
അടിയന്തിരാവസ്ഥയുടെ ഭീകരത
അടിയന്തിരാവസ്ഥയുടെ ഭീകരത
ഇന്ന് ജൂൺ 251975 ജൂൺ 25-നാണ് ഇന്ത്യയുടെ സ്വാതന്ത്രാനന്തര ചരിത്രത്തെ രണ്ടായി വിഭജിക്കുന്ന അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. സ്വതന്ത്ര ഭാരതത്തിൻ്റെ ഇരുളടഞ്ഞ ദിനങ്ങളായി, ഇന്നും നമ്മെ ലോകത്തിന് മുൻപിൽ തലകുനിപ്പിക്കുന്ന ഓർമ്മകൾ നൽകുന്ന രണ്ടു വർഷങ്ങൾ (21 മാസങ്ങൾ). ഭാരതത്തിൽ മനുഷ്യാവകാശങ്ങൾ അടിച്ചമർത്തപ്പെട്ട ദിനരാത്രങ്ങൾ. മനുഷ്യർ പൗരൻമാരല്ലാതാക്ക പ്പെട്ട നാളുകൾ.
എനിക്ക് അന്ന് ആറ് വയസ്സ് പ്രായം. ഇപ്പൊൾ എനിക്കു ചിലതൊക്കെ ഓർമ്മ വരുന്നു. വീട്ടിൽ അമ്മമാർ പോലും രാഷ്ട്രീയം പറയുന്നത് അടക്കംപിടിച്ചായിരുന്നു. സംസാരത്തിനിടയിൽ പലവട്ടം ആരെങ്കിലും കേൾക്കുന്നുണ്ടോ എന്ന് ഭയത്തോടെ പുറത്തേക്ക് പോയി നോക്കും. പോലീസുകാരുടെ ഹീന കൃത്യങ്ങൾ വീട്ടിൽ സ്ത്രീകൾ രഹസ്യം പറയുന്നത് ഞാൻ ഓർക്കുന്നു. അന്ന് നാട്ടിൻ പുറത്ത് കാളവണ്ടികൾ അല്ലാതെ യാത്ര പോകുന്നത് പോലീസ് ജീപ്പുകൾ മാത്രം. ആളുകൾ പുറത്തിറങ്ങുന്നത് തന്നെ ഭയന്ന് വിറച്ചു. അങ്ങനെ പോലീസിനെക്കുറിച്ച് വളരെ ഭയപ്പെടുത്തുന്ന ചിന്തകൾ എന്നിൽ ശക്തമായിരുന്നു. അവർ അന്യായമായി സാധുക്കളെയും നിരപരാധികളെയും പിടിച്ചുകൊണ്ട് പോകും, അവിടെ ക്രൂരമായ പീഡനങ്ങൾക്ക് വിധേയരാക്കും. സന്ധ്യയാകുമ്പോൾ കുട്ടികളും യുവാക്കൻമാരും വീട്ടിൽ വരണം എന്ന് അമ്മമാർ കർശനമായി പറയുന്നത് ഓർമ്മയിലുണ്ട്.
റോഡിലുള്ള കലുങ്കുകളിൽ ചെറുപ്പക്കാർ അൽപ്പസമയം സൊറ പറയാനിരുന്നാൽ ഏതെങ്കിലും വാഹനത്തിൻ്റെ ഇരമ്പം കേട്ടാലവർ ഓടിയൊളിക്കും. അഥവാ ആരെയെങ്കിലും റോഡരികിൽ കണ്ടാൽ പോലീസ് ജീപ്പ് വലിയ മുരൾച്ചയോടെ ചവിട്ടി നിർത്തും, ആളുകൾ ഓടിയൊളിക്കും. ചാടിയിറങ്ങുന്ന നിക്കറും കൂർത്ത തോപ്പിയുമുള്ള പോലീസുകാർ കെട്ടാലറയ്ക്കുന്ന തെറിവിളിക്കും, ലാത്തി കൊണ്ട് തറയിലും ഭിത്തിയിലും ആഞ്ഞടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കും. ഓടുന്ന മനുഷ്യരുടെ പിന്നാലെ ലാത്തിയുമായി ഓടി, ഓടുന്ന മനുഷ്യരുടെ കാലിനടിയിലേക്ക് ലാത്തി എറിഞ്ഞു അവരെ വീഴിക്കും. വീഴുന്നവരെ കുത്തിന് പിടിച്ചു പൊക്കി വയറ്റിൽ ഇടിക്കും. ഇത്തരത്തിൽ ഗ്രാമങ്ങളിൽ പോലും ഭയമായിരുന്നു നിറഞ്ഞു നിന്നിരുന്നത്. ഏതെങ്കിലും ഒരാവശ്യത്തിന് വീട്ടിലെ സ്ത്രീകളോടൊപ്പം റോഡിൽ ഇറങ്ങിയാൽ അവരുടെ തുണിക്ക് പിന്നിൽ പതുങ്ങുവാൻ ശ്രമിച്ചിരുന്നത് ഇന്നും ഞാൻ ഓർക്കുന്നു. ഒറ്റയ്ക്കാണെങ്കിൽ ഏതെങ്കിലും പൊന്തയ്ക്കുള്ളിൽ, അല്ലെങ്കിൽ ഏതെങ്കിലും മരങ്ങൾക്ക് പിന്നിൽ പതുങ്ങുമായിരുന്നു. ഞാൻ മാത്രമല്ല, എൻ്റെ പ്രായമുള്ള ഒട്ടു മിക്ക കുട്ടികളിലും ഈ ഭയം സ്ഥായിയായി മാറി.
ഒരിക്കൽ സന്ധ്യയ്ക്ക് ഒരു മുതിർന്ന അമ്മാച്ചനോടൊപ്പം ജങ്ഷനിൽ ഏതോ ആവശ്യത്തിന് പോയി. ഒരു ജീപ്പ് പാഞ്ഞു വന്നു, ചവിട്ടി നിർത്തി. എല്ലാവരും ചിതറി ഓടി. ചിലർ മല മുകളിലേക്കോടി. ചിലർ കുഴിയിൽ ചാടി. ചിലർ കടകൾക്ക് പിന്നിലേക്കോടി. പിന്നാലെ പൊലീസ് ഓടി. ചിലരെ കോളറിൽ പിടിച്ചു ജീപ്പിൽ കയറ്റി. ഞാൻ നോക്കുമ്പോൾ അമ്മാച്ചൻ ചായക്കടയിൽ പിറ്റെന്നത്തേക്കുള്ള ദോശമാവരച്ചു കൊണ്ടിരുന്ന സ്ത്രീയെ തള്ളി മാറ്റി കല്ലിൽ മാവരയ്ക്കുന്നു.
ഇത്തരം ചെറിയ ധാരാളം കൊച്ചു കൊച്ചോർമ്മകൾ എൻ്റെ സ്മൃതിയിൽ ഉണ്ട്.
എന്നാൽ പിന്നീട് ചരിത്ര വിദ്യാർത്ഥി ആയപ്പോൾ അടിയന്തരാവസ്ഥയുടെ ചില ഗുണങ്ങൾ പഠിക്കുവാൻ സാധിച്ചു.
1. ഉദ്യോഗസ്ഥരുടെ അച്ചടക്കം.
2. രാഷ്ട്രീയക്കാരുടെ അമിതമായ വിമർശനം നിയന്ത്രിക്കുക.
3. ഉയർന്ന അഴിമതി.
4. സമ്പന്നരുടെ ഉയർന്ന ടാക്സ് വെട്ടിക്കൽ നിയന്ത്രിക്കുക.
5. വ്യവസായ രംഗത്തെ അഴിമതി നിയന്ത്രിക്കൽ
6. ജനങ്ങളുടെ അമിതമായ സ്വാതന്ത്ര ദുരുപയോഗം
അച്ചടക്കമില്ലായ്മ കാരണം രാജ്യം മുൻപോട്ട് കുതിക്കുവാൻ കിതയ്ക്കുമ്പോഴാണ് അടിയന്തിരാവസ്ഥ നിലവിൽ വന്നത്. കേരളത്തിലെ സാമുദായിക രാഷ്ട്രീയ നേതാക്കൾ അടിയന്തരാവസ്ഥയെ ശക്തമായി അപലപിച്ചു. എന്നാൽ ഡോ. പൗലോസ് മാർ ഗ്രിഗോറിയോസിനെ പോലുള്ളവർ ഭാരതത്തിനുണ്ടാകാൻ പോകുന്ന വളർച്ചയെ സംബന്ധിച്ച് രാജ്യാന്തര സമ്മേളനങ്ങളിൽ അടിയന്തരാവസ്ഥയെ പുകഴ്ത്തി സംസാരിച്ചു. എങ്കിലും ഭരണകൂടത്തിന് വലിയ വില പിന്നീട് നടന്ന പൊതു തിരഞ്ഞെടുപ്പിൽ നൽകേണ്ടി വന്നു. ഇതിൻ്റെ പേരിൽ ധാരാളം മനുഷ്യാവകാശ ലംഘനങ്ങൾ നടന്നു എന്നതു യാഥാർത്ഥ്യമാണ്.
എൻ്റെ കുഞ്ഞു മനസ്സിൽ പൊടി പിടിച്ചു കിടന്ന, അടിയന്തരാവസ്ഥയുടെ ഓർമ്മകൾ സൂക്ഷിച്ചത് പങ്കു വയ്ച്ചതാണ്.
ഇനിയും ഉണ്ടാകാതിരിക്കട്ടെ .
ബിജു പി. തോമസ് അച്ചൻ
FrBiju P Thomas