ആദമിനെ തേടുന്ന വി. ഡി. സതീശനും പ്രത്യാശയുടെ പ്രകാശമായ മുഖ്യമന്ത്രിയും|ജലീഷ് പീറ്റർ

Share News

“നമ്മുടെ ഉള്ളിൽ ആർദ്രതയുടെ ഒരു നനവുണ്ടാകണം. ആ നനവ് വറ്റിപ്പോയാൽ പുരോഹിതനാകാനോ ജനപ്രതിനിധി ആകാനോ ഉള്ള യോഗ്യത നമുക്ക് നഷ്ടപ്പെടും, മിക്കപ്പോഴും ആ യോഗ്യത ഇല്ലാതാവുകയാണ്. ആ നനവ് വറ്റിപ്പോയാൽ നമുക്ക് ചുറ്റുപാടുമുള്ള സങ്കടങ്ങളെ കാണാൻ കഴിയാതെ പോകും. ആ സങ്കടങ്ങളെ വാക്കുകൊണ്ടോ നോക്ക് കൊണ്ടോ തലോടൽ കൊണ്ടോ സാന്ത്വനിപ്പിക്കാൻ നമുക്ക് കഴിയണം. ജീവിതത്തിലേക്ക് അവരെ കൈപിടിച്ച് കൊണ്ടുവരിക എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്.”

ആദരണീയനായ മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ 2022 ഡിസംബർ ഒന്നിന് മലങ്കര ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെ മുൻ അധിപൻ മാർതോമ്മാ ദിവന്നാസിയോസ് തിരുമേനിയുടെ 50-ാം ശ്രാദ്ധ തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലെ വാക്കുകളാണിത്. ‘ആദം നീ എവിടെയാകുന്നു’ എന്ന ശ്രീ വി. ഡി. സതീശന്റെ ഏറ്റവും പുതിയ പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ ഇത്തരത്തിൽ വാക്കുകളിലൂടെ പ്രത്യാശയുടെ പ്രകാശം നിറയ്ക്കുന്ന ഏടുകൾ പലതുണ്ട്.

കേരളത്തിൽ മുഖ്യമന്ത്രി ആരെന്ന ചർച്ച മൂർദ്ധന്യത്തിലായിരിക്കെയാണ് ആദരണീയനായ വി. ഡി. സതീശന്റെ പുതിയ പുസ്തകമായ ‘ആദം നീ എവിടെയാകുന്നു’, ഡി. സി. ബുക്ക്സ് പുറത്തിറക്കിയത്. രണ്ടാഴ്ച മുമ്പേ വാങ്ങിയ പുസ്തകം പലപ്പോഴായി വായിച്ച് ഇന്നലെ രാത്രിയിലാണ് പൂർത്തിയാക്കിയത്. കേരള കാത്തലിക് സ്റ്റുഡൻ്റ്സ് ലീഗ് (കെ. സി. എസ്. എൽ), കാത്തലിക് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് (സി. എസ്. എം) എന്നിവയുടെ ഭാരവാഹിയായും അതേ സമയം മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും മാധ്യമ മേഖലയിലൂടെയും വളർന്നു വന്ന എനിക്ക് ഈ പുസ്തകം വായിച്ചപ്പോൾ മുഖ്യമന്ത്രി വി. ഡി. സതീശൻ്റെ ഉൾക്കാഴ്ചകൾ കൂടുതൽ വ്യക്തമായി. മനുഷ്യോന്മുഖവും ഈശ്വര കേന്ദ്രീകൃതവുമായ ദർശനങ്ങളാൽ അനുഗ്രഹിക്കപ്പെട്ട നമ്മുടെ മുഖ്യമന്ത്രിയുടെ പ്രവർത്തന ലക്ഷ്യങ്ങൾ ഈ പുസ്തകത്തിൽ സുവ്യക്തമാണ്. ക്രിസ്തു ദർശനങ്ങളെ സാധാരണക്കാരൻ്റെ മനസ്സിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന വിധം അവതരിപ്പിച്ചിരിക്കുന്ന വി. ഡി. സതീശൻ്റെ വാക്കുകൾ വായനക്കാരന് പ്രത്യാശയും പ്രതീക്ഷയും നൽകുന്നതാണ്.

വി. ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ വിവിധ ക്രൈസ്തവ സഭകളുടെ വേദികളിൽ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണിത്. ക്രിസ്തുദർശനങ്ങളിലൂടെ ഒരു സഞ്ചാരമെന്നാണ് പുസ്തത്തിന്റെ പുറംചട്ടയിൽ എഴുതിയിരിക്കുന്നത്. നിത്യവും ബൈബിളിന്റെ ഒരുഭാഗം വായിക്കുന്നതും, ബൈബിളിൽ ആഴത്തിൽ അറിവുള്ളതുമായ ശ്രീ. വി. ഡി. സതീശൻ ക്രിസ്തുദേവ ദർശനങ്ങളെ കുറിച്ച് പ്രസംഗിക്കുന്നത് സാധാരണമാണ്. എന്നാൽ ഈ പുസ്തകം വായിച്ച് അവസാനിച്ചപ്പോൾ അതിനെ ക്രിസ്തുദേവ ദർശനമെന്ന കള്ളിയിൽ മാത്രം ഒതുങ്ങി പോകരുതെന്ന ചിന്തയാണ് ഈ കുറിപ്പിന് ആധാരം. സമൂഹത്തിന്റെ വിവിധ മേഖകളിലെ വ്യക്തികളുടെ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നതാണ് അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ ഓരോന്നും.

വ്യക്തികൾ നേരിടുന്ന ഒറ്റപ്പെടൽ, യുവജനങ്ങളെ നശിപ്പിക്കുന്ന ലഹരി, കുടുംബങ്ങളിലുണ്ടാകുന്ന വിള്ളലുകൾ, പണത്തിന് പിന്നാലെയുള്ള ഓട്ടം, പ്രതീക്ഷ നഷ്ടപ്പെടുന്നവരുടെ മനോവ്യഥകൾ എന്നിങ്ങനെ പലതരം പ്രശ്നങ്ങളെ ക്രിസ്തുദേവ ദർശങ്ങളുമായി ഉൾച്ചേർത്താണ് ഓരോ വേദികളിലും അദ്ദേഹം സംസാരിച്ചത്. ക്രിസ്തുവിന്റെ വചനങ്ങളും ബൈബിളിലെ വാക്യങ്ങളുംകൊണ്ട് അതിനെല്ലാം പരിഹാരവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ആകുലതകളിൽ നിറയുന്ന ആശ്വാസമാണത്. 195 പേജുള്ള പുസ്തകം 32 പ്രസംഗങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ക്രൈസ്തവ വിഭാഗങ്ങൾ നേരിടുന്ന പലതരത്തിലുള്ള അതിക്രമങ്ങളിലുള്ള ആകുലതകളും സ്റ്റാൻസ്വാമിയുടെ ജീവിതവും പലവവട്ടം അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ കടന്നുവരുന്നുണ്ട്. ഇതിനെല്ലാം അപ്പുറം കേരളത്തിന്റെ വിവിധ രംഗങ്ങളിൽ ക്രൈസ്തവ സഭകൾ നൽകിയ ചെറുതും വലുതുമായ ചരിത്രപരമായ സംഭാവനകളെ വർത്തമാനകാലത്ത് പൊതുസമൂഹത്തോട് വിളിച്ചുപറയുന്ന വലിയ ഉത്തരവാദിത്വവും അദ്ദേഹം നിറവേറ്റുന്നുണ്ട്. സമൂഹത്തിലെ എല്ലാ വ്യക്തികൾക്കും മുന്നോട്ട് കുതിയ്ക്കാനും സഹജീവി സ്നേഹത്തോടെ കടമകൾ ചെയ്തു തീർക്കാനും ഉത്പ്രേരകമാകുന്ന നിരവധി പ്രഭാഷണ ഭാഗങ്ങൾ ഈ പുസ്തകത്തിൽ നിരവധിയുണ്ട്. എല്ലാത്തിനും ഉപരിയായി ഏതൊരാൾക്കും ബൈബിളിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് അടിസ്ഥാനപരമായി ബോദ്ധ്യപ്പെടാനും അതിലേക്ക് കടന്നുചെല്ലാനും ഈ പുസ്തകം വഴിതുറക്കുന്നു.

2024 ജനുവരി ആറിന് കോഴിക്കോട് അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിലിന്റെ പൊതുയോഗത്തിൽ നടത്തിയ പ്രസംഗത്തിലെ ശ്രീ വി. ഡി. സതീശന്റെ വാക്കുകൾ ശ്രദ്ധേയമാണ്.

“കുഷ്ഠരോഗിയുടെ ജീവിതവും നമ്മളും തമ്മിലെന്താണ് ബന്ധം എന്ന് പലരും ചോദിക്കാറുണ്ട്. ലൗകികമായ പ്രലോഭനങ്ങളിൽ ബന്ധിതരായി ധനം വാരി ക്കൂട്ടുക, മൂല്യങ്ങളെ ത്യജിച്ച് അനിയന്ത്രിതമായി ജീവിക്കുക, ആത്മാവിനെ നശിപ്പിക്കും വിധത്തിൽ ഹിംസകളിൽ ഏർപ്പെടുക ഇതെല്ലാം കുഷ്ഠരോഗത്തേക്കാൾ ഭീകരവും ഭയാനകവുമായ മനുഷ്യാവസ്ഥയാണ്.”

അകറ്റി നിർത്തുന്നവരെ ചേർത്ത് നിർത്തുന്ന ദൈവസ്നേഹത്തെയാവണം നമ്മൾ പിന്തുടരേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട്. ഒരു ഭരണാധികാരിയുടെ മുൻഗണന എന്താണെന്ന് കേരളജനതയ്ക്ക് ബോദ്ധ്യപ്പെട്ടാൻ ഈ വാക്കുകൾ ധാരാളമാണ്.

2024 നവംബർ 25ന് നിയുക്ത കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ടിന് ലൂർദ്മാതാ ഇടവകയിൽ നൽകിയ സ്വീകരണത്തിൽ പ്രതിപക്ഷ നേതാവ് നടത്തിയ പ്രഭാഷണമാണ് ‘ആദം നീ എവിടെയാകുന്നു’വെന്ന തലക്കെട്ടിൽ 18-ാമതായി പുസ്‌കത്തിലുള്ളത്. അത് തന്നെയാണ് പുസ്തകത്തിന് പേരായി തിരഞ്ഞെടുത്തിരിക്കുന്നതും.

“ദൈവഹിതം നടപ്പാക്കാനുള്ള ദൗത്യമാണ് ഓരോ മനുഷ്യനുമുള്ളത്. അവനവന്റെ മേഖലകളിൽ, ജീവിത വഴികളിൽ ദൈവഹിതം നടപ്പിലാക്കാനുള്ള ചുമതലയാണ് നമ്മെ ഏല്പിച്ചിരിക്കുന്നത്. പൊതുപ്രവർത്തകനെന്ന നിലയിൽ എന്നാലാവും വിധം ദൈവഹിതം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഒരുപാട് പരിമിതികളുള്ള ഒരു സാധാരണ മനുഷ്യനാണ് ഞാൻ. പക്ഷേ, ദൈവം എനിക്ക് തന്ന അവസരങ്ങൾ മനുഷ്യമോചനത്തിനും അവരുടെ നന്മയ്ക്കും ഫലപ്രദമായി വിനിയോഗിക്കാനാണ് ഞാൻ പരിശ്രമിക്കുന്നത്.” – 2024 സെപ്തംബർ 8ന് റാന്നി – മന്ദമരുതി ബഥേൽ മാർത്തോമ പള്ളിയിൽ നടന്ന ജോസഫ് മാർ ബെർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ 75-ാം ജന്മദിന സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലെ ഈ വാക്കുകൾ കേരളീയ സമൂഹത്തിന് നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്.

അധികാരം മറ്റുള്ളവന്റെ മേൽ ആധിപത്യം സ്ഥാപിക്കാനല്ല മറിച്ച് എളിയവർക്കു വേണ്ടി, പാർശ്വവൽക്കരിക്കപ്പെട്ടവർക്കുവേണ്ടി പണിയെടുക്കാനാണെന്ന ഓർമ്മപ്പെടുത്തലാണ് ക്രിസ്തു എപ്പോഴും പറഞ്ഞിട്ടുള്ളതെന്നും അത് ഇടതടവില്ലാതെ നിറവേറ്റുകയാണ് താനെന്നും മുഖ്യമന്ത്രി പദത്തിലെത്തുന്നതിനും 20 മാസങ്ങൾക്ക് മുമ്പ് റാന്നിയിലെ വേദിയിൽ വ്യക്തമാക്കിയ വ്യക്തിയാണ് വി. ഡി. സതീശൻ. ആദമിനെ അന്വേഷിക്കുന്ന ദൈവത്തെ, തിരിച്ച് അന്വേഷിക്കുന്നതാണ് വി. ഡി. സതീശന്റെ ബൈബിൾ പ്രഭാഷണങ്ങളുടെ രസവും രഹസ്യവുമെന്ന് പുസ്തകത്തിന്റെ അവതാരികയിൽ ആദരണീയനായ എം. ജി. സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് കുറിച്ചിട്ടുണ്ട്. അങ്ങനെ ആദമിനെ അന്വേഷിക്കുന്ന ദൈവത്തെ, തിരിച്ച് അന്വേഷിക്കുന്ന മുഖ്യമന്ത്രി വി. ഡി. സതീശൻ, കേരളീയ സമൂഹത്തിന് മാതൃകയും നല്ല നാളെയുടെ, ഭാവി കേരളത്തിൻ്റെ, പ്രത്യാശയുടെ പ്രകാശവുമാണ്.

(ജലീഷ് പീറ്റർ)

Share News