ലത്തീന്‍ കത്തോലിക്ക ആവാസകേന്ദ്രങ്ങളുടെ നിലനില്പ് ആശങ്കയുണത്തുന്നു. ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

Share News

എറണാകുളം: ലത്തീന്‍ കത്തോലിക്കരുടെ പ്രധാന ആവാസകേന്ദ്രങ്ങളുടെ നിലനില്പു തന്നെ അപകടത്തിലാകുന്നത് ആശങ്കയുണത്തുകയാണെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) സ്ഥാപിത ദിനാഘോഷം എറണാകുളം ആശീര്‍ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലത്തീന്‍ കത്തോലിക്കര്‍ ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന തൊഴില്‍മേഖലകള്‍ അന്യമാക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുന്നു. വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കേണ്ടി വരുന്നവര്‍ക്ക് മതിയായ പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയാതെ വരുന്നത് ഖേദകരമാണ്. മൂലംമ്പിള്ളി നമ്മുടെ മുന്നില്‍ ഇന്നും ഒരു വേദനയായി അവശേഷിക്കുന്നു. ജീവിക്കാനായി തെരുവില്‍ സമരം ചെയ്യേണ്ടി വരികയും അതിന്റെ പേരില്‍ നീതിപൂര്‍വ്വമല്ലാതെ ചുമത്തപ്പെട്ട വ്യവഹാരങ്ങളില്‍ കോടതി വരാന്തകളില്‍ പാവപ്പെട്ട തൊഴിലാളികളും സ്ത്രീകളും സമയം ചെലവഴിക്കേണ്ടി വരുന്നത് പ്രയാസകരമാണ്. വിഴിഞ്ഞം, മുതലപ്പൊഴി, പുതുവൈപ്പ് എന്നീവ ഉദാഹരണങ്ങളാണ്. സര്‍ക്കാരുകള്‍ക്ക് മുന്നില്‍ ലത്തീൻ സമൂഹം ഉയര്‍ത്തിയിട്ടുള്ള സമുദായ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാരുകള്‍ നിരാകരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു
.
തീരദേശ ഹൈവേയ്ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ നടപടികളും തിരുമാനങ്ങളും തീരദേശ ജനതയെ പ്രയാസത്തിലാക്കുകയാണ്. ഇത് സംബന്ധിച്ച് ഈയിടെ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആശ്വാസകരമാണ്. കേരളത്തിലെ ക്രൈസ്തവരുടെ പ്രത്യേകിച്ച് ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പെടെയുള്ള ജനസമൂഹങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ച് ജസ്റ്റീസ് ജെ ബി കോശിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുള്ള ശുപാര്‍ശകള്‍ കാലവിളംബമില്ലാതെ നടപ്പിലാക്കേണ്ടതുണ്ട്. സമകാലീകസാഹചര്യങ്ങളില്‍ ലത്തീന്‍ കത്തോലിക്ക സമൂഹം നേരിടുന്ന ശക്തമായവെല്ലുവിളികളെ മറികടക്കാന്‍ കെആര്‍എല്‍സിസിയെ സുശക്തവും സുസംഘടിതവുമാക്കേണ്ടതുണ്ടെന്നും ആര്‍ച്ച്ബിഷപ് വ്യക്തമാക്കി.

കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ ആമുഖ പ്രഭാഷണം നടത്തി. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) പ്രസിഡണ്ട് അഡ്വ. ഷെറി. ജെ. തോമസ്, കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് – ലാറ്റിന്‍ (കെസിവൈഎം ലാറ്റിന്‍) പ്രസിഡണ്ട് കാസ്സി പൂപ്പന, കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ (കെഎല്‍സിഡബ്ല്യുഎ) പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി, ക്രിസ്റ്റ്യന്‍ സര്‍വ്വീസ് സൊസൈറ്റി (സിഎസ്എസ്) ജനറല്‍ സെക്രട്ടറി ബെന്നി പാപ്പച്ചന്‍, ദളിത് ക്രൈസ്ത മഹാജന സഭ (ഡിസിഎംഎസ്) സംസ്ഥാന ട്രഷറര്‍ പ്രബലദാസ്, കേരള ലേബര്‍ മൂവ്മെന്റ് (കെഎല്‍എം) പ്രസിഡന്റ് ബാബു തണ്ണിക്കോട്ട്,
വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ജൂഡി വര്‍ഗ്ഗീസ് സെക്രട്ടറി മെറ്റില്‍ഡ മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന്, ‘ഇന്ത്യയും സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ അനിവാര്യതയും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഡോ. മോഹന്‍ ഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.
അഡ്വ. ഷെറി ജെ. തോമസ് മോഡറേറ്റര്‍ ആയിരുന്നു. ശ്രീനാരായണ സേവാ സംഘം പ്രസിഡന്റ് അഡ്വ. എന്‍. ഡി. പ്രേമചന്ദ്രന്‍, മെക്ക ജനറല്‍ സെക്രട്ടറി എന്‍. കെ. അലി, കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ.ഡോ. ജിജു ജോർജ് അറക്കത്തറ, സെക്രട്ടറി പാട്രിക് മൈക്കിള്‍, ട്രഷറര്‍ ബിജു ജോസി എന്നിവര്‍ പ്രസംഗിച്ചു.

ചിത്രത്തിനുള്ള അടികുറിപ്പ്: കെആർഎൽസിസി സ്ഥാപിത ദിനാഘോഷം ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു. കാസി പൂപ്പന, ബെന്നി പാപ്പച്ചൻ, ഫാ. തോമസ് തറയിൽ, ജോസഫ് ജൂഡ്, അഡ്വ. ഷെറി ജെ. തോമസ്, ഷേർളി സ്റ്റാൻലി എന്നിവർ സമീപം

Share News