
ഗാന്ധിയും നെഹ്റുവും ആസാദും പോലുള്ള രാജ്യ സ്നേഹികൾ പാഠപുസ്തകത്തിന് പുറത്താകുന്നത് ഫാസിസം ഫണം വിടർത്തിയാടുന്നതിന്റെ ലക്ഷണമാണ്.
സംഘപരിവാറിന് തോന്നുംപടി എഴുതാനുള്ളതല്ല ഇന്ത്യയുടെ ചരിത്രം. നിങ്ങൾക്ക് ഇഷ്ടമുള്ള പേരുകൾ മാത്രം ഏച്ചുകെട്ടിയാൽ അത് ചരിത്രമാകില്ല. മായ്ച്ചാൽ മായുന്നതോ മുറിച്ചു മാറ്റിയാൽ ഇല്ലാതാകുന്നതോ അല്ല ഈ രാജ്യം നടന്നു വന്ന പോരാട്ടങ്ങളുടെ നാൾവഴികൾ.
ഗാന്ധിയും നെഹ്റുവും ആസാദും പോലുള്ള രാജ്യ സ്നേഹികൾ പാഠപുസ്തകത്തിന് പുറത്താകുന്നത് ഫാസിസം ഫണം വിടർത്തിയാടുന്നതിന്റെ ലക്ഷണമാണ്. മൗലാനാ ആസാദ് മഹാനായ രാജ്യ സ്നേഹിയും പണ്ഡിതനും ഊർജസ്വലനായ ജനനേതാവും ഈ രാജ്യത്തിന്റെ ഭാവിക്ക് രൂപം നൽകിയ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. അത്രയും മഹാനായ അദ്ദേഹം കോൺഗ്രസ് നേതാവും എ.ഐ.സി.സി പ്രസിഡന്റുമായിരുന്നു. ‘
നമ്മുടെ കുട്ടികൾ ആസാദിനെയും പട്ടേലിനെയും ബോസിനെയും പോലുള്ളവരെ പഠിക്കണം. അതിനുള്ള അവസരം നിഷേധിക്കുന്നത് ഭാവി തലമുറയോടുള്ള പാതകമാണ്. ഒരു ധീര ദേശാഭിമാനിയുടെ പേര് പാഠപുസ്തകത്തിൽ നിന്നൊഴിവാക്കുന്നത് രാജ്യദ്രോഹക്കുറ്റമായി മാത്രമെ കണക്കാക്കാനാവൂ. സംഘപരിവാർ വിളയാടലുകൾ കൊണ്ടൊന്നും ചരിത്രം ചരിത്രമല്ലാതെ യാകുന്നില്ല.
വ്യാജ നിർമ്മിതികൾക്ക് അധികം ആയുസുണ്ടാകില്ല. ചരിത്രവും ധീര ദേശാഭിമാനികളും എന്നെന്നും ജ്വലിച്ചു നിൽക്കുമെന്ന് ബി.ജെ.പിയും ആർ.എസ്.എസും ഓർക്കണം. നിങ്ങളുടെ ഇരുട്ടു നിറഞ്ഞ മനസ്സുകളിൽ മുക്കിക്കൊല്ലാനുള്ളതല്ല ഇന്ത്യയെന്ന വികാരം. രാജ്യത്തിന്റെ ചരിത്ര നിരാകരണം ഞങ്ങൾ അനുവദിക്കുകയുമില്ല.

V D Satheesan MLA
Leader of Opposition, Kerala Assembly