നാടിനൊരു ‘യഥാർത്ഥ വിമോചന’ സമരം|1958-ലെ വിമോചന സമര(ാഭാസ)ത്തിന്റെ ഷോക്കിൽ നിന്ന് കേരളത്തിലെ മൂന്നു മുന്നണികളും ഇനിയും വിമുക്തമായിട്ടില്ല.

Share News

നാടിനൊരു ‘യഥാർത്ഥ വിമോചന’ സമരം

ചങ്ങനാശേരി സുറിയാനി കത്തോലിക്കാ അരമനപ്പടിയിൽ നിന്നു പെരുന്നയിലേക്ക് ഒരു ഇടവഴിയുണ്ട്. ഏഴു പതിറ്റാണ്ടായി, എഴുത്തും വായനയും ഭൂവിനിയോഗവുമടക്കം കേരളത്തിന്റെ സാമൂഹികഘടനയും രാഷ്ട്രീയവും ആ ഇടവഴിയിലാണ്.

കാരണം:

1958-ലെ വിമോചന സമര(ാഭാസ)ത്തിന്റെ ഷോക്കിൽ നിന്ന് കേരളത്തിലെ മൂന്നു മുന്നണികളും ഇനിയും വിമുക്തമായിട്ടില്ല. തുടക്കം, കമ്യൂണിസത്തിന്റെ ഭൗതികവാദത്തെക്കുറിച്ച് അധ്യാത്മവാദികൾക്കുണ്ടായിരുന്ന തത്ത്വശാസ്ത്ര-ദൈവശാസ്ത്ര ആശങ്കയിൽ നിന്നല്ല, മാറ്റത്തെക്കുറിച്ച് ഭൂവുടമസ്ഥർക്കും സ്‌കൂളുടമസ്ഥർക്കുമുണ്ടായ ഭയത്തിൽനിന്നായിരുന്നു. നായർ പ്രമാണിത്തവും സിറിയൻ ക്രിസ്ത്യൻ പൗരോഹിത്യവും കളിയുടെ കഥയും തിരക്കഥയും രംഗപടവും ചമച്ചു. കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റിനെയും ലീഗിനെയും സോഷ്യലിസ്റ്റിനെയുമെല്ലാം അവർ ചാടിക്കളിപ്പിച്ചു.

ആ കളിക്കാർ ഇന്നും കളത്തിൽത്തന്നെയുണ്ടെന്ന് അന്നു രണ്ടുപക്ഷമായി നിന്ന പാർട്ടി നേതാക്കൾ/പിന്മുറക്കാർ അറിയുന്നു. രാഷ്ട്രീയത്തിന്റെ ഇടതു – വലതു- നടുവുകൾ ആ ഇടവഴിയെ ഭയക്കുന്നു. അല്ലെങ്കിൽ പറയൂ:

1. തോട്ടങ്ങൾ ഇത്രകാലമായി ഭൂപരിഷ്‌കരണത്തിനു പുറത്തു നിൽക്കുന്നതെന്ത്?

2. എന്തുകൊണ്ട് ഇന്നും കേരളത്തിൽ ഭൂരഹിതർ?

3. എന്തുകൊണ്ട് ‘സ്വകാര്യം’ എന്ന ഹെഡ്ഡിൽ പൊതുപണം തിന്നുന്ന വിദ്യാലയങ്ങളുടെയും കലാലയങ്ങളുടെയും സ്റ്റാഫ് റൂമിൽ പീഡിത ജനസമുദായങ്ങൾക്ക് അയിത്തം?

തുരുമ്പെടുത്ത ജയിലറകളായ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ നീതീനിഷേധം മുതൽ പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി സംബന്ധിച്ച നീതിനിഷേധങ്ങൾ വരെ, ഭിന്നശേഷിക്കാർക്കുള്ള വിദ്യാലയങ്ങളിലെ നിയമനനിരോധനത്തിലെ നീതിനിഷേധം മുതൽ രോഗികൾക്കു ശൗചാലയമില്ലാത്ത ആരോഗ്യ കേന്ദ്രത്തിലെ നീതിനിഷേധം വരെ ഒരായിരം മതേതര (സമുദായേതര) നീതിനിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വാർത്താമാധ്യമങ്ങൾ മുകളിൽ പറഞ്ഞ മൂന്നു കാര്യത്തിൽ മുക്കാൽ നൂറ്റാണ്ടോളമായി മൗനം പാലിക്കുന്നതെന്ത്? അവരുടെയും മതേതരത്വം/ മതനിരപേക്ഷത ആ മതാത്മക/സാമുദായിക ചങ്ങനാശേരി-പെരുന്ന ഇടവഴിയിൽ നിൽക്കുകയാണ്.ഇക്കാലത്തിനിടയിൽ, മതാചാര്യസന്നിധിയിൽനിന്നു സമുദായാചാര്യ സമാധിയിലേക്കുള്ള ആ ഇടവഴിയിൽ, പാർട്ടി (മുസ്ലിംലീഗ്) വഴിയും സമുദായസംഘടന (എസ്.എൻ.ഡി.പി) വഴിയും രണ്ടു കൈച്ചാലുകൾ കൂടി കോ-കോപ്റ്റ് ചെയ്യപ്പെട്ടു എന്നേയുള്ളൂ. ഭൂമിയും വിദ്യയും ഈ ഇടവഴിയിൽ മതാത്മകമായി/ സാമുദായികമായി വീതം വയ്ക്കപ്പെട്ടു. ആ ഇടവഴിയ്ക്കു പുറത്ത് ബിവറേജ്‌സും ലോട്ടറിയും നടത്തി സർക്കാരുകൾ ക്രമസമാധാനവും വികസനവും നടത്തിക്കൊണ്ടേയിരുന്നു.

ആദിവാസി- ദലിത് വിഭാഗങ്ങളിലെ മനുഷ്യർക്ക് അധ്യാപകരോ അനധ്യാപകരോ ആവാൻ അനുവാദമില്ലാത്ത പൊതുവിദ്യാഭ്യാസം പൊതുവിദ്യാഭ്യാസമല്ല, മതാത്മക വിദ്യാഭ്യാസമാണ്; സാമുദായിക വിദ്യാഭ്യാസമാണ്.

ഈ വൈജ്ഞാനികാന്തരീക്ഷത്തിലാണ് പൊതുബോധവും രാഷ്ട്രീയവും മതാത്മകമാവുന്നത്; സാമുദായികമാവുന്നത്. ഇതിലെ അക്രമം വാർത്തയല്ലാത്തതുകൊണ്ട് അതു നമുക്കു ക്രമമാണ്; അതിൽ അനീതിയില്ല.ഈ മതാത്മക വിദ്യാഭ്യാസത്തിന്റെ ഇടവഴിയിൽ നിന്ന്, അതിന്റെ കുപ്പിക്കഴുത്തിൽനിന്നു പുറത്തുവരുന്ന രാഷ്ട്രീയമാണ് ഇനി കേരളത്തെ മുന്നോട്ടുകൊണ്ടുപോകുക.സാക്ഷരതായജ്ഞത്തിൽ, ജനകീയാസൂത്രണത്തിൽ (അവയുടെ പിൽക്കാല ദൗർബല്യങ്ങൾ എന്തുമാകട്ടെ) ‘കക്ഷിരാഷ്ട്രീയത്തിനതീതമായ മുന്നേറ്റം’ എന്നതു സർവകക്ഷി അജണ്ടയായിരുന്നല്ലോ. അതുപോലെ, ‘സ്വകാര്യ’ പൊതു വിദ്യാലയങ്ങളിൽ എല്ലാ ജാതി അധ്യാപകരും എന്നത് കേരളത്തിന്റെ യഥാർത്ഥ വിമോചന സമരത്തിന്റെ ആദ്യ മുദ്രാവാക്യം ആവും.ദലിതത്വത്തിന്റെയും സ്ത്രീവിവേചനത്തിന്റെയും ഇന്റർസെക്ഷനിൽ കഴിയുന്ന അഭ്യസ്തവിദ്യരായ, ജാതി- മത ഭേദങ്ങൾക്കതീതരായ, ഒരു പറ്റം ദളിത് പെൺകുട്ടികളിൽനിന്നാവുമോ ഒരുപക്ഷേ ആ മുദ്രാവാക്യം ആദ്യം ഉയരുക?

അതെന്തായാലും കേരള രാഷ്ട്രീയം മതാധിപത്യത്തിൽനിന്നു മോചിതമാവുന്നതിന്റെ തുടക്കമാവും അത്. അങ്ങനെയല്ലേ 58-ന്റെ ഷോക്ക് തീരുക?

ഈയൊരു ചോദ്യത്തിൽ ഈ സാമൂഹികപരിസ്ഥിതി വിചാരം ചുരുക്കുന്നു.

ജോസ് ടി

5 ജൂൺ 2022

(Image: Ajmal MK)

Share News