ഡോ. ബി.ആർ. അബേദ്‍കര്‍ തുല്യതക്കായ് പോരാടിയ നവോഥാന നായകൻ|ക്രാന്തദർശിയായ ആ മഹാത്മാവിന്റെ വാക്കുകൾ ഓരോ ഭാരതീയന്റെയും ചിന്തകൾക്കു വെളിച്ചമാകട്ടെ.

Share News

“1950 ജനുവരി 26-ന് രാജ്യം ഔപചാരികമായി ഒരു റിപ്പബ്ലിക്കാകുമ്പോൾ വൈരുധ്യങ്ങളുടെ ഒരു ഘട്ടത്തിലേക്കാണ് നാം പ്രവേശിക്കാൻ പോകുന്നത്. രാഷ്ട്രീയത്തിൽ നമുക്ക് സമത്വമുണ്ടാകും. സാമൂഹിക-സാമ്പത്തികജീവിതത്തിൽ അസമത്വവും. രാഷ്ട്രീയത്തിൽ ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം എന്ന തത്വം നാം അംഗീകരിക്കും. സാമൂഹിക-സാമ്പത്തിക ജീവിതത്തിൽ നമ്മുടെ സാമൂഹിക-സാമ്പത്തിക ഘടന കാരണം ഒരു വ്യക്തി, ഒരു മൂല്യം എന്ന തത്ത്വം തിരസ്കരിക്കപ്പെടുന്ന അവസ്ഥ തുടരും. ഏറെക്കാലം ഈ തിരസ്കാരം തുടർന്നാൽ നമ്മുടെ രാഷ്ടീയ ജനാധിപത്യം അപകടത്തിലാകും.” കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലിയിൽ 1949 നവംബർ 25- ന് നടത്തിയ പ്രസംഗത്തിൽ ഡോ. ബി.ആർ. അബേദ്‍കര്‍ നടത്തിയ ഈ പരാമർശം 75 വർഷങ്ങൾക്കിപ്പുറം സമകാലിക സമൂഹത്തിന്റെ നേർക്കാഴ്ചയായി മാറുന്ന ദയനീയ കാഴ്ചക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നു. ഇന്ത്യ എന്ന മഹത്തായ ആദർശത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടനയുടെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുന്നു. “നമ്മൾ ഇന്ത്യയിലെ ജനങ്ങൾ” എന്നാരംഭിക്കുന്ന ഭരണഘടനയുടെ ആത്മാവിന് മുറിവേൽപ്പിക്കുന്ന നിരന്തരമായ ഇടപെടലുകൾക്ക് ഭരണകൂടം തന്നെ കുടപിടിക്കുമ്പോൾ ഡോ. അംബേദ്ക്കറെ ഓർക്കുന്നത് തന്നെ അനിവാര്യമായ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്.

ദലിത് വിമോചകന്‍, സാമൂഹിക വിപ്ലവകാരി, രാഷ്ട്രമീമാംസകന്‍, ധനതത്ത്വശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ചിന്തകന്‍, എഴുത്തുകാരന്‍, വാഗ്മി, ബുദ്ധമത പുനരുദ്ധാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ഡോ ബി ആർ അംബേദ്കര്‍ ഭാരതത്തിന്റെ പ്രഥമ നിയമകാര്യമന്ത്രിയായി സേവനം ചെയ്യുകയും നാമിന്നു അഭിമാനം കൊള്ളുന്ന ഭരണഘടനക്ക്‌ രൂപം നൽകുന്നതിൽ നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്‍തു. രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിൽ സമത്വം എന്ന ആശയത്തെ ഉൾചേർക്കുവാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ സമാനതകളില്ലാത്തതാണ്. ബ്രിട്ടീഷ് ഭരണത്തിൽനിന്നുള്ള മോചനം പോലെത്തന്നെ പ്രാധാന്യമുള്ളതാണ് തൊട്ടുകൂടാത്തവരുടെയും ജാതിശ്രേണിയിൽ അടിത്തട്ടിൽ കിടക്കുന്നവരുടെയും മോചനം എന്നു ഉറച്ചു വിശ്വസിക്കുകയും അതിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്ത ആളാണ് അദ്ദേഹം. ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായ് ഗാന്ധിയെ കാണുമ്പോൾ അംബേദ്കർ തൊട്ടുകൂടാത്തവരുടെ വക്താവായ് അറിയപ്പെട്ടു. ഗാന്ധിക്കു ലഭിച്ച രാഷ്ട്രീയ നായകത്വം ഒരിക്കൽപ്പോലും അംബേദ്കറിൽ വന്നുചേർന്നില്ല എന്നതാണ് സത്യം എന്നാൽ ദളിത് എന്ന വാക്കിനെ പ്രത്യേകമായൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റായി മാറ്റിയെടുക്കുവാൻ അംബേദ്കർക്ക് സാധിച്ചു.

1891 ഏ. 14-ന് മഹാരാഷ്ട്രയില്‍ രത്നഗിരി ജില്ലയിലെ അംബവാഡെ എന്ന ഗ്രാമത്തില്‍, മഹര്‍ സമുദായത്തില്‍പ്പെട്ട രാംജിസക്പാലിന്റെയും ഭീമാഭായിയുടെയും പതിനാലാമത്തെ പുത്രനായി പിറന്ന അംബേദ്കർക്ക് ആറു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. അമ്മയുടെ മരണശേഷം ഒരു അമ്മായിയാണ് അവരെ വളർത്തിയത്. ഏറെ കഷ്ട്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ആ കാലം. പതിനാല് കുട്ടികളിൽ അംബേദ്കറും രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരും മാത്രം അവശേഷിച്ചു. സഹോദരന്മാരിൽ വിദ്യാഭ്യാസത്തിൽ തിളങ്ങാൻ മറ്റാർക്കും കഴിഞ്ഞില്ല. താഴ്ന്ന ജാതിക്കാരനായതിനാൽ നേരിടേണ്ടി വന്ന വലിയ അവഗണന
നിശ്ചയദാര്‍ഢ്യത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് അദ്ദേഹം നേരിട്ടത്. അമേരിക്കയിലെ പ്രശസ്തമായ കൊളംബിയ യൂണിവേഴ്സിറ്റിയിൽനിന്ന് ധനതത്ത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും പിന്നീട് ഗവേഷണബിരുദവും നേടിയ അദ്ദേഹം ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്ന് പഠിക്കുകയും നിരവധി ഗവേഷണ പ്രബദ്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥക്കെതിരെ നിരന്തരം പോരാടിയ രാജ്യത്തും വിദേശങ്ങളിലും അനുയായികളും ആരാധകരും ഉണ്ടായി. 1927 ഡിസംബർ 25 നു അംബേദ്‌കറുടെ നേതൃത്വത്തിൽ മനുസ്മൃതി പരസ്യമായി കത്തിച്ചു. 1956 ഡിസംബർ 6-ന് തന്റെ 65-മത്തെ വയസ്സിൽ മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപ് അംബേദ്കറും 365000 ദളിത് അനുയായികളും ബുദ്ധമതം സ്വീകരിച്ചു.

ഭരണഘടനാ ശില്പി എന്നതിനപ്പുറം ശ്രദ്ധേയമായ ഒരുപിടി സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യ ഇന്ത്യക്കാരന്‍, റിസര്‍വ് ബാങ്ക് രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാൾ, ദളിതുകള്‍ക്ക് പൊതു ഇടങ്ങളിൽ നിന്ന് വെള്ളം കുടിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള മഹദ് സത്യാഗ്രഹത്തിനു നേതൃത്വം നൽകിയ വ്യക്തികൂടിയാണ് അദ്ദേഹം. അതുപോലെ തന്നെ തൊഴില്‍ സമയം 12ല്‍ നിന്ന് എട്ട് മണിക്കൂറാക്കി ചുരുക്കിയതിന് പിന്നില്‍ അംബേദ്കര്‍ ഉണ്ടായിരുന്നു. ദേശീയ ജല, വൈദ്യുതി നയങ്ങളുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹമാണ് മദ്ധ്യപ്രദേശിനേയും ബിഹാറിനേയും വിഭജിക്കണമെന്ന് ആദ്യം നിര്‍ദ്ദേശിച്ചത്.

ക്രാന്തദർശിയായ ആ മഹാത്മാവിന്റെ വാക്കുകൾ ഓരോ ഭാരതീയന്റെയും ചിന്തകൾക്കു വെളിച്ചമാകട്ടെ.

ഡോ. സെമിച്ചൻ ജോസഫ്

(പരിശീലകനും കൗൺസിലറും സ്മാർട്ട് ഇന്ത്യ ഫൌണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ സഹസ്‌ഥാപകനുമാണ് ലേഖകൻ)

Share News