
തിരഞ്ഞെടുപ്പിൻ്റെയും രാഷ്ട്രീയത്തിൻ്റെയും രീതിശാസ്ത്രം തേടി ജലീഷ് പീറ്റർ
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പോസ്റ്റർ ഒട്ടിക്കൽ, മൈക്ക് അനൗൺസ്മെൻ്റ്, പോസ്റ്റർ തയ്യാറാക്കൽ, അഭ്യർത്ഥനയെഴുത്ത്, ഇലക്ഷൻ വാർ റൂം മാനേജ്മെൻ്റ്, തിരഞ്ഞെടുപ്പ് ഓഫീസ് ചുമതല, തെരഞ്ഞെടുപ്പ് സർവേ, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ, സ്ഥാനാർത്ഥിയുടെ ബൂത്ത് ഏജൻ്റ്, സ്ഥാനാർത്ഥിയുടെ കൗണ്ടിംഗ് ഏജൻ്റ്, തിരഞ്ഞെടുപ്പിലെ മീഡിയ മാനേജ്മെൻ്റ്, പൊളിറ്റിക്കൽ ബ്രാൻഡിംഗ്, നിരവധി തവണ ഇലക്ഷൻ പ്രിസൈഡിംഗ് ഓഫീസർ, കൗണ്ടിംഗ് ഓഫീസർ, പത്രപ്രവർത്തകനായിരുന്ന കാലത്ത് ഇലക്ഷൻ റിപ്പോർട്ടിംഗ് തുടങ്ങി തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സർവ്വ മേഖലകളിലും നേരിട്ട് പരിചയമുള്ള ജലീഷ് പീറ്ററിന് കരിയർ ഗൈഡൻസ് പോലെ ഇഷ്ടമുള്ള മേഖലയാണ് രാഷ്ട്രീയവും തിരഞ്ഞെടുപ്പും. രാഷ്ട്രീയത്തിൻ്റെയും തിരഞ്ഞെടുപ്പിൻ്റെയും എല്ലാ ഭാഗങ്ങളും കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഇതേവരെ സ്ഥാനാർത്ഥിയായിട്ടില്ലെന്ന് മാത്രം. എന്നാൽ രാഷ്ട്രീയം ഉൾപ്പെടെ തിരഞ്ഞെടുപ്പ് മേഖലകളിലെ പഴയകാല കഥകളും നാടൻ തന്ത്രങ്ങളും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പബ്ലിക് റിലേഷൻസ് ഓഫീസറായ ജലീഷിന് ഹരമാണ്. രാഷ്ട്രീയത്തിൻ്റെയും തിരഞ്ഞെടുപ്പിൻ്റെയും രീതിശാസ്ത്രത്തെ പൊളിറ്റിക്കൽ പ്രൊഫൈലിംഗിലൂടെ കാണുന്നതിലാണ് ജലീഷ് പീറ്ററിന് ഇഷ്ടം.

ഒരു തെരഞ്ഞെടുപ്പ് ഓർമ്മ: കുറവിലങ്ങാട് ദേവമാത കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ (1996) യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി വിജയിച്ചതിന് ശേഷം നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ നിന്നും…
1984ൽ നാലാം ക്ലാസ്സിലെ വേനലവധി കാലത്ത് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ അന്നത്തെ യു ഡി എഫ് സ്ഥാനാർത്ഥി സ്കറിയ തോമസിന് വേണ്ടി ജീപ്പ് അനൗൺസ്മെൻ്റ് നടത്തിയാണ് ജലീഷ് പീറ്ററിൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് നടന്ന വിവിധ തെരഞ്ഞെടുപ്പുകളിൽ കവല പ്രസംഗം നടത്തിയ സ്കൂൾ വിദ്യാർത്ഥി അക്കാലത്ത് എല്ലാവർക്കും അത്ഭുതമായിരുന്നു. അക്കാലത്ത് വെമ്പള്ളി, കാണക്കാരി ഭാഗങ്ങളിൽ നടത്തിയിട്ടുള്ള കവല പ്രസംഗങ്ങൾ ജീവിതത്തിൽ നൽകിയ ആത്മവിശ്വാസം ചെറുതല്ലെന്നാണ് ജലീഷ് പറയുന്നത്. ചെറുപ്പത്തിൽ തന്നെ മുഖ്യധാര രാഷ്ട്രീയത്തിൻ്റെ കൂടെ സഞ്ചരിച്ചതിനാൽ രാഷ്ട്രീയത്തിൻ്റെ അടിതടകളും നാടൻ തന്ത്രങ്ങളും അക്കാലത്ത് തന്നെ പഠിക്കുവാൻ കഴിഞ്ഞു. അങ്ങനെ 1990കളിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ കോട്ടയം ജില്ല റിസോഴ്സ്പേഴ്സണായി ത്രിതല പഞ്ചായത്ത് സംവിധാനം പഠിച്ചു. കന്നി വോട്ട് ചെയ്ത പ്രീഡിഗ്രി കാലത്ത് തന്നെ ബൂത്ത് ഏജൻ്റും കൗണ്ടിംഗ് ഏജൻ്റുമായി പ്രവർത്തിച്ചു. ബിരുദ പഠന കാലത്ത് കുറവിലങ്ങാട് ദേവമാത കോളേജിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി. എം ജി സർവ്വകലാശാല സെനറ്റിലേയ്ക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും മൂന്ന് വോട്ടിന് പരാജയപ്പെട്ടു.

സ്കൂൾ, കോളേജ് പഠന കാലങ്ങളിൽ പ്രസംഗ മത്സര തൊഴിലാളിയായിരുന്ന ജലീഷ് പീറ്റർ, പ്രീഡിഗ്രി കാലത്ത് തന്നെ പ്രാദേശിക നേതാക്കൾക്ക് പ്രസംഗങ്ങൾ തയ്യാറാക്കി നൽകിയിരുന്നു. വിളിച്ചാൽ അപ്പോൾ തന്നെ ഫോണിൽ പ്രസംഗം പറഞ്ഞ് കൊടുക്കും. ഓരോ വിഷയത്തിലും ഓരോ പാർട്ടിയുടെയും നയത്തിനനുസരിച്ച് പറഞ്ഞ് കൊടുക്കുവാനുള്ള കഴിവാണ് പ്രധാന പ്രത്യേകത. കോളേജ് പഠനത്തിന് ശേഷം പത്രപ്രവർത്തനത്തിലേയ്ക്ക് തിരിഞ്ഞതിന് ശേഷം മുൻനിര രാഷ്ട്രീയ നേതാക്കളായ കെ. എം. മാണി ഉൾപ്പെടെയുള്ളവർക്ക് പ്രസംഗങ്ങളും പത്രക്കുറിപ്പുകളും തയ്യാറാക്കി നൽകി തുടങ്ങി. ക്രമേണ വിവിധ നേതാക്കളുടെ പി. ആർ. വർക്കുകൾ ചെയ്ത് തുടങ്ങി. വളരെ കുറച്ച് കാലം എം. എ. ബേബിയുടെ പേഴ്സണൽ അസിസ്റ്റൻ്റായി പ്രവർത്തിച്ചു. അക്കാലത്ത് അദ്ദേഹം ആലപ്പുഴ ജില്ല സെക്രട്ടറിയുടെ ചുമതല വഹിക്കുകയായിരുന്നു. യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റായിരുന്ന വിക്ടർ ടി. തോമസ്, കേരള സ്റ്റേറ്റ് സെറികൾച്ചർ കോഓപ്പറേറ്റീവ് ഫെഡറേഷൻ (സെറിഫെഡ്)ൻ്റെ ചെയർമാനായപ്പോൾ അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി. പിന്നീട് ഉമ്മൻ ചാണ്ടി, കെ. എം. മാണി, കെ. ബാബു, ജോസ് കെ. മാണി ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളുടെ കൂടെ പിന്നണിയിൽ പ്രവർത്തിച്ചു. ഇതിനിടെ സർവീസ് യൂണിയൻ പ്രവർത്തനങ്ങളിലും നേതൃപരമായ കഴിവ് തെളിയിച്ചു. കാലടി സംസ്കൃത സർവ്വകലാശാലയിലെ പ്രവർത്തനങ്ങൾ ജലീഷ് പീറ്ററിനെ ശ്രദ്ധേയനാക്കി. 2011ൽ തിരുവാമ്പാടിയിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. പിന്നീട് വന്ന ഉമ്മൻ ചാണ്ടി സർക്കാരിൽ മന്ത്രി കെ. ബാബുവിൻ്റെ പി ആർ ഒയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായി നിയമിതനായി. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിവിധ മുന്നണികളുടെ നിരവധി സ്ഥാനാർത്ഥികൾക്ക് വേണ്ടി ഇലക്ഷൻ വാർ റൂം മാനേജ്മെൻ്റ് നടത്തി. ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് പരിശീലനം നൽകുന്ന തൃശൂർ മുളങ്കുന്നത്ത്കാവിലെ കിലയിൽ 2017 വരെ ഫാക്കൽറ്റി അംഗമായിരുന്നു. മുമ്പ് കുറേക്കാലം രാഷ്ട്രീയ നേതാക്കൾക്ക് പ്രസംഗ പരിശീലനം നൽകിയിരുന്നു. കാത്തലിക് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റിൻ്റെ പ്രസിഡൻ്റും കേരള കാത്തലിക് സ്റ്റുഡൻ്റ്സ് ലീഗിൻ്റെ ചെയർമാനുമായിരുന്നു.

ഏതൊക്കെ രാഷ്ട്രീയ നേതാക്കൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്ന് ചോദിച്ചാൽ ജലീഷ് പീറ്ററിൻ്റെ മറുപടി പുഞ്ചിരിയോടെയുള്ള മൗനമായിരിക്കും. ഔദ്യോഗികമായത് മാത്രമേ പുറത്ത് പറയാൻ പാടുള്ളൂ എന്നതിൽ ഇക്കാര്യത്തിൽ നിർബന്ധമുണ്ട്. അതും ആവശ്യത്തിന് മാത്രം. പിന്നണിയിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തേണ്ടത്. മുന്നണിയിൽ നിൽക്കാനേ പാടില്ല. പേഴ്സണൽ സ്റ്റാഫിലാണെങ്കിലും കർട്ടന് പുറകിൽ നിൽക്കണം. ഔദ്യോഗികമായി രാഷ്ട്രീയ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിരുന്നപ്പോൾ പോലും ഒരിയ്ക്കലും ചാനൽ ക്യാമറകൾക്ക് മുന്നിലോ ആളുകൾക്ക് മുന്നിലോ നിൽക്കുവാൻ ഞാൻ താല്പര്യപ്പെട്ടിരുന്നില്ല. അത് അങ്ങനെ തന്നെയാണ് വേണ്ടത്. ഇങ്ങനെ ഒരാൾ നേതാവിൻ്റെ കൂടെയുണ്ടെന്ന് പോലും ആരും അറിയാതിരുന്നാൽ അതാണ് നല്ലത്. പ്രത്യേകിച്ച് നേതാവിൻ്റെ പ്രൊഫൈലിംഗ് നടത്തുമ്പോൾ കർട്ടന് പുറകിൽ നിന്നെങ്കിലേ ഫീഡ്ബാക്ക് കൃത്യമായി ലഭിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് കാലങ്ങളിൽ മാത്രം ജനങ്ങളുടെ പൾസ് അറിയുവാൻ പോകുന്ന രാഷ്ട്രീയ നേതാക്കന്മാർക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയം യോജിക്കില്ല. ഓരോ നേതാവും തൻ്റേതായ വ്യക്തിത്വത്തിലൂടെയാണ് ജനങ്ങളുടെയിൽ സ്വീകാര്യനാവുക. അത്തരത്തിൽ സ്വീകാര്യരാക്കുന്ന രീതിയിൽ അവരെ പരുവപ്പെടുത്തിയെടുക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്, ജലീഷ് പീറ്റർ പറഞ്ഞു.

തെരഞ്ഞെടുപ്പ് റാലികളും രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന യാത്രകളും രാഷ്ട്രീയ പ്രസംഗങ്ങളും ഹരമാണ്. ഗൗരിയമ്മയുടെയും കരുണാകരൻ്റെയും നായനാരുടെയും സുകുമാർ അഴീക്കോടിൻ്റെയും എം വി രാഘവൻ്റെയുമൊക്കെ പ്രസംഗങ്ങൾ കേൾക്കുവാൻ അക്കാലത്ത് പോകുമായിരുന്നു. നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലികളിൽ ഉപയോഗിക്കുന്ന സ്ട്രാറ്റജിയും പ്ലാനിംഗും പഠിക്കേണ്ടതാണ്. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ച് മണ്ഡലങ്ങളെ കുറിച്ച് സമഗ്രമായി പഠിച്ചിട്ടുള്ള ജലീഷ് പീറ്റർ പറയുന്നത് സോഷ്യൽ മീഡിയ പോലുള്ള പ്രചാരണങ്ങൾ പുട്ടിന് തേങ്ങാപീര പോലെയാണെന്നാണ്. സമ്മതിദായകരെ വീട്ടിൽ പോയി നേരിട്ട് കണ്ടുള്ള പ്രചാരണവും കുടുംബസംഗമമങ്ങളുമാണ് തിരഞ്ഞെടുപ്പിൻ്റെ മുഖ്യ പ്രചാരണ ആയുധങ്ങൾ. ഒരു ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി തൻ്റെ വാർഡിൽ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും ഓരോ വീട്ടിലും എത്തണം. അവരെ കേൾക്കണം. ഒരിയ്ക്കലും തർക്കിക്കരുത്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ശരീരഭാഷ വളരെ പ്രധാനമാണ്. സമ്മതിദായകർക്ക് പ്രതീക്ഷകൾ നൽകുവാൻ കഴിയുന്ന സ്ഥാനാർത്ഥികൾക്ക് വിജയം ഉറപ്പാണ്. ചെറിയൊരു കൈപ്പിഴയോ നാക്ക് പിഴയോ നിങ്ങളെ തോല്പിച്ചേക്കാം, ജലീഷ് പീറ്റർ പറഞ്ഞു.
ജനാധിപത്യ പ്രക്രിയയിൽ ഒരു നേതാവിനെ രൂപപ്പെടുത്തിയെടുക്കുകയെന്നാൽ അതൊരു കലയാണ്. പറയുന്നത് കേൾക്കാനും സ്വന്തം കുറവുകളെ അംഗീകരിക്കുവാനും സ്വയം മാറുവാനും കഴിയുന്ന ഒരാളെ രൂപപ്പെടുത്തിയെടുക്കുവാൻ എളുപ്പമാണ്. പൊളിറ്റിക്കൽ ബ്രാൻഡിംഗും മാർക്കറ്റിംഗും പ്രൊഫൈലിംഗുമെല്ലാം നേതാവിനെ അടിസ്ഥാനമാക്കി മാത്രമല്ല, മറ്റ് പല ഘടകങ്ങളെയും അടിസ്ഥാനമാക്കി വേണം നിർമ്മിച്ചെടുക്കുവാൻ. നേതാവിൻ്റെ ശരീര ഭാഷയും ഡ്രസ് കോഡ് ഉൾപ്പെടെ സംസാര രീതികൾ, പ്രസംഗം, പുഞ്ചിരി, സ്റ്റേജ് മാനേജ്മെൻ്റ് എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഒരു രാഷ്ട്രീയ നേതാവ് ശ്രദ്ധിയ്ക്കണം. രാഷ്ട്രീയവും ബിസിനസും ഒരുപോലെയാണ്. രണ്ടിലും മാർക്കറ്റിംഗും പ്ലെയ്സ്മെൻ്റും വേണം. ബിസിനസിൽ ഒരു പ്രോഡക്ടിൻ്റെ ബ്രാൻഡ് മാനുവൽ തയ്യാറാക്കുന്നത് പോലെ രാഷ്ട്രീയത്തിൽ നേതാവിനും ബ്രാൻഡ് മാനുവൽ അത്യാവശ്യമാണ്. ആരോഗ്യത്തിന് പേഴ്സണൽ ട്രെയിനിംഗ് എന്നത് പോലെ തന്നെയാണ് രാഷ്ട്രീയത്തിൽ പൊളിറ്റിക്കൽ പ്രൊഫൈലിംഗ്. എന്നാൽ ഊതി വീർപ്പിച്ചെടുത്താൽ ഫലം ബലൂൺ പോലെയായിരിക്കും, ജലീഷ് പീറ്റർ പറയുന്നു.

ഈ വർഷവും പ്രിസൈഡിംഗ് ഓഫീസറാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിസൈഡിംഗ് ഓഫീസറായി റിസർവിലായിരുന്നു. തിരഞ്ഞെടുപ്പ് പരിശീലന ക്ലാസിൽ പങ്കെടുത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ ജോലി സന്തോഷത്തോടെ നിർവ്വഹിക്കുവാനുള്ള തയ്യാറെടുപ്പിലും തിരഞ്ഞെടുപ്പിൻ്റെയും രാഷ്ട്രീയത്തിൻ്റെയും രീതിശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥിയായി ജലീഷ് പീറ്റർ തിരഞ്ഞെടുപ്പുകളിലെയും രാഷ്ട്രീയത്തിലെയും ജനാധിപത്യ മേഖലകളിലൂടെയുള്ള യാത്രയിലാണ്.

രാഷ്ട്രീയം സാധ്യതകളുടെ കലയാണ്
സ്ഥിരം ശത്രുവോ മിത്രമോ ഇല്ലാത്ത പരീക്ഷണ ശാലയാണ് രാഷ്ട്രീയം. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കേരള രാഷ്ട്രീയത്തിലും അവിശ്വസനീയമായ കൊടുക്കലുകളും വാങ്ങലുകളും നടന്നു. ചിലര്‍ക്ക് പിച്ച വെക്കാന്‍ പോലും കഴിഞ്ഞില്ല. ചിലരാവട്ടെ ചക്രവാളങ്ങള്‍ കീഴടക്കുകയും ചെയ്യുന്നു.
തെരഞ്ഞെടുപ്പിൻ്റെ രീതിശാസ്ത്രം എപ്പോഴും വ്യത്യസ്തമായിരിക്കും. വിശേഷിച്ചും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ. പലരും കഴിഞ്ഞ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളെ അടിസ്ഥാനമാക്കിയാണ് 2025ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് പാറ്റേൺ പോലും വ്യത്യസ്തമാണ്. സെഫോളജി (Psephology: The statistical study of elections and trends in voting) അനുസരിച്ച് തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുമ്പോൾ പോലും പല പല സാഹചര്യങ്ങളും വിലയിരുത്തേണ്ടതായി വരും.
രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. സാഹചര്യങ്ങളെ അനുകൂലമാക്കുന്ന കലയാണ്. സാഹചര്യങ്ങൾക്ക് വഴങ്ങിക്കൊണ്ട് മുന്നോട്ട് പോകാനുള്ള സന്നദ്ധതയാണ് രാഷ്ട്രീയക്കാരന് വേണ്ടത്. ഏത് പ്രതിസന്ധി ഘട്ടത്തിലും മുന്നോട്ട് കുതിക്കുവാൻ, സാഹചര്യങ്ങളെ വഴക്കിയെടുക്കുവാൻ രാഷ്ട്രീയക്കാരന് കഴിയണം. ഈ ദ്വന്ദ്വങ്ങൾക്കിടയിൽ ആന്തരികമായ സംവാദാത്മകത വളർത്തിയെടുക്കുകയും സമീകരണം സാധ്യമാക്കുകയും ചെയ്യാനാവുക എന്നതാണ് ജനായത്ത രാഷ്ട്രീയത്തിലെ വിജയകരമായ നേതൃസൃഷ്ടിയുടെ രാസത്വരകം.
വരാൻ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ രംഗത്തേയ്ക്ക് കടന്നു വരുന്ന എല്ലാവർക്കും ആശംസകൾ. (ജലീഷ് പീറ്റർ)
രാഷ്ട്രീയക്കാർക്കും കൗൺസിലിംഗ് വേണോ?

മറ്റ് ഏത് മേഖലയിലുമെന്നത് പോലെ രാഷ്ട്രീയത്തിലും പ്രവർത്തകരുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുവാനുള്ള പദ്ധതികൾ അതത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവിഷ്കരിക്കണം. ഇന്ന് പ്രവർത്തകർക്ക് രാഷ്ട്രീയ സ്പിരിറ്റ് നഷ്ടപ്പെട്ടിരിക്കുന്നു. കളം മനസ്സിലാക്കി കളിക്കുന്നവർക്കും നല്ല തൊലിക്കട്ടിയും മനക്കട്ടിയും ഉള്ളവർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് രാഷ്ട്രീയം.
ഞാൻ രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിലെത്തി പിന്നീട് അണിയറയിലേയ്ക്ക് മാറിയതാണ്. എന്നാൽ എന്നിൽ ആത്മവിശ്വാസം നൽകിയതും പിൽക്കാലത്ത് രാഷ്ട്രീയ എതിരാളികളോട് പോരാടി വിജയിക്കുവാനുമുള്ള ആത്മവിശ്വാസം നൽകിയതും ചെറുപ്പത്തിലെ സംഘടന പ്രവർത്തനങ്ങളും തനി നാടൻ മുഖ്യധാര രാഷ്ട്രീയവുമാണ്. എന്നാൽ ഇന്ന് സീറ്റ് കിട്ടിയില്ലെന്ന് അറിഞ്ഞാൽ ഉടനെ അത്മഹത്യ ചെയ്യുന്ന രാഷ്ട്രീയ പ്രവർത്തകർക്ക് എന്ത് പറ്റി? ഉത്തരം രാഷ്ട്രീയത്തിൻ്റെ സ്വഭാവം മാറി എന്നാണെങ്കിൽ തെറ്റി, രാഷ്ട്രീയത്തിലേയ്ക്ക് ആകൃഷ്ടരായി എത്തുന്നവരുടെ പ്രശ്നമാണ്.
പണ്ടൊക്കെ സീറ്റ് കിട്ടിയില്ലെങ്കിൽ ഒന്നുകിൽ വിമതനാകും അല്ലെങ്കിൽ കൂടെ നിന്ന് അടിയേ പണി കൊടുക്കും അതുമല്ലെങ്കിൽ കൈയ് മെയ് മറന്ന് സിനിമയിൽ മാമച്ചനെ വിജയിപ്പിച്ചത് പോലെ അങ്ങ് വിജയിപ്പിക്കും. രാഷ്ട്രീയം എന്നും മാമച്ചന്മാർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്. നല്ല തൊലിക്കട്ടി വേണം. അതില്ലാത്തവർ ഈ പണിക്ക് ഇറങ്ങാതിരിക്കുക.
ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിലും ആശ്വസിപ്പിക്കാൻ ആളുണ്ടെന്ന തോന്നൽ അത്മഹത്യ ചിന്തകളെ ഇല്ലാതാക്കിയേക്കും. സമചിത്തതയോടെയും ആത്മവിശ്വാസത്തോടെയും കളിക്കാനറിയാവുന്നവർ മാത്രം കളത്തിലിറങ്ങുക, അല്ലാത്തവർ ഗാലറിയിലിരുന്ന് കളി കാണുക. അതാണ് വീട്ടുകാർക്കും നാട്ടുകാർക്കും നന്ന്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
(ജലീഷ് പീറ്റർ)
