
സാങ്കേതികവിദ്യകളിലൂടെ അതിർവരമ്പുകൾ ഭേദിക്കുന്ന ഭാഷ|ഡോ. സെമിച്ചൻ ജോസഫ്

“ഭാഷാ വൈവിധ്യം ഭാരതത്തിന്റെ നാഗരികതയുടെ അടിസ്ഥാന തൂണുകളിൽ ഒന്നാണ്. ആശയവിനിമയത്തിനുള്ള ഉപാധി എന്നതിലുപരി, മാതൃഭാഷ നമ്മെ പാരമ്പര്യവുമായി ബന്ധിപ്പിക്കുകയും നമ്മുടെ സാമൂഹിക-സാംസ്കാരിക സ്വത്വത്തെ നിർവചിക്കുകയും ചെയ്യുന്നു.”ഉപരാഷ്ട്രപതി വെങ്കയ്യാനായിഡുവിന്റെ വാക്കുകളാണ് മേലുദ്ധരിച്ചതു.ഇന്ത്യയിലെ ഓരോ ഭാഷയും ഇന്ത്യയെന്ന പൊതു വികാരത്തെ പ്രചോദിപ്പിക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു ഭാഷയും ഒരു സംസ്‌കാരവും പാർശ്വവത്കരിക്കപ്പെട്ടുകൂടാ. സംസ്‌കാരത്തിന്റെ മാതൃ സ്ഥാനമാണ് ഭാഷയ്ക്കുള്ളത്. അതുകൊണ്ടു തന്നെ ഭാഷാ സംരക്ഷണം എന്നത് അത്രമേൽ പ്രാധാന്യം അർഹിക്കുന്നു.

ഭാഷക്കുണ്ടൊരു ദിനം
ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും ഫെബ്രുവരി 21 ന് അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി ആചരിച്ചുവരുന്നു.അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആഘോഷിക്കാനുള്ള ആശയം ഉരുത്തിരിയുന്നത് ബംഗ്ലാദേശിൽ നിന്നാണ്.1952 ഫെബ്രുവരി 21 ന് ബംഗാളിയെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിഷേധത്തിന്റെ ഭാഗമായി ധാക്ക സർവ്വകലാശാലയിലെ നിരവധി ബംഗാളി വിദ്യാർത്ഥികളെ പാകിസ്ഥാനിലെ പോലീസ് സേന കൊലപ്പെടുത്തിയതിന്റെ ചരിത്രമാണ് ഇതിനു പറയാനുള്ളത്. യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (യുനെസ്കോ) പൊതുസമ്മേളനം 1999 നവംമ്പറിൽ യോഗം ചേർന്ന് ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചു. 2002 ൽ ഐക്യരാഷ്ട്ര പൊതു സഭ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. 2007 മെയ് 16-ന് ഐക്യരാഷ്ട്ര പൊതുസഭ ഒരു പ്രമേയത്തിലൂടെ അംഗരാജ്യങ്ങളോട് “ലോകത്തിലെ ജനങ്ങൾ ഉപയോഗിക്കുന്ന എല്ലാ ഭാഷകളുടെയും സംരക്ഷണവും പ്രോത്സാഹനവും ഉറപ്പാക്കണമെന്ന് ” ആഹ്വാനം ചെയ്തു. അതേ പ്രമേയത്തിലൂടെ തന്നെ പൊതുസഭ 2008-നെ അന്തർദേശീയ ഭാഷാ വർഷമായി പ്രഖ്യാപിക്കുകയുണ്ടായി.

ബഹുഭാഷാ പഠനത്തിന് സാങ്കേതികവിദ്യയുടെ കരുത്തു
ബഹുഭാഷാ പഠനത്തിന് സാങ്കേതികവിദ്യ ഉപയോഗം: വെല്ലുവിളികളും സാധ്യതകളും എന്നതാന് ഈ വർഷത്തെഅന്താരാഷ്ട്ര മാതൃഭാഷാ ദിനാചരണത്തിന്റെ പ്രമേയം.മാറുന്ന കാലത്തു വിദ്യാഭ്യാസരംഗത്തെ വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ സാങ്കേതികവിദ്യയ്ക്ക് കഴിവുണ്ട്. ഏവർക്കും തുല്യവും ഉൾക്കൊള്ളുന്നതുമായ ആജീവനാന്ത പഠന അവസരങ്ങൾ ഉറപ്പാക്കുവാൻ അത് നമ്മെ പ്രാപ്തമാക്കുന്നു.COVID-19 അടച്ചിരുപ്പു കാലത്തു ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ സ്കൂൾ പഠനത്തിന്റെ തുടർച്ച നിലനിർത്താൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വൈവിധ്യങ്ങളായ പരിഹാര മാർഗ്ഗങ്ങൾ ഉപയോഗിച്ചതായി കാണാം. ഭൂരിഭാഗം രാജ്യങ്ങളും ടെലിവിഷൻ , റേഡിയോ തുടങ്ങിയ പ്രക്ഷേപണ മാധ്യമങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തി. എന്നാൽ വികസിത രാജ്യങ്ങളും അവികസിത രാജ്യങ്ങളും തമ്മിൽ വലിയ വിടവാണ് ഈ രംഗത്ത് ദൃശ്യമാകുന്നത്.മാതൃഭാഷയിൽ അധിഷ്ഠിതമായ ബഹുഭാഷാ വിദ്യാഭ്യാസം എന്ന മഹത്തായ ലക്‌ഷ്യം അതുകൊണ്ടു തന്നെ ഏറെ വെല്ലുവിളി നിറഞ്ഞതായി മാറുന്നു. സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഓരോ ഭാഷയും കൂടുതൽ കരുത്താർജിക്കുകയാണ് വേണ്ടത് . ഒരു ഭാഷയിൽ സംസാരിക്കുന്നത് തത്സമയം തർജമ ചെയ്തു കേൾപ്പിക്കുന്ന സാങ്കേതികവിദ്യയും വികസിച്ചു കഴിഞ്ഞു. ഇത്തരം സാങ്കേതികവിദ്യകളിലൂടെയായിരിക്കണം ഭാഷ അതിന്റെ അതിർവരമ്പുകൾ ഭേദിക്കേണ്ടത്.

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍മര്‍ത്യന്ന് പെറ്റമ്മ തന്‍ഭാഷതാന്‍.”എന്ന കവിവാക്യം ഒരിക്കൽ കൂടി നമുക്ക് ഓർക്കാംസ്വന്തം ഭാഷയെ അറിയാന്‍, സ്‌നേഹിക്കാന്‍ ,ആശയവിനിമയത്തിന് കരുത്തും ആത്മവിശ്വാസവും പകരാന്‍ ഈ ദിനാചരണം നമുക്ക് കരുത്തു പകരട്ടെ

( തൃക്കാക്കര ഭാരത മാത കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗത്തിൽ അസി . പ്രഫസറാണ് ലേഖകൻ)