയും അവഗണിക്കുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന ദുരന്തം എത്ര ഭീകരമാണ്.
പതിനായിരം അതിജീവനമാർഗ്ഗങ്ങൾ അടയ്ക്കുകയും ഒരു അതിവേഗ പാത നിർമ്മിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന കരുത്തേറിയ ഇരുട്ട് ആധുനിക മനുഷ്യാവകാശ ചിന്തകൾക്കുമേൽ ചാർത്തുന്ന അധികാര ദുർവിനിയോഗമാണ് എന്ന് തിരിച്ചറിയാതെ പോകരുത്.
നീതി ജലം പോലെ ഒഴുകട്ടെ, സത്യം വറ്റാത്ത നീരുറവ പോലെയും എന്നൊരു വചനം ബൈബിളിലുണ്ട്. നിസ്സാരമായ ഒരു മർത്യ ജന്മത്തിൽ മനസ്സിനേൽക്കുന്ന വ്യാകുലകളുടെ ചില പ്രതിധ്വനികളാണ് നന്മയിലേക്കുള്ള പാത സൃഷ്ടിക്കുന്നത്.
ഒരു പാട് മാധ്യമങ്ങളുടെ ഒരു പാട് പ്രതിനിധികളും നൂറുക്കണക്കിന് മൊബൈൽ ഫോണുകളിലെ ക്യാമറകളും കടന്നു പോയപ്പോൾ അതിൽ എവിടെയെങ്കിലും ഈ ദൃശ്യം പതിഞ്ഞിരിക്കാം.
പക്ഷെ ആ ദൃശ്യത്തെ ഒരു സെക്കൻഡിൻ്റെ പരമാവധി 1/20 വേഗത്തിൽ മാത്രം ക്ലിക്ക് ചെയ്ത് പകർത്തിയ സനേഷ് ചിലപ്പോൾ ഈ ചിത്രത്തിൻ്റെ ആശയപ്പെരുക്കം ഓർത്തിട്ടുണ്ടാവില്ല.
എന്നാൽ സനേഷ് ഒന്നറിഞ്ഞിട്ടുണ്ട്. ഇതൊരു മനുഷ്യത്തത്തിൻ്റെ വാകുലമാണ് എന്ന്.
എല്ലായിടത്തും സർവ്വസാധാരണമായ വിലാപ പുസ്തകത്തിൽ ചേർത്ത മനുഷ്യത്തത്തിൻ്റെ ഉൾ മുറിവുകൾ തുന്നിച്ചേർത്ത ഒരു ചിത്രം.
അവസാനമെവിടെയാണശ്രയം എന്നറിയാത്ത ജീവിതങ്ങളിലേക്ക് തുറന്നു വച്ച ലെൻസ് മനോഹരമാണ് എന്ന് വേദനയോടെ തന്നെ ചേർക്കട്ടെ പ്രിയ മിത്രം സനേഷേ…..
എൻ്റെ ചിന്ത
എൻ്റെ വചനം
എൻ്റെ പ്രവൃത്തി
ജോയ് ജോസഫ്