വിഡി സതീശന്‍ പ്രതിപക്ഷ നേതാവ് ! ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പസമയത്തിനകം, രമേശ് ചെന്നിത്തലയ്ക്ക് ദേശീയ നേതൃത്വത്തിൽ ഉന്നത പദവി
ഡല്‍ഹി: ഒടുവിൽ തീരുമാനമായി. കേരളത്തിലെ പ്രതിപക്ഷ നേതാവായി വിഡി സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പസമയത്തിനകം ഉണ്ടാകും.
നേതൃമാറ്റത്തിന്റ ചുമതലയുളള ഹൈക്കമാന്‍ഡ് പ്രതിനിധി മല്ലികാര്‍ജുനഗാര്‍ഗെ, വിഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനം കേരളത്തിലെ നേതൃത്വത്തെ അറിയിച്ചു. വിഡി സതീശനെയും ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ചിട്ടുണ്ട്. എഐസിസിയുടെ ഔദ്യോഗിക പത്രക്കുറിപ്പ് ഉടന്‍ ഇറങ്ങും
2001 മുതല്‍ പറവൂരില്‍ നിന്നുള്ള ജനപ്രതിനിധിയാണ് വിഡി സതീശന്‍. ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ചാണ് സതീശന്‍ നിയമസഭയില്‍ എത്തിയിരുന്നത്. കഴിഞ്ഞ നിയമസഭയില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയുടെ അധ്യക്ഷനായിരുന്നു സതീശന്‍.
അതേസമയം കഴിഞ്ഞ സഭയിൽ ഉജ്വാല പ്രകടനം കാഴ്ചവച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ദേശീയ നേതൃത്വത്തിൽ ഉന്നത പദവി ഉടൻ ഉണ്ടാകും. മോശം പ്രകടനം കൊണ്ടല്ല ചെന്നിത്തലയെ മാറ്റുന്നത് എന്ന വ്യക്തമായ സന്ദേശം തന്നെയാണ് ഹൈക്കമാൻഡ് നൽകുന്നത്.
സർക്കാർ പുതിയ ടീമിനെ ഇറക്കി പരീക്ഷണം തുടരുന്ന സാഹചര്യത്തിൽ പ്രതിപക്ഷത്തും മാറ്റം വേണമെന്ന പൊതു അഭിപ്രായം മാനിച്ചാണ് നടപടി.