
വിനു വി ജോണിനൊപ്പം.നിർഭയ മാധ്യമപ്രവർത്തനത്തിനു വേണ്ടിയുള്ള അവകാശത്തിനൊപ്പം.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഞാൻ നാട്ടിലുണ്ടായിരുന്നില്ല. നാട്ടിലെത്തിയ ശേഷം ഇന്ന് വിനു വി ജോണിനെ വീട്ടിലെത്തി സന്ദർശിച്ചു.
നരേന്ദ്രമോദി സർക്കാരിൻ്റെ ജനദ്രോഹ നിലപാടുകൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അഖിലേന്ത്യാതലത്തിൽ നടത്തിയ പണിമുടക്ക് നിർഭാഗ്യവശാൽ കേരളത്തിൽ ചിലരുടെ കുൽസിതതാൽപര്യങ്ങളുടെ പുറത്ത് ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുകയുണ്ടായി. തങ്ങൾക്ക് അനഭിമതരായുള്ളവരെയും തങ്ങളെ വിമർശിക്കുന്നവരെയും ഒപ്പം പൊതുജനത്തെയും ശത്രുപക്ഷത്ത് നിർത്തികൊണ്ട് അവർക്കെതിരായ പ്രതിഷേധമാക്കി പണിമുടക്കിനെ മാറ്റുകയായിരുന്നു സിപിഎമ്മും പോഷക സംഘടനകളും.
മോദിയ്ക്കെതിരെയായിരുന്നു സമരം ആഹ്വാനം ചെയ്തതെങ്കിലും ഒരു വിഭാഗം നേതാക്കൾ ജനങ്ങളെ ബന്ദിയാക്കി സമരത്തിനെതിരെ ചിന്തിക്കാൻ അവരെ നിർബന്ധിതരാക്കി. ആരോ നിർദ്ദേശം നൽകിയതുപോലെ കരുതിക്കൂട്ടി അക്രമമഴിച്ചുവിടുകയായിരുന്നു സിപിഎം- സിഐടിയു പ്രവർത്തകർ. മുൻവർഷങ്ങളിലും പണിമുടക്കുകൾ നടന്നിരുന്നുവെങ്കിലും ഇത്തരത്തിൽ ജനവിരുദ്ധമായി അത് മാറിയിരുന്നില്ല. അക്കാലവും ഇത്തവണയും തമ്മിലുള്ള ഏകവ്യത്യാസം പിണറായിക്ക് തുടർഭരണം ലഭിച്ചു എന്നതാണ്.
പണിമുടക്കിൻ്റെ മറവിൽ സിപിഎം പ്രവർത്തകർ നടത്തിയ അക്രമങ്ങളെ വിമർശിച്ചു എന്നതിൻ്റെ പേരിൽ, അല്ലെങ്കിൽ അക്രമകാരികളെ പിന്തുണയ്ക്കുകയും ഇരകളെ അവഹേളിക്കുകയും ചെയ്ത സിപിഎം നേതാവിൻ്റെ അപമാനകരമായ വാക്കുകളെ അപലപിച്ചതിൻ്റെ പേരിൽ ഒരു മാധ്യമപ്രവർത്തകനെ വ്യക്തിപരമായി പിന്തുടർന്ന് ആക്രമിക്കുകയാണ് സിപിഎമ്മുകാർ. നാം മോദിയെ എന്തൊക്കെ കാര്യങ്ങളിൽ വിമർശിക്കുന്നുവോ അതിൻ്റെ തനിയാവർത്തനമായി കേരളത്തിലെ പിണറായി സർക്കാരും മാറിയിരിക്കുകയാണ് എന്നതാണ് ഈ പണിമുടക്കിന് ശേഷമുണ്ടായ അനുബന്ധ സംഭവങ്ങൾ നമ്മളെ പഠിപ്പിക്കുന്നത്.
ഞാൻ കൂടി അംഗമായിരുന്ന കഴിഞ്ഞ യു.ഡി.എഫ് സർക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് വിമർശിച്ചിട്ടുള്ള മാധ്യമപ്രവർത്തകനാണ് വിനു വി. ജോൺ. എന്നാൽ ഒരു ജനാധിപത്യരാജ്യത്ത് ഏറ്റവും വലിയ പ്രതിപക്ഷം മാധ്യമങ്ങളാണ് എന്ന ബോധ്യം ഞങ്ങൾക്കുണ്ട്.
മാധ്യമങ്ങൾ നിർഭയരായി ഭരണകൂടത്തെ വീക്ഷിക്കേണ്ടതും വിമർശിക്കേണ്ടതും ജനാധിപത്യത്തിൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ജനാധിപത്യത്തെ ഭയക്കുന്നവരാണ് മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നത്. തൊഴിലാളികൾക്ക് വേണ്ടിയാണ് തങ്ങൾ സമരം ചെയ്യുന്നതെന്ന് വീമ്പ് പറയുന്ന നേതാക്കന്മാർ വിനുവും ഒരു തൊഴിലാളിയാണെന്ന കാര്യം എന്തേ മറന്നുപോകുന്നു.
വിനു വി ജോണിനൊപ്പം.നിർഭയ മാധ്യമപ്രവർത്തനത്തിനു വേണ്ടിയുള്ള അവകാശത്തിനൊപ്പം.

ഷിബു ബേബിജോൺ