
ഹരിതകര്‍മ്മസേനയ്ക്ക് നന്ദി – വൃത്തിയുടെ പുതുപുത്തൻ മാതൃക നമ്മുടെ നാടിന് പരിചയപ്പെടുത്തുന്നതിന്.
ആളുകൾ കൂടുന്നതിനനുസരിച്ച് മാലിന്യവും ഉണ്ടാകും, അല്ലേ? ‘ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ’ എന്നൊരു പ്രയോഗം തന്നെ ഉണ്ടല്ലോ…! ആളൊഴിഞ്ഞ പൂരപ്പറമ്പിന്റെ അവസ്ഥ എന്താണെന്ന് നമുക്കറിയാം. വോട്ടിംഗ് കേന്ദ്രങ്ങളായിരുന്ന സ്കൂളുകളിലേക്ക് അത്തരത്തിലൊരു കാഴ്ച പ്രതീക്ഷിച്ചാണ് ജീവനക്കാര്‍ എത്തിയത്. പക്ഷേ അവര്‍ ഞെട്ടി. മുൻപത്തേക്കാൾ വൃത്തിയായിരിക്കുന്നു അവിടങ്ങളെല്ലാം.
ഹരിതകർമ്മസേനയ്ക്ക് നന്ദി. ![]()
തിരഞ്ഞെടുപ്പ് ദിവസം ഏറെ വൈകിയും കർമ്മനിരതരായിരുന്നു ഹരിതകർമ്മസേനാംഗങ്ങൾ. പോളിംഗ് സ്റ്റേഷനുകളുടെ മുക്കും മൂലയും വൃത്തിയാക്കിയാണ് അവർ മടങ്ങിയത്. എങ്ങനെയെങ്കിലും ജോലി തീർത്ത് മടങ്ങുക എന്നതല്ല ഹരിതകർമ്മസേനയുടെ രീതി. തങ്ങളുടെ കർത്തവ്യം ഏറ്റവും വൃത്തിയായി ഏറ്റവും മനോഹരമായി നിർവ്വഹിക്കണമെന്ന അർപ്പണബോധം കൂടി അവര്‍ക്കുണ്ട്. മാലിന്യങ്ങൾ തരംതിരിച്ച്, കഴിയുന്നവ ഉറവിടമാലിന്യ സംസ്കരണം നടത്തുകയും ബാക്കിയുള്ളവ എം.സി.എഫിന് കൈമാറുകയും ചെയ്തു. പോളിംഗ് സ്റ്റേഷനുകളായിരുന്ന സ്കൂളുകളിലെ അധ്യാപകരിൽ നിന്നും മറ്റും നിരവധി അഭിനന്ദന സന്ദേശങ്ങൾ ഹരിതകർമ്മസേനാംഗങ്ങളെ തേടിയെത്തിക്കൊണ്ടിരിക്കുന്നു.
ഹരിതകര്‍മ്മസേനയ്ക്ക് നന്ദി – വൃത്തിയുടെ പുതുപുത്തൻ മാതൃക നമ്മുടെ നാടിന് പരിചയപ്പെടുത്തുന്നതിന്. ഇതോടൊപ്പം ഹരിതചട്ടം പാലിക്കുകയും പരമാവധി പ്രകൃതിസൗഹൃദ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്തവർക്കും, മാലിന്യങ്ങൾ തരംതിരിച്ച് മാത്രം നിക്ഷേപിച്ചവർക്കും, അശ്രദ്ധമായി ഒരു വസ്തുപോലും ഉപേക്ഷിക്കില്ലെന്ന തീരുമാനമെടുത്ത് അത് നടപ്പിലാക്കിയവർക്കും ഹൃദയം നിറഞ്ഞ നന്ദി. ![]()
നമുക്ക് മാലിന്യനിർമ്മാർജ്ജനത്തിൽ ഒറ്റക്കെട്ടായി പുതിയൊരു മാതൃക തീർക്കാം. ‘ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ’ എന്ന പ്രയോഗം തന്നെ അപ്രസക്തമാകട്ടെ !
Official Facebook Page of Thrissur District Collectorate.
