തിരുസ്സഭയുടെ വിവേചനമില്ലാത്ത മാതൃത്വം കാലഘട്ടത്തിന്റെ ആവശ്യം|മാത്യൂ ചെമ്പുകണ്ടത്തിൽ

Share News

കേരളത്തിൻ്റെ രാഷ്ട്രീയ ഭൂപടം വലിയ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. പ്രത്യേകിച്ച്, ക്രൈസ്തവ സഭകളും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം പുതിയ സംവാദങ്ങൾക്കു വഴിതുറക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, സഭയുടെ രാഷ്ട്രീയ നിലപാടുകളും വിശ്വാസികൾക്കിടയിലെ വൈവിധ്യമാർന്ന രാഷ്ട്രീയ ബോധ്യങ്ങളും എങ്ങനെ സമന്വയിപ്പിക്കണം എന്നത് ഗൗരവത്തോടെ ആലോചിക്കേണ്ട വിഷയമാണ്. സഭാമക്കൾക്കിടയിൽ പുതിയൊരു രാഷ്ട്രീയ ദിശാബോധം രൂപപ്പെടുന്ന ഈ കാലത്ത് അവരെയെല്ലാം പക്ഷഭേദമില്ലാതെ അംഗീകരിക്കാൻ സഭ തയ്യാറാകുന്നുണ്ടോ ? ഈ വിഷയം സഭാ നേതൃത്വം ആത്മപരിശോധന നടത്തേണ്ടതുണ്ട്.

1950 -കളിലെ വിമോചന സമരത്തിന്റെ കാലം മുതൽ ഇന്നുവരെ സഭയുടെ രാഷ്ട്രീയ നിലപാടുകൾ പൊതുസമൂഹത്തിൽ ചർച്ചാവിഷയമാണ്. ​പതിറ്റാണ്ടുകൾക്ക് മുൻപ് നിരീശ്വരവാദത്തിലധിഷ്ഠിതമായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടും അതിനോടനുബന്ധിച്ചുണ്ടായ ആഗോള പീഡനങ്ങളോടും സഭ ശക്തമായി വിയോജിച്ചിരുന്നു. വിമോചന സമരത്തിലുള്ള സഭയുടെ ഇടപെടലുകൾ ഇതിന്റെ സാക്ഷ്യപത്രമാണ്. എന്നാൽ, കാലം മാറിയപ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒരു രാഷ്ട്രീയ യാഥാർത്ഥ്യമായി ഉൾക്കൊള്ളാനും ആ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന ക്രൈസ്തവരെ ചേർത്തുപിടിക്കാനും സഭ തയ്യാറായി. ഇന്ന് കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് സഭ നൽകുന്ന അംഗീകാരം അതിൻ്റെ തെളിവാണ്. തെമ്മാടിക്കുഴികളിൽ അന്ത്യനിദ്രകൊള്ളുന്ന ആദ്യകാല കമ്യൂണിസ്റ്റുകളെപ്പോലെയല്ല, “പുനരുത്ഥാന പൂങ്കാവനത്തിൽ” തന്നെയാണ് ഇന്നു സഭയിലുള്ള എല്ലാ കമ്യൂണിസ്റ്റുകളെയും അടക്കുന്നത്.

ഭാരതീയ ജനതാ പാർട്ടി (BJP) ദേശീയ രാഷ്ട്രീയത്തിൽ കരുത്തുറ്റ സാന്നിധ്യമായി മാറിയിട്ട് അധികകാലമായിട്ടില്ല. എന്നാൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി.ജെ.പി കൈവരിച്ച രാഷ്ട്രീയവളർച്ചയും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ രാജ്യത്തുണ്ടാക്കിയ വിപ്ളവകരമായ മാറ്റങ്ങളും പ്രശംസനീയമാണ്. കേരളത്തിലെ പ്രബുദ്ധരായ ക്രൈസ്തവ സമൂഹത്തിൽനിന്നു വലിയൊരു ഭാഗം ആളുകൾ ഈ രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങളിൽ ആകൃഷ്ടരായി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർത്ഥികളായി മത്സരിക്കാൻ 1,900 ക്രൈസ്തവർ തയ്യാറായത് സകലരെയും അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു.

ലക്ഷക്കണക്കിന് വിശ്വാസികളെ ലോകമെമ്പാടും അടിച്ചമർത്തിയ ചരിത്രമുള്ള കമ്യൂണിസ്റ്റ് ആശയങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ചു സഭയിലെ ഒരു വിഭാഗത്തെ സഭ ഉൾക്കൊണ്ടുവെങ്കിൽ, ജനാധിപത്യപരമായ സംവാദങ്ങൾക്ക് വഴിതുറക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ സാഹചര്യങ്ങളെയും അതിലേക്ക് ആകൃഷ്ടരാകുന്ന വിശ്വാസികളെയും സഭയ്ക്ക് തള്ളിക്കളയാനാവില്ല. കമ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള പുരോഹിതരും മെത്രാന്മാരും ഉണ്ടായതുപോലെ തന്നെ, ബി.ജെ.പി അനുകൂല നിലപാടുള്ള വൈദികരും വിശ്വാസികളും സമീപ ഭാവിയിൽ സഭയിലുണ്ടാകും. ഇതെല്ലാം സ്വാഭാവികമായ രാഷ്ട്രീയ പരിവർത്തനത്തിൻ്റെ ഭാഗമായി സംഭവിക്കുന്നതാണ്.

കമ്യൂണിസ്റ്റായ ​ജോൺ ബ്രിട്ടാസ്, കമ്യൂണിസ്റ്റ് സഹയാത്രികനും കേരളാ കോൺഗ്രസ് എം. നേതാവുമായ ജോസ് കെ. മാണി, റോഷി അഗസ്റ്റിൻ, ​ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ എന്നിവരെപ്പോലെ ബി.ജെ.പി നേതാക്കളായ പി.സി. ജോർജ്, ജോർജ് കുര്യൻ, ഷോൺ ജോർജ്, അനിൽ ആന്റണി, അനൂപ് ആന്റണി തുടങ്ങിയവരെയും ചേർത്തുപിടിക്കാൻ സഭയ്ക്ക് കഴിയണം.

സഭയെ അമ്മയായാണ് വിശ്വാസികൾ കാണുന്നത്. ഒരു അമ്മയ്ക്ക് തൻ്റെ മക്കൾ ഏത് രാഷ്ട്രീയ നിലപാട് സ്വീകരിച്ചാലും അവരോടുള്ള സ്നേഹത്തിൽ പക്ഷഭേദമുണ്ടാകില്ല. ​സഭയുടെ മക്കൾ വിവിധ രാഷ്ട്രീയ കൂടാരങ്ങളിലുണ്ടാകാം. അവിടെ പക്ഷഭേദം കാണിക്കുന്നത് സഭയുടെ മാതൃസഹജമായ നിലപാടിന് വിരുദ്ധമാണ്. അമ്മയുടെ മനസ്സ് പ്രതിഫലിപ്പിക്കേണ്ടിടത്ത് രണ്ടാനമ്മയുടെ കാർക്കശ്യം കാണിക്കുന്നത് വിശ്വാസികൾ തമ്മിൽ വിഭാഗീയതയും അകൽച്ചയുമുണ്ടാക്കാൻ മാത്രമേ സഹായിക്കൂ. മാതൃത്വത്തിൻ്റെ ആ വലിയ മനസ്സാണ് സഭ പ്രതിഫലിപ്പിക്കേണ്ടത്. അവിടെ പക്ഷഭേദം ഉണ്ടായാൽ സഭ രണ്ടാനമ്മയായി മുദ്രകുത്തപ്പെടും, വിശ്വാസികൾക്കിടയിലെ രാഷ്ട്രീയ വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ എക്കാലത്തും സഭയ്ക്ക് കഴിയണം.

​കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ, സഭ അതിന്റെ വാതിലുകൾ എല്ലാ രാഷ്ട്രീയ ചിന്താഗതിക്കാർക്കുമായി തുറന്നിടണം. സഭയ്ക്കുള്ളിലെ വൈവിധ്യങ്ങളെ അംഗീകരിക്കുകയും ആരെയും പാർശ്വവൽക്കരിക്കാതിരിക്കുകയും ചെയ്യുക വഴി മാത്രമേ സഭയുടെ കെട്ടുറപ്പും ഐക്യവും നിലനിർത്താൻ സാധിക്കൂ. സഭയുടെ മാതൃത്വം രാഷ്ട്രീയത്തിന് അതീതമായിരിക്കട്ടെ.

മാത്യൂ ചെമ്പുകണ്ടത്തിൽ

Share News