കൊച്ചി കനാലിൽ നിന്നും പ്രത്യേക ലേഖകൻ

Share News

കൊച്ചിയിലെ കൊതുക് സമൂഹത്തിലെ ഒരു സാംസ്‌കാരിക നേതാവും,എഴുത്തുകാരനും , വിവരാവകാശ രേഖകൾ നോക്കിയും, മാധ്യമങ്ങൾ നിരീക്ഷിച്ചും കാര്യങ്ങൾ കാലികമായി വിലയിരുത്തുന്ന “കൊച്ചേട്ടൻ ” കൊതുക് എഴുതിയ കത്ത്, വഴിയിൽ ചോർന്നു.

കാറ്റുകൊള്ളാൻ പോയ മറ്റൊരു കൊതുകിനു അത് വീണുകിട്ടി. അത് കൊച്ചി മനോരമയിൽ ലഭിച്ചപ്പോൾ അതിന്നു അച്ചടിച്ചു വന്നു. തങ്ങളുടെ കത്ത് ഓണത്തിന് മുമ്പ് ചോർന്നതിനെക്കുറിച്ച് അവർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനവസരത്തിൽ ഇങ്ങനെ ഒരു കത്ത് എഴുതിയതിന്റെ പിന്നിലെ ദുരുദ്ദേശം തിരിച്ചറിയണമെന്ന്, പച്ചാളം മേഖലയിലെ ഒരു വിഭാഗം കൊതുക് കൂട്ടായ്‌മ ആവശ്യം ഉന്നയിച്ചു.

തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ ഈ കത്തിന് വലിയ പ്രാധാന്യം ഉണ്ടെന്ന് പാലാരിവട്ടം ഡിവിഷൻ കൊതുക് കൂട്ടായ്‌മ വിലയിരുത്തി. സുഖകരമായി, സുരക്ഷിതമായി കഴിഞ്ഞിരുന്ന വലിയ വിഭാഗം കൊതുകളുടെ യഥാർത്ഥ അവസ്ഥ ഇപ്പോൾ വെളിപ്പെടുത്തിയത് ഉചിതമായില്ല. ഇപ്പോൾ മനോരമ, തുടർന്ന് മാതൃഭൂമി, ദീപിക, കൗമുദി, ദേശാഭിമാനി.. തുടങ്ങിയ പത്രങ്ങളും കൊതുകുകളുടെ ജീവിതശൈലി വർത്തയാക്കിയാലുള്ള അവസ്ഥ എന്തായിരിക്കും? – കൊച്ചുണ്ണി കൊതുക് ചോദിച്ചു.

മനുഷ്യർ പലവിധ പ്രശ്നങ്ങൾ അഭിമുഖീകരിച്ചു നരകിക്കുമ്പോൾ കൊച്ചിയിലെ കൊതുകുകളുടെ അവസ്ഥ വർത്തയാകുന്ന അവസ്ഥ പാടില്ലായിരുന്നു.– തേവരയിലെ അപ്പൂസ് കൊതുകാചാര്യൻ ചൂണ്ടിക്കാട്ടി.

കത്ത് എഴുതി, കൊതുക് സമൂഹത്തിന്റെ നിലനിൽപ്പ് ഇല്ലാതാക്കിയ യുവനേതാവ് ആരാണെന്നു വൈകാതെ കണ്ടെത്തി വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് കൂത്താടിമലയിൽ അനോഫിലസ് കൊതുക് പത്രസമ്മേളനം നടത്തി ആവശ്യപ്പെട്ടു.

കോവിഡിനേക്കാൾ മാരകമാണോ മലേറിയയും ജപ്പാൻ ജ്വരവും ഡെങ്കിപനിയും മന്തുമെല്ലാം അദ്ദേഹം ചോദിച്ചു.

പാലാരിവട്ടം പാലത്തിന്റെ അടിയിൽ ഫ്ളാറ്റിനേക്കാൾ സൗകര്യത്തിൽ കഴിയുന്ന സഹോദര കൊതുകുകൾ, കനാലിലും തോട്ടിലും കഴിയുന്ന സാധുകൊതുകുകളെ സഹായിക്കണമെന്നും മറൈൻ ഡ്രൈവ് ഡിവിഷൻ കൂട്ടായ്‌മ നിർദേശിച്ചു.

ലൈഫ് പദ്ധ്യതിയിലെ കമ്മീഷൻ വാങ്ങിയവർ മറ്റൊരു പദ്ധതിയുമായി കൊച്ചിയിൽ എത്തി കൊതുകുകളുടെ നാശംവരുത്താതെ നോക്കണം., ഇപ്പോൾ കൊച്ചി, ഇതിനി എറണാകുളം ജില്ലയിലെ, പിന്നെ സംസ്ഥാനത്തെ മൊത്തം കൊതുകൾക്കു ഭീഷണിയായി മാറാതെ ശ്രദ്ധിക്കണമെന്നും വെല്ലിംഗ്ടൺ ഐലൻഡിലെ മാൻസ് അനോയ്ഡ് കൊതുക് അഭിപ്രായപ്പെട്ടു.

കൊച്ചി എഡിഷൻ മനോരമ പത്രം കടകളിൽ നിന്നുംമൊത്തമായി വാങ്ങി, വായനക്കാരിൽ നിന്നും മറച്ചുവെന്നും വടുതലയിലെ ഈഡിഡ് കൊതുക് അറിയിച്ചു.

മേയർ, കൗൺസിലർമാർ, ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവരുടെ വീടുകളിലെ മനോരമ പത്രം അവർ വായിക്കും മുമ്പ് മാറ്റിയതായി കടവന്ത്രയിലെ ക്യുലക്സ് കൊതുക് അവകാശപ്പെട്ടു.

.

മനോരമയിൽ വാർത്തയാതിനാൽ സർക്കാർ ഉടനെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ,അത് കൊതുകുകളുടെ ജീവനും സ്വത്തിനും നാശം വരുത്തുമെന്നും ഉന്നതാധികാര സമിതി വിലയിരുത്തി .

കൊതുക് നഴ്സറി വികസന പദ്ധതികൾക്ക് തുരങ്കം വെയ്ക്കുന്ന വിമത വിഭാഗം കൊതുകളുടെ നിലപാടിൽ പ്രതിഷേധിച്ചും, മനോരമ മനുഷ്യരെ സഹായിക്കുവാൻ എടുത്ത കടുത്ത മനോഭാവത്തിൽ പ്രതിഷേധിച്ചും , കൊച്ചി ടൌൺ ഹാളിനു സമീപമുള്ള കനാലിൽ സംസ്ഥാന സമ്മേളനം നടത്തുവാനും തീരുമാനിച്ചു.

മനോരമ ലേഖകരുടെ വീടുകളിൽ കൂടുതൽ ആക്രമണം നടത്താതിരിക്കുവാൻ പോലീസ് നടപടികൾ ആരംഭിച്ചതായും സ്വന്തം ലേഖകൻ റിപ്പോർട്ട്‌ ചെയ്തു.

അടുത്ത വർഷം മുതൽ കൊതുക് ദിനം ആചരിക്കേണ്ടതില്ലെന്നും ,കൊച്ചിയിലെ വിവിധ വിഭാഗം കൊതുക് സംഘടനകൾ മേയർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകുമെന്നും അറിയുന്നു.

സ്വർണം കടത്തി വാർത്തയിൽ ഇടം നേടുന്നവരും, അവരെ സംരക്ഷിക്കുന്നവരും , ദൈവത്തിന്റെ സ്വന്തം നാട്ടിലെ നല്ലയിനം കൊതുകുകളെ വിദേശത്തേയ്ക്ക് കയറ്റിഅയക്കുവാൻ പദ്ധതികൾ ആരംഭിക്കുക, കേരളത്തിലെ കൊതുകുകളുടെ ടുറിസം സാദ്ധ്യത പഠിക്കുക.. എന്നി ആവശ്യങ്ങളും പ്രതിപക്ഷ കൊതുക് മുന്നണി ഉന്നയിച്ചു കഴിഞ്ഞു.

കൊച്ചി കനാലിൽ നിന്നും പ്രത്യേക ലേഖകൻ.

ലോക കൊതുകു ദിനം. മലയാള മനോരമ കൊച്ചി എഡിഷൻ, പേജ് 4 ന്റെ മുക്കാൽ ഭാഗവും കൊതുകുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഹോ തുക്! -എന്ന പേജിൽ കൊതുകിനെക്കുറിച്ചുള്ള പൊതുകാര്യങ്ങൾ ചേർത്തിരിക്കുന്നു.

കോവിഡ് പ്രതിരോധം നടക്കുമ്പോൾ, കൊച്ചിയിൽ കൊതുകുകൾ വർധിക്കുന്നുവെന്നു അറിയിക്കുന്ന, “സ്വന്തം കൊതുകിന്റെ “- കത്ത് പ്രസിദ്ധികരിച്ചിരിക്കുന്നു. ഒപ്പു സഹിതമുള്ള കത്തിലൂടെ കൊച്ചിയിലെ കൊതുകുകളുടെ അവസ്ഥയും, ഓണം ആഘോഷിക്കുന്ന കൊച്ചിക്കാരുടെ സാഹചര്യങ്ങളും വ്യക്തമാക്കിയിരിക്കുന്നു.

മാധ്യമങ്ങൾക്ക് സാമൂഹ്യപ്രശ്നങ്ങൾ അവതരിപ്പിക്കുവാൻ മാതൃകയാക്കാവുന്ന അവതരണം. അനുമോദനങ്ങൾ .

Share News