വീട്ടിലെ ചട്ടിയും കലവും തട്ടിയും മുട്ടിയും കലഹിക്കുമ്പോൾ നരച്ചതലകൾക്ക് എന്ത് ചെയ്യാം?

Share News

നിരവധി ഭവനങ്ങളിൽ വിവിധ തലമുറയിലുള്ളവർ ഒരുമിച്ച് പാർക്കാറുണ്ട്.അവിടെ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാം. കലഹം പൊട്ടി പുറപ്പെടാം.അശാന്തി പടരുമ്പോൾ തുറന്ന ആശയവിനിമയങ്ങൾക്കുള്ള വഴി അടയുന്നു. ഇത് വീണ്ടെടുക്കുകയെന്ന ദൗത്യം

ഏറ്റെടുക്കണം. ശാന്തമായ സാഹചര്യത്തിൽ പരസ്പരം സംസാരിച്ചാൽ തീരാവുന്നതാണ് പല അഭിപ്രായ വ്യത്യാസങ്ങളും. അതിനുള്ള സാഹചര്യം ഒരുക്കിയില്ലെങ്കിൽ ഗാർഹീകാന്തരീക്ഷം പുകയും. എല്ലാവരെയും ശ്വാസം മുട്ടിക്കും.

ശരിയുടെ പക്ഷം കണ്ടെത്താനും, മറ്റുള്ളവരെ അത് കാട്ടി കൊടുക്കാനും, അവരെ കൊണ്ട് അത് അംഗീകരിക്കാനും കഴിയണമെങ്കിൽ നിഷ്പക്ഷ നിലപാടെടുക്കുന്നയാൾ എന്ന പ്രതിച്ഛായ വേണം.

ചിലരോട് മൃദു സമീപനം, അവർക്കായി പക്ഷം പിടിക്കൽ തുടങ്ങിയ പെരുമാറ്റങ്ങൾ കാണിച്ചിട്ടുള്ളവർക്ക്‌ സ്വീകാര്യത കുറയും. അതൊക്കെ ഒഴിവാക്കിയുള്ള ഇടപെടലുകൾ ശീലിക്കണം. അവരുടെ അനുമതിയും പ്രധാനമാണ്.

എല്ലാവർക്കും പറയാനുള്ളത് കേൾക്കണം.പ്രശ്നങ്ങളാവും പറയുക.വികാരവിക്ഷോഭങ്ങളുടെ അകമ്പടിയുണ്ടാകും. തണുക്കും വരെ പറയട്ടെ. പരിഹാരം എന്തെന്ന് അവർ നിർദ്ദേശിക്കട്ടെ .സമവായത്തിന്റെ സാദ്ധ്യതകൾ അതിൽ നിന്നും

ചികഞ്ഞെടുത്തിട്ട്

വേണം ഒരുമിച്ചുള്ള വർത്തമാനങ്ങൾ. ആ വേളയിൽ കേട്ട വിവരങ്ങളെ ക്രോഡീകരിച്ചു അവതരിപ്പിക്കാം. പരിഹാരത്തെ കുറിച്ച് അവർ പറഞ്ഞ പരിഹാരങ്ങളിൽ നിന്ന് രൂപപ്പെടുത്തിയത് പറയാം. അതിന്റെ മെച്ചങ്ങൾ ചൂണ്ടി കാണിക്കാം. ബദൽ നിർദ്ദേശങ്ങൾ കേൾക്കാം. നല്ലത്‌ പൊതു സമ്മതത്തോടെ ചേർക്കാം.ഉപദേശ മഴ വേണ്ടെ വേണ്ട. തർക്കം പിന്നെയും മൂക്കാം. സമവായ ഇടപെടൽ വേളകളിൽ നിയന്ത്രണം പോയി കലഹത്തിന്റെ ഭാഗമാകാതിരിക്കാൻ പ്രേത്യേകം ശ്രദ്ധിക്കണം. തണുപ്പിക്കാൻ നോക്കണം . അത് സംഭവിക്കുന്നില്ലെങ്കിൽ മറ്റൊരു അവസരത്തിൽ ഒരുമിച്ച് ഇരിക്കാമെന്നു ചൊല്ലി അവസാനിപ്പിക്കാം.ഇങ്ങനെ കലഹം തീർക്കാനും വീട്ടിൽ ഊഷ്മളത കൊണ്ട് വരുവാനുമുള്ള വൈഭവങ്ങൾ ഇല്ലാത്തവർ അനുയോജ്യമായ മറ്റ് സഹായം ഉറപ്പാക്കണം. ശ്രമങ്ങൾ ഫലവത്താകുന്നില്ലെങ്കിലും

അങ്ങനെ ചെയ്യണം.

സ്വത്ത് വിഷയം പോലെയുള്ള ചില കാര്യങ്ങളിൽ മുതിർന്ന പൗരന്റെ പങ്ക് ആരോപിക്കപ്പെടാം. അത്തരം വേളകളിൽ മൗനം പാലിക്കുന്നതാണ് വിവേകം. അപ്പോൾ കുടുംബത്തിന് പുറത്ത് നിന്നും എല്ലാവർക്കും സമ്മതരായ വ്യക്തികളെ ആശ്രയിക്കണം.

ദാമ്പത്യ കലഹങ്ങളിൽ ഇടപെടുമ്പോൾ പരിധികൾ നിശ്ചയിക്കേണ്ടി വരും. ചർച്ചകളിലൂടെ അസ്വാരസ്യങ്ങൾക്കുള്ള പോംവഴികൾ അവർക്ക് തന്നെ കണ്ടെത്താൻ പ്രേരണ നൽകുന്ന റോളിലേക്ക് ഒതുങ്ങുന്നതാണ് നല്ലത്‌. വേണ്ടപ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാൻ നിർദ്ദേശിക്കണം.

(ഡോ .സി ജെ ജോൺ)

Share News