രാഷ്ട്രപതി കേരളത്തിലെത്തി: വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം

Share News

കണ്ണൂര്‍: കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഊഷ്മള സ്വീകരണം. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി വ്യോമസേനാ വിമാനത്തില്‍ ഉച്ചയ്ക്ക് 12.35 ഓടെയാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തദ്ദേശ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍, സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍, ഇന്ത്യന്‍ നാവിക അക്കാദമി റിയര്‍ അഡ്മിറല്‍ എഎന്‍ പ്രമോദ്, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെവി മിനി എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഭാര്യ സവിത കോവിന്ദ്, മകള്‍ സ്വാതി എന്നിവര്‍ക്ക് ഒപ്പമാണ് രാഷ്‌ട്രപതി എത്തിയത്.

തുടര്‍ന്ന് അദ്ദേഹം ഹെലികോപ്റ്ററില്‍ കാസര്‍കോട് പെരിയയില്‍ നടക്കുന്ന കേരള കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനായി തിരിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി എംവി ഗോവിന്ദന്‍ എന്നിവര്‍ രാഷ്ട്രപതിക്കൊപ്പം പെരിയയിലേക്ക് പോയി. ബിരുദദാന ചടങ്ങിന് ശേഷം തിരിച്ച്‌ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊച്ചി നേവല്‍ എയര്‍ബേസിലെത്തും.

നാളെ രാവിലെ 9.50ന് ദക്ഷിണ മേഖലാ നാവിക കമാന്‍ഡിന്റെ പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുക്കും. തുടര്‍ന്ന് വിക്രാന്ത് സെല്‍ സന്ദര്‍ശിക്കും. വ്യാഴാഴ്ച രാവിലെ 10.20ന് കൊച്ചിയില്‍ നിന്ന് തിരിച്ച്‌ 11 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. രാവിലെ 11.30ന് പൂജപ്പുരയില്‍ പിഎന്‍ പണിക്കരുടെ വെങ്കല പ്രതിമയുടെ അനാച്ഛാദനം രാഷ്ട്രപതി നിര്‍വഹിക്കും. വെള്ളിയാഴ്ച രാവിലെ രാജ്ഭവനില്‍ നിന്ന് തിരിച്ച്‌ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 9.50ന് അവിടെ നിന്ന് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.

Share News