
കാസർഗോഡ് നിന്നു തിരുവനന്തപുരത്ത് എത്താൻ നാല് മണിക്കൂർ സമയം. അതാണ് കെ-റെയിൽ സിൽവർ ലൈൻ പദ്ധതി മുന്നോട്ടു വയ്ക്കുന്ന വികസന മാതൃക.
രണ്ടു ലക്ഷം കോടി രൂപ ചെലവു വരുന്ന പദ്ധതിയിൽ അഞ്ചു ലക്ഷം മനുഷ്യർ തങ്ങളുടെ വാസസ്ഥലത്തുനിന്നു കുടിയിറക്കപ്പെടുമെന്ന് പറയപ്പെടുന്നു.നിലവിലുള്ള മംഗലാപുരം – തിരുവനന്തപുരം ട്രെയിൻ പ്രസ്‌തുത ദൂരം ഓടിയെത്തുന്നത് പതിനൊന്നു മണിക്കൂർ കൊണ്ടാണ്. എന്നാൽ, ഈ സർവീസിന്റെ നിലവിലുള്ള 45 സ്റ്റോപ്പുകൾ എന്നത് 11 സ്റ്റോപ്പുകളായി കുറച്ചാൽ 5 മണിക്കൂർ കൊണ്ട് ഈ ലക്ഷ്യത്തിലെത്താമെന്നും ഇതേ റൂട്ടിൽ മറ്റൊരു സ്‌പീഡ് സർവീസ് നടത്തി ഈ പ്രശ്‌നം പരിഹരിക്കാമെന്നും ഒരു ലോക്കോ പൈലറ്റ് അക്കമിട്ടു പറയുന്നു. സ്റ്റോപ്പുകളിൽ നിറുത്തുന്നതിന്റെയും സ്റ്റേഷനുകളിൽ ചെലവഴിക്കുന്നതിന്റെയും വേഗത പുനഃക്രമീകരിക്കുന്നതിന്റെയും സമയങ്ങൾ ഗണിച്ചുകൊണ്ടു വളരെ സ്പഷ്ടമായിട്ടാണ് അദ്ദേഹമിതു പറയുന്നത്.
നമ്മുടെ കെ.എസ്.ആർ.ടി.സി. യെ കാര്യക്ഷമമായും ലാഭകരമായും നടത്താൻ കഴിയാതിരിക്കെ, കോടികൾ ചെലവഴിച്ചു വാങ്ങിക്കൂട്ടിയ വിലകൂടിയ നിരവധി വോൾവോ ബസ്സുകൾ യാർഡുകളിൽ തുരുമ്പെടുത്തും കാടുകയറിയും നശിച്ചുകൊണ്ടിരിക്കെ, 8.86km വല്ലാർപാടം – ഇടപ്പള്ളി റയിൽവേലൈൻ ഉപയോഗിക്കപ്പെടാതെ നാശോന്മുഖമായിക്കൊണ്ടിരിക്കെ, വല്ലാർപാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടു പെരുവഴിയിലായ മൂലമ്പിള്ളിയിലെ പാവപ്പെട്ട മനുഷ്യർക്ക് പതിനാലു വർഷങ്ങളായിട്ടും ഇനിയും നീതി നടത്തിക്കൊടുക്കുവാൻ സാധിക്കാതിരിക്കെ എന്ത് നന്മയും വികസനവുമാണ് ഈ സർക്കാർ കേരളത്തിലെ ജനങ്ങൾക്കായി നടപ്പിലാക്കാൻ അതിര് ഭൂതങ്ങളായ മഞ്ഞക്കുറ്റികളുമായി ഇറങ്ങിയിരിക്കുന്നത് ?! എന്തെല്ലാം മനുഷ്യത്വവിരുദ്ധമായ അക്രമങ്ങളാണ് കെ-റെയിൽ പദ്ധതിയുടെ പേരിൽ ഇവിടെ കാട്ടിക്കൂട്ടുന്നത് ? ഒരു സ്വേച്ഛാധിപതിയെപ്പോലെയല്ലേ മിസ്റ്റർ വിജയൻ, നിങ്ങൾ ഈ വിഷയം കൈകാര്യം ചെയ്യുന്നത് ??
ഭൂരിപക്ഷം ജനങ്ങളും രഷ്ട്രീയ സാംസ്‌കാരിക ശാസ്ത്ര, പാരിസ്ഥിതിക പ്രവർത്തകരും വേണ്ടെന്നു പറഞ്ഞിട്ടും ധാർഷ്ട്യത്തോടെ നിങ്ങൾ ഇതുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിൽ അതു നിങ്ങളുടെയും നിങ്ങളുടെ പ്രസ്ഥാനത്തിന്റെയും സർവ്വനാശത്തിനാണ് എന്നു പറയാതെവയ്യ.

Shaji Joseph Arakkal
