പത്രോസിന്റെ നൗക ഉലഞ്ഞാലും തകരുകയില്ല: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

Share News

കുറവിലങ്ങാട്: പത്രോസിന്റെ നൗക ഉലഞ്ഞാലും തകരുകയില്ലായെന്നും ഐക്യത്തിന്റെ ഭാഷയാണ് സഭയുടേതെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാനക്രമം നടപ്പിലാക്കുന്നതു സംബന്ധിച്ച് സിനഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇടയലേഖനം ദേവാലയങ്ങളില്‍ വായിച്ച് ഇന്നലെ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു കര്‍ദ്ദിനാള്‍. തനതായ ചിന്തകളില്‍നിന്നും സഭയുടെ ചിന്തകളോടു ചേര്‍ന്നു ചിന്തിച്ച് വിശ്വാസത്തിന്റെ തലത്തില്‍ പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഭയുടെ ഐക്യത്തിനും സമാധാനത്തിനുമായി ഏകീകരിച്ച കുര്‍ബാനക്രമം എല്ലാവരും സ്വീകരിക്കണമെന്ന പരിശുദ്ധ പിതാവിന്റെ ആഹ്വാനം എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് കര്‍ദിനാള്‍ ഉദ്‌ബോധിപ്പിച്ചു. പരിശുദ്ധ സിംഹാസനം സഭ മുഴുവനോടുമാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കത്തോലിക്കാ സഭയുടെ കൂട്ടായ്മയില്‍ നിലനില്‍ക്കുന്നതിനാല്‍ പരിശുദ്ധ സിംഹാസനത്തെ എല്ലാവരും അനുസരിക്കുകയും ഈ ശക്തി വര്‍ധിപ്പിക്കുകയും വേണം. ബഹുഭൂരിപക്ഷവും ഈ തീരുമാനം ഏറ്റെടുത്തു കഴിഞ്ഞു. ചിലയിടങ്ങളിലെ എതിര്‍പ്പുകണ്ട് ആരും ഭയപ്പെടേണ്ട. ഐക്യത്തിന്റെ ഭാഷയാണ് സഭയുടേത്. എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സഹോദര വൈദികരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും സഭ ആരാധനാക്രമത്തില്‍ പരിശുദ്ധ സിംഹാസനത്തോടു ചേര്‍ന്നാണു നില്‍ക്കുന്നതെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

Share News