
ഭ്രൂണഹത്യക്കെതിരെ’കനലായൊരമ്മ കർദിനാൾ മാർ ജോർജ് ആലഞ്ചേരി’പ്രകാശനം ചെയ്തു
ത്രിശ്ശൂർ –ചിറ്റാട്ടുകര :വിവാഹം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട, കുടുംബജീവിതം ഭാരം എന്ന് യുവതലമുറയിലെ ചിലർ കരുതുമ്പോൾ സ്വന്തം ജീവനെ ത്യജിച്ചുകൊണ്ട് ഉദരത്തിലെ കുഞ്ഞിന് ജനിക്കുവാൻ അവസരം ഒരുക്കിയ സപ്ന ട്രീസയുടെ ജീവിതം സഭയിലും സമൂഹത്തിലും ശക്തമായ സാക്ഷ്യമായി മാറുന്നു.
ചിറ്റാട്ടുകര ചിറ്റിലപിള്ളിയിലെ സപ്ന -ജോജു ദമ്പതികൾക്ക് ഏട്ടാമത്തെ കുഞ്ഞ് ജനിച്ചപ്പോൾ ആണ് കാൻസർ രോഗം സപ്നയ്ക്ക് സ്ഥിരീകരിച്ചത്.
തന്റെ കുഞ്ഞിന്റെ വളർച്ചക്ക് തടസ്സം ഉണ്ടാകാതിരിക്കുവാൻ മരുന്നുകൾ കഴിക്കുവാൻ അമ്മ തയ്യാറായില്ല.
തന്റെ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്ന് അറിഞ്ഞിട്ടും, കുഞ്ഞിന് അപകടം വരാതിരിക്കുവാൻ സർജറിയും, കീമോതെറാപ്പിയും വൈകിപ്പിച്ചു.

ഇതിനകം പിറന്ന ഏഴ് കുഞ്ഞുങ്ങളെ അനാഥരാക്കാതെ രോഗ ചികിത്സക്കായി തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അപായപ്പെടുത്തുന്ന ചികിത്സാ മുറകൾ സ്വീകരിക്കുവാൻ ഉപദേശിച്ചവരോട് ആ അമ്മ പറഞ്ഞ വാക്കുകൾ ഇപ്രകാരം ആയിരുന്നു.
എന്റെ ഏഴ് കുഞ്ഞുങ്ങളെ ആർക്കും വളർത്താം. എന്നാൽ എന്റെ ഉദരത്തിലെ ശിശുവിന് ജന്മം നൽകുവാൻ എനിക്ക് മാത്രമേ സാധിക്കു “.
ഈ ബോധ്യം ആ സഹോദരി പ്രവർത്തികമാക്കി. ഏട്ടാമത്തെ കുഞ്ഞിന് ഫിലോമിന രോഷ്നിക്ക് ജന്മം നൽകി. ഒന്നര വർഷം വളർത്തിയ ശേഷമാണ് അമ്മ മാലാഖ മരണത്തിന് കീഴടങ്ങിയത്.

ഡൽഹിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നേഴ്സ് ആയിരുന്ന അവർ ചികിത്സ നിഷേധിച്ചില്ല. കുഞ്ഞിന് അപകടം വരാതെ ആറ് മാസത്തിന് ശേഷം സർജറിയും, കുഞ്ഞിനെ പ്രസവിച്ച ശേഷം കീമോ തെറാപ്പിയും സ്വീകരിച്ചു. എങ്കിലും പിന്നീട് കാൻസർ വീണ്ടും വന്ന് മരണത്തിലേയ്ക്ക് നയിച്ചു.ഒരു കുടുംബത്തിന്റെ വിശ്വാസ സാക്ഷ്യമായിരുന്നു സ്വപ്നയുടെ മഹനീയ ജീവിതം.
2017 ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ സപ്ന സ്വർഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടു.
മഹനീയ ജീവിതം നയിച്ച ഈ അമ്മയുടെ ജീവിതം കനലായൊരമ്മ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധികരിക്കുന്നു.

അധ്യാപകരായ ഏ.ഡി ഷാജു, ജോജി മോൾ ദമ്പതികൾ ചേർന്ന് എഴുതിയ ഗ്രന്ഥം ജനുവരി 20 ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു.
ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ അനുസ്മരണ ദിവ്യബലിയും കർദിനാൾ അർപ്പിച്ചു.
സെമിത്തേരിയും, സപ്ന ട്രീസയുടെ വീടും മാർ . ജോർജ് ആലഞ്ചേരി സന്ദർശിച്ചു.
സി .ബി .സി .ഐ പ്രസിഡൻ്റും ആർച്ചുബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് അനുഗ്രഹ സന്ദേശം എഴുതിയിരിക്കുന്നു. സോഫിയ ബുക്ക്സ് ആണ് പ്രസാദകർ. കെ.സി.ബി.സി പ്രൊലൈഫ് സമിതിയുടെ ആനിമേറ്ററും ,പ്രൊ ലൈഫ് ഗ്ലോബൽ സമിതിയുടെ ചെയർമാനുമായ സാബു ജോസ് അവതാരിക എഴുതിയിരിക്കുന്നു.
ചിറ്റാട്ടുകര സെൻറ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ.ജെയിംസ് വടക്കൂട്ട് അധ്യക്ഷനായിരുന്നു.സഹവികാരി ഫാ. ആൽവിൻ അക്കര പട്ടിയേക്കൽ , ചിറ്റിലപ്പിള്ളി മഹാ കുടുംബ സംഗമം പ്രസിഡൻറ് സാൻറ്റി ഡേവിഡ് ,ചിറ്റാട്ടുകര ചിറ്റിലപ്പിള്ളി കുടുംബയോഗം പ്രസിഡൻറ് സി .ജെ . വർഗീസ് മാനത്തിൽ എന്നിവരും ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു. കൂടാതെ മറ്റു വിശിഷ്ട വൈദികരും സന്യാസി സന്യാസിനികളും കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. കൂടാതെ വിവിധ വ്യക്തികൾ അവരുടെ അനുഭവസാക്ഷ്യങ്ങളും സ്വപ്നയെക്കുറിച്ചുള്ള ഒരു ഗാനവും ഗാനാലാപനവും ചടങ്ങിന് മാറ്റുകൂട്ടി . സി .ജെ വർഗീസ് നന്ദി അർപ്പിച്ചു. സ്നേഹവിരുന്നോടു കൂടെ യോഗം സമാപിച്ചു.

