
എന്തുകൊണ്ട് കെ-റെയിൽ? |കേരളത്തിന്റെ വികസനത്തിലെ അടുത്ത സുപ്രധാനഘട്ടത്തിന് അത്യന്താപേക്ഷിതമാണ് സംയോജിതവും സന്തുലിതവുമായ ഗതാഗത സംവിധാനം.
എന്തുകൊണ്ട് കെ-റെയിൽ?
കേരളത്തിന്റെ വികസനത്തിലെ അടുത്ത സുപ്രധാനഘട്ടത്തിന് അത്യന്താപേക്ഷിതമാണ് സംയോജിതവും സന്തുലിതവുമായ ഗതാഗത സംവിധാനം. ഇതാണ് ആദ്യ പോസ്റ്റിൽ ഞാൻ പറയാൻ ശ്രമിച്ചത്. അതിനോടുള്ള പ്രതികരണമായിട്ടെങ്കിലും സി.കെ. വിജയൻ ചോദിക്കുന്നത് കൂടുതൽ കൃത്യമായി വേഗ റെയിൽപ്പാത ഏതെല്ലാം വ്യവസായങ്ങളെയാണ് സഹായിക്കുകയെന്ന് വ്യക്തമാക്കാമോ എന്നുള്ളതാണ്.
ഭാവി വ്യവസായ വികസനത്തിൽ ഏറ്റവും നിർണ്ണായക പങ്കുവഹിക്കാൻ പോകുന്നത് കാസർഗോഡ്, കണ്ണൂർ, കാക്കനാട്, കോട്ടയം പ്രദേശങ്ങളിലെ വ്യവസായ പാർക്കുകളും തൃശ്ശൂർ – പാലക്കാട് ഇടനാഴിയുമാണ്. അതുപോലെ തിരുവനന്തപുരത്ത് ഔട്ടർ റിംഗ് വ്യവസായ ഇടനാഴിയുമുണ്ട്. ഇവയെ ബന്ധിപ്പിക്കുന്നതായിരിക്കും വേഗ റെയിൽപ്പാത. ഇത് ഈ മേഖലകളിലേയ്ക്ക് നിക്ഷേപങ്ങളെ ആകർഷിക്കാൻ സഹായകരമാണ്.
ഇവയിൽ തിരുവനന്തപുരത്തെ ഔട്ടർറിംഗിനെയും പാലക്കാട്ടെ പാർക്കുകളെയും കെ-റെയിലുമായി ബന്ധിപ്പിക്കുന്ന പ്രത്യേക ഗതാഗത സംവിധാനം വേണ്ടിവരും. അതുപോലെ തന്നെ വേഗ റെയിൽപ്പാത ടൂറിസം വികസനത്തിനും സഹായകരമായിരിക്കും. ഏറ്റവും ഭാവി ടൂറിസം വികസന സാധ്യത മലബാറിലെ ബീച്ചുകളുമായി ബന്ധപ്പെട്ടാണ്. പരമ്പരാഗത ടൂറിസം കേന്ദ്രങ്ങളും നവകേന്ദ്രങ്ങളും തമ്മിലുള്ള അകലം വേഗ റെയിൽപ്പാതമൂലം ഗണ്യമായി കുറയും.
അവസാനമായി മേൽപ്പറഞ്ഞ നിക്ഷേപങ്ങൾക്കു പുറമേ കേരളത്തിന്റെ വലിയൊരു ഭാവി വളർച്ചാ സാധ്യത പുറംജോലികൾ വീട്ടിലോ വീട്ടിനടുത്തോയിരുന്ന് ഡിജിറ്റലായി ചെയ്യാനുള്ള തൊഴിലുകൾ സൃഷ്ടിക്കുക എന്നതാണ്. 20 ലക്ഷം തൊഴിലവസരങ്ങളാണ് ഇത്തരത്തിൽ ലക്ഷ്യമിടുന്നത്. ഇത്തരമൊരു വികേന്ദ്രീകൃത വികസനം വിജയിക്കുന്നതിന് കെ-ഫോൺ മാത്രമല്ല കെ-റെയിലും മറ്റു ഗതാഗത സൗകര്യങ്ങളും ട്രാൻസ്ഗ്രിഡുമെല്ലാം അനിവാര്യമാണ്.മുൻ റെയിൽവേ ബോർഡ് ചെയർമാനും ജനകീയാസൂത്രണ പ്രമുഖനുമായിരുന്ന എം.എൻ. പ്രസാദ് പലപ്പോഴും പറയാറുണ്ടായിരുന്ന ഒരു കാര്യം ഞാൻ ഓർക്കുകയാണ്: കേരളത്തിന് ഗ്രേറ്റർ ബോംബെയുള്ള വലിപ്പമേയുള്ളൂ. റെയിലിന് കൂടുതൽ ഊന്നൽ നൽകുന്ന ഒരു സമഗ്ര ഗതാഗത സംവിധാനം കൂടിയുണ്ടെങ്കിൽ ഏതെങ്കിലും ഒരു നഗരത്തിൽ കേന്ദ്രീകരിക്കാതെ കേരളത്തെ മുഴുവൻ ഒരു നവീന സാമ്പത്തിക മേഖലയാക്കി മാറ്റാനാവും. ഇവിടെയാണ് കെ-റെയിലിന്റെ വികസന പ്രസക്തി.
പാരിസ്ഥിതികമായി കെ-റെയിൽ ഇന്നത്തെ റോഡ് മാത്ര ഗതാഗത ശൃംഖലയേക്കാൾ പാരിസ്ഥിതിക സൗഹൃദമാണ്. ഇപ്പോൾ നമ്മൾ ദേശീയപാത 6 വരിയാക്കുകയാണ്. ആലുവ – എറണാകുളം അല്ലെങ്കിൽ ആലുവ – തൃശ്ശൂർ ദേശീയപാത വിഭാഗത്തിലെ ഗതാഗതകുരുക്കൊന്ന് നോക്കിയാലറിയാം 5 വർഷം കഴിഞ്ഞാൽ നവീകരിച്ച ദേശീയപാതയുടെ സ്ഥിതി എന്താകുമെന്ന്. ഇനി നമ്മൾ പുതിയൊരു ദേശീയപാത പണിഞ്ഞാലും ഇതുതന്നെയായിരിക്കും കുറച്ചുവർഷം കഴിയുമ്പോഴുള്ള സ്ഥിതി. റോഡ് – കാർ കേന്ദ്രീകൃതമായ ഗതാഗതമാണ് ലോകത്തെ കാർബൺ ബഹിർഗമനത്തിന്റെ ഏറ്റവും വലിയ സ്രോതസ്സ്.
അതിനെന്താണ് കെ-റെയിൽ, നിലവിലുള്ള റെയിൽപാത നവീകരിക്കുകയും ഇരട്ടിപ്പിക്കുകയും ചെയ്താൽ പോരേ എന്ന ചോദ്യമുണ്ട്. അവയൊക്കെ വേണ്ടതുതന്നെ. പക്ഷെ നിലവിലുള്ള തിരുവനന്തപുരം – കാസർഗോഡ് പാതയിൽ 36 ശതമാനം വളവുകളാണ്. മൊത്തം 627 എണ്ണം. അവ നേരെയാക്കാൻ ഇപ്പോൾ റെയിൽവേയ്ക്കു പദ്ധതിയില്ല. അതുകൊണ്ട് സിഗ്നലിംഗ് സമ്പ്രദായം ആധുനീകരിക്കുകയും പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കലും ചെയ്താലും ഇപ്പോഴുള്ള ശരാശരി 45 കിലോമീറ്റർ സ്പീഡ് ഗണ്യമായി ഉയർത്താൻ കഴിയില്ല. അവിടെയാണ് 200 കിലോമീറ്റർ സ്പീഡിലുള്ള കെ-റെയിലിന്റെ പ്രസക്തി.
ഇതിലെ ഭാവിയാത്രക്കാരുടെ സാധ്യതാ കണക്ക് വച്ചുനോക്കുമ്പോൾ 530 കോടി രൂപയുടെ പെട്രോൾ-ഡീസൽ ഒരു വർഷം ലാഭിക്കാനാകും. ഹൃസ്വദൂര യാത്രക്കാർ കെ-റെയിൽ ഉഫയോഗിക്കാൻ പോകുന്നില്ല. പക്ഷെ 4 മണിക്കൂർകൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർഗോഡും 1.5 മണിക്കൂർകൊണ്ട് എറണാകുളത്തും എത്താമെന്നു വന്നാൽ ആരാണ് കാറെടുത്ത് ഈ ദീർഘദൂര യാത്രയ്ക്ക് പോകുക? സ്പീഡ് മാത്രമല്ല കാറിനു കിലോമീറ്ററിന് 10 രൂപ ചെലവു വരുമ്പോൾ കെ-റെയിൽ 2.75 രൂപയേ വരൂ. കാക്കനാടല്ല കൊച്ചിയിൽ പോകേണ്ടയാൾക്കും കാക്കനാടു നിന്ന് ടാക്സി പിടിച്ച് കൊച്ചിയിൽ പോയാലും മുതലാവും. അതല്ലെങ്കിൽ ലാസ്റ്റ് മൈലിന് കാര്യക്ഷമമായ പബ്ലിക് ട്രാൻസ്പോർട്ട് ഒരുക്കിയാലും മതി. നഗരങ്ങൾക്ക് ബൈപ്പാസ് റോഡുണ്ടാകുമ്പോൾ ദീർഘദൂര യാത്രക്കാർ നഗരത്തിൽ പ്രവേശിക്കുന്നതുമൂലം നഗരങ്ങളിലെ തിരക്ക് കുറയുന്നത് നമ്മളിപ്പോൾ നേരിട്ട് കാണുന്നതല്ലേ. അതുപോലൊരു മാറ്റം റോഡിൽ നിന്ന് റെയിലിലേക്കു കൊണ്ടുവരുന്നതിന് കെ-റെയിൽ സഹായിക്കും.
Dr.T.M Thomas Isaac