നിങ്ങൾ ഈ നിമിഷത്തിൽ ജീവിക്കുമ്പോൾ, അതിൽ ബുദ്ധിമുട്ടുണ്ടാവാനിടയില്ല, കാരണം ഞാനിവിടെയുണ്ട്.|My name is I am.

Share News

പിശാച് മൂന്ന് സന്യാസികൾക്ക് പ്രത്യക്ഷപ്പെട്ട് അവരോട് പറഞ്ഞു, “കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ച എന്തെങ്കിലും തിരുത്താനുള്ള ശക്തി ഞാൻ നിങ്ങൾക്ക് തന്നാൽ എന്തായിരിക്കും നിങ്ങൾ മാറ്റുക?”

ഒന്നാമത്തെ സന്യാസി വലിയ തീക്ഷ്‌ണതയോടെ പറഞ്ഞു, “ആദത്തിനെയും ഹവ്വയെയും പാപത്തിലേക്ക് വീഴിക്കുന്നതിൽ നിന്ന് ഞാൻ നിന്നെ തടയും, അങ്ങനെ മനുഷ്യകുലം ദൈവത്തിൽ നിന്ന് മുഖം തിരിക്കാൻ ഇടവരാതിരിക്കും”.

രണ്ടാമത്തെ സന്യാസി, കാരുണ്യം നിറഞ്ഞവൻ, പിശാചിനോട് പറഞ്ഞു, “ദൈവം നിന്നെ വിധിക്കാതെ ഞാൻ തടയും, അങ്ങനെ നീ തന്നെ നിത്യകാലത്തേക്ക് നിനക്കുള്ള ശിക്ഷാവിധി തിരഞ്ഞെടുക്കും”.

അങ്ങേയറ്റത്തെ ലാളിത്യമുള്ള മൂന്നാമത്തെ സന്യാസി, പ്രലോഭകനോട് പ്രതികരിക്കാൻ നിൽക്കാതെ തന്റെ മുട്ടിൽ വീണ്, കുരിശ് വരച്ച്, ഇങ്ങനെ പ്രാർത്ഥിച്ചു,

” നാഥാ, എന്താവാൻ കഴിയുമായിരുന്നു ; എന്തായി തീർന്നില്ല, എന്ന പ്രലോഭനത്തിൽ നിന്ന് എന്നെ സ്വതന്ത്രനാക്കേണമേ”.

പിശാച് അത് കേട്ട്, അടി കിട്ടിയ പോലെ ഞരങ്ങികൊണ്ടും അലറിവിളിച്ചും അപ്രത്യക്ഷനായി.

മറ്റ് രണ്ടുപേരും അത്ഭുതപ്പെട്ട് അയാളോട് ചോദിച്ചു, ” സഹോദരാ നിങ്ങൾ അങ്ങനെ പറഞ്ഞതെന്തേ? “

ആ സന്യാസി പറഞ്ഞു,

” ഒന്ന്, നമ്മൾ പിശാചിനോട് ഒരു തരത്തിലുള്ള സംഭാഷണത്തിനും പോകേണ്ട കാര്യമില്ല. രണ്ട്, ഒരാൾക്കും ഭൂതകാലത്തിൽ കഴിഞ്ഞുപോയ കാര്യംമാറ്റി വേറൊന്നാക്കാനുള്ള കഴിവില്ല. മൂന്ന്, പിശാചിന്റെ ലക്ഷ്യം നമ്മുടെ നന്മ എത്രയുണ്ടെന്ന് തെളിയിക്കൽ ഒന്നും ആയിരുന്നില്ല, നമ്മെ ഭൂതകാലത്തിൽ തളച്ചിടാൻ ആയിരുന്നു അവന്റെ ശ്രമം. അങ്ങനെ നമ്മൾ, ദൈവം നമുക്ക് കൃപകൾ തരുന്ന, ദൈവത്തോടൊന്നു ചേർന്ന് അവന്റെ ഹിതം നിറവേറ്റേണ്ട, വർത്തമാനകാലം പാടെ അവഗണിക്കുമായിരുന്നു”.

പെട്ടെന്ന് ദൈവം സംസാരിക്കാൻ തുടങ്ങി,

“My name is I Am”. ( എന്റെ പേര് ഞാൻ ആകുന്നവൻ എന്നാണ് ).

“നിങ്ങൾ ഭൂതകാലത്തിൽ അതിലെ തെറ്റുകളും കുറ്റബോധവും വിഷമങ്ങളും ആയി ജീവിക്കുമ്പോൾ, അത് അത്ര സുഖകരമാവില്ല, അവിടെ ഞാനില്ല.

എന്റെ പേര് ഞാൻ ആയിരുന്നവൻ എന്നല്ല ( My name is not I was)

നിങ്ങൾ ഭാവിയിൽ, അതിന്റെ കണക്കുകൂട്ടലും ഭാവിയെപറ്റിയുള്ള പേടിയും ഒക്കെ ആയി ജീവിക്കുമ്പോൾ, അതും സുഖകരമാവില്ല, അവിടെയും ഞാനില്ല.

എന്റെ പേര് ഞാൻ ആയിരിക്കും എന്നല്ല ( My name is not I will be)

നിങ്ങൾ ഈ നിമിഷത്തിൽ ജീവിക്കുമ്പോൾ, അതിൽ ബുദ്ധിമുട്ടുണ്ടാവാനിടയില്ല, കാരണം ഞാനിവിടെയുണ്ട്.

My name is I am.

(Translated by Jilsa Joy )

Share News