
ഈ കൊച്ചു കേരളത്തിന്റെ സ്ഥിതി അധിഭായാനകം തന്നെ!| കേരളത്തിന്റെ തനിമയാർന്ന കേരവൃക്ഷങ്ങളും പുഞ്ചപ്പാടങ്ങളും ഇപ്പോൾ ഓർമ്മകളിൽ മാത്രം.
ഈ കൊച്ചു കേരളത്തിന്റെ സ്ഥിതി അധിഭായാനകം തന്നെ!
കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു ചെറിയ സംസ്ഥാനമാണ്. ഇവിടെ മാറി മാറി ഭരിക്കുന്ന സർക്കാരുകൾ അവരുടെ സ്വാർത്ഥതയ്ക്കും ധനസമ്പാദനത്തിനും വേണ്ടി തന്നിഷ്ടം പോലെ ഈ നാടിനെ ഒറ്റുകൊടുക്കുകയും വിറ്റു മുടിയും ചെയ്യുകയാണ്. സാധാരണക്കാരന് ഒരുവിധത്തിലും ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി മാറിക്കഴിഞ്ഞു. ഇവിടത്തെ കർഷക മേഖലകൾ താറുമാറായി (ആക്കി എന്ന് വേണം പറയാൻ). കേരളത്തിന്റെ തനിമയാർന്ന കേരവൃക്ഷങ്ങളും പുഞ്ചപ്പാടങ്ങളും ഇപ്പോൾ ഓർമ്മകളിൽ മാത്രം.
നമ്മുടെ പുതുതലമുറ കേരളത്തിന്റെ തനിമ മറന്ന് പാശ്ചാത്യ സംസ്കാരത്തെ സ്വീകരിച്ചു കഴിഞ്ഞു. നമ്മുടെ സംസ്കാരത്തെ നിലനിർത്താനോ നമ്മുടേതായ കാർഷിക വിളകളെ സംരക്ഷിച്ചു കർഷകരെ രക്ഷിക്കാനോ ഇവിടത്തെ സർക്കാരുകൾ എന്തു ചെയ്തു എന്ന് ചിന്തിക്കുക. നമ്മുടെ രാഷ്ട്രീയക്കാർ ചേർന്ന് ദൈവത്തിന്റെ സ്വന്തം നാടിനെ ചെകുത്താന്റെ നാടാക്കി മാറ്റി കഴിഞ്ഞു.
വികസനം ഉണ്ടാകണം എന്നുള്ളത് അത്യാവശ്യം തന്നെയാണ്. അതിന്റെ പേരിൽ ഈ കൊച്ചു കേരളത്തെ പീഡിപ്പിക്കുന്നതും പ്രകൃതിയെ നശിപ്പിക്കുന്നതും നമുക്ക് അംഗീകരിക്കാൻ കഴിയില്ല.
ഇന്ത്യയിലെ തന്നെ വലുത് എന്ന് പറയാവുന്ന നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും ഒരു സൈനിക വിമാനത്താവളവും ഇപ്പോൾ കേരളത്തിലുണ്ട്. ഇതൊന്നും പോരാഞ്ഞിട്ടാണ് ‘ഇവിടത്തെ പട്ടിണി പാവങ്ങൾക്കായി’ ഇനി ശബരിമല വിമാനത്താവളം വരാൻ പോകുന്നത്. എന്തൊരു വിരോധാഭാസമാണ് ഇവിടെ നടക്കുന്നത്! എത്ര ഹെക്ടർ ഭൂമി അതിനു വേണ്ടി വെട്ടി നിരത്തി പ്രകൃതിയെ ചൂഷണം ചെയ്യും എന്ന് നാം ഓർക്കണം. എന്തിനുവേണ്ടിയാണ് ഈ കൊച്ചു കേരളത്തിൽ ഇത്രമാത്രം വിമാനത്താവളങ്ങൾ?
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയൊരു വാണിജ്യ തുറമുഖം കൊച്ചിയിലുണ്ട്. അതിന് ഏതാനും കിലോമീറ്റർ അപ്പുറത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലുത് എന്ന് പറയപ്പെടുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ആവശ്യമെന്ത്?
പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തും ഉപജീവനം മാർഗങ്ങളും ഇല്ലായ്മ ചെയ്യുന്ന ഈ തുറമുഖത്തിന്റെ പിന്നിൽ കോടികളുടെ കോഴയും അഴിമതിയും ജനദ്രോഹവും ആണെന്ന് പറയാതെ വയ്യ!
ഈ തുറമുഖത്തിന്റെ നിർമ്മാണം ആരംഭിച്ചത് മുതൽ തീരെ ശോഷണം വൻതോതിലുള്ള കടൽ ആക്രമണങ്ങളും തുടരുകയാണ്. അതിനെക്കുറിച്ച് ഒരു ശാസ്ത്രീയമായ പഠനം പോലും നടത്താതെ ഈ തുറമുഖത്തിന് വേണ്ടി മുറവിളി കൂട്ടുന്നവരുടെ ഉദ്ദേശം സംശയം ജനിപ്പിക്കുന്നതാണ്. തീരെ ശോഷണം മൂലം ഭവനരഹിതരായ കുടുംബങ്ങൾ ഇപ്പോഴും സിമന്റ് ഗോഡൗണുകളിലും താമസ യോഗ്യമല്ലാത്ത മറ്റ് ഇടങ്ങളിലും വർഷങ്ങളായി താമസിക്കുകയാണ്.
അവരുടെ പുനരധിവാസത്തെക്കുറിച്ച് ഒരു ശ്രദ്ധയുമില്ലാത്ത സർക്കാരാണ് ‘വികസനം’ എന്ന് പറഞ്ഞ് അധാനിക്ക് കുടപിടിക്കുന്നത്. ഇവിടുത്തെ പാവങ്ങൾക്ക് വേണ്ടി വാദിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും ഇല്ല എന്നുള്ളതാണ് സത്യം.
നമ്മുടെ മലയോരമേഖലകളിൽ താമസിക്കുന്ന ജനതക്ക് അവിടെ ജീവിക്കാൻ പറ്റുന്നുണ്ടോ? വന്യമൃഗ ശല്യവും പ്രകൃതിക്ഷോഭവും മൂലം അവർ നട്ടംതിരിയുകയാണ്. പട്ടിയെ സംരക്ഷിക്കാൻ നിയമമുള്ള നാട്ടിൽ മനുഷ്യജീവനും ജീവിതത്തിനും പുല്ലുവില! തങ്ങളുടെ പുരയിടത്തിൽ കയറി കൃഷിയിടങ്ങൾ നശിപ്പിക്കുകയും മക്കളെയോ കുടുംബാംഗങ്ങളെയോ ആക്രമിക്കുകയും ചെയ്യുന്ന ഏതെങ്കിലും ഒരു വന്യമൃഗത്തെ പ്രാണരക്ഷാർത്ഥം ഉപദ്രവിച്ചാൽ പിന്നെ അവന് ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരും. ഇതിനുപുറമെയാണ് അവനെ ജീവിക്കാൻ ഒരിക്കലും അനുവദിക്കില്ല എന്ന മട്ടിൽ ബഫർസോണും കസ്തൂരിരംഗനും ഗാർഗലും ഒക്കെ നിലയുറപ്പിച്ചിരിക്കുന്നത്. എന്തൊരവസ്ഥ!
ലോകം താരതമ്യേന ചിലവ് കുറഞ്ഞതും ഒത്തിരിയേറെ സ്ഥലം ആവശ്യമില്ലാത്തതുമായ ആധുനിക വൈദ്യുത പദ്ധതികൾ നടപ്പിലാക്കുമ്പോൾ, ഇവിടെ കേരളത്തിൽ (ഇതുപോലെ പ്രളയ ഭീഷണി അനുഭവപ്പെടുന്ന ഒരു സംസ്ഥാനം) കാലഹരണപ്പെട്ട ജലവൈദ്യുത പദ്ധതികൾക്ക് വേണ്ടി മുറവിളി കൂട്ടുന്നു. സാധാരണക്കാരുടെ ഉപജീവന മാർഗമായ ചെറിയ കൃഷിയും മത്സ്യബന്ധനവും ഒക്കെ എന്നെന്നേക്കുമായി നിന്നു പോകത്തക്ക വിധത്തിൽ, എന്തിന് അവന്റെ കുടിവെള്ളത്തെ പോലും മുട്ടിച്ചുകൊണ്ട് അതിരപ്പിള്ളിയിൽ പുഴകൾക്ക് കുറുകെ ഡാം കെട്ടി അനേക ഹെക്ടർ ഭൂമിയെ വെള്ളത്തിനടിയിലാക്കാൻ ശ്രമിക്കുന്നു.
എന്നാൽ മലയിൽ നിന്ന് താഴേക്ക് വന്നാലോ, പട്ടണങ്ങൾ മുഴുവൻ തിരക്കാണ്. യാത്രാ സൗകര്യങ്ങൾ ഇല്ലാതെ വലിയ ബ്ലോക്കുകൾ, കാര്യക്ഷമമായ റോഡ് വികസനങ്ങൾ ഒന്നും നടക്കുന്നില്ല. എന്താണ് കാരണമെന്ന് അറിയില്ലേ? അവിടെയാണ് വലിയ കുത്തകലാളിമാരുടെ കെട്ടിട സമുച്ചയങ്ങളും ബിസിനസ് സ്ഥാപനങ്ങളും എല്ലാം ഉള്ളത്. അവർക്കുവേണ്ടി നിയമങ്ങളെല്ലാം കാറ്റിൽ പുറത്തപ്പെടുന്നു. അവരെ ഒരു സർക്കാരും തൊടില്ല, കാരണം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കാലാകാലങ്ങളിൽ ഇത്തരക്കാരെ ആവശ്യമുണ്ട്. പട്ടണപ്രദേശങ്ങളിലെ ഈ മുതലാളിമാരുടെ സ്ഥാപനങ്ങൾ നിലനിർത്തുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി ഗ്രാമങ്ങളിൽ പാവപ്പെട്ടവന്റെ നെഞ്ചത്ത് കൂടെ പുതിയ വലിയ റോഡുകളും കെ റെയിലുകളും നിർമ്മിക്കുന്നു. അങ്ങനെ സാധാരണക്കാരന്റെ ജീവനും സ്വത്തും എന്തിന് കിടക്കാനുള്ള ഒരു കുഞ്ഞു കൂര പോലും അപഹരിക്കപ്പെടുന്നു.
ഈ കൊച്ചു കേരളത്തിന്റെ സ്ഥിതി അധിഭായാനകം തന്നെ!

Ben Elohim