
“എന്നിരുന്നാലും, ഉള്ളിൽ പോകുന്നവരിൽ എത്രപേർക്ക് ഭഗവാനെ ശരിക്കും കാണാൻ പറ്റുന്നുണ്ടാവും…!! അതിനു അകകണ്ണ് വേണം…
കോളേജിൽ മൂന്നാം സെമസ്റ്റർ പഠിക്കുന്ന നാല് ആൺകുട്ടികൾ… ഹൈസ്കൂൾതലം മുതൽ ഒരുമിച്ച് പഠിച്ചുവരുന്ന ആത്മാർത്ഥ സുഹൃത്തുക്കൾ…
രണ്ടുപേർ ക്രിസ്ത്യാനികളും രണ്ടു ഹിന്ദുക്കളും… നാലുപേരും ചേർന്ന് ഒരു മുസ്ലിം സഹപാഠിയുടെ ചേട്ടന്റെ കല്യാണത്തിന് പോകാൻ പ്ലാനിട്ടു.
മതം എടുത്തു പറഞ്ഞത് മതവിശ്വാസവുമായി ബന്ധപ്പെട്ട ഒരു വിഷയം ആയതുകൊണ്ടാണ്…
മാത്രമല്ല, ഇതൊരു വെറും കഥ അല്ല… ഒരു സംഭവകഥ ആകുന്നു..
പൊന്നാനിക്കടുത്തു ഒരു തീരദേശഗ്രാമത്തിലേക്കാണ് അവർ പോയത്.
പോകുമ്പോൾ കുന്നംകുളം വഴിയാണ് പോയത്. കല്യാണം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഗുരുവായൂർ അമ്പലംവഴി പോകാം എന്ന ഒരുത്തന്റെ അഭിപ്രായം എല്ലാരും കയ്യടിച്ചു പാസ്സാക്കി…
അങ്ങനെ നാലുപേരും ഗുരുവായൂർ അമ്പലം നടയിൽ എത്തി.. എത്തിയപ്പോൾ കണ്ടു ആ ബോർഡ്… ‘അഹിന്ദുക്കൾക്ക് പ്രവേശമില്ല’.
സത്യം പറയാമല്ലോ… അവരിൽ രണ്ടുപേർ മറ്റു രണ്ടുപേരിൽ നിന്ന് വ്യത്യസ്തരാണ് എന്നൊരു തിരിച്ചറിവ് ആ നിമിഷം വരെ അവരിലാർക്കും ഉണ്ടായിരുന്നില്ല…!!
ബോർഡ് കണ്ടു ക്രിസ്ത്യൻപയ്യൻമാർ ശങ്കിച്ചു നിന്നപ്പോൾ കൂടെയുള്ള ഹിന്ദു സുഹൃത്ത് കയ്യിൽ പിടിച്ചു ഉള്ളിലേക്ക് പോകാം എന്നു പറഞ്ഞു… പക്ഷെ അവർ സമ്മതിച്ചില്ല…
“വേണ്ടെടാ.. ബോർഡ് കണ്ടില്ലേ..? നിങ്ങൾ പോയിവരൂ… ഞങ്ങളിടെ wait ചെയ്യാം… no problem…”
അപ്പോൾ സുഹൃത്ത് പറഞ്ഞു…. “അതിപ്പോൾ ആരറിയാൻ….? നിന്റെ നെറ്റിയിൽ എഴുതി വെച്ചിട്ടുണ്ടോ നീ ക്രിസ്ത്യാനിയാണെന്ന്…!! നീ വാടാ…”
എന്നാലും ഒരു വല്ലായ്ക…
“വേണ്ടെടാ, നിങ്ങൾ പോയിട്ട് വാ…”
പക്ഷെ ഹിന്ദുപയ്യൻമാർക്ക് അതത്ര സുഖമായി തോന്നാത്തത് കൊണ്ട് അവർ പിന്നെയും ചങ്ങാതിമാരെ നിർബന്ധിച്ചു. ഒടുവിൽ കൂടെയുള്ള ഒരു ക്രിസ്ത്യൻ സുഹൃത്ത് കൂടെ പോകാൻ തയ്യാറായി…
ഒരുവൻ വെളിയിൽ നിന്നു…
ഇതെല്ലാം കണ്ടു കൊണ്ടാകണം, അവിടെ നിന്നിരുന്ന ഒരു മധ്യവയസ്കൻ ചോദിച്ചു…
“എന്തേ പോകാതിരുന്നത്…? “
പയ്യൻ പതിയെ പറഞ്ഞു…
“ഞാൻ ഹിന്ദുവല്ല…”
“ആരാ അതിപ്പോ അറിയാൻ പോകുന്നത്…?” എന്നായി പുള്ളിക്കാരൻ.
“അത് എനിക്ക് അറിയാമല്ലൊ… അത് പോരേ..! മനുഷ്യനെ പറ്റിക്കാം… ദൈവത്തെ പറ്റിക്കണമോ…”?
അദ്ദേഹം തൃപ്തി വന്നതുപോലെ ഒന്ന് ചിരിച്ചു… നല്ല ആഢ്യത്തമുള്ള ചിരി… അദ്ദേഹം ഉള്ളിൽ കരുതി… ‘ഇവനാണ് മുല്യബോധമുള്ള യഥാർത്ഥ ദൈവവിശ്വാസി’.
തുടർന്ന്, എവിടെനിന്ന് വരുന്നു എന്നെല്ലാം ആ പയ്യനോട് ചോദിച്ചു. വിശേഷങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ പയ്യനും ഒരു സംശയം…
“ശബരിമലയിലും മധുരമീനാക്ഷി ക്ഷേത്രത്തിലും ഒന്നും ഇങ്ങനെ നിയന്ത്രണങ്ങൾ ഇല്ലല്ലോ.. ഇവിടെ മാത്രം എന്തേ ഇങ്ങനെ….” ?
“അവിടെയെല്ലാം പോയിട്ടുണ്ടോ…” അദ്ദേഹം ചോദിച്ചു..
ഉണ്ടെന്ന് പറഞ്ഞപ്പോൾ ഒരു നിമിഷം അദ്ദേഹം നിശബ്ദനായി. എന്നിട്ട് സാവകാശം പറയാൻ തുടങ്ങി…
“നോക്കൂ….വിശ്വാസമുള്ളവർക്കാണ് ഒരു ക്ഷേത്രം ദൈവികമാകുന്നത്. അതില്ലാത്തവർക്ക് അത് ഒരു പഴഞ്ചൻ കെട്ടിടം മാത്രം… വിശ്വാസി പൂജിക്കുന്ന വിഗ്രഹം അതില്ലാത്തവർക്ക് വെറും കല്ലു മാത്രമാണ്…”
തെല്ലു നിർത്തിയിട്ട് അദ്ദേഹം തുടർന്നു… “ഇത് ഒരു ടൂറിസ്റ്റ് സ്പോട്ട് അല്ല, ഒരു സഞ്ചാരിയെ ആകർഷിക്കുന്ന ഒന്നും ഇവിടെയില്ല. പുരാതന പെയിന്റിംഗുകളോ, ശില്പങ്ങളോ, പ്രകൃതി ഭംഗിയോ ഒന്നും…പിന്നെ എന്തിനാണ് അവർ ഇവിടേക്ക് വരുന്നത്…” ?
“പോരാഞ്ഞിട്ട് ഇവിടെ തിരക്ക് ഇപ്പോഴേ വളരെ അധികമാണ്… ഒരു ടൂറിസ്റ്റ് കേന്ദ്രം ആയാൽ ഇനിയും തിരക്ക് കൂടും.. ദേവദർശനത്തിൽ താല്പര്യമില്ലാത്തവർ തലങ്ങും വിലങ്ങും നടക്കുന്നതും സംസാരിക്കുന്നതും എല്ലാം ഒരു വിശ്വാസിയുടെ ഏകാഗ്രതയെ ബാധിച്ചേക്കാം…”
“അത് ശരിയാണ്.. യഥാർത്ഥ ഭക്തർക്കു അത് തടസ്സമാകാം…”. അത് ന്യായമാണെന്ന് പയ്യനൂം സമ്മതിച്ചു…
പയ്യൻ തുടർന്നു…”ഇത് ഒരു തീർത്ഥാടന കേന്ദ്രം ആണ്. തീർത്ഥാടകർക്കാണ് ഇവിടെ മുൻഗണന കിട്ടേണ്ടത്… അല്ലാതെ അവർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ തികച്ചും അനാവശ്യമായി ടൂറിസ്റ്റുകളും മറ്റും പോകുന്നത് ശരി അല്ല എന്നാണ് എന്റെയും അഭിപ്രായം… അതുകൊണ്ടു കൂടിയാണ് ഞാൻ മാറി നിന്നത്…”
മദ്ധ്യവയസ്കൻ തലയാട്ടി ശരിവെച്ചു…
തിരിഞ്ഞു നടക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു…
“എന്നിരുന്നാലും, ഉള്ളിൽ പോകുന്നവരിൽ എത്രപേർക്ക് ഭഗവാനെ ശരിക്കും കാണാൻ പറ്റുന്നുണ്ടാവും…!! അതിനു അകകണ്ണ് വേണം… അതുള്ളവർക്ക് ഭഗവാനെ കാണാൻ ഉള്ളിൽ പോകേണ്ട, മോനെ പോലെ പുറത്ത് നിന്നാലും മതി.. ചിലപ്പോൾ ഇന്ന് മോന് ആയിരിക്കും ആ ഭാഗ്യം കിട്ടിയിരിക്ക….”
അകത്തേക്ക് പോയ മുന്നുപേരും തിരിച്ചുവന്ന് യാത്ര തുടരുമ്പോഴും പയ്യൻ ആ മദ്ധ്യവയസ്കൻ അവസാനം പറഞ്ഞതിനേക്കുറിച്ചു ചിന്തിച്ചുകൊണ്ടേ ഇരുന്നു… !
‘ആരായിരുന്നു ആ മനുഷ്യൻ…? എന്തിനാണ് എന്നോട് ഇങ്ങനെയൊക്കെ പറഞ്ഞത്….’.!!!
സർവ്വംമായാദിനാശംസകൾ….

Uthaman Kunnini
Related Posts
“എന്റെ അഭിപ്രയത്തിന് ഒരു വിലയുമില്ല, എന്നെ അംഗീകരിക്കുന്നില്ല.”എന്ന തോന്നൽ ബന്ധത്തെ തളർത്തും. പരിഹിരിക്കാം.
ഇരുപത്തിയാറാം വയസ്സിൽ എഴുതിയ കാൽ നൂറ്റാണ്ടിൻ്റെ പ്രകാശന ചടങ്ങിൽ കേരളത്തിൽ മുഖ്യമന്ത്രിമാരായ ഏഴു പേർ പങ്കെടുത്തിരുന്നു.|ചെറിയാൻ ഫിലിപ്പ്
- Catholic Church
- Syro Malabar Church
- പറയാതെ വയ്യ
- പ്രത്യേക സമ്മേളനം
- വിശ്വാസം
- വീക്ഷണം
- സഭാധ്യക്ഷന്
- സഭാനേതൃത്വം
- സീറോമലബാർ സഭയുടെ കുർബാന
- സുപ്രധാനമായ തീരുമാനങ്ങൾ