
കേരള സർക്കാരിനുള്ള ബജറ്റ് നിർദേശങ്ങൾ|കർഷക പെൻഷൻ: ഔദാര്യമല്ല, അവകാശമാണ്|ഫാ. ഫിലിപ്പ് കവിയിൽ
ഒരു രാജ്യത്തിന്റെ യഥാർത്ഥ സമ്പത്ത് അതിന്റെ ബാങ്കുകളിലോ ബഹുനില കെട്ടിടങ്ങളിലോ അല്ല; മണ്ണിൽ വിയർപ്പൊഴുക്കി അന്നം വിളയിക്കുന്ന കർഷകരുടെ കൈകളിലാണ്. ജനങ്ങളുടെ വിശപ്പകറ്റുന്ന ആ കൈകൾ ഇന്ന് ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന കൈകളായി മാറുന്നത് നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ വൈരുദ്ധ്യമാണ്.

ഓരോ പ്രഭാതവും നമ്മുടെ വീടുകളിലെ അടുക്കളകളിൽ അന്നം വേവുമ്പോൾ അതിന്റെ പിന്നിൽ ഒരു കർഷകന്റെ വിയർപ്പുണ്ട്. ഓരോ അരിമണിക്കും പിന്നിൽ മഴയോടും വെയിലിനോടും പൊരുതിയ ഒരാളുടെ അധ്വാനമുണ്ട്. എന്നാൽ, എല്ലാവരുടെയും വിശപ്പകറ്റുന്ന കർഷകൻ ഇന്ന് സ്വന്തം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ നെട്ടോട്ടമോടുകയാണ്.
കേരളത്തിലെ കർഷകൻ ഇന്ന് വെറുംതെ കൃഷി ചെയ്യുകയല്ല മറിച്ച് അതിജീവനത്തിനായുള്ള യുദ്ധമാണ് നടത്തുന്നത്. പ്രകൃതിയോട് പോരാടണം, വന്യജീവികളോട് മല്ലിടണം, കടബാധ്യതകളുടെ ഭാരം ചുമക്കണം, വിപണിയിലെ വിലത്തകർച്ചയെ നേരിടണം. ഇതെല്ലാം അതിജീവിച്ചാലും തന്റെ അധ്വാനത്തിന് ന്യായമായ പ്രതിഫലം ലഭിക്കുമെന്നുറപ്പുമില്ല.

കാട്ടാനകളും കാട്ടുപന്നികളും കുരങ്ങുകളും നശിപ്പിക്കുന്നത് വിളകൾ മാത്രമല്ല; കർഷകന്റെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയുമാണ്. ഒരു രാത്രികൊണ്ട് മാസങ്ങളുടെ അധ്വാനം മണ്ണിലലിയുന്ന കാഴ്ച കേരളത്തിലെ കർഷകന് പുതുമയല്ല. വന്യജീവി ആക്രമണത്തിൽ വിള നശിച്ച കർഷകന്റെ കണ്ണീരിന് പലപ്പോഴും സർക്കാർ രേഖകളിൽ പോലും സ്ഥാനം ലഭിക്കുന്നില്ല.
അതോടൊപ്പം കാലാവസ്ഥാ വ്യതിയാനവും കർഷകനെതിരായി വന്നിരിക്കുകയാണ്. ഒരുകാലത്ത് അനുഗ്രഹമായിരുന്ന മഴ ഇന്ന് പ്രളയമായോ വരൾച്ചയായോ എത്തുന്നു. ഒരു വർഷത്തെ പ്രതീക്ഷകൾ ഒരു മണിക്കൂറിലെ മഴയിൽ ഒലിച്ചുപോകുന്നു. വിത്ത് വിതച്ചാൽ വിളയുമോ എന്നതല്ല ഇന്നത്തെ ചോദ്യം; വിളഞ്ഞത് കൈയിൽ കിട്ടുമോ എന്നതാണ്.

നാണ്യവിളകൾ ഉത്പ്പാദിപ്പിക്കുന്ന കർഷകരുടെ അവസ്ഥ അതിലും ദയനീയമാണ്. റബർ, കുരുമുളക്, ഏലം, കാപ്പി, കൊക്കോ, തെയില, തേങ്ങ, അടയ്ക്ക, നെല്ല് തുടങ്ങിയ വിളകൾ കേരള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുമ്പോഴും അവ കൃഷി ചെയ്യുന്നവർക്ക് പലപ്പോഴും ലഭിക്കുന്നത് കടവും നിരാശയും മാത്രമാണ്. ഉൽപ്പാദനച്ചെലവ് കുതിച്ചുയരുമ്പോൾ വിപണിവില താഴുന്നു. ഇടനിലക്കാർ സമ്പന്നരാകുമ്പോൾ കർഷകൻ കൂടുതൽ കടക്കാരനാകുന്നു.
സമീപകാലത്ത് മികച്ച കർഷകനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഒരു കർഷകൻ കടബാധ്യത സഹിക്കാനാവാതെ ആത്മഹത്യ ചെയ്തത് കേരളത്തിന്റെ കാർഷിക മേഖലയെക്കുറിച്ചുള്ള ഏറ്റവും വേദനാജനകമായ യാഥാർത്ഥ്യമാണ് പുറത്തു കൊണ്ടുവരുന്നത്. ഇത് ഒരു വ്യക്തിയുടെ ദുരന്തമല്ല; കഴിഞ്ഞകാലങ്ങളിലെ കാർഷിക മേഖലയോടുള്ള നയപരമായ അനാസ്ഥയുടെ പ്രതീകമാണ്.

ജീവിതം മുഴുവൻ മണ്ണിൽ വിയർപ്പൊഴുക്കിയ ഒരു കർഷകൻ വാർദ്ധക്യത്തിലെത്തുമ്പോൾ അദ്ദേഹത്തിന്റെ സമ്പാദ്യം എന്താണ്? വിറയ്ക്കുന്ന കൈകൾ, രോഗബാധിതമായ ശരീരം, കടങ്ങളുടെ കണക്കുപുസ്തകം, മരുന്ന് വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥ. സമൂഹത്തിന് അന്നം നൽകിയ ഒരാളുടെ ജീവിതാവസാനം ഇത്രയും അരക്ഷിതമാകുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതാണോ?
സർക്കാർ ജീവനക്കാർക്ക് പെൻഷനുണ്ട്. സംഘടിത തൊഴിൽമേഖലകളിലുള്ളവർക്ക് സാമൂഹിക സുരക്ഷയുണ്ട്. എന്നാൽ രാജ്യത്തെ മുഴുവൻ ജനതയുടെയും അന്നദാതാവായ കർഷകന് വാർദ്ധക്യത്തിൽ എന്തുകൊണ്ട് സുരക്ഷയില്ല? എന്തുകൊണ്ട് അയാൾ ദൈന്യതയോടെ കൈ നീട്ടേണ്ടി വരുന്നു?

*കർഷക പെൻഷൻ ഒരു ക്ഷേമപദ്ധതിയോ സർക്കാരിന്റെ ഔദാര്യമോ അല്ല. അത് കർഷകന്റെ അവകാശമാണ്.* സമൂഹത്തിനുള്ള അദ്ദേഹത്തിന്റെ ജീവിതകാലത്തെ സംഭാവനയ്ക്ക് നൽകുന്ന ഏറ്റവും കുറഞ്ഞ അംഗീകാരമാണ്. ജനാധിപത്യ സമൂഹത്തിന്റെ നന്ദിപ്രകടനമാണ്.
കർഷകരെ സംരക്ഷിക്കുന്നത് ഏതെങ്കിലും ഒരു വിഭാഗത്തെ സഹായിക്കുന്നതല്ല; സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതാണ്. കർഷകൻ കൃഷി ഉപേക്ഷിച്ചാൽ വയലുകൾ ശൂന്യമാകും. വയലുകൾ ശൂന്യമായാൽ അടുക്കളകൾ ശൂന്യമാകും. അടുക്കളകൾ ശൂന്യമായാൽ വികസനത്തെക്കുറിച്ചുള്ള എല്ലാ അവകാശവാദങ്ങളും അർഥശൂന്യമാകും.

അനേകായിരം കർഷകർ ചേറിൽ കാലുകുത്തുന്നതുകൊണ്ടാണ് 145 കോടിയോളം മനുഷ്യർ ചോറിൽ വിരലുകുത്തിയും ചപ്പാത്തി വശിച്ചുകീറിയും വിശപ്പടക്കി ജീവിക്കുന്നത്. ആ യാഥാർത്ഥ്യം മറക്കുന്ന ഒരു സമൂഹം സ്വന്തം ഭാവിയാണ് തകർക്കുന്നത്.
കർഷകന് കരുണ വേണ്ട; നീതി വേണം. ഔദാര്യം വേണ്ട; അവകാശം വേണം. വാഗ്ദാനങ്ങൾ വേണ്ട; സുരക്ഷിതമായ ജീവിതവും മാന്യമായ വാർദ്ധക്യവും വേണം. അന്നം വിളയിക്കുന്ന കൈകൾ ഒരിക്കലും ഭിക്ഷ യാചിക്കേണ്ട കൈകളാകരുത്.

കേരള സർക്കാരിനുള്ള ബജറ്റ് നിർദേശങ്ങൾ
1. മാന്യമായ കർഷക പെൻഷൻ പദ്ധതി
സംസ്ഥാനത്തെ എല്ലാ ചെറുകിട, ഇടത്തരം കർഷകർക്കും കുറഞ്ഞത് ജീവിക്കാൻ മതിയാകുന്ന തുകയോടെ പ്രതിമാസ കർഷക പെൻഷൻ ഉറപ്പാക്കുക. ഈ തുക ജീവിതച്ചെലവിനനുസരിച്ച് കാലാകാലങ്ങളിൽ വർധിപ്പിക്കണം.
2. കാർഷിക ഉൽപ്പന്നങ്ങൾക്ക് നിയമപരമായ താങ്ങുവില
റബർ, തേങ്ങ, കുരുമുളക്, ഏലം, കാപ്പി, അടയ്ക്ക തുടങ്ങിയ പ്രധാന കാർഷിക ഉൽപ്പന്നങ്ങൾക്ക് ഉൽപ്പാദനച്ചെലവിനേക്കാൾ കൂടിയ താങ്ങുവില നിയമപരമായി ഉറപ്പാക്കണം.
3. വന്യജീവി ആക്രമണ പ്രതിരോധ മിഷൻ

വന്യജീവി ശല്യമുള്ള മേഖലകളിൽ സൗരവേലികൾ, സ്മാർട്ട് ഫെൻസിംഗ്, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയ്ക്ക് പ്രത്യേക തുക ബജറ്റ് വകയിരുത്തുകയും നാശനഷ്ടങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകുകയും വേണം.
4. കാലാവസ്ഥാ ദുരന്ത നഷ്ടപരിഹാര നിധി
പ്രളയം, വരൾച്ച, ഉരുൾപൊട്ടൽ, അതിശക്തമായ മഴ തുടങ്ങിയ കാലാവസ്ഥാ ദുരന്തങ്ങൾ മൂലമുണ്ടാകുന്ന കാർഷിക നഷ്ടങ്ങൾക്ക് കർഷകർക്ക് വേഗത്തിൽ സഹായം ലഭ്യമാക്കുന്ന പ്രത്യേക നിധി രൂപീകരിക്കണം.

5. സമഗ്ര കാർഷിക ഇൻഷുറൻസ് പദ്ധതി
വിളനാശം, വിലത്തകർച്ച, പ്രകൃതി ദുരന്തം, വന്യജീവി ആക്രമണം എന്നിവക്കെല്ലാം പരിഹാരം ഉൾക്കൊള്ളുന്ന കാര്യക്ഷമമായ ഇൻഷുറൻസ് സംവിധാനം നടപ്പാക്കണം.
6. യുവകർഷക പ്രോത്സാഹന പദ്ധതി
കാർഷിക മേഖലയിലേക്ക് യുവജനങ്ങളെ ആകർഷിക്കുന്നതിനായി പലിശരഹിത വായ്പ, സ്റ്റാർട്ടപ്പ് ഗ്രാന്റ്, സാങ്കേതിക പരിശീലനം, ഭൂമി വികസന സഹായം എന്നിവ നൽകണം.
7. കാർഷിക കടാശ്വാസ കമ്മീഷൻ

പ്രതിസന്ധിയിലായ കർഷകരുടെ കടബാധ്യത പുനഃക്രമീകരിക്കാനും ആത്മഹത്യകൾ തടയാനും സ്ഥിരം കാർഷിക കടാശ്വാസ കമ്മീഷൻ രൂപീകരിക്കണം.
8. കാർഷിക ആരോഗ്യ സുരക്ഷാ പദ്ധതി
എല്ലാ കർഷകർക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസും വാർഷിക ആരോഗ്യ പരിശോധനയും ഉറപ്പാക്കണം.
9. കാർഷിക ഉൽപ്പന്ന സംഭരണ-വിപണന ശൃംഖല
ഓരോ ജില്ലയിലും ഗവണ്മെന്റിന്റെ നേതൃത്വത്തിൽ ആധുനിക സംഭരണ കേന്ദ്രങ്ങളും ശീതീകരണ സംവിധാനങ്ങളും വിപണന ഹബ്ബുകളും സ്ഥാപിക്കണം.
10. ‘കർഷക ക്ഷേമ ബജറ്റ്’ പ്രത്യേകമായി വേണം.

സംസ്ഥാന ബജറ്റിൽ കർഷകർക്കും കാർഷിക മേഖലയ്ക്കുമായി പ്രത്യേക “കർഷക ക്ഷേമ ബജറ്റ്” അവതരിപ്പിച്ച് വകയിരുത്തലുകളും ചെലവുകളും സുതാര്യമാക്കണം.
ഒരു സമൂഹത്തിന്റെ മഹത്വം അതിന്റെ ഏറ്റവും ദുർബലരായ പൗരന്മാരെ എങ്ങനെ പരിഗണിക്കുന്നു എന്നതിലൂടെയാണ് അളക്കപ്പെടുന്നത്. കേരളത്തിന്റെ കാര്യത്തിൽ അത് കർഷകരെ എങ്ങനെ പരിഗണിക്കുന്നു എന്നതിലൂടെയായിരിക്കും വിലയിരുത്തപ്പെടുക.

ഫാ. ഫിലിപ്പ് കവിയിൽ
കത്തോലിക്കാ കോൺഗ്രസ്
ഗ്ലോബൽ ഡയറക്ടർ
