ഉമ്മൻ ചാണ്ടിയോട് ഏറ്റവും കൂടുതൽ അനീതി പ്രവർത്തിച്ചത് കേരളത്തിലെ മാധ്യമ പ്രവർത്തകരെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും മീഡിയ അക്കാദമി അംഗവുമായ വിൻസെന്റ് നെല്ലിക്കുന്നേലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവിനെതിരെ ഒട്ടും വിശ്വാസ്യതയില്ലാത്ത സ്ത്രീ നടത്തിയ വിലകുറഞ്ഞ ആരോപണങ്ങൾ മാർക്കറ്റ് ചെയ്തത് മാധ്യമങ്ങളെന്ന് കേരള മീഡിയ അക്കാദമി അംഗം വിൻസെന്റ് നെല്ലിക്കുന്നേലിൻ്റെ കുറിപ്പ്
കൊച്ചി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുണ്ടായ ആരോപണങ്ങളിൽ കേരളത്തിലെ മാധ്യമങ്ങളാണ് അദ്ദേഹത്തോട് ഏറ്റവുമധികം അനീതി പ്രവർത്തിച്ചതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ഭരണ സമിതിയംഗവും കോം ഇന്ത്യ പ്രസിഡണ്ടുമായ വിൻസെന്റ് നെല്ലിക്കുന്നേലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
മാധ്യമങ്ങളോട് ഏറ്റവുമധികം പരിഗണന നൽകിയ ഭരണാധികാരി ആയിട്ടും മാധ്യമങ്ങൾ ഉമ്മൻ ചാണ്ടിയോട് അനീതിയാണ് പ്രവർത്തിച്ചതെന്ന് കുറിപ്പിൽ പറയുന്നു. കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള ഒരു നേതാവിനെതിരെ ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും വിശ്വാസ്യതയില്ലാത്ത ഒരു സ്ത്രീ നടത്തിയ തരംതാണ ആരോപണങ്ങൾ മാർക്കറ്റ് ചെയ്തത് കേരളത്തിലെ മാധ്യമങ്ങളാണെന്ന് വിൻസെന്റ് നെല്ലിക്കുന്നേൽ ആരോപിക്കുന്നു.
സോഷ്യൽ മീഡിയയിൽ ഒരു കോൺഗ്രസുകാരൻപോലും ധൈര്യമായി ഉമ്മൻ ചാണ്ടിയെ അനുകൂലിക്കാൻ ഭയക്കുന്ന കാലത്തും തൻ്റെ ഉടമസ്ഥതയിലുള്ള സത്യം ഓൺലൈൻ മാത്രമാണ് ഇക്കാര്യത്തിൽ യാഥാർഥ്യം എഴുതിയതെന്നും അന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പിടി ചാക്കോയ്ക്ക് ഇക്കാര്യം ബോധ്യമുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
വിൻസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇക്കാര്യം ശരിവച്ചു പി ടി ചാക്കോയും കമന്റ് ചെയ്തിട്ടുണ്ട്. വിൻസെന്റ് നെല്ലിക്കുന്നേലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ….
കഴിഞ്ഞ ദിവസമാണ് ഉമ്മൻ ചാണ്ടി സാറിന്റെ കബറിടത്തിലും വീട്ടിലും പോകാൻ കഴിഞ്ഞത്. നേതാക്കന്മാർ മരിക്കുമ്പോൾ എത്ര അടുപ്പം ഉണ്ടെങ്കിലും വാർത്തകളുടെ തിരക്ക് കാരണം ആ സമയത്ത് അവിടെ ചെല്ലുന്നത് പ്രായോഗികമാകാറില്ല.
എന്നാലും ഉമ്മൻ ചാണ്ടി സാറിന്റെ കബറിടത്തിൽ പ്രാർത്ഥിക്കണം എന്ന് തോന്നി.
കേരളത്തിലെ മാധ്യമപ്രവർത്തകരാണ് അദ്ദേഹത്തോട് ഏറ്റവും അനീതി കാണിച്ചതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മാധ്യമ പ്രവർത്തകരോട് ഇത്രയും പരിഗണനയും സ്നേഹവും പ്രകടിപ്പിച്ചിട്ടുള്ള വേറൊരു നേതാവില്ല.
എന്നിട്ടും കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള ഒരു നേതാവിനെതിരെ ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും വിശ്വാസ്യതയില്ലാത്ത ഒരു സ്ത്രീ നടത്തിയ തരംതാണ ആരോപണങ്ങൾ മാർക്കറ്റ് ചെയ്തത് ഈ മാധ്യമങ്ങളാണ്.
എക്കാലവും ഉമ്മൻ ചാണ്ടി എന്ന ബ്രാൻഡിന്റെ ഗുണഫലങ്ങൾ ആവോളം ആസ്വദിച്ച കോട്ടയം മാധ്യമ മുത്തശ്ശി പോലും ആ മാർക്കറ്റിങ്ങിന്റെ ഭാഗഭാക്കായി എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്.
ആഴ്ചകൾ മുൻപ് ജേർണലിസം കഴിഞ്ഞിറങ്ങി ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരുന്ന കുട്ടികൾ പോലും ‘ സിഎം ….സിഎം… സോളാർ പ്രതി പറഞ്ഞതിനെക്കുറിച്ചു താങ്കൾക്ക് എന്ത് മറുപടിയാണ് പറയാനുള്ളത് എന്ന് ചോദിച്ച് മൈക്ക് കഴുത്തിലേക്ക് മുട്ടിച്ചു വച്ചിട്ടും അദ്ദേഹം ഒരിക്കൽ പോലും അവരോട് ‘കടക്ക് പുറത്ത്’ പറഞ്ഞിട്ടില്ല.
മാധ്യമങ്ങളോട് ആ വാക്ക് പറയാൻ ആർക്കെങ്കിലും യോഗ്യത ഉണ്ടെങ്കിൽ അത് ഉമ്മൻ ചാണ്ടിക്കായിരുന്നു.
എനിക്ക് പറയാനുള്ളത് അതല്ല. സോളാർ കേസിന്റെ തുടക്കം മുതൽ ഇന്നേവരെ ഉമ്മൻ ചാണ്ടിക്കെതിരെ ഒരു ദുഷിച്ച സ്ത്രീ ഉന്നയിച്ച ആരോപണങ്ങൾ അസംബന്ധം ആണെന്ന് എഴുതിയ ഏക മാധ്യമം ‘സത്യം ഓൺലൈൻ’ ആണെന്നതാണ്.
സംശയമുള്ളവർക്ക് അന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പി ടി ചാക്കോയോട് ചോദിക്കാം. അക്കാര്യങ്ങൾ നേരിട്ട് ബോധ്യമായിട്ടുള്ള ഒരാൾ ആണ് അദ്ദേഹം.
സോഷ്യൽ മീഡിയയിൽ ഒരു കോൺഗ്രസ് പ്രൊഫൈലുകാരൻപോലും ധൈര്യമായി സാറിനെ അനുകൂലിക്കാൻ ഭയക്കുന്ന കാലത്തും അദ്ദേഹത്തിന് വേണ്ടി യാഥാർഥ്യം എഴുതി എന്നതിൽ എനിക്ക് അഭിമാനമാണുള്ളത്.
ആ ആത്മ ധൈര്യത്തോടെ ആണ് കഴിഞ്ഞ ദിവസം ആ കുഴിമാടത്തിന് മുന്നിൽ പോയി നിന്നതും.. അദ്ദേഹം അവസാന പുതുപ്പള്ളി സന്ദർശനം വരെ ജനങ്ങളെ കണ്ട പുതുപ്പള്ളി വീട്ടിൽ രണ്ടു മണിക്കൂറിലേറെ ചിലവിട്ടതും.
വസ്തുതകൾ അപ്പപ്പോൾ മനസിലാക്കിയിരുന്നതിന്റെ അടിസ്ഥാനത്തിൽതന്നെ ആയിരുന്നു അന്നത്തെ ആ നിലപാടുകൾ.
ഉമ്മൻ ചാണ്ടി സാറിന്റെ ഓഫീസിലെ ചിലർക്ക് വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നു എന്നതും നേരത്തെതന്നെ ഞങ്ങൾക്ക് അറിയാമായിരുന്നു.
അക്കാര്യം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. അവർ പിന്നീട് പോലീസിന്റെ പിടിയിലാവുകയും ചെയ്തു.
അദ്ധേഹത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ടും, കഴിഞ്ഞ ഒന്നര വർഷം ഭൂമിയിൽ ഒരു മനുഷ്യനും സംഭവിക്കരുതേ എന്ന് പ്രാർത്ഥിച്ചു പോകുംവിധം അദ്ദേഹം അനുഭവിച്ച യാതനകൾ സംബംന്ധിച്ചും എനിക്കും കൃത്യമായ ചില ധാരണകളുണ്ട്. അതൊന്നും എഴുതാൻ സാധിക്കുന്നതല്ല.
ഒന്നുമാത്രം പറയാം… പുതിയ പരിശുദ്ധരൊന്നും .. അത്ര പരിശുദ്ധരല്ല .. ഇപ്പോൾ അതുമതി ..
സാറിന് പ്രാർത്ഥനകൾ …
വിൻസെന്റ് ജോസഫ്
Vincent Joseph