വളരട്ടെ സ്ത്രീകളില്‍ സമ്പാദ്യ ചിന്തകള്‍

Share News

വളരട്ടെ സ്ത്രീകളില്‍ സമ്പാദ്യ ചിന്തകള്‍


ഓരോ സ്ത്രീയും സാമ്പത്തിക സ്വാതന്ത്ര്യം പ്രതീക്ഷിക്കുന്നുണ്ട്. സ്ത്രീകള്‍ എത്ര പണം സമ്പാദിക്കുന്നു എന്നതല്ല സാമ്പത്തിക സ്വാതന്ത്ര്യം. അവര്‍ സമ്പാദിക്കുന്നത് എന്തു ചെയ്യണമെന്ന് അവര്‍ക്കു തന്നെ തീരുമാനിക്കാനുള്ളതു കൂടിയാണത്.

സ്വന്തമായി വരുമാനമുള്ള സ്ത്രീകള്‍ക്ക് കുടുംബത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ സ്വാതന്ത്ര്യത്തോടെ വാങ്ങുന്നതിനും വലിയ സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിനുംവരെ കഴിയുന്നു. പക്ഷേ, സ്ത്രീകള്‍ സമ്പാദിക്കുന്ന പണമാണെങ്കിലും പുരുഷന്മാര്‍ അത് ചിലവഴിക്കുന്ന കുടുംബങ്ങളമുണ്ട്.


സ്ത്രീകള്‍ ഇന്ന് മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി പുരുഷന്മാര്‍ക്കൊപ്പം അല്ലെങ്കില്‍ അവരേക്കാള്‍ ഒരു പടി മുന്നില്‍ ജോലികളിലും സംരംഭങ്ങളിലുമൊക്കെയുണ്ട്. പക്ഷേ, പണസംബന്ധമായ കാര്യങ്ങളില്‍ പുരുഷന്മാരില്‍ നിന്നു വ്യത്യസ്തമായ സമീപനവും കാഴ്ചപ്പാടുമാണ് അവര്‍ക്ക്.

വ്യക്തിപരമായ സാമ്പത്തിക കാര്യങ്ങളിലും താല്‍പ്പര്യങ്ങളിലും അവരുടേതായ വഴി അവര്‍ തന്നെ രൂപപ്പെടുത്താറുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ പൊതുവേ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ഉല്‍ക്കണ്ഠാകുലരാണുതാനും.

പുരുഷന്മാര്‍ വരുമാനത്തിനായി പണിയെടുക്കുകയും സ്ത്രീകള്‍ വീട്ടുജോലികള്‍ ചെയ്യുകയുമെന്നതാണ് പരമ്പരാഗത സങ്കല്‍പ്പം മാറിക്കഴിഞ്ഞു.

മാത്രമല്ല സ്ത്രീകള്‍ പാരമ്പര്യ ജോലികളില്‍ നിന്നു മാറി വെല്ലുവിളികള്‍ നിറഞ്ഞ വ്യത്യസ്ത രംഗങ്ങളിലേക്ക് കടന്നു വരുന്നു. അതിനൊരു ഉദാഹരണമാണ് ഇന്ധന ടാങ്കര്‍ ലോറി ഓടിക്കുന്ന തശൂര്‍ സ്വദേശിനി ഡെലീഷ ഡേവിസ്.

പുരുഷന്മാര്‍ മാത്രം കടന്നു വരുന്ന മേഖലയിലേക്കെത്തിയ ആദ്യ വനിതയാണ്. ഡ്രൈവിംഗിലുള്ള അതീവ താല്‍പ്പര്യം കൊണ്ട് ഇരുമ്പനത്തുനിന്ന് മലപ്പുറത്തേക്ക് ടാങ്കര്‍ ലോറിയില്‍ പെട്രോളും ഡീസലും എത്തിക്കുന്ന ജോലി ഏറ്റെടുക്കുകയായിരുന്നു ഈ എം.കോം ബിരുദധാരി.


സാമ്പത്തിക സാക്ഷരത നേടിയ സ്ത്രീകള്‍ക്കാണ് നന്നായി സാമ്പത്തിക ആസൂത്രണം ചെയ്യാനും പണം നിയന്ത്രിക്കാനും സമ്പാദിക്കാനും നിക്ഷേപം നടത്താനും കഴിയുക. സ്ത്രീകളില്‍ സാമ്പത്തികാവബോധം ഉണ്ടാകുന്നത് നല്ല തീരുമാനങ്ങളെടുക്കുന്നതിന് അവരെ സഹായിക്കും.

അതിനുള്ള പിന്തുണ കുടുംബത്തിന് നല്‍കാനാവണം. കുടുംബാംഗങ്ങള്‍ക്കെല്ലാം പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങളെടുക്കുന്നതില്‍ പങ്കാളികളുമാവാം.
ഇത്തരത്തില്‍ സഹായവും പിന്തുണയുമായി ഭര്‍ത്താവ് ഷാബുവും മകന്‍ ഗോകുലും നിന്നത് കരുത്തായ അനുഭവമാണ് റെനിതയുടേത്.

വരുമാനം കൂട്ടാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച നാളുകളില്‍ യാദൃശ്ചികമായി വിനോദയാത്ര പോകുന്ന വീടിനടുത്തുള്ള ക്ലബ്ബുകാര്‍ക്ക് യാത്രാവേളയിലെ ഭക്ഷണത്തിനായി ഇഡ്ഡലി ഉണ്ടാക്കിക്കൊടുത്തത് സംരംഭം തുടങ്ങാന്‍ നിമിത്തമായതാണ് റെനിതയുടെ കഥ.

വിഭവം നല്ലതായെന്ന പ്രതികരണം പ്രോല്‍സാഹനമായി. ഇഡ്ഡലി തയ്യാറാക്കി വില്‍പ്പന തുടങ്ങിയാല്‍ അതില്‍ നിന്ന് സ്ഥിര വരുമാനം ഉണ്ടാക്കാന്‍ കഴിയുമോയെന്ന് റെനിത ചിന്തിച്ചു. ഏതായലും ചെയ്തിരുന്ന ജോലി വിടാതെ തന്നെ കഷ്ടപ്പെടാന്‍ തയ്യാറാവുകയായിരുന്നു. വീടിനടുത്തുള്ള കടകളിലാണ് ആദ്യം അന്വേഷിച്ചത്.

ഓര്‍ഡര്‍ ലഭിച്ചതോടെ വീട്ടിലെ പരിമിത സൗകര്യങ്ങളില്‍ നിന്നു തന്നെ ഇഡ്ഡലി ഉണ്ടാക്കിത്തുടങ്ങി. 65 ഇഡ്ഡലിയില്‍ നിന്നായിരുന്നു തുടക്കം. മെഷീനായി ആകെയുണ്ടായിരുന്നത് ഒരു ടേബിള്‍ ടോപ്പ് ഗ്രൈന്‍ഡര്‍ മാത്രം.

രുചികരമായ ഇഡ്ഡലി നല്‍കിയതോടെ വിതരണം ചെയ്യുന്ന ഇഡ്ഡലിയുടെ എണ്ണം 65ല്‍നിന്നും നൂറും നൂറില്‍നിന്ന് എഴുന്നൂറും ആയിരവുമായി ഉയര്‍ന്നു. 2005ലെ ഓണക്കാലത്തായിരുന്നു ഇത്. എറണാകുളം ജില്ലയില്‍ അങ്കമാലിക്കടുത്ത് മൂക്കന്നൂരില്‍ വീട്ടില്‍ തന്നെയാണ് ഈ വീട്ടമയുടെ ഗോകുല്‍സണ്‍ ഫുഡ് പ്രോസസിംഗ് യൂണിറ്റ് എന്ന സംരംഭം. തുടക്കത്തില്‍ മൂക്കന്നൂര്‍, ടാബോര്‍, പൂതംകുറ്റി,കാരിമറ്റം,കറുകുറ്റി തുടങ്ങിയ പ്രദേശങ്ങളില്‍ ഇഡ്ഡലി സ്വന്തമായിത്തന്നെ കൊണ്ടുപോയി നല്‍കുകയായിരുന്നു. ഇന്ന് ഇഡ്ഡലിക്കു പുറമെ ഇടിയപ്പം, പത്തിരി, വട്ടയപ്പം, നെയ്യപ്പം, ഇല അട,കൊഴുക്കട്ട എന്നിങ്ങനെ വിവിധ വഭവങ്ങള്‍ തയ്യാറാക്കുന്നു. മറ്റ് സ്ഥലങ്ങളിലും വിതരണം ചെയ്യുന്നു. യഥാസമയം പിനതുണയും പ്രോസ്താഹനവും ലഭിച്ചതുകൊണ്ട് ആ വീട്ടമ്മയ്ക്ക് വരുമാനം നേടാനായി.

ഇന്നത്തെ കാലത്ത് ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും സാമ്പത്തിക സുരക്ഷ അനിവാര്യമാണ്. തങ്ങള്‍ക്ക് ബുദ്ധിമുട്ടുകളില്ലാതെ ഭാവി ജീവിതം നയിക്കുന്നതിന് സാമ്പത്തിക സുരക്ഷയുണ്ടാവണമെന്ന് അവര്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല.വ്യക്തമായ സാമ്പത്തിക ആസൂത്രണമാണ് സാമ്പത്തിക പുരോഗതിക്ക് ആദ്യം വേണ്ടത്.

ഇത് വ്യക്തികളുടെ പ്രായം, വരുമാനം, കാലം, നഷ്ടസാധ്യതകള്‍ നേരിടാനുള്ള കരുത്ത്, തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കഴിവ്, മനോഭാവം എന്നിങ്ങനെയുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

സാമ്പത്തിക ആസൂത്രണത്തിന്റെ ആദ്യപടി നമ്മള്‍ സാമ്പത്തികമായി എവിടെ നില്‍ക്കുന്നു, ഇനി എന്തെല്ലാം നേടണം, അതിനെത്ര ചെലവു വരും, പണം എങ്ങിനെ കണ്ടെത്താം എന്നൊക്കെയുള്ള വിലയിരുത്തലാണ്.

സമയ പരിധി ഇതില്‍ പ്രധാനമാണ്. വിദ്യാഭ്യാസം കഴിഞ്ഞ് ജോലി നേടിയ പെണ്‍കുട്ടിയുടെ ലക്ഷ്യങ്ങളല്ല കുറച്ചു കൂടി പ്രായം ചെന്നവരുടേത്.

ഇരുപതു വയസ്സുള്ള അവിവാഹിതരായ സ്ത്രീകളുടെ ലക്ഷ്യം വാഹനം വാങ്ങലും വിവാഹവുമൊക്കെയാണെന്നു കരുതുക. അതെ സമയം മധ്യ വയസ്സുള്ള വിവാഹിതരായ സ്ത്രീകള്‍ ചിന്തിക്കുന്നത് വീടു നിര്‍മ്മാണവും കുട്ടികളുടെ വിദ്യാഭ്യാസവുമാവും അവരുടെ ഭാവിയെക്കുറിച്ചുമാകും.

കൂടാതെ ജോലിക്കാരായ സ്ത്രീകളാണെങ്കില്‍ ദീര്‍ഘകാലത്തേക്കുള്ള ലക്ഷ്യം റിട്ടയര്‍മെന്റിനുശേഷമുള്ള സുരക്ഷിതമായ തുടര്‍ ജീവിതവുമായിരിക്കും.


ഇന്നത്തെ സ്ത്രീകളില്‍ മിക്കവരും ബാങ്കുകളിലും എടിഎമ്മുകളിലും പോയി പണം പിന്‍വലിക്കാനും പണം അടയ്ക്കാനും പ്രാപ്തരാണ്.

എങ്കിലും നിക്ഷേപ കാര്യത്തില്‍ അവര്‍ പിന്നിലാണ്. സേവിംഗ്‌സ് ബാങ്കുകളിലെ സമ്പാദ്യം, ഇന്‍ഷുറന്‍സ്, പോസ്റ്റ് ഓഫീസ് സേവിംഗ്‌സ്, ചിട്ടി എന്നതിനപ്പുറം മറ്റ് സമ്പാദ്യ മാര്‍ഗങ്ങളില്‍ പണം നിക്ഷേപിക്കുന്ന സ്ത്രീകള്‍ കുറവാണ്.

പുതുതലമുറയില്‍പ്പെട്ട സ്ത്രീകളില്‍ പോലും ഇതില്‍ കാര്യമായ മാറ്റമില്ല. നഷ്ടസാധ്യതകള്‍ ഏറ്റെടുക്കാനുള്ള മടിയാണ് പ്രധാനമായും ഇതിനു പിന്നില്‍.


ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സ്ത്രീകള്‍ക്ക് ഒരു അനുഗ്രഹമാണ്. അവര്‍ക്ക് ഡിജിറ്റലായി പണം എളുപ്പം സൂക്ഷിക്കാനും ഇടപാടുകള്‍ നടത്താനും സാധ്യമാകുന്നു. അതെ സമയം അതില്‍ പ്രാവീണ്യമില്ലാത്തവരുമുണ്ട്. അതിനായി ഡിജിറ്റല്‍ സാക്ഷരിത നേടാനായി പരിപാടികള്‍ ആവിഷ്‌ക്കരിക്കണം.

ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ബുദ്ധിമുട്ടുകള്‍ കൂടാതെ സഹായം ലഭിച്ചാല്‍ ഇനിയും ധാരാളം സ്ത്രീകള്‍ വ്യത്യസ്ത സംരംഭങ്ങളുമായി കടന്നുവരാനാകും.

മാതൃക സൃഷ്ടിച്ച് മുന്നില്‍ പോകുന്ന സംരംഭകരെയും നേതൃ പദവികളില്‍ വിജയം നേടിയ ആലീസ് വൈദ്യനെപ്പോലുള മലയാളി വനിതകളെ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. അവരുടെ കരുത്തും കഴിവും കാര്യശേഷിയും പ്രതിഭയും പിറകെ വരുന്നവര്‍ക്ക് സാമ്പത്തിക നേട്ടം കൈവരിക്കാന്‍ പ്രചോദനമാകട്ടെ. സര്‍ക്കാര്‍, സമൂഹം, കുടുംബാംഗങ്ങള്‍ എന്നിവരുടെ ശ്രമങ്ങളും പിന്തുണയുമുണ്ടെങ്കില്‍ വെല്ലുവിളികള്‍ തരണം ചെയ്ത് നല്ല ഫലങ്ങള്‍ കൊണ്ടുവരാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനുമാവും.

രാജീവ് ലക്ഷ്മണൻ

കൊച്ചിയിൽ പരസ്യ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് ലേഖകൻ

Share News