
സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളുടെ കാലമായി. കണ്ടതില്‍ നിന്നും കേട്ടതില്‍ നിന്നും രൂപപ്പെടുത്തിയ ചില അഭിപ്രായങ്ങള്‍.
1. ആഘോഷം പ്രധാനമായും കുട്ടികളുടേതാണ്. മറ്റുള്ളവരെല്ലാം അവരുടെ ആഘോഷങ്ങള്‍ക്ക് വേദിയൊരുക്കുന്നവരാണ്. അധ്യാപകരോ രക്ഷിതാക്കളോ അതിഥികളോ അത് ഹൈജാക്ക് ചെയ്യരുത്. വിദ്യാര്‍ത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ത്ഥി കേന്ദ്രീകൃത വാര്‍ഷികവും വേണ്ടേ.
2. പരമ്പരാഗത സങ്കല്പത്തിലുള്ള നെടുനീളന്‍ മീറ്റിംഗുകളല്ല വാര്‍ഷികാഘോഷം. അത് ചെറിയ ഒരു ഭാഗം മാത്രമാണ്. രണ്ടും മൂന്നും മണിക്കൂര്‍ നീളുന്ന പ്രസംഗമേള നടത്തുന്നവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം. നാലുവശവും അധ്യാപകരാലും വോളണ്ടിയേഴ്‌സിനാലും ചുറ്റപ്പെട്ട് നടുത്തളത്തില്‍ അകപ്പെടുന്ന കുട്ടികളുടെ അവസ്ഥ ഒന്നാലോചിക്കണം. ആകെയുള്ള ഗുണം നിസ്സഹായതയുടെ നിശബ്ദതയില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥികളെ നോക്കി വിശിഷ്ടാതിഥി പറയും – നല്ല അച്ചടക്കമുള്ള കുട്ടികള്‍. അതുകേട്ട് അവര്‍ ഗതികെട്ട് കയ്യടിക്കും. പ്ലീസ്… കൂട്ടക്കൊല നടത്തരുത്.
3. എല്ലാ മീറ്റിംഗുകളുടെയും സ്ഥിരം പാറ്റേണ്‍ കണ്ട് എല്ലാവരും മടുത്തു. ഒന്ന് മാറ്റിപിടിക്കൂ. പുതുതലമുറയുടെ താളം മനസ്സിലാക്കണം. ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ പഠിക്കുന്ന കുട്ടി ഈ സ്ഥിരം നടപടിക്രമം കണ്ട് മടുത്തിട്ടുണ്ടാകില്ലേ. എല്ലാവര്‍ഷവും ഒരേ പ്രക്രിയ. പുതുമയുള്ളതെന്തെങ്കിലും അനുഭവിക്കാനുള്ള അവകാശം അവര്‍ക്കില്ലേ. വാര്‍ഷികം ഇങ്ങനെയേ പറ്റൂ എന്ന് കെ.ഇ.ആര്‍.-ല്‍ ഒന്നും പറഞ്ഞിട്ടുണ്ടാകില്ലല്ലോ.
4. പ്രസംഗകരോട് – ക്ഷണിച്ചവനും ക്ഷണിക്കപ്പെട്ടവനും തമ്മിലുള്ള പരസ്പര പുറംചൊറിയല്‍ പരിപാടിയാകരുത് ഒരു പ്രസംഗവും. അത് പരമബോറാണ്. പരസ്പരം പാടിപുകഴ്ത്തുന്നത് കേള്‍ക്കാന്‍ ആര്‍ക്കുണ്ട് താത്പര്യം. കുട്ടികള്‍ക്ക് മനസ്സിലാകുന്ന കഥകളിലൂടെയും അനുഭവങ്ങളിലൂടെയും ആനുകാലികമായി സംസാരിക്കുക. ഉപദേശിച്ച് ഉപദ്രവിക്കരുത്.
5. സ്വാഗത പ്രസംഗകനോട് – നിങ്ങളുടെ പ്രസംഗം കേള്‍ക്കാന്‍ വേണ്ടിയല്ല ആരും വന്നിരിക്കുന്നത്. അതൊരു ചടങ്ങ് മാത്രമാണ്. വലിപ്പിക്കരുത്. അഞ്ചുമിനിറ്റില്‍ അവസാനിപ്പിച്ചാല്‍ ആളുകള്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കും. പുകഴ്ത്തല്‍ നിര്‍ത്തി വൃത്തിയായി അതിഥികളെ പരിചയപ്പെടുത്താന്‍ ആ സമയം ധാരാളം. ഒരു കുട്ടി ഒരു വര്‍ഷം എത്ര സ്വാഗതപ്രസംഗം കേള്‍ക്കുന്നുണ്ടാകും……..അവസ്ഥ….. ഒരു മീറ്റിംഗ് മനോഹരമാക്കുന്നതും നശിപ്പിക്കുന്നതും സ്വാഗത പ്രസംഗകരാണ്.
6. സ്‌കൂള്‍ പാര്‍ലമെന്റിലെ കുട്ടികളെക്കൊണ്ട് വാര്‍ഷികാഘോഷം നടത്താന്‍ ധൈര്യം കാണിക്കണം. മുതിര്‍ന്നവരുടെ ഫാഷന്‍ ഷോ അല്ല സ്‌കൂളിലെ ആഘോഷങ്ങള്‍. കുട്ടികള്‍ തെറ്റിക്കും, അവര്‍ക്ക് എന്ത് പരിചയമാണുള്ളത് എന്ന് ആക്രോശിക്കുന്നവരോട് – കുട്ടികള്‍ക്ക് തെറ്റ് പറ്റും, പറ്റണം, അങ്ങനെയാണ് അവര്‍ വളരുന്നത്. കുട്ടിക്കാലത്ത് ഒരു തെറ്റും വരുത്താത്ത ആരുണ്ട്? മുതിര്‍ന്നവര്‍ നേതൃത്വം നല്‍കുന്ന പരിപാടികളില്‍ ഒരു പിഴവും സംഭവിക്കാറില്ലേ?
7. മീറ്റിംഗിലെ ഓരോ പരിപാടിക്കും സമയം പ്രോഗ്രാം ഷീറ്റില്‍ ഉള്‍പ്പെടുത്തണം. പ്രസംഗങ്ങള്‍ക്കും റിപ്പോര്‍ട്ടിനും സമ്മാനദാനത്തിനും എല്ലാം സമയം രേഖപ്പെടുത്തണം. അത് കണ്ടാലും മനസ്സിലാകാത്ത പ്രസംഗകരെ ഒന്നും ചെയ്യാനാകില്ല. എങ്കിലും കുറെ മാറ്റം വരും. ദയവ് ചെയ്ത് പത്ത് മിനിറ്റില്‍ കൂടുതല്‍ ആരും പ്രസംഗിക്കരുത്. ആര് കേള്‍ക്കാന്‍.
8. ഒരു മണിക്കൂറില്‍ മീറ്റിംഗ് തീര്‍ക്കാന്‍ ധൈര്യമുണ്ടോ? മാക്‌സിമം 75 മിനിറ്റ്. എങ്കില്‍ എല്ലാവരും ആസ്വദിക്കും.
ആസ്വാദ്യകരമായ വാര്‍ഷികാഘോഷങ്ങള്‍ ആശംസിക്കുന്നു.

Drnijoy Jose
