സ്വവർഗ പങ്കാളികളും പാവയ്ക്ക മെഴുക്കുപിരട്ടിയതും ഒരു ആപ്പിളും :|മാർപ്പാപ്പയുടെ നിലപാടിനെക്കുറിച്ചു രണ്ടു കുഞ്ഞു കഥകൾ

Share News

ഉപദ്രവം മാത്രം ചെയ്യുന്ന ഭർത്താവു ആശുപത്രിയിലായി. ഭാര്യ ഡോക്ടറുടെ അടുത്തുപോയപ്പോൾ ഡോക്ടർ പറഞ്ഞു ..

ധാരാളം പച്ചക്കറികൾ കഴിക്കാൻ കൊടുക്കണം. ഭർത്താവിനെ അവതാളത്തിലാക്കാൻ എന്തുചെയ്യണം. ഇപ്പോഴും ഇങ്ങനെ മാത്രം ചിന്തിക്കുന്ന ഭാര്യയ്ക്ക് ആശയം പൊട്ടി മുളച്ചു.

അവൾ പറഞ്ഞു .. ചേട്ടാ .. പാവയ്ക്ക കഴിക്കാനാണ് ഡോക്ടർ പറഞ്ഞത്. ഒരു ദിവസം ചുരുക്കം നാലു പാവയ്ക്കാ എങ്കിലും കഴിക്കണം. ഡോക്ടർ പറഞ്ഞ പച്ചക്കറിയിൽ നിന്ന് പാവക്ക മാത്രം തിരഞ്ഞെടുക്കാൻ ഭാര്യ തീരുമാനിക്കുകയായിരുന്നു. കാരണം ഒരു ചെറിയ കഷ്ണം കഴിച്ചാൽ മതി അന്ന് മുഴുവൻ വേറൊന്നും കഴിക്കാനാകാതെ പാവം ചേട്ടൻ വിമ്മിഷ്ടപ്പെടും.

ഇതുപോലെയാണ് മാർപ്പാപ്പയുടെ ആശീർവാദ കഥ. തങ്ങളുടെ ആശീർവാദം നേടാൻ എത്തുന്നവർ പാപത്തിൽ ജീവിക്കുന്നവരോ പുണ്യത്തിൽ ജീവിക്കുന്നവരോ എന്ന് വ്യത്യാസമില്ലാതെ എല്ലാവരെയും ആശീർവദിക്കണം എന്നതാണ് സഭ ആവർത്തിച്ചു പുറപ്പെടുവിച്ച നിർദേശം. എന്നാൽ ബുദ്ധിമാന്മാർ അർത്ഥികളുടെ കൂട്ടത്തിൽ നിന്ന് സ്വവർഗ പങ്കാളികളെക്കുറിച്ചു മാത്രം സംസാരിക്കാൻ തുടങ്ങി

അതിന്റെ യുക്തി ഇങ്ങനെയാണ്. ഒരിക്കൽ ശെമ്മാശന്റെ കയ്യിൽ ഒരു ആപ്പിൾ കിട്ടി. വൈദീക വിദ്യാർത്ഥികളായ രണ്ടു ജൂനിയര്മാര്ക്ക് അത് വേണം. ആർക്കു കൊടുക്കും. ശെമ്മാശന് പറഞ്ഞു …

പ്രാർത്ഥിക്കുമ്പോൾ ആപ്പിൾ കഴിക്കാൻ റെക്ടറിൽ നിന്ന് അനുവാദം വാങ്ങിക്കുന്ന ആൾക്ക് ഞാൻ ഇത് നൽകും …

കേട്ട പാതി കേക്കാത്ത പാതി ഒന്നാമൻ ഓടിച്ചെച്ചെന്നു ചോദിച്ചു. അച്ചാ അച്ചാ ഞാൻ പ്രാർത്ഥിക്കുമ്പോൾ ആപ്പിൾ കഴിച്ചോട്ടെ … മുൻശുണ്ഠിക്കാരനായ റെക്ടറുടെ ആക്രോശം കേട്ട് തോട്ടത്തിലെ കൊഴുത്ത പന്നികൾ വരെ ഓടിയൊളിച്ചു.

ഒടുവിൽ സൂത്രക്കാരനായ രണ്ടാമൻ റെക്ടർ സമീപിച്ചു. അച്ചാ .. നമ്മൾ ഓരോരോ കാര്യങ്ങൾ ഒക്കെ ചെയ്യുമ്പോൾ പ്രാർത്ഥിക്കാമോ …? എന്ത് കാര്യങ്ങൾ ? ഉദാഹരണത്തിന് .. ആപ്പിൾ കഴിക്കുമ്പോൾ പ്രാർത്ഥിക്കാമോ ? .. തീർച്ചയായും .. പ്രത്യേകിച്ച് വൈദീകരാകാൻ ആഗ്രഹിക്കുന്നവർ എന്ത് ചെയ്യുമ്പോഴും ഒരു സുകൃത ജപമെങ്കിലും ചൊല്ലണം ..

ആപ്പിൾ ആർക്കു കിട്ടി എന്ന് പറയേണ്ടതില്ലല്ലോ ? ജീവിത സാഹചര്യം ഏതാണ് എന്ന് പരിഗണിക്കാതെ വരുന്നവരെ എല്ലാവരെയും ആശീര്വദിക്കണം എന്ന് പറയുമ്പോൾ അപ്പോൾ സ്വവർഗ ദമ്പതികൾ വന്നാലും ആശീർവദിക്കുമോ എന്ന loaded ചോദ്യം ചോദിക്കുന്നവന്റെ ബുദ്ധിയിൽ ഈ വാർത്ത ഏതൊക്കെ ബുദ്ധിഹീനർ ആഘോഷിക്കും എന്ന ഉറപ്പായിരുന്നു തെളിഞ്ഞു നിന്നതു. അതൊരു കത്തോലിക്കാ വിവാഹം പോലെ തോന്നിക്കുന്ന യാതൊരു സാഹചര്യവും ആശീർവാദം നടക്കുന്നിടത്തു ഉണ്ടാകാൻ പാടില്ല എന്ന് വ്യക്തമായി പറയുന്ന ആശീർവാദ മാർഗരേഖ കപടമായ വ്യാഖ്യാനിക്കുന്ന മാധ്യമങ്ങളും വ്യക്തികളും ശരിയായ വാർത്ത അറിയാനുള്ള മനുഷ്യരുടെ അവകാശത്തിനുമീതെ കടന്നു കയറുകയല്ലേ ?

കുറിപ്പ് : ശിഷ്യന്മാർ ചോദിച്ചു അങ്ങെന്തിനാണ് എപ്പോഴും കാര്യങ്ങൾ പഠിപ്പിക്കാൻ ഉപമകൾ പറയുന്നത്. ഈശോ പറഞ്ഞു .. ഞാൻ പറയുന്നത് നിങ്ങള്ക്ക് മാത്രമേ മനസിലാക്കാവൂ.. ദേ അവർക്കു പിടികിട്ടരുത്. ഈ കഥകളും ആർക്കൊക്കെ മനസിലാകും .. ആർക്കൊക്കെ മനസിലാകില്ല … ആർക്കറിയാം ..

ജോസഫ് ദാസൻ

Share News