
“ഇത്തരം ദാമ്പത്യ പ്രതിസന്ധികൾ ഇങ്ങനെയല്ല തീർക്കേണ്ടതെന്നെങ്കിലും സ്ത്രീ പക്ഷ പെൺ പുലികൾ പ്രതികരിക്കുമെന്ന് കരുതി.”|ഡോ .സി ജെ ജോൺ
പുരുഷന്റെ വിവാഹേതര ബന്ധം
മാപ്പാക്കാൻ ജീവിത പങ്കാളിയായ
സ്ത്രീ നിർബന്ധിതയാകാറുണ്ട് .
ആൺ മേൽക്കോയ്മയുള്ള സാഹചര്യത്തിൽ ഇതൊക്കെ ഉണ്ടാകുമെന്നും പൊറുക്കാൻ തയ്യാറാകണമെന്നുമുള്ള സമ്മർദ്ദം പെണ്ണിന് മേൽ ഉണ്ടാകുമ്പോൾ സഹനത്തിന്റെ വഴി നിസ്സഹായതയോടെ സ്വീകരിക്കേണ്ടി വരും. ഇട്ടേച്ചു പോന്നാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് മുമ്പിൽ സ്ത്രീ ഭയന്ന് പോയേക്കാം .ഇത്തിരി ബലം പിടിക്കുന്നവളുടെ മുമ്പിൽ സോറി ചൊല്ലി കണ്ണീർ ഒഴുക്കിയാൽ അതും ഇല്ലാതാകും . പ്രതിഷേധത്തിന്റെ വഴി സ്വീകരിക്കാൻ അത്ര എളുപ്പമല്ല .എന്നാൽ വിവാഹേതര ബന്ധത്തിൽ പെട്ട് പോകുന്ന പെണ്ണിന് ഇത് പോലൊരു ആനുകൂല്യം പലപ്പോഴും കിട്ടാറില്ല.പുകഞ്ഞ കൊള്ളിയായി പുറത്തു പോകേണ്ടി വരും. പ്രണയ സമ്പന്നയായത് കൊണ്ട് പോടായെന്ന് പൊതു ഇടത്തിൽ നിന്ന് മൊഴിയാൻ എത്ര പെണ്ണുങ്ങൾക്ക് കഴിയും ?

സംഭവിച്ചതൊക്കെ പൊതു ബോധത്തിൽ നിലവിലുള്ള നിലപാടുകൾക്ക് അനുസരിച്ചുള്ള കാര്യങ്ങൾ തന്നെ. ഉയർത്തിയ ആവലാതികൾക്ക് എന്ത് പരിഹാരമെന്ന ചോദ്യമില്ലാതെ ഏകപക്ഷീയമായി പെണ്ണിനോട് വിട്ട് വീഴ്ച ചെയ്യൂവെന്ന് ചൊല്ലുന്നതാണ് നാട്ട് നടപ്പുള്ള കോമൺ സെൻസ് ദാമ്പത്യ കൗൺസലിങ് . ഒരു സോറി കിട്ടിയാൽ ലോട്ടറി . ഇത്തരം ദാമ്പത്യ പ്രതിസന്ധികൾ ഇങ്ങനെയല്ല തീർക്കേണ്ടതെന്നെങ്കിലും സ്ത്രീ പക്ഷ പെൺ പുലികൾ പ്രതികരിക്കുമെന്ന് കരുതി. വെറുതെയായി.പൊട്ടലും ചീറ്റലും ഒഴിവാക്കി ഗുണപരമായ ബന്ധമുണ്ടാക്കാൻ ശാസ്ത്രീയമായ തെറാപ്പി സ്വീകരിച്ചു മാതൃക കാട്ടുമായിരിക്കും . അസാധാരണ മനുഷ്യർക്ക് ഇതൊന്നും ആവശ്യമില്ലായിരിക്കും.

ഡോ .സി ജെ ജോൺ
