രാജ്യസഭയിലെ വ്യത്യസ്തമായ രണ്ട് ചോദ്യങ്ങൾക്ക് നിർണായകമായ വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. |സാധാരണ ഗതിയിൽ ഇത് സുപ്രധാനമായ ഒരു വാർത്തയാകേണ്ടതാണ്.

Share News

രാജ്യസഭയിലെ വ്യത്യസ്തമായ രണ്ട് ചോദ്യങ്ങൾക്ക് നിർണായകമായ വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്.

ഇന്ത്യൻ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കുന്ന അദാനി കുംഭകോണവുമായി ബന്ധപ്പെട്ടതായിരുന്നു ഒന്ന്. ഇന്ത്യൻ പൗരന്മാർക്ക് പങ്കാളിത്തമുള്ള ഷെൽ കമ്പനികളെ കുറിച്ചുള്ള എന്റെ ചോദ്യത്തിന് വിചിത്രമായ മറുപടിയാണ് ഗവൺമെന്റിൽ നിന്നും രേഖാമൂലം ലഭിച്ചത്. മൗറീഷ്യസ് പോലുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് ഇന്ത്യയിലേക്ക് നിക്ഷേപം നടത്തുന്ന ഷെൽ കമ്പനികളുടെ ആഭിമുഖ്യത്തിൽ വ്യാപകമായ ദുരുപയോഗം നടക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ചോദ്യം. ഷെൽ കമ്പനി എന്താണെന്ന് പോലും നിർവചിച്ചിട്ടില്ലെന്ന വിചിത്രമായ മറുപടിയാണ് ധനകാര്യ വകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി എനിക്ക് രേഖാമൂലം നൽകിയത്. 2018ൽ ഷെൽ കമ്പനികൾ ഉയർത്തുന്ന ഭീഷണിയെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച കേന്ദ്രസർക്കാർ തന്നെയാണ് ഈ മലക്കം മറച്ചിൽ നടത്തിയത് എന്നതും ശ്രദ്ധേയം.

സാധാരണ ഗതിയിൽ ഇത് സുപ്രധാനമായ ഒരു വാർത്തയാകേണ്ടതാണ്. കള്ളപ്പണത്തിന്റെ പേരിൽ അധികാരത്തിലേറിയ ഒരു കേന്ദ്രസർക്കാർ 9 വർഷം കഴിഞ്ഞിട്ടും കള്ളപ്പണ പ്രസരണത്തിന്റെ മുഖ്യസ്രോതസായ ഷെൽ കമ്പനികളെ കുറിച്ച് അന്വേഷിക്കാൻ പോയിട്ട് നിർവചിക്കാൻ പോലും തയ്യാറല്ല എന്ന ഞെട്ടിപ്പിക്കുന്ന വസ്തുത നമ്മുടെ മാധ്യമങ്ങൾ വാർത്തയാക്കാതെ പോകുന്നത് എന്തുകൊണ്ട്?

എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ സുപ്രധാന വ്യക്തിത്വങ്ങളായ സീതാറാം യെച്ചൂരി, ജയറാം രമേശ്, മഹുവ മോയിത്ര, അഡ്വ. പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ ഗവൺമെന്റിന്റെ വിചിത്രമായ നിലപാടിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ടെലിഗ്രാഫ് ഇംഗ്ലീഷ് ദിനപത്രം അർഹമായ പ്രാധാന്യത്തോടെ ഈ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന് മാത്രമല്ല പിറ്റേന്ന് ഈ വാർത്തയുടെ വിശദമായ ഫോളോഅപ്പും ചെയ്തു.

സ്വാതന്ത്ര്യത്തിന്റെ അമൃത്കാൽ (75 വർഷം) ആഘോഷിക്കുന്ന വേളയിൽ പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് അഖിലേന്ത്യാ സർവീസുകളിലുള്ള പ്രാതിനിധ്യത്തെക്കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം. ഉത്തരം നൽകാൻ നിർബന്ധിതമായ ഗവൺമെന്റ് പുറത്തുവിട്ട വിവരങ്ങൾ എന്തുകൊണ്ടും ഏറെ വാർത്താ മൂല്യമുള്ളതാണ്. ജനസംഖ്യയുടെ ഭൂരിപക്ഷമാണെങ്കിലും സംവരണത്തിന്റെ പാതി പോലുമില്ലാത്ത പ്രാതിനിധ്യമാണ് ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് അഖിലേന്ത്യാ സർവീസിൽ ലഭിച്ചിട്ടുള്ളതെന്ന വെളിപ്പെടുത്തലാണ് ഉണ്ടായത്. ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങളുടെ 5 വർഷത്തെ നിയമനങ്ങളിലെ പ്രാതിനിധ്യം യഥാക്രമം 15.92%, 7.65%, 3.8% എന്നിങ്ങനെയാണ്.

ഈ വാർത്തയോടും നീതിപുലർത്തിയത് ടെലിഗ്രാഫ് ദിനപത്രമാണെന്നതും പ്രത്യേകം എടുത്തു പറയേണ്ടിവരും.

എന്തുകൊണ്ടാണ് നമ്മുടെ മാധ്യമങ്ങൾ രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന പ്രസക്തമായ വിവരങ്ങൾ പോലും റിപ്പോർട്ട് ചെയ്യാൻ തയ്യാറാകാത്തത്? കേന്ദ്രസർക്കാരിനോടുള്ള ഭയം മാത്രമാണോ ഇതിന് കാരണം? ഇത്തരം വാർത്തകൾക്ക് പകരം മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ എത്രകണ്ട് വാർത്താ പ്രാധാന്യമുള്ളതാണ്?

എന്തായാലും ഈ രണ്ടു കാര്യങ്ങൾ മുൻനിർത്തിയുള്ള ട്വീറ്റുകളും വാർത്തകളും മറ്റു വിശദാംശങ്ങളും ഇവിടെ നൽകുന്നു

John Brittas

Share News