
സമ്പത്ത് മാത്രമല്ല, ജീവിതവും ജീവനും നഷ്ടപ്പെടാൻ ഇത് ധാരാളം മതി.
രണ്ടു ദിവസം മുമ്പ് ഒരു ഉത്തരേന്ത്യൻ സ്ത്രീ നാമത്തിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് എനിക്കു വന്നു. ഒരു യുവതിയുടെ മുഖം തന്നെയാണ് പ്രൊഫൈൽ പിക്ചർ. മ്യൂച്വൽ ഫ്രണ്ട്സ് ആരുമുണ്ടായിരുന്നില്ല. പ്രൊഫൈൽ ലോക്ക്ഡ് ആയിരുന്നതിനാൽ കൂടുതലൊന്നും അറിയാൻ കഴിയുമായിരുന്നില്ല. അടുത്ത കാലങ്ങളിലായി എഫ്ബിയിൽ നടക്കുന്ന പലതരം കളികളെ നിരീക്ഷിച്ചു പോരുന്ന ശീലമുണ്ടായിരുന്നതിനാൽ ഞാൻ അവളുടെ റിക്വസ്റ്റ് അക്സപ്റ്റ് ചെയ്ത് സൂക്ഷ്മപരിശോധന നടത്തുകയും, ശേഷം അൺഫ്രണ്ട് ചെയ്യുകയും ചെയ്തു. അവൾ ഒരു “സ്ത്രീ” തന്നെ എന്ന് ഏറെക്കുറെ ഉറപ്പാണ്. മലയാളി ആയിരിക്കണമെന്നുമില്ല. എന്നാൽ, അവൾ ഒരു സ്ത്രീ മാത്രമല്ല, ഒരു അജണ്ട കൂടി ആണെന്നും വ്യക്തമായി.
കുറച്ചു കൂടി ക്ലിയറായി പറയാം. കഴിഞ്ഞ ഒന്നു രണ്ട് ആഴ്ചകൾക്കിടെ പത്രങ്ങളിലും സോഷ്യൽ മീഡിയയിലുമായി നാം കാണുന്ന ഒന്നുണ്ട്, ഹണി ട്രാപ്പുകൾ! അത് എവിടെയോ ഉള്ള ആർക്കോ സംഭവിച്ചേക്കാവുന്ന ഒരു സാധ്യത മാത്രമല്ല, എനിക്കും നിങ്ങൾക്കും മുമ്പിൽ ഇത്തരം വലകൾ വിരിക്കാനും കെണിയൊരുക്കാനും കുറേ പേർ കാത്തിരിക്കുന്നു... അത്തരം ഫ്രണ്ട് റിക്വസ്റ്റുകൾ പലതും ഹണി ട്രാപ്പുകളായേക്കാമെന്ന് ഞാൻ ചിന്തിച്ചത് പിന്നീടാണ്. അതിന് പ്രത്യേകിച്ച് ഒരു കാരണവുമുണ്ട്, അത് അവിടെ നിൽക്കട്ടെ.
ഈ വിഷയം കൂടുതൽ ഗുരുതരമാണ് എന്ന ബോധ്യത്തിൽ നിന്നാണ് ഈ കുറിപ്പ്. നിഷ്കളങ്കതകൊണ്ടോ, ബലഹീനതകൾ കൊണ്ടോ, ചില സാഹചര്യങ്ങളുടെ സമ്മർദ്ധങ്ങളാലോ ചില അബദ്ധങ്ങൾ പറ്റിയേക്കാം. ചില ദു:ശീലങ്ങളായിരിക്കാം ചിലരെ ചതിക്കുന്നത്. എന്തു തന്നെയായാലും, സോഷ്യൽ മീഡിയയിൽ ഇങ്ങനെയൊരു ചതിക്കുഴിയുണ്ട് എന്ന് മനസ്സിലാക്കിയിരിക്കുക. സമ്പത്ത് മാത്രമല്ല, ജീവിതവും ജീവനും നഷ്ടപ്പെടാൻ ഇത് ധാരാളം മതി. സമീപകാലങ്ങളായി പെരുകി വരുന്ന ആത്മഹത്യകൾക്കും, കുടുംബ തകർച്ചകൾക്കും ഇങ്ങനെ ഒരു കാരണം കൂടിയുണ്ടെന്ന് അറിയുക. സംഭവിച്ചതെന്തെന്ന് പുറത്തറിയുന്ന സംഭവങ്ങൾ നൂറിൽ ഒന്നു പോലുമുണ്ടാവില്ല എന്ന് തീർച്ച. യാഥാർത്ഥ്യം വളരെ ഭീകരമാണ് എന്നതൊരു വാസ്തവം മാത്രം. കരുതിയിരിക്കുക എന്നത് മാത്രമാണ് പോംവഴി.
ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ പദ്ധതിയിടുന്നവർ പ്രധാനമായും ഉപയോഗിക്കുന്നത് ചാറ്റ് ബോക്സുകളാണ്. സ്ക്രീൻ ഷോട്ടുകളും, വീഡിയോയും അവർ പലരീതിയിൽ ഉപയോഗിച്ചേക്കാം. ചിലപ്പോൾ പൂർണമായും ഒറിജിനൽ ആയിക്കൊള്ളണമെന്നു പോലുമില്ല. എഡിറ്റ് ചെയ്ത് ചില ടെക്സ്റ്റുകളും, വീഡിയോകളുടെ ഭാഗങ്ങളും കയറ്റിയേക്കാം. ഇത്തരത്തിൽ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട വീഡിയോകളായാൽ പോലും കുടുംബവും ജീവിതവും തകർക്കാൻ അതു മതി.
ഇത്തരത്തിലൊക്കെ സംഭവിച്ചു പോയാൽ എന്തു ചെയ്യും എന്നതാണ് പ്രധാന ചോദ്യം. രഹസ്യമായി ഒറ്റയ്ക്ക് കൈകാര്യം ചെയ്യാമെന്ന് കരുതാതിരിക്കുക. ചോദിക്കുന്ന പണം കൊടുത്ത് സെറ്റിൽ ചെയ്യാമെന്ന് ധരിക്കരുത്. രണ്ടു ലക്ഷം ചോദിച്ചിട്ട് കിട്ടിയാൽ പത്തുലക്ഷം ചോദിച്ചേക്കാം. ഒടുവിൽ വീഡിയോയോ സ്ക്രീൻ ഷോട്ടുകളോ വെളിയിൽ വിട്ട് അപമാനിക്കാൻ ശ്രമിക്കുകയോ ചെയ്തേക്കാം. അതിനാൽ ട്രാപ്പിൽ പെടുത്താൻ ശ്രമിക്കുന്നവർ ആഗ്രഹിക്കുന്ന വഴി പോകാതിരിക്കുക. നിയമത്തിൻ്റെ വഴി തെരഞ്ഞെടുക്കുകയാണ് യുക്തം.
ഇപ്രകാരം എന്തെങ്കിലും സംഭവിച്ചാൽ സൈബർ സെല്ലിൽ റിപ്പോർട്ട് ചെയ്യാൻ അമാന്തം കാണിക്കരുത്. എന്റെ അറിവിൽ ഇത്തരം കേസുകൾക്ക് കേരള പോലീസ് ഉയർന്ന പ്രയോരിറ്റി കൊടുത്ത് അന്വേഷിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ചതിക്കപ്പെട്ടതാണെങ്കിൽ കഴിവതും കുടുംബാംഗങ്ങളിൽ മുതിർന്നവരോട് തുറന്നു പറയുക, തുടക്കത്തിൽ തന്നെ പരിഹരിച്ച് കുടുംബ തകർച്ച ഒഴിവാക്കുക. ആവശ്യമെങ്കിൽ നല്ല ഒരു കൗൺസിലറെ കണ്ടെത്തി ഉപദേശങ്ങൾ സ്വീകരിക്കുക.
മനുഷ്യർ പൊതുവെ ബലഹീനരാണ്. തെറ്റുകളും അബദ്ധങ്ങളും ആർക്കും പറ്റിയേക്കാം. എന്നാൽ തിരുത്താൻ കഴിയാത്ത പിഴവുകളൊന്നുമില്ല എന്നു മനസിലാക്കിയാൽ ഇത്തരം കാരണങ്ങളാൽ സംഭവിക്കുന്ന ആത്മഹത്യകൾക്കും കുടുംബത്തകർച്ചകൾക്കും കുറേ കുറവുണ്ടായേക്കും.

വിനോദ് നെല്ലിക്കൽ