ഡിജോ കാപ്പന്റെ അപ്രതീക്ഷിത വിയോഗം കേരള രാഷ്ട്രീയത്തിനും പൊതുപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും എല്ലാം തീരാ നഷ്ടമാണ്.

Share News

കാപ്പന്‍ജീ… R.I.P (Return If Possible)

നമ്മള്‍ ജീവിതത്തില്‍ പരിചയപ്പെടുന്ന എണ്ണമറ്റ മുനുഷ്യരില്‍ വിരലിലെണ്ണാവുന്ന ചിലര്‍ അങ്ങനെയാണ്… അനിതരസാധാരണമായ പെരുമാറ്റം കൊണ്ട് നമ്മെ പെട്ടന്ന് കീഴ്‌പ്പെടുത്തിക്കളയും. അതിനവര്‍ക്ക് അധികം സമയമൊന്നും വേണ്ട… ഒരു നിമിഷം മതി… ദൈവം ചിലര്‍ക്ക് മാത്രം നല്‍കുന്ന പ്രത്യേക സമ്മാനമാണത്.

ദൈവത്തിന്റെ അത്തരമൊരു കൈയ്യൊപ്പ് ഹൃദയത്തില്‍ പതിച്ചു കിട്ടിയ വ്യക്തിയായിരുന്നു ഞാന്‍ ‘കാപ്പന്‍ജീ’ എന്ന് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും വിളിച്ചിരുന്ന ഡിജോ കാപ്പന്‍. സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പരിചയപ്പെട്ട ആ നിമിഷം മുതല്‍ ഹൃദയത്തില്‍ ചേക്കേറിയ വ്യക്തി.

പലപ്പോഴും എനിക്ക് അത്ഭുതമായിരുന്നു കാപ്പന്‍. എന്തൊരു സൗമ്യന്‍… സമഭാവന്‍. എന്തൊരു മാന്യന്‍… മഹാമനസ്‌കന്‍. എന്തൊരു പരസ്‌നേഹി… പരസഹായി.

എത്രയോ ആളുകള്‍ക്ക് തണലായി കാപ്പന്‍ തല ഉയര്‍ത്തി നിന്നു. കാപ്പന്റെ സഹായം പരിചയങ്ങളുടെ മാത്രം പേരില്‍ ആയിരുന്നില്ല. നിലപാടുകളുടെയും സാഹചര്യങ്ങളുടെയും പേരിലായിരുന്നു അധികവും. തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കേണ്ടി വരും എന്ന് ഭയന്നിട്ട് തന്നെയാണ് കാപ്പന്‍ അധികാര രാഷ്ട്രീയത്തില്‍ നിന്ന് പൊതുപ്രവര്‍ത്തകനിലേക്ക് സ്വയം രൂപാന്തരപ്പെട്ടത്. പിന്നീട് പല ഓഫറുകള്‍ വന്നെങ്കിലും ‘നോ’ എന്ന് പറയാന്‍ അദേഹത്തിന് സന്ദേഹമേതുമില്ലായിരുന്നു.

എന്നാല്‍ യൗവനത്തില്‍ തന്നെ പയറ്റിത്തെളിഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളും സൂത്രവാക്യങ്ങളും കാലാനുഗതമായി മൂര്‍ച്ഛ വരുത്തി പ്രയോഗിക്കുന്നതില്‍ അഗ്രഗണ്യനായിരുന്നു ഡിജോ കാപ്പന്‍.

വേറിട്ട വഴിയിലൂടെ ചിന്തിക്കുന്ന കാപ്പന്റെ രാഷ്ട്രീയ തന്ത്രം ഞാന്‍ നേരിട്ട് മനസിലാക്കിയത് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. തൃക്കാക്കരയില്‍ പി.ടി തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. കാപ്പനാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ ചുമതല. മീഡിയ പബ്ലിസിറ്റിയുടെ ചുമതല എനിക്കായിരുന്നു. ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ നിന്ന് ഞാനും കാപ്പനുമൊക്കെ പിരിയുന്നത് വെളുപ്പിന് ഏതാണ്ട് മൂന്ന് മണിക്കാണ്.

മറ്റുള്ളവരെല്ലാം പോയിക്കഴിയുമ്പോള്‍ പിറ്റേ ദിവസം ആവിഷ്‌കരിക്കേണ്ട പ്രചാരണ തന്ത്രങ്ങളുടെ ഉരുക്കഴിക്കും കാപ്പന്‍. വിസ്മയത്തോടെ ഞാന്‍ കേട്ടിരിക്കും. കൂടുതല്‍ മെച്ചപ്പെടുത്താന്‍ എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ പറയാന്‍ അദേഹം നിര്‍ബന്ധിക്കും. പക്ഷേ, അതിനോട് കൂട്ടിച്ചേര്‍ക്കാന്‍ എന്റെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല… കാപ്പനില്‍ നിന്ന് പഠിക്കാന്‍ നിരവധിയും.

കൊട്ടിക്കലാശത്തിന്റെ അന്ന് രാവിലെ പാലാരിവട്ടത്തെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ നിന്ന് കാപ്പന്‍ എന്നെ പുറത്തേക്ക് വിളിച്ചു കൊണ്ടു പോയി റോഡരുകില്‍ ഒതുക്കിയിട്ടിരിക്കുന്ന ഒരു വലിയ ജെ.സി.ബി കാണിച്ചു തന്നു. അതിന്റെ കൈക്ക് പതിവിലും നീളമുള്ളതായി എനിക്ക് തോന്നി. കോട്ടയത്ത് നിന്ന് സ്വന്തം ചിലവില്‍ അദേഹം വരുത്തിച്ചതാണ്. പി.ടി പോലും അറിഞ്ഞിട്ടില്ല.

ഞാന്‍ ചോദിച്ചു: കാപ്പന്‍ജീ… ‘ഇതെന്താണ് സംഭവം’. ഇപ്പോള്‍ ഇക്കാര്യം മറ്റാരോടും പറയരുതെന്ന് പറഞ്ഞ് അദേഹം ആ രഹസ്യം എന്നോട് പറഞ്ഞു… ‘മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം നടക്കുന്നത് പാലാരിവട്ടത്താണ്. ഈ ജെ.സി.ബിക്ക് ഒരു തട്ടുണ്ടാക്കി പി.ടിയെ നമ്മള്‍ അതില്‍ കയറ്റി ഉയര്‍ത്തും’.

‘പക്ഷേ, പി.ടി അതിന് സമ്മതിക്കുമോ’?.. ഞാന്‍ ചോദിച്ചു. ‘എങ്ങനെയെങ്കിലും സമ്മതിപ്പിക്കണം. അത് ജയ്‌മോന്റെ കൂടി ഉത്തരവാദിത്വമാണ്’… ഞാന്‍ തലകുടുക്കി. ‘ഇത് നടക്കുന്ന കാര്യമല്ല, പി.ടി അതിന് സമ്മതിക്കില്ല’… ഞാന്‍ മനസില്‍ പറഞ്ഞു. വൈകുന്നേരമായതോടെ മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം തുടങ്ങുകയായി… ക്യാമറക്കണ്ണുകളുമായി ചാനലുകളും അണിനിരന്നു.

ഞങ്ങള്‍ പി.ടിയോട് കാര്യം അവതരിപ്പിച്ചു. ഞാന്‍ മനസില്‍ കരുതിയതു പോലെ തന്നെ. പി.ടി അമ്പിനും വില്ലിനും അടുക്കുന്നില്ല. അവസാനം ഞാന്‍ പി.ടിയോട് പറഞ്ഞു: ‘കാപ്പന്‍ ഇത് കോട്ടയത്ത് നിന്ന് പ്രത്യേകം പറഞ്ഞ് സെറ്റ് ചെയ്യിച്ച് കൊണ്ടു വന്നതാണ്. വെറുതേ പാഴാക്കരുത്. അത് കേട്ടപ്പോള്‍ പ്രിയ സ്‌നേഹിതന്റെ ആത്മാര്‍ത്ഥതയില്‍ പി.ടിയുടെ മനസ് മാറി. പി.ടിയും അന്നത്തെ കൊച്ചി മേയര്‍ സൗമിനി ജെയിനുമടക്കം തട്ടില്‍ കയറി നിന്നു.

ജെ.സി.ബിയുടെ പ്രത്യേകം തയാറാക്കിയ നീളമുള്ള കൈ അവരെ ആകാശത്തേക്ക് ഉയര്‍ത്തി. പല സ്ഥലങ്ങളിലായി നിന്ന ചാനല്‍ ക്യാമറകള്‍ പാഞ്ഞടുത്ത് അപ്രതീക്ഷിത കാഴ്ചയുടെ മനോഹാരിത വിവിധ കോണുകളില്‍ നിന്ന് മത്സരിച്ച് ഒപ്പിയെടുത്തു.

കേരളത്തിലെ 140 മണ്ഡലങ്ങളിലെ കൊട്ടിക്കലാശത്തില്‍ ആരും ഉപയോഗിക്കാത്ത ‘ജെ.സി.ബിയുടെ രാഷ്ട്രീയ തന്ത്രം’ അങ്ങനെ നിമിഷ നേരം കൊണ്ട് കേരളമാകെ കണ്ടു. കാപ്പന്‍ മനസില്‍ കണ്ടത് നൂറ് ശതമാനം ഫലവത്തായി. പിന്നീട് വന്ന തിരഞ്ഞെടുപ്പുകളില്‍ പലരും ഇത് ആവര്‍ത്തിക്കുകയും ചെയ്തു.

ഡിജോ കാപ്പന്റെ അപ്രതീക്ഷിത വിയോഗം കേരള രാഷ്ട്രീയത്തിനും പൊതുപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും എല്ലാം തീരാ നഷ്ടമാണ്. കാരണം ഇത്തരം മനുഷ്യര്‍ നമുക്ക് ചുറ്റും അധികമില്ല.

Jaimon Joseph

    Share News