കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിക്കും: സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ.വി. തോമസ്
കൊച്ചി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് കോൺഗ്രസിന്റെ മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ്. എറണാകുളത്തെ വസതിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചത്.
രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. മാര്‍ച്ചില്‍ ഡല്‍ഹിയില്‍ വച്ചു യെച്ചൂരിയെ കണ്ടപ്പോഴാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ സംസാരിക്കുന്ന കാര്യം തന്നോടു പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതായതുകൊണ്ടാണ് സംസാരിക്കാന്‍ അനുമതി തേടിയത്. എന്നാല്‍ തനിക്ക് അനുമതി ലഭിച്ചില്ലെന്നു കെ.വി. തോമസ് പറഞ്ഞു.
താന്‍ നൂലില്‍ കെട്ടി വന്നയാളല്ല. കോണ്‍ഗ്രസില്‍ അച്ചടക്കത്തോടെ നിന്നയാളാണ് താന്‍. പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്നു തന്നെ ഭീഷണിപ്പെടുത്തി. അതു ശരിയാണോയെന്നും തോമസ് ചോദിച്ചു. താന്‍ കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.
കെ.വി.തോമസിനെയും ശശി തരൂരിനെയുമാണ് സിപിഎം പാർട്ടി കോൺഗ്രസിൽ സെമിനാറിൽ സംസാരിക്കാൻ ക്ഷണിച്ചിരുന്നത്. എന്നാൽ, കെപിസിസി വിലക്കുകയും കെപിസിസിയെ അനുസരിക്കാൻ ഹൈക്കമാൻഡ് നിർദേശിക്കുകയും ചെയ്തതോടെ ശശി തരൂർ പിന്മാറി. എന്നാൽ, നിലപാട് വ്യക്തമാക്കാതെ കെ.വി.തോമസ് കഴിഞ്ഞ ദിവസങ്ങളിൽ മുന്നോട്ടു പോവുകയായിരുന്നു.
കോൺഗ്രസിൽ ഇപ്പോൾ പ്രത്യേകിച്ചു സ്ഥാനമാനങ്ങളൊന്നുമില്ലാത്ത കെ.വി.തോമസ് കടുത്ത അതൃപ്തിയിലാണ്. സിപിഎം സെമിനാറിൽ പങ്കെടുക്കുന്നതോടെ അദ്ദേഹത്തിനു കോൺഗ്രസിൽനിന്നു പുറത്തേക്കുള്ള വഴി തെളിയും. സിപിഎമ്മിനെ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ചെറിയാൻ ഫിലിപ്പ് അടുക്കമുള്ളവർ രംഗത്തുവന്നിരുന്നു.
കോൺഗ്രസിനു പുറത്തേക്കു പോകാൻ തയാറാവുകയാണെങ്കിൽ മാത്രമേ തോമസ് സെമിനാറിൽ പങ്കെടുക്കൂയെന്ന് ഇന്നലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ, ഇതെല്ലാം തള്ളി സെമിനാറിൽ പങ്കെടുക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് തോമസ്.
ഇതിനിടെ, സെമിനാറില്‍ പങ്കെടുത്തതുകൊണ്ട് കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ടാല്‍ കെ.വി. തോമസ് വഴിയാധാരമാകില്ലെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പറഞ്ഞു. സെമിനാര്‍ വിലക്ക് കോണ്‍ഗ്രസിന്റെ തിരുമണ്ടന്‍ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സെമിനാറിലേക്കാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ബാക്കി കാര്യങ്ങള്‍ പറയേണ്ടത് അദ്ദേഹമാണ്. ആര്‍എസ്എസ് മനസുള്ളവരാണ് കെ.വി. തോമസിനെ വിലക്കുന്നത്. നെഹ്റുവിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസുകാര്‍ കെ.വി. തോമസ് സെമിനാറില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ജയരാജന് പറഞ്ഞു.
കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്കാണ് കെ.വി. തോമസിനെ ക്ഷണിച്ചിട്ടുള്ളത്. കോൺഗ്രസിന്റെ നിലപാട് പറയാനുള്ള വേദിയായി അതിനെ ഉപയോഗിക്കാവുന്നതാണ്. പക്ഷേ, വാസന്തിയും ലക്ഷമിയും പിന്നെ ഞാനും എന്നതാണ് ദേശീയ കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയെന്നും ജയരാജൻ പരിഹസിച്ചു.