- life
- LIFE CARE
- Mullaperiyar Dam
- Pro Life
- PRO-LIFE WARRIOR
- Right to life
- മുല്ലപ്പെരിയാര് അണക്കെട്ട്
- മുല്ലപ്പെരിയാര് ജലനിരപ്പ്
- മുല്ലപ്പെരിയാറിൽ
- സുരക്ഷ ഉറപ്പാക്കണം
- സുരക്ഷാ മുൻകരുതൽ
മുല്ലപ്പെരിയാർ ഉയർത്തുന്ന ഭീഷണി|വിട്ടുവീഴ്ച തോറ്റുകൊടുക്കാൻ വേണ്ടിയല്ല; നമ്മുടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ സംരക്ഷിക്കാനാണ്.
കേരളത്തെയും തമിഴ്നാടിനെയും തമ്മിൽ വേർതിരിക്കുന്ന പ്രധാന മേഖല പശ്ചിമഘട്ട മലനിരകളാണ്. ഈ പശ്ചിമഘട്ടമാണ് കേരളത്തിൽ സമൃദ്ധമായി മഴ ലഭിക്കാനും തമിഴ്നാട്ടിൽ മഴ ലഭിക്കാതിരിക്കാനുമുള്ള കാരണം. തമിഴ്നാട് വരണ്ട ഭൂപ്രദേശമാണ്. ജലലഭ്യതയും ജലസ്രോതസുകളും അവിടെ കുറവാണ്. 1876-1878 കാലഘട്ടത്തിൽ തമിഴ്നാട്ടിലുണ്ടായ കടുത്ത വരൾച്ചയിൽ 55 ലക്ഷത്തോളം ആളുകൾ മരിച്ചു.
ഈ ഗുരുതരമായ സാഹചര്യത്തിലാണ് ക്യാപ്റ്റൻ ജെ. ബെന്നിക്വിക് മുല്ലപ്പെരിയാറിൽ അണക്കെട്ട് നിർമിക്കാമെന്നും മല തുരന്ന് തമിഴ്നാട്ടിലേക്ക് ജലമെത്തിക്കാൻ സാധിക്കുമെന്നും ഗവൺമെൻറിനെ അറിയിച്ചത്. എന്നാൽ അണക്കെട്ട് സ്ഥാപിക്കേണ്ടത് കേരളത്തിലാണ്. കേരളം നാട്ടുരാജാക്കന്മാരുള്ള സ്വതന്ത്ര രാജ്യമായി നിലകൊള്ളുകയും ചെയ്യുന്നു. അതുകൊണ്ട് തിരുവിതാംകൂറും മദ്രാസും തമ്മിൽ ഒരു കരാർ ഉണ്ടാകേണ്ടത് അനിവാര്യമായി. അങ്ങനെയാണ് 1886ൽ മുല്ലപ്പെരിയാർ പാട്ടക്കരാർ രൂപപ്പെട്ടത്.
തിരുവിതാംകൂർ രാജാവായിരുന്ന വിശാഖം തിരുനാൾ മഹാരാജാവ്, ഈ അഭ്യർഥനയെ ആദ്യഘട്ടങ്ങളിൽ നിരസിച്ചിരുന്നു. ഈ പാട്ടക്കരാറുകൊണ്ട് തിരുവിതാംകൂറിൽ ഉണ്ടാകുന്ന ലാഭം എന്താണ് എന്നതായിരുന്നു അദ്ദേഹത്തിൻറെ ചോദ്യം. എന്നാൽ, ബ്രിട്ടീഷ് ഭരണകൂടത്തിൻറെ നിർബന്ധവും ഭീഷണിയും കരാറിൽ ഒപ്പുവയ്ക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു. അത് വ്യക്തമാക്കുന്നതാണ് ഒപ്പു വയ്ക്കുന്പോൾ അദ്ദേഹം നടത്തിയ പ്രസ്താവന: “എൻറെ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഇതിൽ ഒപ്പുവയ്ക്കുന്നത്.”
അപ്രത്യക്ഷമായ 50:50 ധാരണ
ഈ കരാറിൻറെ ആരംഭഘട്ടം മുതലേ ചതിയും വഞ്ചനയും പ്രകടമാണ്. 50:50 എന്ന ധാരണ ബ്രിട്ടീഷ് ഭരണകൂടം ആദ്യം മുന്നോട്ടുവച്ചിരുന്നു. തമിഴ്നാടിന് ആവശ്യമായ ജലം കേരളം നൽകുക, ജലംകൊണ്ടു തമിഴ്നാട്ടിൽ ലഭ്യമാകുന്ന വിവിധ ലാഭങ്ങളുടെ പകുതി കേരളത്തിനു നൽകുക എന്നതായിരുന്നു ധാരണ. കരാറിനു നേതൃത്വം നൽകിയത് തമിഴ് ബ്രാഹ്മണനായ ദിവാൻ വി. രാമ അയ്യങ്കാറായിരുന്നു. എന്നാൽ കരാറിൽ എങ്ങനെയോ 50:50 ധാരണ അപ്രത്യക്ഷമായി. കരാർ പ്രകാരം കേരളത്തിന് ഏക്കറിന് അഞ്ചു രൂപ നൽകാനും ധാരണയായി. ആ കാലഘട്ടങ്ങളിൽ ബ്രിട്ടീഷ് ഭരണകൂടവും നാട്ടുരാജാക്കന്മാരും തമ്മിൽ നടത്തിയിരുന്ന എല്ലാ കരാറുകൾക്കും 99 വർഷത്തെ ധാരണയാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ കരാറിൽ മാത്രം 999 വർഷത്തെ ധാരണ എഴുതിച്ചേർത്തതും തന്ത്രപൂർവമായിരുന്നു. തമിഴ്നാട്ടിലെ അഞ്ചു ജില്ലകൾക്ക് കൃഷിയാവശ്യത്തിന് ജലം നൽകുക എന്ന ധാരണയോടുകൂടി പാട്ടക്കരാറും നിലവിൽ വന്നു. കരാർ പ്രകാരം 8000 ഏക്കർ സ്ഥലത്തിൻറെ മുഴുവൻ അവകാശവും ബ്രിട്ടീഷുകാർക്കു ലഭിച്ചു. വിസ്തൃതമായ ഈ സ്ഥലത്തുണ്ടായിരുന്ന തടികളും വിളകളും എല്ലാം ബ്രിട്ടീഷുകാർക്ക് സ്വന്തമാക്കാനുള്ള കുതന്ത്രം കൂടിയായിരുന്നു ഈ കരാർ.
കരാറിലെ കല്ലുകടി
മുല്ലപ്പെരിയാർ പാട്ടക്കരാർ വഴി വിവരിക്കാനാവാത്തവിധം നേട്ടങ്ങളാണ് തമിഴ്നാടിനു ലഭിച്ചത്. 170 അടി ഉയരമുള്ള ഡാമിൽ 152 അടി ജലം സംഭരിക്കാൻ തീരുമാനമായി. 1932ൽ മദ്രാസ് ഗവൺമെൻറ്, മുല്ലപ്പെരിയാറിൽനിന്നു വരുന്ന ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശ്രമം ആരംഭിച്ചു. ജലസേചനത്തിനുവേണ്ടി മാത്രം എന്നുള്ള കരാറിലെ ഈ ലംഘനം വലിയ തർക്കത്തിനും കേസുകൾക്കും വഴിതെളിച്ചു. അങ്ങനെ 1941 സർ നളിനി നിരഞ്ജൻ ചാറ്റർജി എന്ന അന്പയർ തിരുവിതാംകൂറിന് അനുകൂലമായി വിധി പ്രസ്താവിച്ചു. 1959ലും വൈദ്യുതി ഉത്പാദനത്തിനു വേണ്ടിയിട്ടുള്ള പരിശ്രമം തുടർന്നു. 1947ൽ ഇന്ത്യ സ്വതന്ത്ര രാജ്യമായി മാറിയതോടുകൂടി നിലവിലുള്ള കരാറുകൾ എല്ലാം കാലഹരണപ്പെട്ടു.
എങ്കിലും മുല്ലപ്പെരിയാർ പാട്ടക്കരാർ തത്സ്ഥിതിയിൽ തുടർന്നു. 1970ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രി ആയിരിക്കുന്പോൾ ഈ പാട്ടക്കരാർ പുതുക്കുന്നതിനുള്ള നടപടികളായി. അതനുസരിച്ച് തമിഴ്നാടിന് വൈദ്യുതി ഉത്പാദിപ്പിക്കാൻ അധികാരം നൽകി കൊണ്ട് ഏക്കറിന് അഞ്ചു രൂപ എന്ന പാട്ടത്തുക 30 രൂപയായി ഉയർത്തി. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് വർഷംതോറും ഏഴര ലക്ഷം രൂപ കേരളത്തിനു നൽകാൻ തീരുമാനിച്ചു. എന്നാൽ, 999 വർഷം എന്ന കരാർ കാലഘട്ടം അതേപടി നിലനിർത്തി. ഇതാണ് മുല്ലപ്പെരിയാർ പാട്ടക്കരാറുമായി ബന്ധപ്പെട്ട കേരളത്തിനുണ്ടായിട്ടുള്ള ഏറ്റവും വലിയ വീഴ്ച.
ആശങ്കയുടെ ഉത്ഭവം
1975 ചൈനയിലെ ബാൻജിയാംഗോ ഡാം തകർന്നു. ഈ ഡാമിന് മുല്ലപ്പെരിയാർ ഡാമുമായി ഏറെ സാമ്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ അതിൻറെ തകർച്ച വലിയ ആശങ്കയുള്ളവാക്കി. 1979ൽ ഗുജറാത്തിലെ മാച്ചു ഡാം തകർന്നു. ഇതിൻറെ പശ്ചാത്തലത്തിൽ കേരളം സെൻട്രൽ വാട്ടർ കമ്മീഷനെ സമീപിച്ചു. മുല്ലപ്പെരിയാർ ഡാമിൻറെ സുരക്ഷ ഉറപ്പുവരുത്തുക എന്നതായിരുന്നു ആവശ്യം. പ്രസ്തുത കമ്മീഷൻ മൂന്നു തരത്തിലുള്ള നിർദേശങ്ങൾ നൽകി. എമർജൻസി പ്രൊവിഷൻസ്, മീഡിയം പ്രൊവിഷൻസ്, ലോംഗ് ടേം പ്രൊവിഷൻസ് എന്നിങ്ങനെയാണ് ഡാം സുരക്ഷിതമാക്കാനുള്ള നിർദേശങ്ങൾ നൽകിയത്. എമർജൻസി പ്രൊവിഷൻസ് പ്രകാരം 152 അടിയായിരുന്ന ജലനിരപ്പ് 136ലേക്ക് നിജപ്പെടുത്താൻ നിർദേശിച്ചു. ബാക്കി നിർദേശിച്ചിരുന്ന നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ജലനിരപ്പ് 152 അടിയാക്കി നിലനിർത്തുന്നതിനു തടസമില്ലെന്നും കമ്മീഷൻ നിർദേശിച്ചു.
1984ൽ കോൺക്രീറ്റ് ജോലികൾ ആരംഭിച്ചു. 1994ൽ നിർദേശിച്ചിരുന്ന എല്ലാ നവീകരണ പ്രവൃത്തികളും പൂർത്തിയാക്കിയതായി തമിഴ്നാട് അറിയിച്ചു. 1997ലെ നിർദേശമനുസരിച്ച് സ്പിൽ വേയിലും മാറ്റങ്ങൾ നടപ്പിലാക്കി. അതിനുശേഷം ജലനിരപ്പ് 152 അടിയാക്കി ഉയർത്താൻ അനുവദിക്കണമെന്ന് തമിഴ്നാട് കമ്മീഷനോട് ആവശ്യപ്പെട്ടു. എന്നാൽ, തമിഴ്നാടിൻറെ നവീകരണ പ്രവർത്തനങ്ങളിലുള്ള വീഴ്ചകൾ ചൂണ്ടിക്കാണിച്ച് കേരളം ഈ ആവശ്യത്തെ എതിർത്തു. തുടർന്ന് സുപ്രീംകോടതിയിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. അതുപ്രകാരം സുപ്രീംകോടതി എക്സ്പേർട്ട് കമ്മിറ്റിയെ നിയമിച്ചു. ആ കമ്മിറ്റി പഠനങ്ങൾ നടത്തിയ ശേഷം ഡാമിന് മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലെന്നും 136ൽനിന്ന് 142 അടിയിലേക്ക് ജലനിരപ്പ് ഉയർത്താമെന്നും നിർദേശിച്ചു.
2006ൽ സുപ്രീംകോടതി ഈ നിർദേശപ്രകാരം ജലനിരപ്പ് 142 അടിയാക്കി ഉയർത്താമെന്ന വിധി പ്രസ്താവിച്ചു. എന്നാൽ ഡാമിൻറെ ബലക്ഷയം ചൂണ്ടിക്കാണിച്ച് കേരളം തുടർന്നും കേസുകൾ നടത്തുകയും അതിൻപ്രകാരം സുപ്രീംകോടതി ഹൈലെവൽ എംപവേർഡ് വർക്കിംഗ് കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു. അവർ പഠനം പൂർത്തിയാക്കിയതിനു ശേഷം 2012ൽ ഡാം സുരക്ഷിതമാണ് എന്ന് റിപ്പോർട്ട് സമർപ്പിച്ചു.
ആശങ്ക ആവർത്തിക്കുന്ന റിപ്പോർട്ട്
35 ലക്ഷം ആളുകളുടെ ജീവന് ഭീഷണിയായി മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിലാണെന്ന ന്യൂയോർക്ക് ടൈംസിൻറെ റിപ്പോർട്ട് വലിയ ആശങ്കയാണ് ജനങ്ങളിൽ ഉളവാക്കുന്നത്. കേരള, തമിഴ്നാട് സർക്കാരുകൾ അടിയന്തര പ്രാധാന്യത്തോടെ ഈ വിഷയത്തിൽ ചർച്ചകൾ നടത്തി പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കണം. രണ്ടു സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തണം.
ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് ഏറ്റവും അപകടകരമായ ഡാം മുല്ലപ്പെരിയാറാണ്. ലിബിയയിൽ ഡാമുകൾ തകർന്ന് ഇരുപതിനായിരത്തിലധികം ആളുകൾ മരിക്കാനിടയായ പശ്ചാത്തലത്തിലാണ് ന്യൂയോർക്ക് ടൈംസ് ഇത്തരമൊരു പഠനം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുല്ലപ്പെരിയാർ ഡാമിൻറെ അപകടാവസ്ഥയെക്കുറിച്ച് നാം മുൻപും പ്രകടിപ്പിച്ചിട്ടുള്ള ആശങ്ക ഈ റിപ്പോർട്ട് ഒരിക്കൽകൂടി സ്ഥിരീകരിക്കുന്നു.
മുല്ലപ്പെരിയാർ ഡാം അപകടത്തിലായാൽ 35 ലക്ഷം ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും കേരളത്തിലെ നാല് ജില്ലകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യും എന്ന ഭീതിദമായ അവസ്ഥയാണ് ഈ ആശങ്കയ്ക്കു കാരണം. ഒരു ഡാമിൻറെ പരമാവധി കാലാവധി 50-60 വർഷങ്ങളാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നിടത്ത് 128 വർഷങ്ങൾക്കു ശേഷവും മുല്ലപ്പെരിയാർ ഡാം ഭാഗ്യപരീക്ഷണം നടത്തുന്നു.
1887ൽ നിർമാണം പൂർത്തിയാക്കിയ ഡാം പുനർനിർമിക്കണമെന്ന് 2021ൽ യുഎൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നതുമാണ്. എന്നാൽ നാളിതുവരെ ജനത്തിൻറെ ഈ വലിയ ആശങ്കയ്ക്കുമേൽ ഉത്തരവാദതപ്പെട്ടവരുടെ നിശബ്ദതയും നിസംഗതയുമാണ് ഉണ്ടായിരിക്കുന്നത്. മുല്ലപ്പെരിയാർ ഭൂകന്പ സാധ്യതയുള്ള പ്രദേശമാണെന്നും ഒരു ഭൂകന്പത്തെ അതിജീവിക്കാനുള്ള ശേഷി ഈ ഡാമിന് ഇല്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. അത്തരം ഒരു സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടം കേരളത്തിനു താങ്ങാനാവില്ല.
ഇടുക്കിയെ സംബന്ധിച്ച് വിവിധങ്ങളായ വിഷയങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. മുല്ലപ്പെരിയാർ ഡാമിനു സമീപത്തുള്ള ആയിരക്കണക്കിന് കുടുംബങ്ങൾ ഇന്ന് ഭയചകിതരായാണ് കഴിയുന്നത്. അതുപോലെതന്നെ ഇടുക്കി ഡാമിൻറെ സുരക്ഷയെക്കുറിച്ചും ആശങ്കകളുണ്ട്. ഹൈറേഞ്ചിൽ ആകമാനവും പെരിയാറിൻറെ തീരദേശങ്ങളിലും താമസിക്കുന്ന ആളുകൾ ഏറെ ഉത്കണ്ഠാകുലരുമാണ്. അതുകൊണ്ട് ജനപ്രതിനിധികൾ വിഷയത്തിൻറെ ഗൗരവം തിരിച്ചറിഞ്ഞ് സാധ്യമായ എല്ലാം മാർഗങ്ങളും ഉപയോഗിച്ച് ജനത്തിൻറെ ആശങ്ക അകറ്റുകയും നാടിനെ സംരക്ഷിക്കുകയും ചെയ്യണം.
പരിഹാരമാർഗം
ഡാമിൻറെ നിലനിൽപ്പും ജനത്തിൻറെ സുരക്ഷയും എന്നതിലുപരി രാഷ്ട്രീയമായ നേട്ടങ്ങളാണ് ഭരണകൂടങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ലക്ഷ്യം. 2021ലെ യുഎൻ റിപ്പോർട്ടിൽ, മുല്ലപ്പെരിയാർ ഡാം പുനർനിർമിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. സങ്കീർണമായിട്ടുള്ള ഒരു വിഷയമാണിത്. നിയമത്തിൻറെ തലനാരിഴ കീറി ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമം ഒരിക്കലും ശുഭകരമാകാൻ സാധ്യതയില്ല.
പുതിയ ഡാം നിർമിക്കുക എന്നതിനോട് തമിഴ്നാട് ഒരുതരത്തിലും യോജിക്കാൻ സാധ്യതയില്ല. കാരണം, പുതിയ ഡാം നിർമിക്കേണ്ടത് കേരളത്തിലാണ്. അങ്ങനെ ഒരു പുതിയ ഡാം നിർമിച്ചാൽ ഒരു പുതിയ കരാർ ഉണ്ടാക്കുക എന്നത് സ്വാഭാവികവുമാണ്. കുറഞ്ഞ ചെലവിൽ വലിയ ലാഭം കൊയ്യുക എന്ന തമിഴ്നാടിൻറെ ഇപ്പോഴത്തെ അവസ്ഥ തുടരാൻ പുതിയ കരാർ അനുവദിക്കുമെന്ന് അവർക്ക് പ്രതീക്ഷിക്കാൻ തരമില്ല. അതിനാൽ എല്ലാത്തരത്തിലും പുതിയ ഡാം നിർമിക്കുക എന്ന ആശയത്തെ തമിഴ്നാട് ഭരണകൂടവും അവിടുത്തെ ജനവും ഏതുവിധേനയും എതിർക്കും.
തമിഴ്നാടിന് ജലം നൽകണം എന്നതിൽ തർക്കമൊന്നുമില്ല. അവിടത്തെ കൃഷിയിടങ്ങൾ സംരക്ഷിക്കപ്പെടേണ്ടതും ആളുകൾക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതും അനിവാര്യമാണ്. എന്നാൽ കേരളത്തിൻറെ ആശങ്കയുടെ യാഥാർഥ്യം മനസിലാക്കണം. പ്രശ്നപരിഹാരത്തിന് കേരളം ഒരുപക്ഷേ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും.
പുതിയ കരാറുണ്ടാക്കുന്പോൾ പഴയ വ്യവസ്ഥകൾ അനുവദിച്ചു തരാമെന്ന് മുൻകൂട്ടി പറഞ്ഞാൽ ഒരു പക്ഷേ പുതിയ ഡാം നിർമിതി നടക്കാൻ സാധ്യതയുണ്ട്. വിട്ടുവീഴ്ച തോറ്റുകൊടുക്കാൻ വേണ്ടിയല്ല; നമ്മുടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ സംരക്ഷിക്കാനാണ്.
(ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടറും ജാഗ്രത സമിതി അംഗവുമാണ് ലേഖകൻ)
Related Posts
𝗧𝗛𝗘 𝗕𝗘𝗦𝗧 𝗠𝗔𝗥𝗥𝗜𝗔𝗚𝗘 𝗔𝗗𝗩𝗜𝗖𝗘 𝗘𝗩𝗘𝗥..|Never keep secrets from each other. Secrecy is the enemy of intimacy.
മുല്ലപ്പെരിയാറിനെ രക്ഷിക്കണമേ…|ഇങ്ങനെയൊക്കെ ചെയ്താൽ ഒരുപക്ഷേ പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം
- CMC VISION
- life
- Life Changing
- Life Is Beautiful
- Malayalam Short Film
- Pro Life
- ജീവിക്കാനുള്ള അവകാശം
- ജീവിതം
- ജീവിതം എന്നെ പഠിപ്പിച്ചത്
- ജീവിത ശൈലി
- ജീവിതങ്ങൾ
- ജീവിതസാഹചര്യങ്ങൾ
- നമ്മുടെ ജീവിതം
- മനുഷ്യജീവിതം
- സാന്ത്വനവുമായി
- സാമൂഹ്യ പ്രതിബദ്ധത