‘സെക്സിസം’ പഠിപ്പിച്ച മകൾ!!!

Share News

എന്നെ ‘സെക്സിസം’ പഠിപ്പിച്ച മകൾ!!!

അന്നവൾക്ക് 13 വയസ്സാണ്.മൊബൈലിൽ വീഡിയോ കാണുന്ന ഞാൻ. തൊട്ടടുത്ത് തന്നെ മകളുമുണ്ട്.

സ്ക്രോളിങ്ങിനിടെ മലയാളത്തിലെ ഒരു ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോയുടെ വീഡിയോ വന്നു.വളരെ ചെറിയ പെൺകുട്ടിയാണ് പാട്ടു പാടാൻ വന്നിരിക്കുന്നത്. ദിവസങ്ങൾക്കു ശേഷം കണ്ട സന്തോഷത്തിൽ മ്യൂസിക് ഡയറക്ടറായ ജഡ്ജി അങ്കിൾ പെൺകുട്ടിയോട് കുശലം ചോദിക്കുന്നു.

“മോളെ, കുറച്ചു നാളായല്ലോ കണ്ടിട്ട്.അല്പം തടിച്ചോ?

തടിക്കണ്ട കെട്ടോ..മാമനെ നോക്ക്. ഇങ്ങനെ തടി നല്ലതല്ല.”

പെൺകുട്ടി വെറുതെ തലയാട്ടി ചിരിച്ചു.

എന്നാൽ അരികത്തു കിടന്ന എന്റെ പെൺകുട്ടിയുടെ കമന്റ്;

“അയാൾ എന്തൊരു സെക്സിസ്റ്റാണ്!!

🙄
🙄

ഞാൻ അവളെ ഒന്നു നോക്കി.

അവൾ തുടരുകയാണ്……

“ആ കുട്ടി പാട്ടുപാടാൻ വന്നതല്ലേ.അയാൾക്ക് പാട്ട് നോക്കിയാൽ പോരേ.

കുട്ടി തടിച്ചോ,മെലിഞ്ഞോ, കറുത്തോ,വെളുത്തോ, എന്നൊക്കെ എന്തിനാണ് നോക്കുന്നത്.”

പിന്നാലെ വന്നു അവളുടെ സ്റ്റേറ്റ്മെന്റ്;

“മറ്റൊരാളെ നോക്കി ഒരാളും അങ്ങനെ കമന്റ് ചെയ്യാൻ പാടില്ല.”

പരിചയക്കാരെ കാണുമ്പോൾ ഞാനും നിങ്ങളുമൊക്ക എളുപ്പത്തിൽ പറയുന്ന, നിർദോഷമെന്ന് തോന്നുന്ന ഒരു “കുശല”മാണത്.

കറുത്തു കരിവാളിച്ചു,

തടിച്ചു നന്നായി,

വല്ലാതെ ക്ഷീണിച്ചു.

വെളുത്തു സുന്ദരിയായി.

എന്നൊക്കെ…

അവർക്ക് അതെങ്ങനെ അനുഭവപ്പെടും എന്ന് നമ്മൾ ഓർക്കാറില്ല.എങ്ങനെ അനുഭവപ്പെട്ടാലും അതിൽ ഒരു ശരികേടുണ്ട്. അത് നമുക്ക് മനസ്സിലാവാറുമില്ല.ശരീരം നോക്കി, പ്രത്യേകിച്ച് സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിക്കുന്നതും വൃത്തികെട്ട തമാശകൾ പറയുന്നതും നമ്മുടെ ഒരു ശീലമാണ്.

എന്നാൽ അന്നുവരെ എനിക്കറിയാത്ത ഒരു പുതിയ പാഠമാണ് മകൾ പഠിപ്പിച്ചത്.പിന്നീടങ്ങോട്ട് ഞാൻ കുറച്ചു കൂടി വിവേകിയായി.ആരെ കാണുമ്പോഴും സന്തോമുണ്ടാക്കുന്ന എന്തെങ്കിലും പറയാൻ ഞാൻ ജാഗ്രത കാണിച്ചു.”സെക്സിസം” എന്റെ സംഭാഷണങ്ങളിൽ നിന്ന് ബോധപൂർവം ഒഴിവാക്കി.

ഇന്നിപ്പോൾ ഹണിറോസിനെ ലൈംഗികമായി അതിക്ഷേപിച്ച കേസിൽ കേരള ഹൈകോടതി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നടത്തിയ വിധിപ്രസ്താവത്തിൽ വളരെ പ്രസക്തമായ ഒരു ഭാഗമുണ്ട്.

അതിങ്ങനെയാണ്.

👇
👇

“Before concluding, I am forced to say that body shaming is not acceptable in our society. Comments about the body of a person as too fat, too skinny, too short, too tall, too dark, too black, etc. should be avoided.Our bodies will change, our minds will change and our hearts will change. Everybody should be vigilant while making comments about others, whether they are men or women. I leave it there.”

എത്ര ശക്തമായ ഒരു മെസേജ് ആണിത്.

എനിക്ക് നമ്മുടെ കുട്ടികളിൽ വലിയ പ്രതീക്ഷയുണ്ട്.’GENDER CONSCIOUSNESS’ അവർക്ക് വേണ്ടുവോളമുണ്ട്.അതില്ലാത്തത്

ഇവിടത്തെ കേശവൻ മാമന്മാർക്കും വസന്തങ്ങൾക്കുമാണ്.

പക്ഷെ നമ്മുടെ സമൂഹം പതുക്കെ മാറുകയാണ്. സ്ത്രീ സുരക്ഷയിൽ ഭരണ-നിയമ സംവിധാനങ്ങൾ ശക്തമാകുകയാണ്.പേട്രിയാർക്കിയെ നമ്മൾ സ്ലാബിട്ട് മൂടി സമാധിയാക്കുകയാണ്.

പതുക്കെ പതുക്കെയാണെങ്കിലും…

പിൻകുറിപ്പ് : “അത് മറ്റേ ചാനെൽ അല്ലേ? മറ്റേ മ്യൂസിക് ഡയറക്ടർ അല്ലേ? ” എന്നൊന്നും ചോദിച്ചു വരേണ്ട. അതിവിടെ പ്രസക്തമല്ല.

NP Nisa 

Share News