കേരളത്തിൽ മാത്രമാണ് യൂണിയനും, കൊടി പിടുത്തവും, രാഷ്ട്രീയവും, മതവും പറഞ്ഞ് കമ്പനി പൂട്ടിക്കലുള്ളത്.

Share News

കിഴക്കമ്പലം കിറ്റക്സ് മാനേജിംഗ് ഡയറക്ടർ ശ്രീ: സാബു.എം.ജേക്കബ്ബിൻ്റെ അഭിപ്രായത്തോട് യോജിക്കുന്നു.!!

“മുങ്ങാൻ പോകുന്ന കപ്പലിനെന്തിനാ കപ്പിത്താൻ” എന്നൊരു ചൊല്ലുണ്ട്. കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മുൻ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് നമ്മൾ കേട്ടു. റവന്യൂ വരുമാനത്തിൻ്റെ 89% സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനുമായി മാറുന്നു.കടമെടുത്ത തുകയുടെ പലിശ അടക്കാൻ വീണ്ടും കടമെടുക്കുന്നു. കടത്തിൽ മുങ്ങിത്താണ സംസ്ഥാനത്തിൻ്റെ അവസ്ഥക്ക് കേരളം ഭരിച്ചവരാണ് ഉത്തരവാദികൾ.

സംസ്ഥാനത്ത് കൃഷിയും, വ്യവസായവും തകർന്നു. ആകെയുള്ളത് ജനത്തെ കൊള്ളയടിക്കുന്ന ലോട്ടറിയും, മദ്യവും മാത്രം. വിദേശത്തും അന്യസംസ്ഥാനത്തും പോയി പണിയെടുക്കുന്നവരില്ലെങ്കിൽ കേരളം പട്ടിണിയിലാകും.ലക്ഷക്കണക്കിന് ആളുകൾ കോവിഡ് മൂലം ഇപ്പോൾ ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിയെത്തി.!!

കേരളത്തിൽ വ്യവസായം തുടങ്ങാൻ ആരും വരില്ല.കഴിഞ്ഞ സർക്കാർ പലതരത്തിലുള്ള വാഗ്ദാനങ്ങൾ നടത്തിയിട്ടും ഒറ്റ വ്യവസായം പോലും വന്നില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ വ്യവസായികൾ പടിപടിയായി അന്യസംസ്ഥാനങ്ങളിലേക്ക് പറിച്ചുനട്ടു കൊണ്ടിരിക്കുകയാണ്.

കമ്പനിക്ക് തറയിടുമ്പോൾ തുടങ്ങുന്ന യൂണിയൻകാരുടെയും, രാഷ്ടീയക്കാരുടെയും പിടിച്ചു പറിയും പിരിവും,സമരവും കമ്പനി പൂട്ടിക്കുന്നതുവരെ തുടരും.കേരളത്തിൽ പൂട്ടിപ്പോയ വൻകിട, ചെറുകിട വ്യവസായങ്ങളുടെ പട്ടിക നിങ്ങളൊന്ന് പരിശോധിക്കണം.

ഒരു വ്യവസായം വന്നാൽ അനുബന്ധ വ്യവസായങ്ങളും തൊഴിലവസരങ്ങളും രൂപപ്പെടും. വൻകിട വ്യവസായം പൂട്ടിയാൽ അനുബന്ധ വ്യവസായങ്ങൾ മുഴുവൻ പൂട്ടേണ്ടി വരും.ഇതൊന്നും ആരും ചിന്തിക്കുന്നില്ല.

പത്തു വർഷം മുമ്പ് കേരളത്തിലെ നിർമ്മാണമേഖലയിൽ മുഴുവൻ തമിഴ്നാട്ടുകാരായിരുന്നു. ഇന്ന് ഒരാളെ പോലും കാണാത്തത് നമ്മുടെ സംസ്ഥാനത്തേക്കാൾ വ്യവസായവും കൃഷിയും തമിഴ്നാട്ടിൽ വളർന്നതുകൊണ്ടാണ്.

വ്യവസായികളെ ബൂർഷകളും, മൂരാച്ചികളുമായി ചിത്രീകരിച്ച് പാവപ്പെട്ട തൊഴിലാളികളെക്കൊണ്ട് സമരം ചെയ്യിച്ച്‌ രാഷ്ടീയക്കാർ കമ്പനികൾ പൂട്ടിച്ചു. കമ്പനികളുടെ കോഴ വാങ്ങി തടിച്ചുകൊഴുത്തത് രാഷ്ട്രീയക്കാരും, യൂണിയൻ നേതാക്കളുമാണ്.

മാവൂർ റയോൺസ് 37 കൊല്ലം കേരളത്തിൽ പ്രവർത്തിച്ചു.1999 ൽ കമ്പനി പൂട്ടി ബിർള സ്ഥലം വിട്ടു.ഇപ്പോൾ ചാലിയാറിൽക്കൂടി ഒഴുകുന്നത് മലിന ജലമോ പനിനീരോ എന്ന് നമ്മൾ ചിന്തിക്കണം. ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് യൂണിയൻ നേതാക്കൾ ജോലി കൊടുത്തോ.??

മാവൂർ റയോൺസ് പോലെ പൂട്ടിപ്പോയ അനേകം കമ്പനികൾ കേരളത്തിലുണ്ട്. കേരളത്തിൽ മാത്രമാണ് യൂണിയനും, കൊടി പിടുത്തവും, രാഷ്ട്രീയവും, മതവും പറഞ്ഞ് കമ്പനി പൂട്ടിക്കലുള്ളത്.

ഗൾഫിൽ ജോലി ചെയ്യുന്നവർക്ക് ഈ ഇരട്ടത്താപ്പ് മനസ്സിലാകും. കിട്ടുന്ന കൂലി വാങ്ങി അടിമയെപ്പോലെ ജോലി ചെയ്യാം.അല്ലെങ്കിൽ ജോലി ഉപേക്ഷിച്ച് നാട്ടിൽ പോകാം.ശ്രീ: സാബു.എം.ജേക്കബ്ബ് പറഞ്ഞതുപോലെ വ്യവസായങ്ങൾ പൂട്ടിക്കണം.

ബംഗാളിൽ നിന്നും പണി അന്വേഷിച്ചു കേരളത്തിൽ വന്നവർക്കും കേരളീയർക്കും ഒന്നിച്ച് ജോലി അന്വേഷിച്ച് തമിഴ് നാട്ടിലേക്ക് പോകാം. അതും ഒരു പണിയാണ്.!!

Paul Varghese

Share News