
‘എനിക്ക് അയിത്തം, ഞാൻ തരുന്ന പൈസയ്ക്ക് ഇല്ല! പോയി പണി നോക്കാൻ പറഞ്ഞു’: ക്ഷേത്രച്ചടങ്ങില്‍ വിവേചനം നേരിട്ടെന്ന് മന്ത്രി രാധാകൃഷ്ണൻ
കോട്ടയം: ക്ഷേത്രച്ചടങ്ങില്‍ സംബന്ധിക്കുന്നതിനിടെ തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ.
ഒരു ക്ഷേത്രത്തില്‍ ഉദ്ഘടാനത്തിനു പോയപ്പോഴാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്നും ഇക്കാര്യം താൻ അപ്പോള്‍ തന്നെ ആതേ വേദിയില്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് വേലൻ സര്‍വീസ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഏത് ക്ഷേത്രത്തില്‍ വെച്ചാണ് ഇത്തരമൊരു വിവേചനം നേരിടേണ്ടി വന്നതെന്നു അദ്ദേഹം പക്ഷേ പറഞ്ഞില്ല.
അദ്ദേഹത്തിന്റെ വാക്കുകള്‍
‘ഞാനൊരു ക്ഷേത്രത്തില്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരിപാടിക്കു പോയി. അവിടെയുള്ള പ്രധാന പൂജാരി ഒരു വിളക്കുമായി എന്റെ നേരെ വന്നു. അതെനിക്കു തരാനായിരിക്കും എന്നു കരുതി ഞാന്‍ കാത്തു നിന്നു. പൂജാരി പക്ഷേ എന്റെ കൈയില്‍ വിളക്കു തന്നില്ല. നേരെ പോയി അദ്ദേഹം തന്നെ നിലവിളക്കു കത്തിച്ചു. അതിനു ശേഷം വിളക്ക് എനിക്കു തരുമെന്നു കരുതി.’
‘എന്നാല്‍ അദ്ദേഹം സഹ പൂജാരിക്ക് കൈമാറുകയായിരുന്നു. സഹ പൂജാരി കത്തിച്ച ശേഷവും വിളക്ക് എനിക്കു തന്നില്ല. അദ്ദേഹം ആ വിളക്ക് നിലത്തു വയ്ക്കുകയാണ് ചെയ്തത്. ആചാരത്തിന്റെ ഭാഗമാണെന്നും അതില്‍ തൊട്ടു കളിക്കേണ്ടെന്നും കരുതി ഞാൻ മാറി നിന്നു.’
‘നിലത്തു വച്ച വിളക്ക് എടുക്കണോ കത്തിക്കണോ എന്നു സ്വയം ചോദിച്ചു. പിന്നെ, പോയി പണി നോക്കാൻ പറഞ്ഞു. ഞാൻ തരുന്ന പൈസക്ക് അയിത്തമില്ല. എനിക്കു അയിത്തം കല്പ്പിക്കുന്നു. ഇക്കാര്യം ആ ചടങ്ങില്‍ സംസാരിക്കുമ്ബോള്‍ തുറന്നു പറഞ്ഞു. ഏതു പാവപ്പെട്ടവനും കൊടുക്കുന്ന പൈസക്ക് അയിത്തമില്ല. ആ പൂജാരിയെ ഇരുത്തി കൊണ്ടു തന്നെയാണ് മറുപടി പറഞ്ഞത്.’
‘ഈ പൈസ എത്ര പേരുടെ കൈകളിലൂടെ വരുന്നതാണ്. ഇറച്ചി വെട്ടുകാരന്റെ, മത്സക്കചവടക്കാരന്റെ അടക്കമുള്ളവരുടെ ട്രൗസറിന്റെ പോക്കറ്റില്‍ കിടുന്നു വരുന്നതാണ്. അതു വാങ്ങാൻ ഇവര്‍ക്ക് ഒരു മടിയും ഇല്ല. പക്ഷേ മനുഷ്യനെ അയിത്തം കല്പ്പിച്ചു മാറ്റി നിര്‍ത്തുകയാണ്’- മന്ത്രി തുറന്നടിച്ചു.
കേരളത്തില്‍ ഇപ്പോള്‍ ജാതീയത നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജാതി വ്യവസ്ഥയിലേക്ക് മടങ്ങുന്നതിനോടു യോജിപ്പില്ല. ഇപ്പോഴും മനുഷ്യര്‍ വ്യത്യസ്തരായി നില്‍ക്കുകയാണ്. ഓരോരുത്തരും വിചാരിക്കുന്നത് അവരാണ് ഉയര്‍ന്നവരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.