ഓൺലൈൻ ലോകത്ത് കുട്ടികളുടെ ഇടപടലുകൾ നാം ശ്രദ്ധയോടെ വീക്ഷിക്കേണ്ടതുണ്ട്.

Share News

കുട്ടികൾക്കിടയിൽ ഓൺലൈൻ ഇടപെടലുകൾ വർദ്ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ഗെയിമുകൾക്ക് അടിമപ്പെടുക, സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുക, സൈബർ കുറ്റകൃത്യങ്ങളിൽ പങ്കാളിയാവുക തുടങ്ങിയ അനിഷ്ട സംഭവങ്ങൾ വർധിച്ചു വരികയാണ്. അതുകൊണ്ട് ഓൺലൈൻ ലോകത്ത് കുട്ടികളുടെ ഇടപടലുകൾ നാം ശ്രദ്ധയോടെ വീക്ഷിക്കേണ്ടതുണ്ട്

🔸നമ്മുടെ കുട്ടികൾ ഉപയോഗിക്കുന്ന ആപ്പുകൾ, സന്ദർശിക്കുന്ന വെബ്സൈറ്റുകൾ എന്നിവയെ സംബന്ധിച്ച് രക്ഷിതാക്കൾക്ക് ഒരു ധാരണ ആവശ്യമാണ്. നിങ്ങൾ വീക്ഷിക്കുന്നുണ്ട് എന്നുള്ള തിരിച്ചറിവ് കുട്ടികൾക്കും നൽകണം.

🔸കുട്ടികൾ സമൂഹമാധ്യമങ്ങളിലൂടെ ആരോടൊക്കെ ഇടപെടുന്നു എന്നത് രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. അപരിചിതരുമായി ചങ്ങാത്തം സ്ഥാപിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

🔸ദേഷ്യം, നിരാശ, സങ്കടം, ഉറക്കക്കുറവ് എന്നിങ്ങനെ കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റങ്ങൾ ശ്രദ്ധിക്കുക. അനാവശ്യമായ കോളുകളും സന്ദേശങ്ങളും ബ്ലോക്ക് ചെയ്യുക.

🔸അധികമായുള്ള സോഷ്യൽ മീഡിയയിലെ ഇടപെടലുകളും, രാത്രി വൈകിയുള്ള ഉപയോഗവും പ്രത്യേകം പരിഗണിക്കേണ്ടതാണ്.

🔸ആരോടൊക്കെയാണു സൌഹൃദം സ്ഥാപിക്കുന്നതെന്ന് ചോദിച്ചറിയാൻ കഴിയുന്ന വിധത്തിൽ അടുത്ത സ്വാതന്ത്ര്യവും സൌഹൃദവും കുട്ടികളും രക്ഷിതാക്കളും തമ്മിൽ ഉണ്ടാകണം.

🔸ഇൻെറർനെറ്റിൽ പങ്കുവയ്ക്കുന്നതൊന്നും പൂർണ്ണമായും മായ്ച്ച് കളയുവാനോ തിരിച്ചെടുക്കാനോ സാധ്യമല്ലെന്ന് അവരെ ബോധിപ്പിക്കുക. ദുരുപയോഗം ചെയ്താൽ അവ കണ്ടെത്തുന്നതും തടയുന്നതും ദുഷ്കരമാണെന്നുകൂടി അവരോട് പറയുക.

🔸അനുവാദം ഇല്ലാതെ ആരുടെയും ചിത്രങ്ങൾ എടുക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത് എന്നും, നിങ്ങളുടെ ചിത്രം എടുക്കാൻ മറ്റുള്ളവരെയും അനുവദിക്കരുത് എന്നും പഠിപ്പിക്കുക

.🔸മറ്റുള്ളവരെ ശല്യം ചെയ്യുക, അധിക്ഷേപിക്കുക, മോർഫ് ചെയ്യുക, അശ്ലീല സന്ദേശങ്ങളോ ഫോട്ടോകളോ വീഡിയോയോ അയയ്ക്കുകയോ കാണിക്കുകയോ ഫോണിൽ സൂക്ഷിക്കുകയോ ചെയ്യുക, അപവാദ പ്രചാരണം നടത്തുക, മറ്റൊരാളുടെ ഇന്റർനെറ്റ് അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയോ കടന്നുകയറുകയോ ചെയ്യുക, മറ്റുള്ളവരുടെ വിവരങ്ങൾ നശിപ്പിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യുക, തുടങ്ങിയവയെല്ലാം സൈബർ കുറ്റകൃത്യങ്ങളാണെന്നും കുട്ടികളെ ധരിപ്പിക്കണം.

🔸🔸സൈബർ ലോകത്തെ ചതിക്കുഴികളെ സംബന്ധിച്ച് നിങ്ങളും നിങ്ങളുടെ കുട്ടികളും അറിഞ്ഞിരിക്കുക. അവയ്ക്കെതിരെ ജാഗ്രത പാലിക്കുക.

District Police Chief, Ernakulam Rural FB

Share News