മുനമ്പം പ്രതിസന്ധി പരിഹരിക്കാൻ എന്താണൊരു മാർഗ്ഗം..?

Share News

മുനമ്പം പ്രതിസന്ധി പരിഹരിക്കാൻ എന്താണൊരു മാർഗ്ഗം..?

കേന്ദ്രസർക്കാർ പാർലമെന്റിൽ കൊണ്ടുവന്നിട്ടുള്ള വഖഫ് നിയമഭേദഗതി ബിൽ ഉടനടി പാസ്സാക്കുക. ഇതല്ലാതെ മറ്റൊരു രക്ഷാവഴിയും മുന്നിലില്ല.

എന്തുകൊണ്ടാണ് പുതിയ വഖഫ് ഭേദഗതി നിയമത്തിന് മാത്രമേ മുനമ്പം പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളു എന്നുപറയുന്നത്..?

1995ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഏതെങ്കിലും ഭൂമിയിൽ വഖഫ് ബോർഡ് അവകാശം ഉന്നയിച്ചാൽ അതിൽ തീരുമാനമെടുക്കേണ്ടത് വഖഫ് ട്രിബ്യൂണലാണ്. ഈ ട്രിബ്യൂണലിന്റെ തീരുമാനം അന്തിമമാണ്. അതിനെതിരെ ഒരു കോടതിയിലും അപ്പീൽ സമർപ്പിക്കാനാവില്ല.

അതായത് നിങ്ങളുടെ ഭൂമിയിൽ വഖഫ് ബോർഡ് കേറി കൊടി കുത്തുന്നു. അതിനെതിരെ പരാതിയുമായി പോകേണ്ടത് വഖഫിന്റെ സഹോദര സ്ഥാപനമായ ട്രിബ്യൂണലിന്റെ മുന്നിലാണ്. മുനമ്പത്തെ ഭൂമി വഖഫാണെന്ന് ട്രിബ്യൂണൽ വിധിച്ചാൽ അതിനെതിരെ ഇന്ത്യയിലെ ഒരു കോടതിയിലും അപ്പീലുമായി പോകാനാവില്ല. ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ കൊടുക്കാം. പക്ഷേ നിലവിലെ നിയമമനുസരിച്ച് ഹൈക്കോടതിക്ക് ഒരിടപടലും നടത്താനാവില്ല. ചുരുക്കിപ്പറഞ്ഞാൽ ഇപ്പോഴത്തെ വഖഫ് നിയമം മാറിയില്ലെങ്കിൽ മുനമ്പത്തുകാർ എന്നെന്നേക്കുമായി കുടുങ്ങും.

ഭൂമിയിൽ അവകാശത്തർക്കം വരുമ്പോൾ സിവിൽ കോടതിയിലാണ് സാധാരണ കേസ് നടക്കുന്നത്. എന്നാൽ 1995ലെ വഖഫ് ഭേദഗതി പ്രകാരം ഏതെങ്കിലും ഒരു പ്രോപ്പർട്ടിയിൽ വഖഫ് ബോർഡ് അവകാശം ഉന്നയിച്ചാൽ അതിനെതിരെ നിലവിലെ താമസക്കാരന് സിവിൽ കോടതിയെ സമീപിക്കാനാവില്ല. വഖഫ് ട്രിബ്യൂണലാണ് ഇവിടെ ഉടമസ്ഥാവകാശം സംബന്ധിച്ച് അന്തിമതീരുമാനം പുറപ്പെടുവിക്കുന്നത്.

സാധാരണ സിവിൽ വ്യവഹാരങ്ങളിൽ വസ്തുവിന്റെ നിലവിലെ കൈവശത്തിന് വലിയ മൂല്യവും പ്രാധാന്യവുമുണ്ട്. ആ ആനുകൂല്യം വഖഫ് ബോർഡ് അവകാശം ഉന്നയിച്ച ഭൂമിയിലെ നിലവിലെ കൈവശക്കാർക്ക് ലഭിക്കാൻ പാടില്ല എന്ന ദുരുദ്ദേശത്തോടെയാണ് വഖഫ് തർക്കത്തിൽ നിന്ന് സിവിൽ കോടതികളെ വിലക്കിയത്. വഖഫ് ആക്ട് പോലെ ഇത്രയും കുടിലവും ക്രൂരവുമായ മറ്റൊരു നിയമനിർമാണം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലില്ല.

കേന്ദ്രസർക്കാർ മുമ്പോട്ട് വച്ചിട്ടുള്ള വഖഫ് ഭേദഗതി എങ്ങനെയാണ് മുനമ്പത്തെ ജനങ്ങളെ സഹായിക്കുന്നത്..?

പാർലമെന്റിന് മുന്നിലുള്ള പുതിയ നിയമം പാസ്സായാൽ വഖഫ് ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ 90 ദിവസത്തിനുള്ളിൽ മുനമ്പത്തെ താമസക്കാർക്ക് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാം. മിക്കവാറും ഹൈക്കോടതി, വഖഫ് ട്രിബ്യൂണലിന്റെ ഉത്തരവ് എടുത്ത് തോട്ടിലെറിയും. അതോടെ മുനമ്പത്ത് ജനങ്ങൾക്ക്, അവർ വർഷങ്ങൾക്ക് മുമ്പ് കാശുകൊടുത്ത് വാങ്ങിയ ഭൂമിക്ക് വില്ലേജ് ഓഫീസിൽ കരമടയ്ക്കാം, കൈവശസർട്ടിഫിക്കറ്റ് വാങ്ങാം, ഭൂമി ബാങ്കിൽ ഈടുനല്കി വായ്പ എടുക്കാം. അങ്ങനെ വഖഫ് ബോർഡ് ഒരുക്കിയ മരണക്കുരുക്കിൽ നിന്ന് മുനമ്പത്തുകാർ എന്നെന്നേക്കുമായി രക്ഷപെടും.

ഇതൊക്കെ സാധ്യമാകണമെങ്കിൽ വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസ്സാകണം. ഈ നിയമത്തിന് എതിരെയാണ് കേരള നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി അയച്ചിരിക്കുന്നത് ( മുമ്പ് മഹാത്മാ മദനിയെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇതേപോലെ ഒന്നിച്ചൊന്നായി പ്രമേയിച്ചിട്ടുണ്ട് ).

മുനമ്പത്തെ താമസക്കാരെ അവിടെനിന്ന് ഇറക്കിവിടില്ലെന്നാണ് ഇപ്പോഴത്തെ വീരവാദം..!

ശരിയാണ്. ഗുരുതരമായ സാമൂഹിക – രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉളവാകുമെന്നതിനാൽ മുനമ്പത്തുകാരെ ഉടനെ അവിടെനിന്ന് കുടിയൊഴിപ്പിക്കാനൊന്നും വഖഫ് ബോർഡ് മുന്നോട്ട് വരില്ല. പക്ഷേ കാശുകൊടുത്ത് വാങ്ങി, വീടും വച്ച് ദശകങ്ങളായി താമസിക്കുന്ന ഭൂമിക്ക്

നികുതി അടയ്ക്കാനുള്ള അവകാശം പോലുമില്ലാതെ, വെറും അനധികൃത കുടിയാന്മാരായി മുനമ്പത്തുകാർക്ക് സ്വന്തം മണ്ണിൽ തുടരാം. നിയമപരമായ ഒരു അവകാശവും താമസഭൂമിയിൽ മുനമ്പം നിവാസികൾക്കുണ്ടാവില്ലെന്ന് സാരം.

ലോകത്തെ ഒരു ജനാധിപത്യ മതേതര രാജ്യത്തും ഇന്ത്യയിലെ വഖഫ് ആക്ട് പോലൊരു ചോരകുടിയൻ ഡ്രാക്കുള നിയമമുണ്ടാവില്ല. രാജ്യത്തെ നൂറുകണക്കിന് കുടുംബങ്ങളാണ് കണ്ണിൽച്ചോരയില്ലാത്ത വഖഫ് കിരാതനിയമത്തിന്റെ ഇരകളായി വഴിയാധാരമായി തെരുവിൽ നില്ക്കുന്നത്. തലമുറകളായി താമസിച്ചു വന്ന ഭൂമിയും കിടപ്പാടവും അന്യമാക്കപ്പെട്ട്, അടഞ്ഞ കോട്ടവാതിലുകൾക്ക് മുന്നിൽ നീതിതേടി അലഞ്ഞ് തളർന്ന് വിലപിക്കുന്നവരിൽ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും എല്ലാമുണ്ട്.

സ്വന്തം ജനതയെ അവരുടെ പൊക്കിൾക്കൊടി മണ്ണിൽ നിന്ന് കുടിയൊഴിപ്പിക്കാനുള്ള അനിയന്ത്രിതമായ അധികാരം ഒരു മതസ്ഥാപനത്തിന് കല്പിച്ചു കൊടുത്ത വഖഫ് നിയമത്തിന്റെ പ്രായോജകരും വക്താക്കളും സെക്കുലർ രാഷ്ട്രീയക്കാരാണ് എന്നതാണ് ഏറ്റവും ഖേദകരം.

ദേവസ്വം ബോർഡിന് ഏതെങ്കിലും സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കയറി അവകാശവാദം ഉന്നയിക്കാനോ അതിൽ സ്വയം തീരുമാനമെടുക്കാനോ കഴിയില്ല. എന്നാൽ വഖഫ് ബോർഡിന് ആരുടെ കിടപ്പാടവും തട്ടിയെടുക്കാം. ഈ അതിക്രമത്തെ ഒരു കോടതിയിലും ആരും ചോദ്യം ചെയ്യാൻ പാടില്ലായെന്നാണ് വഖഫ് നിയമം പറയുന്നത്.

വഖഫ് അമ്പേറ്റ് പിടയുന്ന മുനമ്പത്തിന്റെ പ്രാണൻ രക്ഷിക്കാൻ പ്രതിപക്ഷം കനിയണം. പാർലമെന്റിൽ പുതിയ നിയമം പാസ്സാകണം.

കണ്ണിൽ പൊടിയിടാൻ വരുന്നവരെ സൂക്ഷിച്ചില്ലെങ്കിൽ വഖഫ് വൻതിരയിൽ ഒലിച്ചുപോകും മുനമ്പത്തുകാരുടെ മണ്ണും ജീവിതവും.

Sajeev Ala 

Share News